വെറോണിക്കയുടെ അമ്മയായ 65 -കാരി ഡമാരിസ് പോളിൻ, ഏകദേശം രണ്ട് പതിറ്റാണ്ടുകളായി കോസ്മെറ്റിക് സർജറി ചെയ്യുന്നുണ്ട്.

കോസ്മെറ്റിക് സർജറി ചെയ്യുന്നത് ഇന്നൊരു പുതിയ കാര്യമല്ല. നിരവധി ആളുകൾ ഇന്ന് അത്തരത്തിലുള്ള സൗന്ദര്യവർധക ശസ്ത്രക്രിയകൾ ചെയ്യാറുണ്ട്. അതുപോലെ യുഎസ്സിൽ നിന്നുള്ള ഒരു ഇൻഫ്ലുവൻസർ പറയുന്നത് താനും ബന്ധുക്കളും തങ്ങളുടെ സമ്മർ വെക്കേഷൻ കോസ്മെറ്റിക് സർജറി ചെയ്യാൻ വേണ്ടിയുള്ള യാത്രയാക്കി മാറ്റി എന്നാണ്. കൊളംബിയയിലേക്കാണ് ഇവർ വെക്കേഷന് പോയത്. കുടുംബത്തിലുള്ളവർ ഓരോരുത്തരും വിവിധ തരത്തിലുള്ള കോസ്മെറ്റിക് സർജറികൾ ഈ യാത്രയിൽ ചെയ്തുവെന്നും ഇത് അപൂർവമായ ഒരു അനുഭവമാക്കി യാത്രയെ മാറ്റിയെന്നും ഇൻഫ്ലുവൻസർ പറയുന്നു.

27 വയസ്സുകാരിയായ വെറോണിക്ക എപിസ് എന്ന ഇൻഫ്ലുവൻസറാണ് തന്റെ അനുഭവം ഒരു വീഡിയോയിൽ ഷെയർ ചെയ്തത്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് തന്റെ കുടുംബത്തിൽ ആദ്യത്തെ സംഭവമല്ല എന്നും വെറോണിക്ക പറയുന്നുണ്ട്. തന്റെ അമ്മ കൊളംബിയയിലേക്ക് പോകുന്നതും സർജറി ചെയ്തിട്ട് വരുന്നതും താൻ കാണാറുണ്ടായിരുന്നു. അതുപോലെ തന്റെ ആന്റിയും കസിൻസും അമ്മയും മുത്തശ്ശിയും എല്ലാവരും കോസ്മെറ്റിക് സർജറി ചെയ്യാനായി പോകാറുണ്ടായിരുന്നു എന്നും അവൾ പറയുന്നു.

വെറോണിക്കയുടെ അമ്മയായ 65 -കാരി ഡമാരിസ് പോളിൻ, ഏകദേശം രണ്ട് പതിറ്റാണ്ടുകളായി കോസ്മെറ്റിക് സർജറി ചെയ്യുന്നുണ്ട്. "ഞങ്ങൾക്ക് കൊളംബിയൻ പ്ലാസ്റ്റിക് സർജന്മാരെ ഇഷ്ടമാണ്; അവരാണ് ശരിക്കും ഇക്കാര്യത്തിൽ മികച്ചത്" എന്നാണ് പോളിൻ പറയുന്നത്.

View post on Instagram

വെറോണിക്കയുടെ അച്ഛൻ 72 -കാരനായ വിൻസെന്റും ഇതുപോലെ സർജറി ചെയ്തിട്ടുണ്ട്. 63 -കാരിയായ ആന്റി ലൂസ് വർഷങ്ങളായി ലിപെക്ടമി, ബ്രെസ്റ്റ് ഇംപ്ലാന്റുകൾ എന്നിവയുൾപ്പെടെ നിരവധി സർജറികൾ നേരത്തെ ചെയ്തിരുന്നു. പക്ഷേ, പിന്നീടെല്ലാം പഴയതുപോലെയാക്കുകയായിരുന്നു. 2023 -ലാണ് വെറോണിക്കയുടെ കുടുംബം ഒരുമിച്ച് പ്ലാസ്റ്റിക് സർജറി ചെയ്യാനായി പോകുന്നത്. 2024 -ലും കുടുംബം ഇതുപോലെ കൊളംബിയയിലേക്ക് പോയി. 68 000 ഡോളറാണ് (60,33,980 രൂപ) അന്ന് അവർക്ക് കോസ്മെറ്റിക് സർജറിക്ക് ആകെ ചെലവായത്.