എല്ലാവരേയും ഇയാൾ പറ്റിച്ചത് ഏറെക്കുറെ ഒരുപോലെ ആയിരുന്നു. ഈ സ്ത്രീകൾക്ക് ഇയാൾ ആഡംബര കാറുകളും മറ്റും സമ്മാനം നൽകും. പിന്നീട് എന്തെങ്കിലും കാരണം പറഞ്ഞ് അത് വിൽപ്പിക്കും. ആ പണവും എന്തെങ്കിലും കള്ളം പറഞ്ഞ് കൈക്കലാക്കും.

ഒരേസമയം 20 യുവതികളെ പ്രണയിച്ച് യുവാവ്. അതിൽ മൂന്ന് സ്ത്രീകൾ താമസിച്ചിരുന്നത് ഒരേ അപാർട്മെന്റിൽ. പക്ഷേ, ആരും തങ്ങൾ പ്രണയിക്കുന്നത് ഒരാളെയാണ് എന്ന് തിരിച്ചറിഞ്ഞില്ല. അതുമാത്രമല്ല, ഇങ്ങനെ പ്രണയിച്ച് യുവാവ് തട്ടിയത് കോടികളാണ്.

ചൈനയിലെ ഷെങ്‌ഷൗവിലാണ് സംഭവം നടന്നത്. ഷാങ് നാൻ എന്ന യുവാവ് ഒരു ഉന്നത ഉദ്യോഗസ്ഥന്റെ മകനാണ് എന്ന് പറഞ്ഞാണ് ഈ സ്ത്രീകളെയെല്ലാം പ്രണയിക്കുന്നതായി നടിച്ച് കോടികൾ തട്ടിയത്.

2019 -ലാണ് ഷാങ് നാൻ ഒരു കാർ വാഷിൽ വെച്ച് ഷാങ് ലിയെ കണ്ടുമുട്ടിയത്. വളരെ മിടുക്കിയും ഫ്രണ്ട്‍ലിയും ഒക്കെയായിരുന്നു ലി. പരിചയപ്പെട്ട ശേഷം വീചാറ്റിൽ വളരെ സാധാരണരീതിയിൽ ആരംഭിച്ച ചാറ്റുകളായിരുന്നുവെങ്കിലും അധികം വൈകാതെ ഇത് പ്രണയത്തിന്റെ രൂപത്തിലേക്ക് മാറിത്തുടങ്ങി. നാൻ തന്നെ ശരിക്കും പ്രണയിക്കുന്നു എന്നാണ് ലി കരുതിയത്.

തന്റെ അച്ഛൻ ഒരു ബാങ്ക് മാനേജറായിരുന്നു എന്നും അഴിമതിയിൽ കുടുങ്ങി എന്നും കള്ളക്കഥ കെട്ടിച്ചമച്ച് നാൻ ലിയുടെ സഹതാപം നേടി. ഈ കഥ സത്യമാണ് എന്ന് വിശ്വസിച്ച അവൾ 90 ലക്ഷം രൂപ ഇയാൾക്ക് കൈമാറി. പിന്നീട്, രാഷ്ട്രീയനേതാക്കൾക്ക് ആഡംബരസമ്മാനങ്ങൾ നൽകിയാൽ അവൾക്ക് പ്രൊമോഷൻ ലഭിക്കുമെന്ന് പറഞ്ഞ് ഒരു 30 ലക്ഷം രൂപ കൂടി അയാൾ നേടിയെടുത്തു.

എന്നാൽ, കുറച്ചുകാലം കഴിഞ്ഞപ്പോൾ താൻ പറ്റിക്കപ്പെടുകയാണ് എന്ന് ലിക്ക് മനസിലായി. അവൾ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ഉണ്ടായത്. ഇയാൾ പറ്റിച്ചുകൊണ്ടിരുന്ന 20 സ്ത്രീകളിൽ ഒരാൾ മാത്രമായിരുന്നു ലി.

എല്ലാവരേയും ഇയാൾ പറ്റിച്ചത് ഏറെക്കുറെ ഒരുപോലെ ആയിരുന്നു. ഈ സ്ത്രീകൾക്ക് ഇയാൾ ആഡംബര കാറുകളും മറ്റും സമ്മാനം നൽകും. പിന്നീട് എന്തെങ്കിലും കാരണം പറഞ്ഞ് അത് വിൽപ്പിക്കും. ആ പണവും എന്തെങ്കിലും കള്ളം പറഞ്ഞ് കൈക്കലാക്കും. ഇഷ്ടം പോലെ സ്നേഹവും കെയറും നൽകുന്നതായി അഭിനയിക്കുകയും ചെയ്യും.

ഇയാളുടെ മറ്റൊരു കാമുകിയായിരുന്നു ലി മിൻ. ധനികനാണ് എന്ന് പറഞ്ഞെങ്കിലും നാനിന്റെ കുടുംബം താമസിക്കുന്ന വീടും സ്ഥലവും കണ്ടതോടെയാണ് അവൾക്ക് സംശയം തോന്നിയത്. എന്നാൽ നാൻ ഇതെല്ലാം നിഷേധിച്ചു. അതോടെ മിൻ ഇതേക്കുറിച്ച് അന്വേഷിച്ചു. അപ്പോഴാണ് താൻ താമസിക്കുന്ന അതേ അപാർട്മെന്റിൽ തന്നെയുള്ള മറ്റ് രണ്ടുപേർ കൂടി ഇയാളുടെ കാമുകിമാരാണ് എന്ന് അറിയുന്നത്. ഇവർ പിന്നീട് എല്ലാം പരസ്പരം പറയുകയായിരുന്നു.

ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്തു. ഇങ്ങനെ സ്ത്രീകളെ പറ്റിച്ചെടുക്കുന്ന കാശ് കൊണ്ട് ആഡംബരവസ്തുക്കൾ വാങ്ങുക, ആഡംബരജീവിതം നയിക്കുക ഇതൊക്കെയായിരുന്നു ഇയാളുടെ രീതി. ഇത്തരം തട്ടിപ്പുകാരെ സൂക്ഷിക്കണമെന്നും പണം നല്‍കരുത് എന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.