ഡോ. ജയ് കാൽവർട്ട് പറയുന്നത്, മിക്കവാറും ആളുകൾ അവരുടെ ഫിൽറ്റർ വച്ചുണ്ടാക്കിയ രൂപവുമായിട്ടാണ് തങ്ങളെ സമീപിക്കുന്നത് എന്നാണ്. പിന്നീട് അതുപോലെയുള്ള രൂപമാക്കിത്തരണം എന്നും ഇവർ ആവശ്യപ്പെടുന്നുവെന്നും ഡോക്ടർ പറയുന്നു.

കുറച്ച് ദിവസം മുമ്പാണ് ബ്രസീലിൽ നിന്നുള്ള ഒരു ഇൻഫ്ലുവൻസർ കോസ്മെറ്റിക് സർജറിയെ തുടർന്നുണ്ടായ സങ്കീർണതകൾ വെളിപ്പെടുത്തിയതിന് പിന്നാലെ മരിച്ചത്. ജൂനിയർ ദുത്ര എന്ന് അറിയപ്പെടുന്ന അഡൈർ മെൻഡിസ് ദുത്ര ജൂനിയറാണ് ഒക്ടോബർ 3 -ന് മരണപ്പെട്ടത്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ട്രെൻഡായിക്കൊണ്ടിരിക്കുന്ന 'ഫോക്സ് ഐസ്‌' എന്ന കോസ്മെറ്റിക് സർജറി ദുത്ര ജൂനിയർ ചെയ്തത്. 31 വയസ്സുള്ള ദുത്രയ്ക്ക് ഇൻസ്റ്റഗ്രാമിൽ 100,000 -ത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. വൈറലായ ഫോക്സ് ഐ കോസ്മെറ്റിക് സർജറിക്ക് പിന്നാലെ തനിക്ക് അണുബാധയുണ്ടായി എന്ന് മരിക്കുന്നതിന് മുമ്പുതന്നെ ദുത്ര ജൂനിയർ പറഞ്ഞിരുന്നു. മാർച്ചിൽ സെലിബ്രിറ്റി സർജനായ ഫെർണാണ്ടോ ഗാർബിയാണ് ഇയാൾക്ക് ശസ്ത്രക്രിയ നടത്തിയത്.

കണ്ണുകളുടെ കോണുകൾ ഉയർത്തി ആളുകൾക്ക് പൂച്ചയുടേത് പോലെയുള്ള മുഖമാക്കി മാറ്റുന്ന തരം ശസ്ത്രക്രിയയാണ് ഇത്. plasticsurgery.org പറയുന്നത് പ്രകാരം പുരികവും കവിളും ഉയർത്തി താഴത്തെ കൺപോള ചുരുക്കുകയാണ് മിക്കവാറും ഈ കോസ്മെറ്റിക് സർജറിയിൽ ചെയ്യുന്നത്. സോഷ്യൽ മീഡിയയിലാണ് ഈ ട്രെൻഡ് വളരെ പെട്ടെന്ന് പടർന്നുപിടിച്ചത് എന്ന് ഡോ. ജോൺ ലെയ്കെ മാധ്യമങ്ങളോട് പറഞ്ഞു. വിവിധ ബ്യൂട്ടി ആപ്പുകളിൽ കാണുന്നത് പോലെയുള്ള രൂപമാണ് മിക്കവാറും ഈ ഫോക്സ് ഐ സർജറി ആളുകൾക്ക് നൽകുന്നത്.

ഡോ. ജയ് കാൽവർട്ട് പറയുന്നത്, മിക്കവാറും ആളുകൾ അവരുടെ ഫിൽറ്റർ വച്ചുണ്ടാക്കിയ രൂപവുമായിട്ടാണ് തങ്ങളെ സമീപിക്കുന്നത് എന്നാണ്. പിന്നീട് അതുപോലെയുള്ള രൂപമാക്കിത്തരണം എന്നും ഇവർ ആവശ്യപ്പെടുന്നുവെന്നും ഡോക്ടർ പറയുന്നു. അതേസമയം, ദുത്ര ജൂനിയർ കോസ്മെറ്റിക് സർജറിക്ക് പിന്നാലെ തനിക്ക് ഇൻഫെക്ഷനുണ്ടായതായി വെളിപ്പെടുത്തിയെങ്കിലും മരണത്തിനുള്ള യഥാർത്ഥകാരണം അതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു.