ഞങ്ങൾ അയാളുടെ സാലറി സ്ലിപ്പുകളും, റെക്കമെന്റേഷൻ ലെറ്ററുകളും എല്ലാം പരിശോധിച്ചു. വ്യാജമായ സാലറി സ്ലിപ്പുകൾ ഉപയോഗിച്ച് ആ വ്യക്തി കമ്പനിയെ വഞ്ചിച്ചുവെന്ന് ഞങ്ങൾക്ക് മനസിലായി എന്നും അർഷിയ പറയുന്നുണ്ട്.
ബ്യൂട്ടി ബ്രാൻഡായ ടിന്റ് കോസ്‌മെറ്റിക്‌സിന്റെ സ്ഥാപകയാണ് അർഷിയ കൗർ. തനിക്കുണ്ടായ ഒരു ദുരനുഭവത്തിന്റെ കഥ അടുത്തിടെ അവർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയുണ്ടായി. ഒരു സ്റ്റാർട്ടപ്പ് നടത്തുന്നതിന്റെ വെല്ലുവിളികളെക്കുറിച്ച് വിവരിക്കുന്ന വിവിധ വീഡിയോകളാണ് അർഷിയ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. മാർക്കറ്റിംഗ് ഹെഡ് സ്ഥാനത്തേക്കാണ് അവരുടെ കമ്പനി പുതിയ ഒരാളെ നിയമിച്ചത്. ആളുടെ സിവി (curriculum vitae) അതിശയകരമാം വിധം നല്ലതായിരുന്നു എന്ന് അർഷിയ സമ്മതിക്കുന്നുണ്ട്. എന്നാൽ, അയാൾക്ക് നൽകിയിരിക്കുന്ന എല്ലാ ജോലിയും ചെയ്യുന്നതിൽ അയാൾ പരാജയപ്പെട്ടുവെന്നും അവർ തന്റെ വീഡിയോയിൽ വെളിപ്പെടുത്തുന്നു.
ജോലിക്ക് ചേർന്ന് മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ പുതിയ മാർക്കറ്റിംഗ് ഹെഡ് ടീമുമായോ മാനേജ്‌മെന്റുമായോ കമ്മ്യൂണിക്കേഷൻ നടത്തുന്നതിൽ പരാജയപ്പെട്ടു. ഏൽപ്പിച്ച ജോലികൾ ചെയ്യുന്നതിലും അയാൾ പരാജയമായിരുന്നു. മറ്റ് ജീവനക്കാരുടെ മേലാണ് അയാൾ ജോലിഭാരമെല്ലാം വച്ചത്. ഒടുവിൽ അയാളെ പിരിച്ചുവിടേണ്ടി വന്നതായിട്ടാണ് അർഷിയ പറയുന്നത്. എന്നാൽ, പിന്നീടാണ് അയാളെ കുറിച്ചുള്ള മറ്റ് സത്യങ്ങൾ കൂടി അവർ അറിഞ്ഞത്. അയാളുടെ സിവി മുഴുവനും വ്യാജമായിരുന്നു. മാത്രമല്ല, ഈ ജോലി നേടിയെടുക്കുന്നതിന് വേണ്ടി വ്യാജമായിട്ടാണ് സാലറി സ്ലിപ്പ് പോലും തയ്യാറാക്കിയത്.
ഞങ്ങൾ അയാളുടെ സാലറി സ്ലിപ്പുകളും, റെക്കമെന്റേഷൻ ലെറ്ററുകളും എല്ലാം പരിശോധിച്ചു. വ്യാജമായ സാലറി സ്ലിപ്പുകൾ ഉപയോഗിച്ച് ആ വ്യക്തി കമ്പനിയെ വഞ്ചിച്ചുവെന്ന് ഞങ്ങൾക്ക് മനസിലായി എന്നും അർഷിയ പറയുന്നുണ്ട്. എല്ലാം വ്യാജമായിരുന്നു. ഞങ്ങൾ പൂർണ്ണമായും വഞ്ചിക്കപ്പെട്ടു എന്നാണ് ഇൻസ്റ്റഗ്രാമിലെ തന്റെ പോസ്റ്റിൽ അവർ പറയുന്നത്.
ഇത്തരം കാര്യങ്ങളിൽ ജാഗരൂകരായിരിക്കണമെന്നും ശ്രദ്ധ വേണമെന്നും അർഷിയ തന്റെ പോസ്റ്റിൽ സൂചിപ്പിക്കുന്നു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. ആളുകളെ ജോലിക്കെടുക്കുമ്പോൾ കുറച്ചുകൂടി പരിശോധനയും ശ്രദ്ധയുമാകാമായിരുന്നു എന്ന് പലരും കമന്റിൽ സൂചിപ്പിച്ചിട്ടുണ്ട്.
