വിനോദസഞ്ചാരികൾക്ക് പോലും പ്രവേശനമില്ല; ലോകത്തിലെ ഏറ്റവും തണുപ്പുള്ള, ഇരുണ്ട, മലിനമായ നഗരങ്ങളിലൊന്ന്

നോറിൾസ്ക് ഒരു 'അടഞ്ഞ നഗരം' ആണ്, സന്ദർശിക്കാൻ പ്രത്യേക സർക്കാർ അനുമതി വേണം. വിനോദസഞ്ചാരികൾക്ക് പൊതുവിൽ ഇവിടേക്ക് പ്രവേശനമില്ല.

coldest darkest polluted city Norilsk

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടതും ജീവിക്കാൻ പ്രയാസമേറിയതുമായ നഗരങ്ങളിലൊന്നായി  വിശേഷിപ്പിക്കപ്പെടുന്ന ഒരു നഗരമുണ്ട്. കഠിനമായ കാലാവസ്ഥയ്ക്കും ഇരുണ്ട ചരിത്രത്തിനും പേരുകേട്ട ഈ നഗരം റഷ്യയിലെ നോറിൾസ്ക് (Norilsk) ആണ്. വിനോദ സഞ്ചാരികൾക്ക് പ്രവേശനം ഇല്ലാത്ത ഈ നഗരത്തിൽ ജീവിക്കുക അത്ര എളുപ്പമല്ല. കാരണം ലോകത്തിലെ ഏറ്റവും മലിനമായതും തണുപ്പുള്ളതും ഇരുട്ട് പിടിച്ചതുമായ നഗരമാണ് ഇത്.

ഭൂമിയിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നഗരമാണ് നോറിൾസ്ക്, ഇത് സോവിയറ്റ് ഗുലാഗ് സംവിധാനത്തിൻ്റെ ഭാഗമായാണ് നിർമ്മിച്ചത്. നിർബന്ധിത ലേബർ ക്യാമ്പുകൾ ആണ് 'ഗുലാഗുകൾ' എന്ന പേരിൽ അറിയപ്പെടുന്നത്. ഈ ലേബർ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നത് ഖനിത്തൊഴിലാളികൾ ആയിരുന്നു. ഇവരെ ക്രൂരമായ പീഡനത്തിനിരയാക്കുകയും ഒപ്പം നിക്കലും മറ്റ് ധാതുക്കളും ഖനനം ചെയ്തെടുക്കാൻ ഉപയോഗിക്കുകയും ചെയ്തിരുന്നു. 

കൊടും തണുപ്പും പട്ടിണിയും കഠിനമായ ജോലിയും കാരണം ആയിരക്കണക്കിന് തടവുകാർക്ക് ഇവിടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിൻ്റെ മരണശേഷം, തടവുകാർ ഒരു പ്രക്ഷോഭം നടത്തുകയും അതിന്റെ ഫലമായി, 1956 ആയപ്പോഴേക്കും ഗുലാഗ് സംവിധാനം അടച്ചുപൂട്ടുകയും ചെയ്തു. എന്നിരുന്നാലും, ഈ ദുരന്ത സംഭവങ്ങളുമായി ഇവിടുത്തെ ചരിത്രം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.

ലോകത്തിലെ ഏറ്റവും കഠിനമായ ശൈത്യകാലമാണ് നോറിൾസ്കിലുള്ളത്.  വർഷത്തിൽ ഏകദേശം 8-9 മാസം വരെയാണ് ശൈത്യകാലം. ഡിസംബറിൽ ഇത് -54 ഡിഗ്രി സെൽഷ്യസ് വരെ താഴാം. വർഷത്തിൽ ഭൂരിഭാഗവും നഗരം മഞ്ഞ് മൂടിയിരിക്കും, മഞ്ഞുവീഴ്ച രണ്ട് മാസം വരെ നീണ്ടുനിൽക്കും. അതേസമയം ഇവിടെ വേനൽക്കാലം വളരെ ചെറുതാണ്. ഈ സമയത്തെ താപനില അപൂർവമായി 15 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് വരെ ഉയർന്നേക്കാം. വർഷം മുഴുവൻ അനുഭവിക്കേണ്ടി വരുന്ന കൊടുംതണുപ്പിൽ നിന്നും രക്ഷപ്പെടാൻ വളരെയധികം ഭാരം ഉള്ള വസ്ത്രങ്ങളാണ് ഇവിടുത്തെ ജനങ്ങൾ ധരിക്കുന്നത്.

ഇവിടെ എല്ലാ വർഷവും 45 ദിവസം പൂർണമായ ഇരുട്ട് അനുഭവപ്പെടുന്നു. ബ്ലാക്ക്‌സ്മിത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഭൂമിയിലെ ഏറ്റവും മലിനമായ 10 സ്ഥലങ്ങളിൽ നോറിൾസ്കിനെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ ഖനന, ഉരുക്ക് വ്യവസായങ്ങൾ വലിയ അളവിൽ പുറപ്പെടുവിക്കുന്ന മലിനീകരണം ലോകത്തിലെ ഏറ്റവും വിഷലിപ്തമായ നഗരങ്ങളിലൊന്നായി ഈ പട്ടണത്തെ മാറ്റുന്നു. ഇവിടുത്തെ താമസക്കാരുടെ ആയുർദൈർഘ്യം 59 വർഷം മാത്രമാണ് - റഷ്യൻ ശരാശരിയേക്കാൾ 10 വർഷം കുറവ്.  മലിനീകരണം കാൻസർ സാധ്യതയും വർദ്ധിപ്പിച്ചിട്ടുണ്ട്, ഇത് മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ ഇരട്ടിയാണ്.

നോറിൾസ്ക് ഒരു 'അടഞ്ഞ നഗരം' ആണ്, സന്ദർശിക്കാൻ പ്രത്യേക സർക്കാർ അനുമതി വേണം. വിനോദസഞ്ചാരികൾക്ക് പൊതുവിൽ ഇവിടേക്ക് പ്രവേശനമില്ല. റഷ്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളില്ലാത്തതിനാൽ നോറിൾസ്കിൽ എത്തിച്ചേരാനുള്ള ഏക മാർഗം വിമാനമാണ്.

അതികഠിനമായ കാലാവസ്ഥ, മലിനീകരണം, ഒറ്റപ്പെടൽ, ചരിത്രപരമായ ദുരന്തങ്ങൾ എന്നിവയാൽ നോറിൾസ്ക് ലോകത്തിലെ ഏറ്റവും വിഷാദകരമായ സ്ഥലമായി വിശേഷിപ്പിക്കപ്പെടുന്നു. എന്നിരുന്നാലും, 175,000 ആളുകൾ ഇവിടെ താമസക്കാരായുണ്ട്.

ആരാണാ സീരിയല്‍ കില്ലര്‍? രഹസ്യം 140 വര്‍ഷത്തിനുശേഷം മറനീക്കി പുറത്ത്? അവകാശവാദവുമായി ചരിത്രകാരന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios