ശുചി മുറിയിലെ കണ്ണാടി നോക്കി സമയം കളയുക, ഓഫീസ് മേശയിൽ ഇരുന്ന് ലഘു ഭക്ഷണം കഴിക്കുക, ക്ലോക്കിൽ നോക്കി സമയം കളയുക തുടങ്ങിയ സമയം കളയല്‍ പരിപാടികൾക്കെല്ലാം കമ്പനി ഓവ‍ർ ടൈം ഡ്യൂട്ടിയാണ് വിധിച്ചത്.

സാധാരണമായ തൊഴിൽ നിയമങ്ങളുടെ പേരിൽ ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം. ചൈനയിലെ ഒരു പ്രധാന ഹോം ഫർണിഷിംഗ് സ്ഥാപനമായ മാൻ വാ ഹോൾഡിംഗ്സ് ലിമിറ്റഡാണ് ഇപ്പോൾ വിവാദങ്ങളിൽ നിറഞ്ഞതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അംഗീകരിക്കാൻ കഴിയാത്തതും മനുഷ്യത്വരഹിതവുമായ കർശന തൊഴിൽ നിയമങ്ങൾ നടപ്പിലാക്കിയതിന്‍റെ പേരിലാണ് കമ്പനി വിവാദങ്ങളിൽ അകപ്പെട്ടത്.

മാൻ വാ ഹോൾഡിംഗ്സ് ലിമിറ്റഡ് എന്ന കമ്പനി ചൈനയിലെ ഏറ്റവും വലിയ ഫർണിച്ചർ ബ്രാൻഡുകളിൽ ഒന്നാണ്. 1992 -ൽ സ്ഥാപിതമായ ഈ കമ്പനി ഗ്വാങ്‌ഡോംഗ് പ്രവിശ്യ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇത് ഹോങ്കോംഗ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്തിട്ടുണ്ട് കൂടാതെ ഏകദേശം 27,000 പേർ ഇവിടെ തൊഴിലാളികളായുണ്ട്. ഈ മെയ് മാസത്തിലാണ് കമ്പനി പുതിയ നിയമങ്ങളുടെ ഒരു ഔപചാരിക അറിയിപ്പ് കമ്പനി പുറത്തുവിട്ടത്. ജോലി സമയത്ത് ജീവനക്കാർ പലതരത്തിലുള്ള ഒഴിവ് കഴിവുകൾ പറഞ്ഞ് മുങ്ങുന്നത് പതിവാക്കിയതോടെയാണ് കർശനമായ നിയമങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചതെന്നാണ് കമ്പനിയുടെ വാദം.

ശുചി മുറിയിലെ കണ്ണാടി നോക്കി സമയം കളയുക, ഓഫീസ് മേശയിൽ ഇരുന്ന് ലഘു ഭക്ഷണം കഴിക്കുക, ക്ലോക്കിൽ നോക്കി സമയം കളയുക എന്നീ കാര്യങ്ങൾ ചെയ്യുന്നവരിൽ നിന്ന് ഇനി മുതല്‍ പിഴ ഈടാക്കുമെന്നും പിടിക്കപ്പെടുന്നവർ ഓവർ ടൈം ജോലി ചെയ്യണമെന്നുമാണ് പുതിയ നിയമത്തിൽ പറയുന്നത്. ജോലി സമയത്ത് ഗെയിം കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പിരിച്ചുവിടുമെന്നും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് മാനേജർമാർക്ക് 2,000 യുവാൻ, സൂപ്പർവൈസർമാർക്ക് 1,000 യുവാൻ, അസിസ്റ്റന്‍റ് മാനേജർമാർക്ക് 500 യുവാൻ എന്നിങ്ങനെയാണ് പിഴ.

മൂന്ന് തവണയിൽ കൂടുതൽ സാധുവായ കാരണമില്ലാതെ ലീവ് എടുക്കുന്ന ജീവനക്കാരുടെ പ്രതിമാസ ശമ്പളം 2,000 യുവാൻ കുറയ്ക്കുമെന്നും ജോലി കഴിഞ്ഞ് കമ്പ്യൂട്ടറുകൾ ഓഫ് ചെയ്യാത്തവർക്ക് 100 യുവാൻ പിഴ ചുമത്തുമെന്നും കമ്പനിയുടെ പുതിയ നിയമത്തിൽ പറയുന്നു. പുതിയ നിയമങ്ങൾ പാലിക്കാൻ തയ്യാറാകാത്ത ജീവനക്കാർ രാജിവെക്കണമെന്നും കമ്പനി നിർദ്ദേശിക്കുന്നു. സംഭവം വിവാദമായതോടെ കമ്പനിക്കെതിരെ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വിമർശനമാണ് ഉയരുന്നത്