വിവാഹത്തിന് പങ്കെടുക്കാത്തതോടെ വധുവായ സുഹൃത്തിന് ദേഷ്യം വന്നു. വിവാഹത്തിന് വരാത്തതിനാൽ ഒരു പ്ലേറ്റിന് 50 ഡോളറാണ് (4,339 രൂപ), അത് നൽകണം എന്ന് അവൾ പറഞ്ഞുവെന്നും പോസ്റ്റിൽ പറയുന്നു.
വിവാഹം എന്നാൽ രണ്ടുപേർ ഒരുമിച്ച് ജീവിക്കാൻ തുടങ്ങുന്ന മുഹൂർത്തം എന്ന് മാത്രമല്ല ഇന്ന് അർത്ഥം. അത് വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും ഒക്കെയായിട്ടുള്ള വലിയ ആഘോഷമാണ്. അങ്ങനെ, വിവാഹങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളും സംശയങ്ങളുമെല്ലാം ആളുകൾ പങ്കുവയ്ക്കാറുള്ള റെഡ്ഡിറ്റ് ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ഇന്നത്തെ വിവാഹങ്ങൾക്ക് പലപ്പോഴും വലിയ സദ്യവട്ടങ്ങളും ഒരുക്കങ്ങളും ഒക്കെ ഉണ്ടാകാറുണ്ട്. ചിലയിടങ്ങളിൽ ഭക്ഷണം തികയാതെ വരികയാണെങ്കിൽ ചിലയിടങ്ങളിൽ ഇഷ്ടം പോലെ ഭക്ഷണം ബാക്കിയാകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. മിക്കവാറും ക്ഷണിച്ചവരിൽ, പ്രതീക്ഷിക്കുന്ന പലരും എത്താതെയാകുന്നതോടെയാണ് ഇങ്ങനെ സംഭവിക്കാറ്.
എന്നാൽ, പല പാശ്ചാത്യരാജ്യങ്ങളിലും വരുന്ന അതിഥികൾക്ക് അനുസരിച്ചുള്ള ഭക്ഷണമാണ് തയ്യാറാക്കാറ്. ഒരു അതിഥിക്ക് ഒരു പ്ലേറ്റ് എന്ന മട്ടില്‍. അതാവുമ്പോള്‍ വരുന്നവര്‍ക്ക് മാത്രം ഭക്ഷണം ഒരുക്കും. അതിനായി വരുന്നത് ആരൊക്കെയാണ് എന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. ഈ പോസ്റ്റിൽ പറയുന്നത് ക്ഷണിച്ച അതിഥികൾ എത്താത്തിനാൽ വധുവിനുണ്ടായ സാമ്പത്തികമായ നഷ്ടത്തെ കുറിച്ചാണ്. അത് നികത്താനായി വിവാഹത്തിൽ പങ്കെടുക്കാത്തവരോട് ഭക്ഷണത്തിന്റെ പണം വധു ആവശ്യപ്പെടുകയും ചെയ്തത്രെ. സുഹൃത്തിൽ നിന്നും ഉണ്ടായ അനുഭവമാണ് യുവതി തന്റെ പോസ്റ്റിൽ വിവരിക്കുന്നത്.
മിനസോട്ടയിൽ വച്ചാണ് സുഹൃത്തിന്റെ വിവാഹച്ചടങ്ങുകൾ നടന്നത് എന്ന് പോസ്റ്റിൽ പറയുന്നു. എന്നാൽ, അവസാന നിമിഷം തന്റെ കാമുകനും അമ്മയ്ക്കും ആ വിവാഹച്ചടങ്ങിൽ എത്തിച്ചേരാൻ സാധിച്ചില്ല. കാമുകന്റെ ജോലിയിൽ വന്നൊരു മാറ്റവും അമ്മയ്ക്ക് സുഖമില്ലാതെ വന്നതുമായിരുന്നു കാരണം. നേരത്തെ താനും കാമുകനും അമ്മയും വിവാഹത്തിനുണ്ടാവും എന്ന് ഉറപ്പ് നൽകിയതായിരുന്നു എന്നും യുവതിയുടെ പോസ്റ്റിൽ പറയുന്നുണ്ട്.
വിവാഹത്തിന് പങ്കെടുക്കാത്തതോടെ വധുവായ സുഹൃത്തിന് ദേഷ്യം വന്നു. വിവാഹത്തിന് വരാത്തതിനാൽ ഒരു പ്ലേറ്റിന് 50 ഡോളറാണ് (4,339 രൂപ), അത് നൽകണം എന്ന് അവൾ പറഞ്ഞുവെന്നും പോസ്റ്റിൽ പറയുന്നു. മിനസോട്ടയിൽ വച്ചായിരുന്നു വിവാഹം, അവിടെ എത്തിപ്പെടണമെങ്കിൽ തന്നെ നല്ല ചിലവുണ്ടായിരുന്നു എന്നും പോസ്റ്റിലുണ്ട്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. പങ്കെടുക്കുമെന്ന് ഉറപ്പു ചോദിക്കുന്നത് തന്നെ അധിക ചെലവ് ഒഴിവാക്കാനാണ്, അതിനാൽ വിവാഹത്തിന് പങ്കെടുക്കണമായിരുന്നു എന്നാണ് മിക്കവരും കമന്റ് നൽകിയത്. ഇങ്ങനെ അതിഥികൾ എത്തിയില്ലെങ്കിൽ വലിയ നഷ്ടം മിക്കവാറും വധുവിനും വരനും വരാറുണ്ട് എന്നും പലരും അഭിപ്രായപ്പെട്ടു.


