ജൂലൈ 29, സമയം രാവിലെ ഏഴ് മണി... ഛത്തീസ്‌ഗഢ് പോലീസിന്റെ 140 പേരടങ്ങുന്ന ഒരു അസാൾട്ട് ടീം സുക്മാ ജില്ലയിലെ കൊടും കാടിനുള്ളിലൂടെ  പതുങ്ങിപ്പതുങ്ങി മുന്നോട്ടു നീങ്ങി. ബാലെങ്ടോങ്ങ് എന്ന ഗ്രാമത്തിലെ കാടുകളില്‍ തമ്പടിച്ചിരിക്കുന്ന മാവോയിസ്റ്റുകളെ ലക്ഷ്യമാക്കിയാണ് അവരുടെ നീക്കം. പൊലീസിന്‍റെ സംഘത്തെ നയിച്ചിരുന്നത് വെട്ടി രാമ എന്ന പൊലീസ് ഓഫീസറായിരുന്നു. സുക്‌മ പൊലീസിലെ 'ഗോപ്നീയ സൈനികും' (secret trooper) ഈ ഓപ്പറേഷന്‍റെ കമാന്‍ഡറുമായിരുന്നു വെട്ടി രാമ. അവർ ലക്ഷ്യമിട്ടിരുന്നത് കാട്ടിനുള്ളിൽ ക്യാമ്പുചെയ്തിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) നേതാവ് വെട്ടി കന്നി യുടെ കമാൻഡിലുള്ള മുപ്പതംഗ സംഘത്തെയും. 

വെട്ടി രാമയുടെ പോലീസ് സംഘം മാവോയിസ്റ്റ് ക്യാമ്പ് വളഞ്ഞു. പോലീസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ മാവോയിസ്റ്റുകൾ മൗഢ്യം വെടിഞ്ഞ് അവരുടെ നിറതോക്കുകൾ പോലീസിനുനേരെ ചൂണ്ടി. രാമയെന്ന പൊലീസ് ഓഫീസറുടെയും  കന്നി എന്ന മാവോയിസ്റ്റ്  നേതാവിന്‍റെയും കണ്ണുകള്‍ പരസ്പരം കൂട്ടിമുട്ടി. പെട്ടെന്നാണ് കന്നിയുടെ അനുയായികൾ രാമയ്ക്ക് നേരെ വെടിയുതിര്‍ത്തു തുടങ്ങിയത്. അതോടെ രാമയുടെ സംഘത്തിലുണ്ടായിരുന്നവരും പ്രത്യാക്രമണം തുടങ്ങി.  തുടർന്നുനടന്ന തീപാറുന്ന വെടിവെപ്പിൽ രണ്ടു മാവോയിസ്റ്റുകളെ സുക്‌മ പോലീസ് വെടിവെച്ചുവീഴ്ത്തി. കന്നിയടക്കമുള്ള മറ്റു മാവോയിസ്റ്റുകൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് കാട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു.  

പൊലീസ് സംഘത്തിന്‍റെ നേതാവ് 43 -കാരന്‍ വെട്ടി രാമയുടെ മൂത്ത പെങ്ങളായിരുന്നു മാവോയിസ്റ്റ് ലീഡര്‍ 50 വയസ്സുകാരി വെട്ടി കന്നി. ''അവള്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷേ, വേണ്ടി വന്നാൽ ഞാൻ അതും ചെയ്തേനെ. കാരണം, അവളും സംഘവും എന്റെ ടീമിന് നേരെ വെടിയുതിർത്തു. അതിനുള്ള മറുപടിയായി ഞങ്ങളും. വെടിവെപ്പ് നടന്നുകൊണ്ടിരിക്കെ, പെട്ടെന്ന് അവൾ കാട്ടിനുള്ളിലേക്ക് അപ്രത്യക്ഷ്യയായി..." രാമ പറയുന്നു. 

സിപിഐ (മാവോയിസ്റ്റ്)ന്‍റെ കൊണ്ട ഏരിയാ കമ്മിറ്റി അംഗമാണ് കന്നി. സുക്‌മ പൊലീസ് തലയ്ക്ക് അഞ്ച് ലക്ഷം വിലയിട്ടിരിക്കുന്ന മാവോയിസ്റ്റ് ലീഡര്‍. മാവോയിസ്റ്റുകളുകള്‍ക്ക് നിയമസഹായം നല്‍കുക, പൊലീസുമായുള്ള ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ വീട്ടുകാരുടെ പുനരധിവാസമടക്കമുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്തുക തുടങ്ങിയ ചുമതലകളായിരുന്നു സംഘടനയിൽ കന്നിക്ക്.

1980 -കളുടെ പകുതിയിലാണ് മാവോയിസ്റ്റുകള്‍ കൊണ്ടയിലേക്ക് എത്തുന്നതും ഗ്രാമങ്ങളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതും. ഇന്ന് ഇവിടെ 116 ഗ്രാമങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണ്. പൊലീസ് പറയുന്നതിനനുസരിച്ച് ഇതില്‍ 50 ഗ്രാമങ്ങളെങ്കിലും മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലാണ്. അവിടെ അവരുടെ സമാന്തരഭരണവും നിലവിലുണ്ട്. 

രാമയുടെ കീഴടങ്ങല്‍

രാമയും നേരത്തെ മാവോയിസ്റ്റായിരുന്നു... 1990 -കളില്‍ ഒരുമിച്ച്  മാവോയിസ്റ്റ് മൂവ്മെന്‍റില്‍ ചേര്‍ന്നവരായിരുന്നു രാമയും കന്നിയും. ഗ്രാമത്തിലെ മറ്റ് യുവാക്കളോടൊപ്പമായിരുന്നു അത്. ''അന്ന് ഞങ്ങള്‍ രണ്ടുപേരും ബാല്‍ സംഘത്തില്‍ (child cadre) ചേര്‍ന്നു. പ്രദേശത്തെ പാവപ്പെട്ടവര്‍ക്ക് യായിരിക്കും സംഘടനയുടെ എന്നാണ് അന്നവർ ഞങ്ങളോട് പറഞ്ഞിരുന്നത്. പക്ഷേ, കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇന്ന് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത് അങ്ങനെയല്ല. 2018 -ലാണ് ഞാന്‍ കീഴടങ്ങാന്‍ തീരുമാനിക്കുന്നത്. കീഴടങ്ങിയ എനിക്ക് അവർ പോലീസിൽ ജോലി തന്നു. രണ്ടുമാസം കൂടി കഴിഞ്ഞാൽ എനിക്ക് കോൺസ്റ്റബിൾ ആയി പ്രൊമോഷൻ കിട്ടും. കീഴടങ്ങിയ ശേഷം, പൊലീസിന്റെ 10 ഓപ്പറേഷനെങ്കിലും നയിച്ചു...'' - രാമ പറയുന്നു. 

വർധിച്ചുവരുന്ന മാവോയിസ്റ്റ് അക്രമങ്ങൾക്ക് അറുതിവരുത്താൻ വേണ്ടി സർക്കാറിന്റെ പ്രത്യേക അനുമതിയോടെ വിഭാവനം ചെയ്തതാണ് 'ഗോപ്‌നീയ സൈനിക്'  എന്ന രഹസ്യപ്പോലീസ് സേന. ജില്ലാ പോലീസ് അധികാരികൾ നേരിട്ടാണ് മാവോയിസ്റ്റ്  ബന്ധങ്ങൾ ഉള്ളവരിൽ തന്നെ വിശ്വസ്തരായവരെ ഈ സേനയിലേക്ക് നിയമിക്കുന്നത്. മിക്കവാറും കീഴടങ്ങിയ മാവോയിസ്റ്റുകളോ, അല്ലെങ്കിൽ അവരുടെ അടുത്ത ബന്ധുക്കളോ ഒക്കെയാവും ഈ രഹസ്യപൊലീസ് ഓഫീസർമാരായ നിയമിതരാകുന്നത്. മാവോയിസ്റ്റ് സംബന്ധിയായ പ്രാദേശിക ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കുക, മാവോയിസ്റ്റ് വേട്ടകൾക്ക് വഴികാട്ടികളാകുക എന്നതൊക്കെയാണ് ഇത്തരത്തിലുള്ള രഹസ്യപൊലീസ് അംഗങ്ങളുടെ ഉത്തരവാദിത്തങ്ങൾ. എസ് പി നേരിട്ടാണ്  ഇവരെ നിയമിക്കുന്നത്. പിന്നീടവര്‍ക്ക് ജോലിയിലെ മികവിനനുസരിച്ച് കോണ്‍സ്റ്റബിളായി പ്രൊമോഷന്‍ ലഭിക്കും. 

രാമയും കന്നിയെ പോലെ നേരത്തെ സിപിഐ (മാവോയിസ്റ്റ്) -ന്റെ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. രാമയുടെ തലയ്ക്ക് അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന പ്രതിഫലം 6.5 ലക്ഷമായിരുന്നു. എന്നാല്‍, 2018 ആഗസ്തില്‍ പ്രസ്ഥാനവുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ രാമ കീഴടങ്ങി.

''രാമയും കന്നിയും മേഖലയിലെ ഏറ്റവും സ്വാധീനമുള്ള മാവോയിസ്റ്റ് നേതാക്കളായിരുന്നു. പ്രദേശത്തെ എല്ലാ പുതിയ റിക്രൂട്ട്മെന്‍റുകളും അവര്‍ ഇരുവരും ചേര്‍ന്നാണ് നടത്തിയിരുന്നത്. അതിനാല്‍ത്തന്നെ, രാമയുടെ പൊലീസിലേക്കുള്ള വരവ് പൊലീസിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ്...'' -പൊലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ ചന്ദ്രേഷ് സിങ് താക്കൂര്‍ പറയുന്നു.  പോലീസിലേക്കുള്ള രാമയുടെ നിയമനം വിജയകരമായ പല മാവോയിസ്റ്റ് വേട്ടയ്ക്കും നിമിത്തമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എന്തുകൊണ്ട് കീഴടങ്ങിയെന്ന് ചോദിച്ചാല്‍ രാമയുടെ മറുപടി ഇതാണ്, ''എന്റെ ജീവിതത്തിലെ വിലപ്പെട്ട രണ്ടു ദശാബ്ദങ്ങളാണ്  ഞാന്‍ ഈ മൂവ്മെന്‍റിനായി സമര്‍പ്പിച്ചത്. എന്നിട്ടും അവർ എന്നെ ഏരിയാ കമ്മിറ്റി മെമ്പർ സ്ഥാനത്തുനിന്നും തരാം താഴ്ത്തി, സംഘടനയുടെ മറ്റൊരു വിങ്ങിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. എന്‍റെ ഭാര്യയെ ഞാന്‍ കണ്ടിട്ട് ഏഴ് വര്‍ഷമായിരുന്നു. നമ്മൾ എന്തൊക്കെ ത്യാഗങ്ങൾ സഹിച്ചാലും, സംഘടനയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് അതിനൊക്കെ പുല്ലുവിലയാണ്.'' 

വെട്ടി രാമ ഏറെ ആലോചിച്ചുറപ്പിച്ചെടുത്ത തീരുമാനമായിരുന്നു കീഴടങ്ങി പോലീസിനോട് ചേർന്ന് പ്രവർത്തിക്കുക എന്നത്.  തന്റെ പെങ്ങളെക്കൂടി തന്റെ വഴിയിലേക്ക് കൊണ്ടുവരണമെന്നും, അവരെക്കൂടി കീഴടങ്ങാൻ പ്രേരിപ്പിക്കണമെന്നും അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ അപേക്ഷിച്ചുകൊണ്ട്  മൂന്ന് കത്തുകള്‍ രാമ തന്റെ  സഹോദരിക്കെഴുതി.  

2018, നവംബര്‍ എട്ടിന് കന്നിയെഴുതിയ കത്ത് ഇതായിരുന്നു (കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്), "എന്നോട് കീഴടങ്ങാൻ ആവശ്യപ്പെടാൻ നിങ്ങളെങ്ങനെ ധൈര്യം വന്നു...? ഞാൻ ഒരു വിപ്ലവകാരിയാണ്. പോലീസിനൊപ്പം ചേർന്നതുകൊണ്ട് രക്ഷപ്പെടാം എന്ന് നിങ്ങൾ കരുതരുത്.. നിങ്ങൾ എന്നും ഒരു വഞ്ചകൻ മാത്രമായിരിക്കും..."

കത്തില്‍ രാമ പൊലീസില്‍ ചേര്‍ന്നത് മാവോയിസ്റ്റ് മൂവ്മെന്‍റിനെ തളര്‍ത്തി എന്നും എഴുതിയിട്ടുണ്ട്. ''നിങ്ങള്‍ പൊലീസില്‍ ചേര്‍ന്നതോടെ നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതിലും അവരെ പീഡിപ്പിക്കുന്നതിലും കേഡർമാരെ തിരിച്ചറിയുന്നതിലും ഒക്കെ നിങ്ങളും പങ്കുചേർന്നിരിക്കുകയാണ്. നിങ്ങൾ വഞ്ചിക്കുന്നത് സ്വന്തം മനസ്സാക്ഷിയെത്തന്നെയാണ്...” കത്തിൽ പറയുന്നു.

കത്തിൽ എഴുതിയതെല്ലാം തെറ്റാണെന്ന് പൊലീസ് പറയുന്നു. “ഇത് മാവോയിസ്റ്റുകളുടെ പ്രചരണം മാത്രമാണ്. മറ്റ് കേഡർമാർക്കും രാമ കത്തയച്ചിരുന്നു. ഇതിന് മറുപടിയായി മാവോയിസ്റ്റ് ഡിവിഷണൽ കമ്മിറ്റി അംഗമായ അർജുൻ മഡ്കം ഈ വർഷം കീഴടങ്ങിയിരുന്നു.'' -എസ്‍പിഒപി, താക്കൂർ പറഞ്ഞു. 

രാമ ഇന്ന് ഭാര്യയോടൊപ്പം പോലീസിന്റെ സംരക്ഷണയിലാണ് കഴിയുന്നത്. ജോലിയുടെ ഭാഗമായിട്ടാണെങ്കിലും, 'സ്വന്തം സഹോദരിയെ വധിക്കുക'   എന്നത് ഏറെ ദുഷ്കരമായ ഒന്നായിരിക്കും എന്ന്  രാമ പറയുന്നു. ' അതേക്കുറിച്ചൊന്നും  ഓര്‍ക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ അവളെ അറസ്റ്റ് ചെയ്യാന്‍ കഴിയണേയെന്നോ, അവള്‍ കീഴടങ്ങണേയെന്നോ  ഞാനാഗ്രഹിക്കുന്നു. പക്ഷേ, ഒരു എന്‍കൗണ്ടറില്‍ എന്തും സംഭവിക്കാം. ദൈവത്തിനോട് അത് ചെയ്യേണ്ടി വരല്ലേ എന്ന് പ്രാര്‍ത്ഥിക്കുകയാണ് ഞാനെപ്പോഴും...' 

'പൊലീസിനെ സംബന്ധിച്ചാണെങ്കിലും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് പൊലീസും മാവോയിസ്റ്റുമായി സഹോദരനും സഹോദരിയും പരസ്പരം ഏറ്റുമുട്ടേണ്ടി വരുന്നത്. എല്ലാ തവണയും രാമയെ കാണുമ്പോള്‍ ഞാനവന്‍റെ സഹോദരിയെ കുറിച്ച് ചോദിക്കും. അപ്പോഴൊക്കെ അവളോട് കീഴടങ്ങാന്‍ ആവശ്യപ്പെടുന്നുണ്ടെന്ന് രാമ പറയും. എനിക്കിവിടെ പോസ്റ്റിങ്ങ്‌ കിട്ടിയിട്ട് എത്രയോ കാലമായി. എന്നാൽ ഒരു സഹോദരന് തന്റെ സഹോദരിയെത്തന്നെ വേട്ടയാടേണ്ടി വരുന്ന ഒരു സാഹചര്യം എന്റെ ഔദ്യോഗിക ജീവിതത്തിൽത്തന്നെ ഞാൻ ആദ്യമായി കാണുകയാണ്. തന്നാലാവും വിധം രാമ തന്റെ പെങ്ങളുടെ മനസ്സുമാറ്റാനും  അവരെ ഒരു കീഴടങ്ങലിന് തയ്യാറെടുപ്പിക്കാനും ഇപ്പോഴും പരിശ്രമിക്കുന്നുണ്ടെന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. ഞാന്‍ വിശ്വസിക്കുന്നത് . പക്ഷെ, നിർഭാഗ്യവശാൽ അത് ഇതുവരെ വിജയിച്ച മട്ടില്ല.' എസ് പി ശലഭ് സിന്‍ഹ പറയുന്നു.

 

(കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്)