ബെർലിൻ മാരത്തണിനിടെ സൈക്കിളിൽ സഞ്ചരിച്ച് നിയമലംഘനം നടത്തിയ ചൈനീസ് കായികതാരം യുവന്യാൻ സണ്ണിനെ മത്സരത്തിൽ നിന്നും അയോഗ്യയാക്കി. കുറ്റം സമ്മതിച്ച് താരം മാപ്പ് പറഞ്ഞതിന് പിന്നാലെ പ്രമുഖ സ്പോർട്സ് ബ്രാൻഡായ ബ്രൂക്സ് സ്പോൺസർഷിപ്പ് കരാർ അവസാനിപ്പിച്ചു. വ്യാജ വിവരങ്ങൾ നൽകി തട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ലോകപ്രശസ്തമായ ബെർലിൻ മാരത്തണിനിടെ സൈക്കിളിൽ സഞ്ചരിച്ച് നിയമലംഘനം നടത്തിയ സംഭവത്തിൽ ചൈനീസ് കായികതാരം യുവന്യാൻ സണ്ണിനെ മത്സരത്തിൽ നിന്നും പുറത്താക്കി. സെപ്റ്റംബർ 27 -ന് നടന്ന മാരത്തണിലാണ് സംഭവം. താൻ കുറ്റം ചെയ്തതായി സൺ പിന്നീട് സമ്മതിക്കുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തെന്ന് റിപ്പോർട്ടുകൾ. സംഭവത്തന് പിന്നാലെ പ്രമുഖ സ്പോർട്സ് ബ്രാൻഡായ ബ്രൂക്സ് താരവുമായുള്ള സ്പോൺസർഷിപ്പ് കരാർ അവസാനിപ്പിച്ചു.
വേഗത്തിലോടിയ സമയത്ത് സൈക്കിളിന് പിന്നിലിരിക്കുന്ന ചിത്രം
സോഷ്യൽ മീഡിയയിൽ 'അബീർ' എന്ന പേരിൽ അറിയപ്പെടുന്ന ഫിറ്റ്നസ് ഇൻഫ്ലുവൻസറായ യുവന്യാൻ സൺ, മത്സരത്തിന് പിന്നാലെ 4 മണിക്കൂർ 53 മിനിറ്റ് 46 സെക്കൻഡ് കൊണ്ട് ഓട്ടം പൂർത്തിയാക്കി തന്‍റെ ഏറ്റവും മികച്ച വ്യക്തിഗത സമയം കുറിച്ചതായി അവകാശപ്പെട്ടിരുന്നു. എന്നാൽ, ഓട്ടത്തിന്‍റെ 35-നും 40-നും ഇടയിലുള്ള കിലോമീറ്റർ ദൂരത്തിലാണ് സൺ ഏറ്റവും വേഗതയിൽ ഓടിയതായി റേസ് ഡാറ്റയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സമയത്ത് യുവന്യാൻ മറ്റൊരു വ്യക്തി ഓടിച്ച സൈക്കിളിന് പിന്നിൽ കയറി യാത്ര ചെയ്യുന്ന ചിത്രങ്ങൾ പിന്നാലെ പുറത്തുവന്നു.
മാപ്പ്, തെറ്റുപറ്റിയെന്ന് യുവന്യാൻ സൺ
ചിത്രങ്ങൾ പ്രചരിച്ചതോടെ, റെഡ്നോട്ട് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ സൺ തനിക്ക് സംഭവിച്ച വീഴ്ചയിൽ ഖേദം പ്രകടിപ്പിച്ചു. "ഓട്ടത്തിനിടയിൽ എനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, മത്സരനിയമങ്ങൾ ലംഘിക്കുന്നതിന് അതൊരിക്കലും ഒരു ന്യായീകരണമല്ല. ഇതിൽ എനിക്ക് കടുത്ത കുറ്റബോധമുണ്ട്," എന്ന് അവർ കുറിച്ചു. കായിക രംഗത്ത് നീതിയും സത്യസന്ധതയും പുലർത്തണമെന്നാണ് കമ്പനിയുടെ നയമെന്ന് വ്യക്തമാക്കി, സ്പോൺസർമാരായ ബ്രൂക്സ് ചൈന താരത്തെ കൈവിട്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. മത്സരത്തിൽ പങ്കെടുത്ത മറ്റൊരാൾ പകർത്തിയ ചിത്രങ്ങളുടെയും സമയവിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് സംഘാടകർ സണ്ണിനെ അയോഗ്യയാക്കിയത്. വ്യാജമായ വിവരങ്ങൾ നൽകി തട്ടിപ്പ് നടത്തുന്നവർക്കെതിരെ തുടർന്നും കർശന നടപടികൾ സ്വീകരിക്കുമെന്ന് ബെർലിൻ മാരത്തൺ അധികൃതർ അറിയിച്ചു.


