ഉച്ചയ്ക്ക് ശേഷമാണ് വാങ് വീടിന്റെ പുറത്ത് രണ്ട് മണിക്കൂർ ഇരിക്കാനും ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കാനും തീരുമാനിച്ചത്. എന്നാൽ, സൂര്യപ്രകാശമേറ്റ് തിരിച്ചുവന്നതിന് പിന്നാലെ റൂമിലെത്തിയ ഉടനെ അവർ വീഴുകയും ബോധം നശിക്കുകയും ചെയ്യുകയായിരുന്നു.

പല വിദേശികളും നമ്മുടെ നാട്ടിൽ വന്നാൽ സൺബാത്ത് ചെയ്യുന്നത് നാം കാണാറുണ്ട്. എന്നാൽ, ചൈനയിൽ ഒരു യുവതി സൺബാത്ത് ചെയ്തതിന് പിന്നാലെ ബോധം മറയുകയും കോമയിലാവുകയും ചെയ്തു.

തെക്കുകിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലാണ് സംഭവം നടന്നത്. വാങ് എന്ന യുവതി രണ്ട് മണിക്കൂർ നേരമാണത്രെ സൂര്യപ്രകാശം ഏറ്റത്. പിന്നാലെ, ഇവർക്ക് വയ്യാതാവുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുകയായിരുന്നു.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റിലെ റിപ്പോർട്ട് പറയുന്നത്, വാങ് പരമ്പരാഗത ചൈനീസ് ചികിത്സാരീതിയുടെ ഭാ​ഗമെന്ന് പറഞ്ഞാണ് സൂര്യപ്രകാശം കൊള്ളാൻ തീരുമാനിച്ചത് എന്നാണ്. പുറംഭാ​ഗത്ത് സൂര്യപ്രകാശമേൽക്കുന്നത് ശരീരത്തിലെ യാങ് എനർജി വർധിപ്പിക്കുകയും വിഷാദം അകറ്റുകയും, രോഗങ്ങൾ സുഖപ്പെടുത്തുകയും ചെയ്യുമെന്നാണ് ഇതിൽ പറഞ്ഞിരുന്നത്.

ഉച്ചയ്ക്ക് ശേഷമാണ് വാങ് വീടിന്റെ പുറത്ത് രണ്ട് മണിക്കൂർ ഇരിക്കാനും ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കാനും തീരുമാനിച്ചത്. എന്നാൽ, സൂര്യപ്രകാശമേറ്റ് തിരിച്ചുവന്നതിന് പിന്നാലെ റൂമിലെത്തിയ ഉടനെ അവർ വീഴുകയും ബോധം നശിക്കുകയും ചെയ്യുകയായിരുന്നു.

വളരെ പെട്ടെന്ന് തന്നെ അവരെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പറഞ്ഞത് അവർക്ക് ബ്രെയിൻ ഹെർണിയ സംഭവിച്ചു എന്നാണ്. ഉടനെ തന്നെ ശസ്ത്രക്രിയയും നടത്തി. പക്ഷേ, വാങ് കോമയിലാവുകയായിരുന്നു. ഒടുവിൽ ശസ്ത്രക്രിയകളും മറ്റ് ചികിത്സകളും എല്ലാം ചെയ്ത ശേഷം വാങ്ങിന് ഇരിക്കാനും നിൽക്കാനും സംസാരിക്കാനും സാധിച്ച് തുടങ്ങി എന്നും റിപ്പോർട്ടുകൾ പറയുന്നു.

സൂര്യപ്രകാശമേൽക്കുക എന്നത് ഏതെങ്കിലും രോഗങ്ങൾ ഭേദമാക്കുന്നതിനുള്ള പ്രതിവിധി അല്ല എന്നാണ് ഷെജിയാങ് പ്രൊവിൻഷ്യൽ പീപ്പിൾസ് ആശുപത്രിയിലെ റിഹാബിലിറ്റേഷൻ ഡിപാർട്മെന്റ് ഡയറക്ടർ യെ സിയാങ്മിംഗ് സംഭവത്തെ തുടർന്ന് മുന്നറിയിപ്പ് നൽകിയത്. ഇതിന് ശാസ്ത്രീയമായ അടിത്തറയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.