ഇന്ത്യയുടെ സൈനിക ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനമാണ് രാഷ്ട്രീയ റൈഫിൾസ് അഥവാ നാഷണൽ റൈഫിൾസിനുള്ളത്. പ്രതിരോധവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ റെജിമെൻറ് ആണ് ഇന്ത്യൻ സൈന്യത്തിന്റെ നുഴഞ്ഞുകയറ്റ വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളികൾ. അവർക്ക് ഇന്നലെ നഷ്ടമായത് ഒരു കേണലും, ഒരു മേജറും, രണ്ടു സൈനികരും അടക്കം നാലുപേരെയാണ്. ഇവർക്ക് പുറമെ ഒരു ജമ്മു കശ്മീർ പോലീസ് സബ് ഇൻസ്പെക്ടറും രക്തസാക്ഷിയാവുകയുണ്ടായി. കുപ്പ്‌വാര ജില്ലയിലെ ഹന്ദ്‍വാരയിലുള്ള ചങ്കിമുള്ളയിൽ നടന്ന പോരാട്ടത്തിലാണ് ഇവരുടെ ജീവൻ നഷ്ടമായത്. രണ്ടു ഭീകരരെ സൈന്യം എൻകൗണ്ടറിനിടെ വധിക്കുകയുണ്ടായി. അതോടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ 21 രാഷ്ട്രീയ റൈഫിൾസ് റെജിമെന്റിനു നഷ്ടമാകുന്ന രണ്ടാമത്തെ കമാൻഡിങ് ഓഫീസർ ആണ് കേണൽ അശുതോഷ് ശർമ്മ. 

ഭീകരവാദവും പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റവും ശക്തിപ്പെട്ടുകൊണ്ടിരുന്ന തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. 1990 -ൽ അന്നത്തെ പ്രധാനമന്ത്രി വിപി സിങാണ് അതിനുവേണ്ട അനുമതികൾ സൈന്യത്തിന് നൽകുന്നത്. അന്നത്തെ ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ ബിസി ജോഷിയാണ് മുപ്പത് ബറ്റാലിയനോടുകൂടിയ, അതായത് മൂന്നു ഡിവിഷനോട് കൂടിയ രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിന്റെ അസ്തിവാരമിടുന്നത്. 1994 -ൽ അന്നത്തെ പ്രധാനമന്ത്രി പിവി നരസിംഹറാവു മൂന്നുകൊല്ലത്തേക്കുള്ള പ്രവർത്തനാനുമതി കൂടി നൽകുന്നു. അക്കൊല്ലം രാഷ്ട്രീയ റൈഫിൾസിന്റെ 5000 സൈനികർ ജമ്മുകശ്മീരിൽ ഭീകരർക്കെതിരെ പോരാടിക്കൊണ്ടിരുന്നു. ഇന്ന് 65 ബറ്റാലിയനുകളുള്ള രാഷ്ട്രീയ റൈഫിൾസിന്റെ ബ്രിഗേഡ് ഓഫ് ദി ഗാർഡ്‌സ് എന്നറിയപ്പെടുന്ന ഇരുപത്തൊന്നാം ബറ്റാലിയനെ നയിക്കുന്ന കമാൻഡിങ് ഓഫീസർ ആയിരുന്നു കേണൽ ശർമ്മ. 

കാശ്മീരിൽ ഭീകരവിരുദ്ധപോരാട്ടത്തിനിടെ മുന്നൂറിലധികം ഭീകരരെ വധിച്ച ചരിത്രമുള്ള ഈ ബറ്റാലിയൻ ആർമി വൃത്തങ്ങളിൽ 'ട്രിപ്പിൾ സെഞ്ചൂറിയൻസ്' എന്നും അറിയപ്പെടുന്നുണ്ട്.  ഇതിനു മുമ്പ് 21 രാഷ്ട്രീയ റൈഫിൾസിന് ഒരു കമാൻഡിങ് ഓഫീസറുടെ ജീവൻ ബലികഴിക്കേണ്ടി വന്നത് 2000 ഓഗസ്റ്റ് 21 -നാണ്. അന്നാണ് കേണൽ രജീന്ദർ ചൗഹാൻ കൊല്ലപ്പെടുന്നത്. അന്ന്, തന്റെ യൂണിറ്റുകൾ സന്ദർശിക്കാൻ വന്ന ബ്രിഗേഡിയർ ബി എസ് ഷെർഗിലിനെ അനുഗമിക്കവേ, ഭീകരവാദികൾ റിമോട്ട് കൺട്രോൾ വഴി പൊട്ടിച്ച ഒരു IED ബോംബ് ആണ് രണ്ട് ഓഫീസർമാരുടെയും ജീവൻ അപഹരിച്ചത്. അവർ സഞ്ചരിച്ച വാഹനം സച്ചൽദാരാ വില്ലേജിനടുത്തുവെച്ചു നടന്ന സ്‌ഫോടനത്തിൽ കഷ്ണങ്ങളായി ചിതറിത്തെറിച്ചു പോവുകയായിരുന്നു. 

 

 

തങ്ങളുടെ പ്രിയങ്കരനായ കമാൻഡിങ് ഓഫീസറുടെ അവിചാരിതമായ രക്തസാക്ഷിത്വത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് രാഷ്ട്രീയ റൈഫിൾസിന്റെ ഇരുപത്തൊന്നാം ബറ്റാലിയൻ. ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ പേരിൽ രണ്ടുതവണ സേനാ മെഡൽ നേടിയിട്ടുണ്ട് ഈ ഡെക്കറേറ്റഡ് ഓഫീസർ. കഴിഞ്ഞ തവണ ദേഹത്തൊളിപ്പിച്ച ഗ്രനേഡുമായി തന്റെ സൈനികർക്കുനേരെ പാഞ്ഞടുത്ത തീവ്രവാദിയെ തടഞ്ഞു നിർത്തി പോയന്റ് ബ്ലാങ്കിൽ വെടിവെച്ചിട്ടതിനാണ് കേണൽ ശർമയ്ക്ക് സേനാ മെഡൽ കിട്ടിയത്. അന്ന് അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽ രക്ഷിച്ചത് നിരവധി സൈനികരുടെ ജീവനായിരുന്നു. സൈന്യത്തിൽ ചേർന്ന് ഇന്ത്യയ്ക്ക് വേണ്ടി സേവനം അനുഷ്ഠിക്കുക എന്ന അദമ്യമായ ആഗ്രഹത്തിന്റെ പുറത്ത് ആറര വർഷത്തെ പരിശ്രമത്തിനു ശേഷം പതിമൂന്നാമത്തെ പരിശ്രമത്തിലാണ് കേണൽ ശർമ്മ സൈന്യത്തിന്റെ ഭാഗമാവുന്നത്. തുടർന്ന് ഇരുപതു വർഷത്തോളം സൈന്യത്തിനുവേണ്ടി വീറോടെ പോരാടിയ ഈ ധീരനായ ഓഫീസറുടെ ജീവിതത്തിനാണ് ഞായറാഴ്ച, വിധി വിരാമമിട്ടുകളഞ്ഞത്. 

 

കേണലിന്റെ ഭാര്യ പല്ലവി ശർമ്മയെത്തേടി, ഏതൊരു പട്ടാളക്കാരന്റെയും ഭാര്യ എന്നും ഭയക്കുന്ന ആ വിളി വന്നു. ജയ്പൂരിലുള്ള ആ വീട്ടിൽ പല്ലവിക്കൊപ്പം അവരുടെ പന്ത്രണ്ടു വയസ്സായ മകൾ തമന്ന മാത്രമാണ് ഉണ്ടായിരുന്നത്. തമന്നയുടെ അച്ഛനെ കുറെ നേരമായി വിളിച്ചിട്ട് കിട്ടാതിരുന്നപ്പോൾ അവർ ആകെ പരിഭ്രാന്തയായി ഇരിക്കുകയായിരുന്നു അപ്പോൾ. തന്റെ ഭർത്താവ് എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാവും, വിളിക്കുമായിരിക്കും എന്ന പല്ലവിയുടെ പ്രതീക്ഷ ആ വിളിയോടെ അസ്തമിച്ചു. 

പോരാട്ടത്തിൽ കൊല്ലപ്പെട്ട സൈനികരിൽ ഒരു മേജറും ഉണ്ടായിരുന്നു. മേജർ അനുജ് സൂദ്. മുപ്പതുകാരനായ ആ യുവാവിന്റെ കുടുംബത്തെ തങ്ങളുട മകന്റെ മരണവൃത്താന്തം തേടിയെത്തിയത് ആറുമാസത്തെ സേവനത്തിനു ശേഷം അനുജ് അവധിക്ക് വീട്ടിൽ എത്തുമെന്ന് കരുതിയിരുന്ന ദിവസം തന്നെയായിരുന്നു. ജമ്മു കശ്മീരിലെ മേജറിന്റെ സേവന കാലാവധി മാർച്ചിൽ അവസാനിച്ചിരുന്നതാണ്. ലോക്ക് ഡൌൺ കാരണമാണ് അടുത്ത ബസിലേക്ക് റിപ്പോർട്ട് ചെയ്യാനായി പോവാതെ അവിടെ തന്നെ തുടരാൻ മേലധികാരികൾ അനുജിനോട് ആവശ്യപ്പെട്ടത്. പട്ടാള കുടുംബമാണ് മേജറുടേത്. അച്ഛൻ ബ്രിഗേഡിയർ സികെ സൂദും EME കോർപ്സിലുണ്ടായിരുന്നപ്പോൾ കാശ്മീരിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹരിയാനയിലെ പഞ്ച്കുളയിലാണ് അവരുടെ താമസം. കുറേ നേരമായി മകന്റെ വിവരമൊന്നും ഇല്ലാതിരുന്ന ബ്രിഗേഡിയർ എവിടെയാണ് എന്ന് ചോദിച്ചുകൊണ്ട് അവനൊരു SMS  അയച്ചിരുന്നു.  താൻ രണ്ട് തീവ്രവാദികളുടെ പിന്നാലെയാണ് എന്നൊരു മറുപടിയും വന്നിരുന്നു അനുജിൽ നിന്ന്. പിന്നീട് യാതൊരു സമ്പർക്കവും ഉണ്ടായില്ല. മേജർ അനുജ് സൂദിന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം തികയുന്നതേ ഉണ്ടായിരുന്നുള്ളൂ. ഭർത്താവിന്റെ വിയോഗവാർത്ത അറിഞ്ഞ നിമിഷം മുതൽ ഭാര്യ ആകൃതിയുടെ കരച്ചിൽ അടങ്ങിയിട്ടില്ല. 

കേണലിനും മേജറിനും പുറമെ നായിക് രാജേഷ് കുമാർ, ലാൻസ് നായിക് ദിനേശ് സിംഗ് എന്നീ സൈനികരും ശകീൽ കാസി എന്ന സബ് ഇൻസ്പെക്ടറും പോരാട്ടത്തിൽ വീരചരമടഞ്ഞിരുന്നു. ഹന്ദ്‍വാരയിലെ ചങ്കിമുള്ള പ്രദേശത്ത് ഒരു കാട്ടിലെ ഒറ്റപ്പെട്ടുനിൽക്കുന്ന ഒരു വീട്ടിൽ, ഭീകരർ ഒരു കുടുംബത്തെ ബന്ദിയാക്കിയിട്ടുണ്ടെന്ന ഇന്റലിജൻസ് വിവരത്തിന്റെ ഫോളോ അപ്പിനായാണ് കേണലും സംഘവും പോയത്. അവർ അവിടെയെത്തിയപ്പോഴേക്കും ഓർത്തിരിക്കാതെ ഭീകരർ കനത്ത ഫയറിംഗ് തുടങ്ങുകയും ആ വെടിവെപ്പിൽ നാലു സൈനികർ കൊല്ലപ്പെടുകയുമാണുണ്ടായത്. ബന്ദികളെ സുരക്ഷിതരായി രക്ഷപ്പെടുത്തി എന്നും സൈന്യം അറിയിച്ചു. കമാൻഡിങ് ഓഫീസറുടെ മൊബൈൽ ഫോണും ഭീകരർ കയ്യടക്കിയിരുന്നു. പിന്നീട് കൂടുതൽ ഫോഴ്‌സ് സ്ഥലത്തെത്തി പോരാട്ടം തുടർന്നതോടെ ഒരു ലക്ഷകർ ഇ ത്വയ്യിബ കമാണ്ടർ കൊല്ലപ്പെട്ടു എന്നും സൈന്യം അറിയിച്ചിരിക്കുന്നു.