Asianet News MalayalamAsianet News Malayalam

വെള്ള സ്രാവിനെ പാചകം ചെയ്ത് കഴിക്കുന്ന വീഡിയോ പങ്കുവച്ചു; ഫുഡ് ബ്ലോഗർക്ക് 15 ലക്ഷം പിഴ വിധിച്ച് അധികൃതര്‍

സ്രാവിന്‍റെ മാംസം പലതരത്തിൽ പാചകം ചെയ്യുന്നതിന്‍റെയും രുചിയോടെ അത് കഴിക്കുന്നതിന്‍റെയും വീഡിയോയും ഇവര്‍ പങ്കുവച്ചു. വളരെ  മൃദുലമായതും രുചികരവുമായ മാസമാണ് വെള്ള സ്രാവിന്‍റെതെന്നും ഇവർ വീഡിയോയിൽ പറയുന്നുണ്ട്. 

Chinese food blogger fined 15 lakhs for publishing great white shark cooking video bkg
Author
First Published Feb 1, 2023, 5:08 PM IST

നിയമവിരുദ്ധമായി വെള്ള സ്രാവിനെ വാങ്ങി പാചകം ചെയ്ത് കഴിച്ച ചൈനയിൽ നിന്നുള്ള ഫുഡ് ബ്ലോഗർക്ക് 18,500 ഡോളർ പിഴ. ഇന്ത്യൻ രൂപയിൽ 15 ലക്ഷത്തോളം വരും പിഴത്തുക. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ടിസി എന്ന പേരിൽ അറിയപ്പെടുന്ന പാചക ബ്ലോഗറായ ജിൻ മൗമുവിനെതിരെയാണ് പിഴ ചുമത്തിയത്. 2022 ലാണ് കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. നിയമവിരുദ്ധമായി വെള്ള സ്രാവിനെ വാങ്ങിയ ഇവർ അതിനെ പാചകം ചെയ്ത് ഭക്ഷിക്കുന്നതിന്‍റെ വീഡിയോ തന്‍റെ സാമൂഹിക മാധ്യമ പേജില്‍ പങ്കിട്ടു. 

സംഗതി പെട്ടെന്ന് തന്നെ തരംഗമായി. പിന്നാലെ വിവാദവും. ഇതേ തുടർന്നാണ് അധികൃതർ ഇവർക്കെതിരെ കേസെടുത്ത് 15 ലക്ഷം രൂപ പിഴ ചുമത്തിയത്. 2022 ജൂലൈയിലാണ് ഇവർ തന്‍റെ സാമൂഹിക മാധ്യമ പേജില്‍ ഈ വീഡിയോ പങ്കുവച്ചത്. ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോ അധികം വൈകാതെ തന്നെ വിവാദത്തിലാവുകയായിരുന്നു. 

ചൈനയുടെ ടിക്-ടോക്ക് ആപ്ലിക്കേഷൻ ആയ ഡൗയിനിൽ ആണ് ഇവർ തന്‍റെ വീഡിയോ അപ്‌ലോഡ് ചെയ്തത്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ വൈൽഡ് അനിമൽ പ്രൊട്ടക്ഷൻ നിയമം ലംഘിച്ചതിനാണ് അധികൃതര്‍ ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ വെള്ള സ്രാവിനെ അനധികൃതമായി കൈവശം വയ്ക്കുന്നത്  അഞ്ചു മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. 

ആറടിയോളം നീളമുള്ള സ്രാവിനൊപ്പം കിടക്കുന്ന ചിത്രം ഉൾപ്പെടെ ഇവർ പങ്കുവച്ചിരുന്നു.  കൂടാതെ സ്രാവിന്‍റെ മാംസം പലതരത്തിൽ പാചകം ചെയ്യുന്നതിന്‍റെയും രുചിയോടെ അത് കഴിക്കുന്നതിന്‍റെയും വീഡിയോയും ഇവര്‍ പങ്കുവച്ചു. വളരെ  മൃദുലമായതും രുചികരവുമായ മാസമാണ് വെള്ള സ്രാവിന്‍റെതെന്നും ഇവർ വീഡിയോയിൽ പറയുന്നുണ്ട്. തലഭാഗം സൂപ്പ് വെക്കുന്നതിന്‍റെയും മാംസ ഭാഗങ്ങൾ വിവിധതരത്തിൽ ഗ്രിൽ ചെയ്യുന്നതിന്‍റെയും വീഡിയോയാണ് ഇവർ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചത്. 

ആലിബാബയുടെ താവോബാവോ ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റിൽ നിന്ന് ബ്ലോഗർ 7,700 യുവാന് (93,295 രൂപ) ആണ് അവര്‍ വെള്ള സ്രാവിനെ വാങ്ങിയതെന്നാണ് ഔട്ട്ലെറ്റ് റിപ്പോർട്ട് ചെയ്യുന്നത്. ടിഷ്യൂ സ്ക്രാപ്പുകളിലെ ഡിഎൻഎ പരിശോധന നടത്തിയാണ് വാങ്ങിയ സ്രാവ്, വെള്ള സ്രാവാണെന്ന് തിരിച്ചറിഞ്ഞത്. സ്രാവിനെ പിടിച്ച മത്സ്യത്തൊഴിലാളിയെയും വിൽപ്പനയ്ക്ക് വെച്ച വ്യാപാരിയും അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് വെള്ള സ്രാവിനെ "വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനമായി"  മായി പ്രഖ്യാപിച്ചിട്ടുണ്ട്. 2020 ഫെബ്രുവരിയിലാണ് ചൈന വെള്ള സ്രാവിനെ വാങ്ങുന്നതും വിൽക്കുന്നതും കഴിക്കുന്നതും പൂർണമായും നിരോധിച്ച് കൊണ്ട് ഉത്തരവിട്ടത്. 
 

Follow Us:
Download App:
  • android
  • ios