"മൾബറിപ്പഴം കണ്ടിട്ടുണ്ടോ..?
പൊഴിഞ്ഞ് നിലത്തെവിടെ വീണോ
അവിടെയതിന്റെ
ചുവന്നചാറ് പൊട്ടിപ്പടർന്ന്
കറപിടിച്ചുകിടക്കും.
വീഴ്ചയേക്കാൾ
വേദനാജനകമായി
വേറൊന്നുമില്ല.
ഞാനെത്ര കൂലിപ്പണിക്കാരെ
കണ്ടിട്ടുണ്ടെന്നോ..?
പണിചെയ്യുന്ന കെട്ടിടങ്ങളിൽ നിന്നും
താഴെ വീണവരെ.
താഴെ വീണ്
മൾബറിപ്പഴമായവരെ..!"

ഇത് സബീർ ഹാക്ക എഴുതിയ ഒരു കവിതയിലെ വരികളാണ്. ടെഹ്റാനിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളിയായ സബീർ, തന്റെ ഒഴിവുനേരങ്ങളിൽ കുറിച്ചിട്ട കവിതകൾക്ക് തൊഴിലാളികൾക്കിടയിൽ നടത്തിയ ഒരു കവിതമത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയതോടെയാണ് അദ്ദേഹവും അദ്ദേഹത്തിന്റെ കവിതയും വിശ്വപ്രസിദ്ധമാകുന്നത്. ഇന്ന് ഇറാനിയൻ കവിതയിലെ അറിയപ്പെടുന്ന ഒരു പേരാണ് സബീറിന്റേതും. 

ഇത്രയും പറയാൻ ഒരു കാരണമുണ്ട്. ഇന്ന് ലോക വിവർത്തനദിനമാണ്. നോവലായും, കഥയായും, കവിതയെയും  മറ്റും ലോകത്തിന്റെ പലഭാഗങ്ങളിൽ പല ഭാഷകളിൽ എഴുതപ്പെടുന്ന സാഹിത്യത്തെ ആ ഭാഷകൾ അറിയാത്തവർക്ക് ആസ്വദിക്കാനുള്ള വഴിയൊരുക്കുക എന്നതാണ് ഒരു വിവർത്തകന്റെ തൊഴിൽ. എന്നാൽ പലപ്പോഴും അദൃശ്യമായിരിക്കുക എന്നതും അവരുടെ നിയോഗമാണ്. 

വിവർത്തനത്തിലെ  നിർമ്മാണത്തൊഴിലാളി, നിർമ്മാണത്തൊഴിലാളികളിലെ തർജ്ജമാകാരൻ  

സബീർ ഹാക്കയെപ്പോലെ കേരളത്തിലുമുണ്ട് കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്തുകൊണ്ട് സാഹിത്യരംഗത്തെ സ്വപ്നങ്ങളെ പിന്തുടർന്ന ഒരാൾ. എഴുതാതിരിക്കാൻ പറ്റാത്തതുകൊണ്ട് മാത്രം എഴുതിപ്പോയ ഒരാൾ. ഷാഫി ചെറുമാവിലായി. 1960-ൽ ചെറുമാവിലായിലെ താഴക്കണ്ടി മൊയ്തീന്റെയു മെട്ടയ്ക്ക്താഴെ ആമിനയുടെയും മകനായി ജനിച്ചു. മമ്മാക്കുന്ന് മാപ്പിള എൽ.പി. സ്കൂൾ, ചെറുമാവിലായി യു.പി. സ്കൂൾ, പെരളശേരി ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പത്താംക്ലാസിനു ശേഷം കുടുംബദാരിദ്ര്യത്താൽ ജോലി അന്വേഷിച്ച് പുണെയിലേക്കു യാത്രയായി. അവിടെ ഒരു സ്ഥാപനത്തിൽ സെയിൽസ്മാനായി നാലുവർഷത്തോളം ജോലി നോക്കി. തുടർന്ന് പത്തുവർഷത്തോളം ബംഗളുരുവിൽ പത്താംക്ലാസിൽ തോറ്റ ശേഷം ബാംഗ്ലൂരിൽ ചായക്കടയിൽ ജോലിയെടുക്കുന്ന കാലത്താണ് ഷാഫി ആദ്യമായി തമിഴ് ഭാഷ കാണുന്നത്, കേൾക്കുന്നത്.  തമിഴന്മാർ ഒരുപാട് താമസമുള്ള വിവേക് നഗറിലായിരുന്നു താമസം. ചായക്കടയിലെ പതിവുകാരുടെ വെടിപറച്ചിലിന് കാതോർത്തും അവരോട് സംസാരിക്കാൻ ശ്രമിച്ചു ഷാഫി പതുക്കെ തമിഴ് പഠിച്ചെടുത്തു. സിനിമാ പോസ്റ്ററുകളും വാരികകളും നോക്കി അക്ഷരങ്ങൾ പെറുക്കിപ്പെറുക്കി വായന തുടങ്ങി. അങ്ങനെ അധികം താമസിയാതെ തമിഴ് പച്ചവെള്ളം പോലെ അറിയാമെന്നായി. 

അതിനിടെ ഷാഫി ഒരു തമിഴ് മാസികയിൽ വന്ന റഷ്യൻ കഥയുടെ തർജമ വായിക്കുന്നു. അതിനെ മലയാളത്തിലേക്കാക്കി ഒരു വാരികയ്ക്ക് അയച്ചുവിട്ടു. വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അത് പ്രസിദ്ധീകൃതമായി. അതോടെ ധൈര്യമായി. തോപ്പിൽ മുഹമ്മദ് മീരാന്റെ അനന്തശയനം കോളനി ആയിരുന്നു ആദ്യത്തെ മുഴുനീള കൃതി. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ മൂന്നു കൃതികൾ ഷാഫി മലയാളത്തിലേക്കാക്കിയിട്ടുണ്ട്.

സാ. കന്തസാമിയുടെ 'വിചാരണകമ്മീഷൻ', മേലാനൺമെ പൊന്നുസ്വാമിയുടെ മിൻസാറാപൂ എന്ന കൃതി വൈദ്യുതി പുഷ്പം എന്ന പേരിലും, ഐഎഎസ് ഓഫീസറായിരുന്ന തിലകവതിയുടെ കല്മരം എന്ന കൃതി അതേ പേരിലും മലയാളത്തിലേക്കെത്തിച്ചു. മുമ്പൊക്കെ ഷാഫി തമിഴിലെ എഴുത്തുകാരുമായി ബന്ധപ്പെട്ട് വിവർത്തനത്തിനുള്ള അനുമതിക്കായി പിന്നാലെ നടക്കുമായിരുന്നു എങ്കിൽ, ഇന്ന് അവർ ഷാഫിയെ ഇങ്ങോട്ട് തേടിവരികയായിരുന്നു.  പെരുമാൾ മുരുകന്റെ 'മാതൊരുഭാഗൻ' അദ്ദേഹമാണ് മലയാളത്തിലാക്കിയത്.

അവസാനമായി  എം.വി.വെങ്കിട്ടറാമിന്റെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച 'കാതുകള്‍' എന്ന നോവൽ വിവർത്തനം പൂർത്തിയായി. അടുത്തതായി അയ്യനാർ വിശ്വനാഥന്റെ 'ഒരിതൾ പൂവ്' എന്ന നോവൽ വിവർത്തനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് ഷാഫി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. തമിഴിൽ ഷാഫിയെ തിരിച്ചറിയുകയും അംഗീകരിക്കുകയും ഒക്കെ ചെയ്യുന്നവർ ധാരാളമുണ്ടെങ്കിലും, മലയാള സാഹിത്യത്തിൽ ഷാഫിയ്ക്ക് ഇന്നും അർഹിക്കുന്ന പരിഗണന കിട്ടിയിട്ടില്ല. അമ്പത്തേഴാം വയസിലും ഉപജീവനത്തിനായി ചെങ്കല്ല് ചുമക്കുന്നുണ്ട് ഷാഫി. രണ്ടാമത്തെയും മൂന്നാമത്തെയും നിലയിലേക്കൊക്കെ   വെട്ടുകല്ലുകൾ തലയിൽ ചുമന്ന് കൊണ്ട് കൊടുക്കേണ്ടി വരാറുണ്ട്  ഷാഫിക്ക്. ഒരു വിവർത്തകന്റെ തികഞ്ഞ അവധാനതയോടെ തന്നെ ഷാഫി ചെറുമാവിലായി മൈക്കാടുപണിയുടെ ഭാരവും പേറും.