'ഖ്മർ റൂഷ്'എന്നത് ഇന്നത്തെ കംബോഡിയയിൽ ഗറില്ലാ സൈന്യത്തിന്റെ പേരാണ്. 'ഖ്മർ റൂഷ്' എന്ന വാക്കിന്റെ അർഥം 'ചുവന്ന 'ഖ്മറുകൾ' എന്നാണ്. ഖ്മർ പീപ്പിൾസ് കമ്യൂണിസ്റ്റ് പാർട്ടി, നൊറോദോം സിഹാനൂക്കിൽ നിന്ന് 1975 -ൽ രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കാനും, അടുത്ത അഞ്ചുവർഷം രാജ്യം ഭരിക്കാനും പ്രയോജനപ്പെടുത്തിയത് ഈ ഗറില്ലാ സേനയുടെ ഉരുക്കു മുഷ്ടികളാണ്.  ചൈനയിൽ മാവോ സെഡുങ്ങ് പ്രചരിപ്പിച്ച തീവ്രകമ്യൂണിസത്തിൽ ആകൃഷ്ടരായ കമ്പോഡിയൻ ജനത, 1970 കളിൽ പോൾ പോട്ടിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച പ്രസ്ഥാനമാണിത്. 

1975 -ൽ നടന്ന വിപ്ലവത്തിലൂടെ ഖ്മർ റൂഷ് അധികാരം പിടിച്ചെടുത്തു. എന്നാൽ, കമ്യൂണിസത്തിന്റെ പുസ്തകങ്ങളിൽ പറയുന്ന അഭിവൃദ്ധിയൊന്നും പോൾപോട്ടിന്റെ സ്വേച്ഛാധിപത്യ ഭരണത്തിൽ കംബോഡിയയിൽ പ്രോലിറ്റേറിയറ്റിനെ തേടിയെത്തിയില്ല. ആ രാജ്യം ഒരു കുരുതിക്കളമാകുന്ന കാഴ്ചക്കാണ് പിന്നീട് ലോകം സാക്ഷ്യം വഹിച്ചത്. 1975  മുതൽ 79  വരെ പതിനഞ്ചുമുതൽ ഇരുപതുലക്ഷം വരെ കംബോഡിയക്കാർ പട്ടിണികിടന്നോ, കൊലചെയ്യപ്പെട്ടോ, അടിമപ്പണിയെടുപ്പിക്കപ്പെട്ടോ മരണപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ടുവോൾ സ്ലെങ്ങ് പ്രവിശ്യയിലെ പോൾപോട്ടിന്റെ കുപ്രസിദ്ധമായ ഒരു ഡിറ്റൻഷൻ സെന്ററായ S -21 -ൽ കഴിഞ്ഞിരുന്ന ഇരുപതിനായിരത്തോളം പേർ അതിനെ അതിജീവിച്ച് ആ നരകത്തെക്കുറിച്ച് പുറം ലോകത്തോട് വിളിച്ചുപറഞ്ഞിട്ടുണ്ട്. 

 

 

ഈ കുപ്രസിദ്ധമായ 'S -21'എന്ന ഖ്മർ റൂഷ് തടവറയിൽ ആയിരക്കണക്കിന്  വിചാരണത്തടവുകാരെ പീഡിപ്പിക്കുന്നതിൽ, കൊല്ലാക്കൊല ചെയ്യുന്നതിൽ അഭിരമിച്ചിരുന്ന കൈങ് ഗ്വേക്ക് ഈവ് അഥവാ 'കോമ്രേഡ് ഡോയ്ക്ക്' ഇന്നലെ തന്റെ എഴുപത്തേഴാം വയസ്സിൽ, വാർധക്യ സഹജമായ അസുഖങ്ങളാൽ മരണപ്പെട്ടു. നിരവധി പേരുടെ കൊലപാതകത്തിന് ഉത്തരവാദിയാണ് എന്നുകണ്ട് പിൽക്കാലത്ത് യുദ്ധകാലകുറ്റകൃത്യങ്ങൾ ചുമത്തി വിചാരണ ചെയ്യപ്പെട്ട ഈ കമ്യൂണിസ്റ്റ് കോമ്രേഡ്, പിന്നീട് വിചാരണക്കു ശേഷം ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. പോൾപോട്ടിന്റെ കാലത്ത് കൊലചെയ്യപ്പെട്ടിരുന്നവരുടെ മൃതദേഹങ്ങൾ 'ചാവുനിലങ്ങൾ' എന്ന പേരിലറിയപ്പെട്ടിരുന്ന ഒരിടത്താണ് മറവുചെയ്തിരുന്നത്. ആ കാലത്തെക്കുറിച്ചുള്ള ഒരു സിനിമയുടെ പേരും പിൽക്കാലത്ത് അതുതന്നെയായിരുന്നു. ഖ്മർ പീപ്പിൾസ് കമ്യൂണിസ്റ്റ് പാർട്ടി എന്നായിരുന്നു പോൾപോട്ടിന്റെ പാർട്ടിയുടെ പേര്. ഒരു തീവ്ര മാവോയിസ്റ്റ് ലെനിനിസ്റ്റ് ലൈനായിരുന്നു പോൾപോട്ടിന്റെത്.

 

 

അറുപത്തെട്ടിലെ ഖ്‌മർ റൂഷ് എന്ന ഗറില്ലാ സേന രൂപീകരിക്കുന്നതോടെ പോൾപോട്ട് ഒരു നേതാവെന്ന നിലയിൽ ശക്തിയാർജ്ജിക്കുന്നു. എഴുപതുകളിൽ അമേരിക്കയാണ് കംബോഡിയയിൽ പട്ടാളജനറൽ ലോൺ നോളും  പ്രിൻസ് നോറോഡോമും തമ്മിൽ നിലനിന്നിരുന്ന വേർതിരിവിന്റെ തീയിൽ എണ്ണയൊഴിക്കുന്നത്. അമേരിക്ക ജനറലി നോളിന്റെ കൂടെയും ഖ്മർ റൂഷ് പ്രിൻസിന്റെ കൂടെയും അണിചേർന്നതോടെ പ്രശ്നം രൂക്ഷമായി. വിയറ്റ്നാം യുദ്ധം നടക്കുന്ന സമയവുമായിരുന്നു അത്. വിയറ്റ്‌നാമിൽ നിന്നും പലായനം ചെയ്ത് കംബോഡിയയിൽ അഭയം പ്രാപിച്ചിരുന്നു നോർത്ത് വിയറ്റ്നാമീസിനോട് പൊരുതാൻ സൗത്ത് വിയറ്റ്നാമീസും അമേരിക്കൻ പട്ടാളക്കാരും കൂടി കമ്പോഡിയയിലേക്ക് മാർച്ച് ചെയ്തു. അന്നത്തെ പ്രസിഡന്റ് നിക്സനാവട്ടെ കംബോഡിയയിൽ ബോംബിങ്ങ് നടത്താനുള്ള അനുമതിയും നൽകി.  

 നാലു വർഷം കൊണ്ട് അമേരിക്ക അഞ്ചുലക്ഷം ടൺ ബോംബുകളാണ് കംബോഡിയയുടെ മണ്ണിൽ നിക്ഷേപിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനിടെ ജപ്പാനിൽ ഇട്ടതിന്റെ മൂന്നിരട്ടി.  എഴുപത്തി മൂന്നിൽ  അമേരിക്കൻ ബോംബിങ്ങ് നിന്നതോടെ ഖ്‌മർ റൂഷിന്റെ അംഗബലം പെട്ടെന്ന് വർദ്ധിച്ചു. എഴുപത്തഞ്ചിൽ യുദ്ധം അവസാനിച്ച് ഖ്മർ റൂഷ് അധികാരം പിടിച്ചെടുക്കുമ്പോഴേക്കും യുദ്ധക്കെടുതികളിൽപ്പെട്ട് അഞ്ചുലക്ഷത്തോളം കമ്പോഡിയക്കാർ മരിച്ചുകഴിഞ്ഞിരുന്നു. പക്ഷേ, ശരിക്കുള്ള ദുരിതം അവരെ കാത്തിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.  

 

 

അധികാരം പിടിച്ചെടുത്ത ഉടനെ ഖ്‌മർ റൂഷ് ചെയ്തത് തങ്ങളുടെ ശത്രുക്കളെ ഒന്നടങ്കം ആവും വിധമെല്ലാം ശിക്ഷിക്കുക എന്നതാണ്. അവർ ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ എന്നുള്ള ഭേദമൊന്നുമില്ലാതെ സകലരെയും കൃഷിപ്പണിക്ക് നിയോഗിച്ച് കഠിനമായി തൊഴിലെടുപ്പിച്ചു. അവരുടെ എല്ലാം നേരിട്ട് നിയന്ത്രിക്കാൻ തുടങ്ങി. എന്തിന്, തങ്ങളുടെ യൂണിഫോമിലെ കള്ളികൾക്ക് അനുസൃതമായി കംബോഡിയയിൽ കൃഷിയിടങ്ങളുടെ ഡിസൈൻ വരെ അവർ മാറ്റി. കുട്ടികളെ അവരുടെ കുടുംബങ്ങളിൽ നിന്നുമകറ്റി പട്ടാളസ്‌കൂളുകളിൽ ചേർത്ത് പട്ടാളക്കാരാക്കി വളർത്തി.

 

 

'ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക് ഓഫ് കമ്പൂച്ചിയ' എന്ന് രാജ്യത്തിന്റെ പേര് തന്നെ പോൾപോട്ട് മാറ്റി. എൺപതുകളിൽ ചൈനയിൽ നിന്നും സൈനികസഹായവും അമേരിക്കയിൽ നിന്നും രാഷ്ട്രീയ പിന്തുണയും ഒക്കെ കിട്ടിയിരുന്നെങ്കിലും പോൾപോട്ടിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരുന്നു.  1991ൽ വെടിനിർത്തൽ നിലവിൽ വന്നു.  ഖ്‌മർ റൂഷ് പിളർന്നു. വിമതർ 1997ൽ പോൾപോട്ടിനെ വീട്ടുതടങ്കലിൽ ആക്കി. 1998 ഏപ്രിൽ 15ന് വന്ന കനത്ത ഹൃദയാഘാതം പോൾപോട്ടിന്റെ ജീവനെടുത്തു.

 

 

മരണാനന്തരവും അപമാനം പോൾപോട്ടിനെ തേടിയെത്തി. ഒരു രാഷ്ട്രത്തലവനെപ്പോലെ അന്തസ്സായി മരണാന്തര ബഹുമതികളോടെ, മതാചാരചടങ്ങുകളോടെ ദഹിപ്പിക്കപ്പെടാനുള്ള യോഗം അയാൾക്കുണ്ടായില്ല. ടയറുകളും, ഒടിഞ്ഞ മരക്കസേരകളും, പാഴ്മരങ്ങളും കൂട്ടിയിട്ട് അതിനിടയിൽ ശവപ്പെട്ടിയിൽ പോൾപോട്ടിന്റെ മൃതദേഹവും വെച്ച് തീകൊളുത്തുകയായിരുന്നു കമ്പോഡിയയിലെ ജനങ്ങൾ. ജീവിച്ചിരുന്ന കാലത്ത് ആ സ്വേച്ഛാധിപതി പ്രവർത്തിച്ച അക്രമങ്ങളോട് അവർക്കുണ്ടായിരുന്ന മരിച്ചാലും അവസാനിക്കാത്ത പ്രതിഷേധത്തിന്റെ പ്രകടനമായിരുന്നു അങ്ങനെയൊരു ചിതയൊരുക്കൽ. 

 

 

ഒരു സ്‌കൂൾ അധ്യാപകനായിരുന്ന കോമ്രേഡ് ഡോയ്ക്ക് ഖ്‌മർ റൂഷ് കാലത്ത് ജയിലർ പദവിയിൽ അവരോധിക്കപ്പെടുകയായിരുന്നു. കൊമേഡിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന  ടുവോൾ സ്ലെങ്ങിലെ 'S21 ' ജയിലിൽ മാത്രം കൊല്ലപ്പെട്ടത് 14,000 -ൽ പരം പേരാണ്. ഈ ജയിലിലേക്ക് വന്നുപെട്ടിരുന്ന നിർഭാഗ്യവാന്മാരിൽ ഭൂരിഭാഗവും വിചാരണത്തടവുകാർ ആയിരുന്നു. അവർക്കുമേൽ ആരോപിക്കപ്പെട്ടിരുന്നതാവട്ടെ വ്യാജമായ കുറ്റങ്ങളും. അവരെ ആ കുറ്റങ്ങൾ സമ്മതിപ്പിക്കാൻ കോമ്രേഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഷോക്കടിപ്പിക്കുക,വിരലുകളുടെ നഖങ്ങൾ പിഴുതെടുക്കുക, കമ്പി പഴുപ്പിച്ച് പൊള്ളിക്കുക എന്നിങ്ങനെ പല പീഡനമുറകളും ആ തടവറയിൽ നടപ്പാക്കിയിരുന്നു. 'ഡെത്ത് ചേംബർ' എന്നറിയപ്പെട്ടിരുന്ന ഈ ഇടിമുറികൾക്കുള്ളിലേക്ക് പോയിരുന്ന പലരും പിന്നീട് പുറംലോകം കണ്ടതേയില്ല.  

 

 

1979 -ൽ പോൾപോട്ട് ഭരണകൂടത്തെ കമ്പോഡിയൻ ജനത വലിച്ചു തോട്ടിലെറിഞ്ഞ ആ നിമിഷം ഒളിവിൽ പോയ കോമ്രേഡ് ഡോയ്ക്ക് പിന്നെ പൊങ്ങുന്നത് ഇരുപതു വർഷങ്ങൾക്ക് ശേഷം 1999 -ലായിരുന്നു.  'ബ്രദർ നമ്പർ 2' എന്നറിയപ്പെട്ടിരുന്ന  നുവോൺ ചെയ എന്ന പോൾപോട്ടിന്റെ സെക്കൻഡ് ലെഫ്റ്റനന്റ്, കഴിഞ്ഞ വർഷമാണ്  തന്റെ തൊണ്ണൂറ്റി മൂന്നാം വയസ്സിൽ മരണപ്പെടുന്നത്. 2009  -ൽ ഐക്യരാഷ്ട്ര സഭയുടെ ട്രിബുണൽ ആണ് കൊമേഡിനെ വിചാരണ ചെയ്യുന്നത്. അവർക്കുമുന്നിൽ തന്റെ കുറ്റങ്ങൾ എല്ലാം സമ്മതിച്ച കോമ്രേഡ് താൻ ചെയ്തുപോയ കുറ്റങ്ങളുടെ പേരിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളോട് അന്ന് മാപ്പു പറയുകയുമുണ്ടായി