Asianet News MalayalamAsianet News Malayalam

ഉയ്‌ഗര്‍ മുസ്ലിങ്ങളെ ക്യാമ്പുകളിൽ വെള്ളിയാഴ്ച നിർബന്ധിച്ച് പോർക്ക് തീറ്റിച്ച് ചൈനീസ് സർക്കാർ, പ്രതിഷേധം ശക്തം

 പീഡനം ഭയന്ന്  മതം വിലക്കുന്ന പന്നിമാംസം കഴിച്ചശേഷം തങ്ങളുടെ മനസ്സിൽ വല്ലാത്ത കുറ്റബോധം തോന്നാറുണ്ട് എന്നും അത് തങ്ങളെ വിഷാദത്തിലേക്ക് തള്ളിയിട്ടിരുന്നു എന്നും അവർ പറഞ്ഞു

chinese government force feeding pork to uyghur muslims on friday in camps
Author
Xinjiang, First Published Dec 5, 2020, 4:37 PM IST

രണ്ടുവർഷമായി സായ്‌റാഗുള്‍ സൗത്ത്ബേ എന്ന ഉയ്ഗർ മുസ്ലിം യുവതി ചൈനീസ് ഗവണ്മെന്റിന്റെ 'റീ-എജുക്കേഷൻ' അഥവാ 'പുനർ വിദ്യാഭ്യാസ' ക്യാമ്പുകളിൽ ഒന്നിൽ നിന്ന് മോചിതയായിട്ട്. ചൈനയുടെ പടിഞ്ഞാറേ പ്രവിശ്യയായ ഷിൻജാങ്ങിൽ കഴിയുന്ന ഉയ്ഗർ മുസ്ലിങ്ങളെ ചൈനീസ് സംസ്കാരത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാനാണ് ഭൂരിഭാഗം വരുന്ന ഹാൻ ചൈനീസ് ഗവണ്മെന്റ് ഈ ക്യാമ്പുകൾ നടത്തുന്നത്. പേര് ക്യാമ്പ് എന്നും വിദ്യാഭ്യാസം എന്നുമൊക്കെ ആണെങ്കിലും, അവ അടിസ്ഥാനപരമായി ജയിൽ സ്വഭാവം പേറുന്നവയാണ് എന്നൊരു ആക്ഷേപം നിലവിലുണ്ട്. അങ്ങനെ ഒരു ക്യാമ്പിൽ കൊടിയ മാനസിക ശാരീരിക പീഡനങ്ങൾ മാസങ്ങളോളം അനുഭവിച്ച്, ചൈനക്കാരിയായി എന്ന് ഗവണ്മെന്റിനു ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ മോചിതയായതാണ് സായ്‌റാഗുള്‍. അന്ന് സഹിക്കേണ്ടി വന്ന പീഡനങ്ങളുടെ ഇരുണ്ട ഓർമ്മകൾ ഇന്നും ഈ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയെ രാത്രി വിയർത്തൊട്ടിയ ദേഹത്തോടെ എഴുന്നേൽപ്പിച്ചിരുത്തുന്ന പേടിസ്വപ്നങ്ങളുടെ രൂപത്തിൽ വേട്ടയാടുന്നുണ്ട്. 

സായ്‌റാഗുള്‍ പരിശീലനം കൊണ്ട് ഒരു മെഡിക്കൽ ഡോക്ടറും എജുക്കേറ്ററും ആണ്. ഇപ്പോൾ അവൾ ചൈനയിൽ നിന്ന് പലായനം ചെയ്ത് സ്വീഡനിലാണ് താമസം. അവിടെവെച്ചാണ് താൻ അനുഭവിച്ചതിനെപ്പറ്റിയൊക്കെ മനസ്സ് തുറന്നു കൊണ്ട് അവൾ ഒരു പുസ്തകം തന്നെ എഴുതിയത്. നിരന്തരമുള്ള മർദ്ദനങ്ങൾ, ബലാത്സംഗങ്ങൾ, നിർബന്ധിത ഗർഭച്ഛിദ്രങ്ങൾ, വന്ധ്യംകരണങ്ങൾ ഒക്കെയാണ് ആ ക്യാമ്പുകളിൽ അരങ്ങേറുന്നുണ്ട് എന്നും സായ്‌റാഗുള്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ  സായ്‌റാഗുള്‍ ആ അനുഭവങ്ങൾ തുറന്നുപറയുകയുണ്ടായി. അക്കൂട്ടത്തിലാണ് മുസ്ലിങ്ങൾ എന്ന നിലയ്ക്കുള്ള തങ്ങളുടെ സ്വത്വത്തിലേക്ക് ക്യാമ്പ് അധികാരികൾ നടത്തുന്ന അപമാനകരവും ആത്മാഭിമാനവും മതവികാരവും ഹനിക്കുന്ന രീതിയിൽ ഉള്ളതുമായ ഒരു അടിച്ചേൽപ്പിക്കലിനെപ്പറ്റിയും അവൾ പറഞ്ഞത്. "എല്ലാ വെള്ളിയാഴ്ചയും അവർ ഞങ്ങളെ നിർബന്ധിച്ച് പന്നിയിറച്ചി കഴിപ്പിക്കും" അവൾ പറഞ്ഞു. 

 

 

ഇസ്ലാമിൽ വിലക്കപ്പെട്ട മാംസമാണ് പന്നിയിറച്ചി. അത് അറിഞ്ഞുകൊണ്ടുതന്നെ, തങ്ങളുടെ മനസ്സിൽ അവശേഷിക്കുന്ന ആത്മാഭിമാനത്തിന്റെ അവസാന കണികയും തച്ചുടക്കാൻ വേണ്ടിയാണ് അധികാരികൾ തങ്ങളെ ആഴ്ചയിൽ തങ്ങൾ വിശുദ്ധമെന്നു കരുതുന്ന വെള്ളിയാഴ്ച ദിവസം തന്നെ വിലക്കപ്പെട്ട മാംസം ആഹരിക്കാൻ വേണ്ടി തങ്ങളെ മർദ്ദിച്ചും മാനസികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും പ്രേരിപ്പിക്കുന്നത് എന്ന് സായ്‌റാഗുള്‍ പറഞ്ഞു. 

മതം വിലക്കുന്ന ആ മാംസം അവിടത്തെ അധികാരികളുടെ പീഡനം ഭയന്ന് കഴിച്ച ശേഷം തങ്ങളുടെ മനസ്സിൽ വല്ലാത്ത കുറ്റബോധം തോന്നാറുണ്ട് എന്നും ആ ഒരു പീഡാനുഭവം തങ്ങളെ വിഷാദത്തിലേക്ക് തള്ളിയിട്ടിരുന്നു എന്നും സായ്‌റാഗുള്‍ അൽ ജസീറയോട് പറഞ്ഞു. ക്യാമ്പുകളിൽ പന്നിയിറച്ചി തീറ്റിക്കുന്നതിനു പുറമെ, ഉയ്ഗർ മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള ഷിൻജാങ്ങ് പ്രവിശ്യയിൽ നിരവധി പന്നി ഫാമുകൾ തുടങ്ങാനുള്ള ബോധപൂർവമുള്ള നീക്കങ്ങളും ചൈനീസ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട് എന്നും പ്രദേശത്തെ ഉയ്ഗർ ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios