Asianet News MalayalamAsianet News Malayalam

ഞങ്ങള്‍ സുന്ദരന്മാരോ സുന്ദരികളോ അല്ല; ഇതാ വൈരൂപ്യം ആഘോഷിക്കുന്ന ഒരു നാട്, വൈരൂപ്യത്തിന്‍റെ തലസ്ഥാനം

ആ തെരഞ്ഞെടുപ്പ് ദിവസം അവിടെ ചെറിയൊരു ആഘോഷമുണ്ടാകും. വലിയ പാത്രങ്ങളില്‍ അന്നേദിവസം ആ സ്ഥലത്തെ ഏറ്റവും വിശേഷപ്പെട്ട വിഭവങ്ങള്‍ പാകം ചെയ്യപ്പെടും. വൈകുന്നേരം ക്ലബ്ബ് ബാറുകളില്‍ ആളുകള്‍ ഒത്തുചേരും. 

city of ugly Piobbico
Author
Piobbico, First Published Mar 21, 2020, 9:57 AM IST

സൗന്ദര്യം, വൈരൂപ്യം ഇതൊക്കെ എങ്ങനെയാണ് കണക്കാക്കുക? മെലിഞ്ഞ, നീണ്ട, വെളുത്ത ഒക്കെ സൗന്ദര്യം. കറുത്തതും തടിച്ചതുമൊക്കെ സൗന്ദര്യമില്ലായ്മ... ഇങ്ങനെ കുറേ കാര്യങ്ങള്‍ സമൂഹം ചിന്തിച്ചുവച്ചിട്ടുണ്ട്. എന്നാല്‍, സൗന്ദര്യത്തിന്‍റെ ഈ അളവുകോലൊക്കെ ആരുണ്ടാക്കിയതാണ്? ഏതായാലും അതിനെയെല്ലാം പൊളിച്ചടുക്കിയ ഒരു ക്ലബ്ബുണ്ട്. വേണമെങ്കില്‍ പങ്കാളികളാകാം. 

വൈരൂപ്യം ആഘോഷിക്കുന്ന നാട്

വൈരൂപ്യം ആഘോഷിക്കുമോ? അങ്ങനെ ആഘോഷിക്കുന്ന സ്ഥലങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇത് അങ്ങനെ ഒരു സ്ഥലമാണ്. പിയോബിക്കോ എന്നാണ് ഈ സ്ഥലത്തിന്‍റെ പേര്. ഇറ്റലിയിലെ 2000 പേർ താമസിക്കുന്ന ഒരു കുഞ്ഞുനഗരമാണ് പിയോബിക്കോ. 1879 മുതല്‍ ഇവിടെ ഒരു ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. അതാണ് അഗ്ലി ക്ലബ്ബ് അഥവാ വൈരൂപ്യ ക്ലബ്ബ്. 

കഴിഞ്ഞ എട്ട് വര്‍ഷമായി ഗ്യോവനി അലൂയ്ഗി എന്നൊരാളാണ് ക്ലബ്ബിന്‍റെ പ്രസിഡണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ വൈരൂപ്യം ആഘോഷിക്കുന്നത് എന്ന് ചോദിച്ചാല്‍ അലൂയ്ഗിയുടെ ഉത്തരം ഇതാണ്, ''വൈരൂപ്യമാണ് യോഗ്യത. സൗന്ദര്യം അടിമത്തമാണ് എന്നാണ് ഞങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത്. ഞങ്ങളുടെ ലോഗോയിലും ഞങ്ങളത് എഴുതിയിട്ടുണ്ട്.''

പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ തന്നെ ക്ലബ്ബ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്കായി ചില പ്രവര്‍ത്തനങ്ങളും ക്ലബ്ബ് നടത്തുന്നുണ്ട്. പഴയകാലത്തെ ടിന്‍ഡര്‍ പോലെയാണ് അഗ്ലി ക്ലബ്ബ് എന്നാണ് പറയുന്നത്. അത് എല്ലാവരെയും ഒരുമിച്ച് ചേര്‍ക്കുന്നു. വളരെ കുഞ്ഞുനഗരമാണ് പിയോബിക്കോ. അവിടെ എല്ലാവരും പരസ്പരം അറിയുന്നു. ആ നാട്ടില്‍ ഒരുപാട് മറ്റങ്ങള്‍ വരുത്താനും ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. പിയോബിക്കോയിലെ ജനങ്ങള്‍ക്ക് സൗന്ദര്യം, വൈരൂപ്യം ഇതുരണ്ടും വിഷയമല്ല. സൗന്ദര്യത്തില്‍ എന്തെങ്കിലും പ്രത്യേകിച്ച് കാര്യമുണ്ട് എന്ന് അവർ കരുതുന്നില്ല. മനുഷ്യരുടെ ഉള്ളിലാണ് സൗന്ദര്യം എന്നാണ് അഗ്ലി ക്ലബ്ബ് പറയാന്‍ ശ്രമിക്കുന്നത്. നമ്മുടെ ആത്മാവിലെന്താണോ ഉള്ളത് അതിലാണ് കാര്യം. പുറത്ത് എങ്ങനെയാണ് എന്നതിലല്ല എന്നാണ് അലൂയ്ഗി പറയുന്നത്. 

city of ugly Piobbico

 

ഈ ക്ലബ്ബിനോടുള്ള ആളുകളുടെ പ്രേമം കാരണം പിയോബിക്കോ വളരെ പ്രശസ്തമാണ്. ക്ലബ്ബില്‍ ഓരോ വര്‍ഷവും പ്രസിഡണ്ടിനെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കും. ആ തെരഞ്ഞെടുപ്പ് ദിവസം അവിടെ ചെറിയൊരു ആഘോഷമുണ്ടാകും. വലിയ പാത്രങ്ങളില്‍ അന്നേദിവസം ആ സ്ഥലത്തെ ഏറ്റവും വിശേഷപ്പെട്ട വിഭവങ്ങള്‍ പാകം ചെയ്യപ്പെടും. വൈകുന്നേരം ക്ലബ്ബ് ബാറുകളില്‍ ആളുകള്‍ ഒത്തുചേരും. ഈ ക്ലബ്ബില്‍ ലോകത്ത് പലയിടത്തുനിന്നായി 30,000 -ത്തിലേറെ അംഗങ്ങളുണ്ട്. ക്ലബ്ബില്‍ അംഗമാവണമെങ്കില്‍ അപേക്ഷ നല്‍കണം. അത് സീനിയര്‍ അംഗങ്ങള്‍ പരിശോധിക്കും. എന്നിട്ട് അതിന് സ്കോറുകള്‍ നല്‍കും. ക്ലബ്ബില്‍ അംഗമായാല്‍ അതിനര്‍ത്ഥം നിങ്ങള്‍ നിങ്ങളുടെ ഉള്ളിലെ സൗന്ദര്യം തിരിച്ചറിയുകയാണ്. പുറം സൗന്ദര്യത്തിലൊന്നും ഒരു കാര്യവുമില്ല, നിങ്ങള്‍ ആരായിരിക്കുന്നോ, എങ്ങനെയായിരിക്കുന്നോ, എന്തായിരിക്കുന്നോ ഒന്നും വിഷയമല്ല. അതാണ് നിങ്ങളുടെ സൗന്ദര്യം. നിങ്ങള്‍ നിങ്ങളായിരിക്കുക എന്നാണ് ക്ലബ്ബ് പറയുന്നത്. 

നിങ്ങള്‍ക്ക് അയ്യോ ഞാന്‍ പോരാ, എനിക്കെന്തോ കുഴപ്പമുണ്ട് എന്ന് തോന്നുന്നത് നിങ്ങള്‍ മോശമായതുകൊണ്ടല്ല. മറിച്ച് ഇന്നതാണ് സൗന്ദര്യം എന്ന് സമൂഹം ചിലത് തീരുമാനിച്ചുറപ്പിച്ചിരിക്കുന്നതുകൊണ്ടാണ് അലൂയ്ഗി പറയുന്നു. പക്ഷേ, നിങ്ങളുടെ ഉള്ളിലാണ് യഥാർത്ഥ സൗന്ദര്യം. അത് തിരിച്ചറിയണം. അതിന് പ്രേരിപ്പിക്കുകയാണ് ഈ ക്ലബ്ബിന്‍റെ ലക്ഷ്യം. നിങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കൂ, ബാക്കിയെല്ലാത്തിനോടും പോകാന്‍ പറ എന്നാണ് ഈ ക്ലബ്ബ് നമ്മോട് പറയുന്നത്. 

Follow Us:
Download App:
  • android
  • ios