താമസിയാതെ പവിഴപ്പുറ്റുകള്‍ ഭൂമിയില്‍ നിന്ന് തന്നെ തുടച്ചുനീക്കപ്പെടും. കാലാവസ്ഥാ വ്യതിയാനത്തിന്റെയും മലിനീകരണത്തിന്റെയും അനന്തരഫലമായി അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 70 മുതല്‍ 90 ശതമാനം വരെ പവിഴപ്പുറ്റുകള്‍ അപ്രത്യക്ഷമാകുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. 

അറബിക്കഥകളിലെ രാജകുമാരന്‍ ഏഴാം കടലില്‍ പോയി മുത്തും പവിഴവും വാരി കൊണ്ടുവന്നു ജനല്‍പ്പടിയില്‍ കാത്തിരുന്ന നക്ഷത്രക്കണ്ണുള്ള അവന്റെ രാജകുമാരിക്ക് കൊടുത്തു. മുത്തശ്ശിക്കഥകളില്‍ നിറഞ്ഞുനിന്നിരുന്ന ഏഴാംകടലിന്റെ അടിത്തട്ടില്‍ നിന്നും വാരിയെടുത്ത ആ മുത്തും പവിഴവുമൊക്കെ ഇനിയും കഥകളില്‍ മാത്രമായി മറയാന്‍ പോകുന്നു. അതെ പുതിയ കണ്ടെത്തലുകള്‍ പവിഴപ്പുറ്റുകളുടെ കാര്യത്തില്‍ ഒട്ടും തന്നെ പ്രതീക്ഷ നല്‍കുന്നതല്ല. 

ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് കേള്‍ക്കാത്ത ഒരു ദിവസം പോലുമില്ല. അല്ലെങ്കില്‍ ഭൂമിയുമായി ബന്ധപ്പെട്ട സകലതിലും ആഗോളതാപനത്തിന്റെ ദൂഷ്യഫലങ്ങള്‍ ഒരുതലത്തില്‍ അല്ലങ്കില്‍ മറ്റൊരു തലത്തില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നു. സാന്‍ഡിഗോയില്‍ നടന്നുകൊണ്ടിരിക്കുന്ന ഓഷ്യന്‍ സയന്‍സ് മീറ്റിംഗ് 2020-ല്‍ ഗവേഷക റെനേ സെറ്റെറിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഒരു പഠനത്തിലാണ് പവിഴപ്പുറ്റുകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ വംശനാശ ഭീഷണിയെ പ്രതിപാദിക്കുന്നത്. 

ഉയര്‍ന്നുവരുന്ന ആഗോളതാപനില കാരണം സമുദ്രത്തില്‍ താപനില ഉയരുന്നത്ള്‍ പവിഴപ്പുറ്റുകളുടെ ഭാവിക്കു തന്നെ വളരെ ദോഷകരമായ രീതിയിലാണ്. സമുദ്രതാപനില കൂടുമ്പോള്‍ പവിഴപ്പുറ്റുകളുടെ സമ്മര്‍ദ്ദം കൂടുന്നു, ഇതുമൂലം പവിഴപ്പുറ്റുകള്‍ക്കുള്ളില്‍ വസിക്കുന്ന സഹജീവിയായ 'സൂക്‌സാന്താല്ലേ' അല്‍ഗകളെ അവ പുറംതള്ളുന്നു. ഈ ആല്‍ഗകളാണ് പവിഴപ്പുറ്റുകള്‍ക്ക് ജീവിക്കാന്‍ ആവിശ്യമായ പോഷകങ്ങളും ഊര്‍ജ്ജവും ഭക്ഷണവുമെല്ലാം നല്‍കിയിരുന്നത്. ഇവയെ പുറംതള്ളുമ്പോള്‍ പോഷകം കിട്ടാതെ അവര്‍ ക്രമേണ നശിക്കുന്നു. ഈ ആല്‍ഗകള്‍ പുറത്തു പോകുമ്പോള്‍ അസ്ഥികൂടം പോലുള്ള വെളുത്ത ഒരു ഭാഗം മാത്രമാണ് അവശേഷിക്കുക അതുകൊണ്ട് ഇതിനെ 'കോറല്‍ ബ്ലീച്ചിങ്' എന്ന് വിളിക്കുന്നു. കൂടാതെ സമുദ്രത്തിന്റെ അമ്ലത കൂടുമ്പോള്‍ പവിഴപ്പുറ്റുകള്‍ക്ക് അവയുടെ അസ്ഥിപഞ്ജരത്തിന്റെ സാന്ദ്രീകരണത്തിനു സാധിക്കാതെ വരികയും അവ ഒടിഞ്ഞുപോകാന്‍ കൂടുതല്‍ സാധ്യതയേറുകയും ചെയ്യുന്നു.

പുതിയ പഠനത്തിലൂടെ ഗവേഷകര്‍ പറയുന്നത്  സമുദ്രത്തില്‍ പവിഴപ്പുറ്റുകള്‍ ഉള്ള പലസ്ഥലങ്ങളും 2045 ഓടെ ആവാസയോഗ്യമല്ലാതായി തീരുമെന്നും ക്രമേണ നാശം സംഭവിക്കുമെന്നുമാണ്. 2100 ആകുമ്പോളേക്കും ഈ അവസ്ഥ കൂടുതല്‍ രൂക്ഷമാകും. താമസിയാതെ പവിഴപ്പുറ്റുകള്‍ ഭൂമിയില്‍ നിന്ന് തന്നെ തുടച്ചുനീക്കപ്പെടും. കാലാവസ്ഥാ വ്യതിയാനത്തിന്റെയും മലിനീകരണത്തിന്റെയും അനന്തരഫലമായി അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 70 മുതല്‍ 90 ശതമാനം വരെ പവിഴപ്പുറ്റുകള്‍ അപ്രത്യക്ഷമാകുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. 

പവിഴപ്പുറ്റുകളാണ് ഭൂമിയിലെ ഏറ്റവും വൈവിധ്യമാര്‍ന്നതും വര്‍ണ്ണമേറിയതുമായ ആവാസവ്യവസ്ഥ. കൂടാതെ പല സമുദ്ര ജീവികള്‍ക്കുള്ള ആവാസകേന്ദ്രവും പാര്‍പ്പിടവും ഒരുക്കുന്നത് ഈ പവിഴപ്പുറ്റുകള്‍ തന്നെയാണ്.  കാറ്റിന്റെയും തിരമാലകളുടെയും ദോഷകരമായ ഫലങ്ങളില്‍ നിന്നും തീരപ്രദേശത്തെ സംരക്ഷിക്കുന്നതിലും ഇവ വലിയൊരു പങ്കു വഹിക്കുന്നു. സമുദ്ര ഭക്ഷണ ശ്രിംഗലയിലെ അവശ്യ പോഷകങ്ങളുടെ കലവറയാണ് പവിഴപ്പുറ്റുകള്‍. കൂടാതെ കാര്‍ബണിന്റെയും നൈട്രജന്റെയും പുനഃചംക്രമണത്തിനു വഴിയൊരുക്കുന്നതും ഇവ തന്നെ.