തന്റെ ഹർജിയിൽ മകനിൽ നിന്നും മരുമകളിൽ നിന്നും 2.5 കോടി രൂപ വീതം താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസാദ് പറയുന്നു. ഒന്നുകിൽ തനിക്ക് ഒരു പേരക്കുട്ടിയെ തരിക, ഇല്ലെങ്കിൽ മകനെ ഈ നിലയിൽ എത്തിക്കാൻ ചെലവാക്കിയ പണത്തിന് പകരമായി അഞ്ചുകോടി രൂപ നഷ്ടപരിഹാരമായി നൽകുക എന്നതാണ് ഇവരുടെ ആവശ്യം.
ഉത്തരാഖണ്ഡിലെ ഒരു ദമ്പതികൾ തങ്ങളുടെ മകനും മരുമകൾക്കുമെതിരെ അഞ്ചുകോടി രൂപ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കാൻ തീരുമാനിച്ചു. അതിന്റെ കാരണം എന്നാൽ തീർത്തും വിചിത്രമാണ്. അവർ വിവാഹിതരായി ആറ് വർഷമായിട്ടും തങ്ങൾക്കൊരു പേരക്കുട്ടിയെ (grandchild) തന്നില്ല എന്നതാണ് മകനും മരുമകൾക്കുമെതിരെ (son and daughter-in-law) കേസ് കൊടുക്കാൻ മാതാപിതാക്കളെ പ്രേരിപ്പിച്ചതത്രെ. ഒന്നുകിൽ മകനും മരുമകളും തനിക്ക് ഒരു വർഷത്തിനകം പേരക്കുട്ടികളെ നൽകണം ഇല്ലെങ്കിൽ അഞ്ചുകോടി രൂപ നഷ്ടപരിഹാരമായി നൽകണം എന്നതാണ് ആ ദമ്പതികളുടെ ആവശ്യം.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ എസ്.ആർ. പ്രസാദും (SR Prasad) ഭാര്യ സാധനാ പ്രസാദുമാണ് മകനായ ശ്രേയ് സാഗറിനും, മരുമകളായ ശുഭാംഗിക്കുമെതിരെ കേസ് കൊടുത്തത്. "ഞങ്ങൾക്ക് ഒരു പേരക്കുട്ടിയേ വേണം" പ്രസാദ് പറഞ്ഞു. മകന്റെ വിദ്യാഭ്യാസത്തിനും അമേരിക്കയിലെ പൈലറ്റ് പരിശീലനത്തിനുമായി തന്റെ സമ്പാദ്യമെല്ലാം ചെലവഴിച്ചതായി പ്രസാദ് പറഞ്ഞു. ഉള്ളതെല്ലാം വിറ്റ് പെറുക്കി മകനെ പഠിപ്പിച്ച തങ്ങളുടെ കൈയിൽ ഇപ്പോൾ ഒന്നും അവശേഷിക്കുന്നില്ല. പേരക്കുട്ടികളെ പ്രതീക്ഷിച്ചാണ് 2016 -ൽ മകന്റെ വിവാഹം നടത്തിയതെന്നും പ്രസാദ് പറയുന്നു. അന്നുമുതൽ തങ്ങൾ ഒരു പേരക്കുട്ടിക്കായുള്ള കാത്തിരിപ്പിലായിരുന്നു. അതിനി ആൺകുട്ടിയായാലും, പെൺകുട്ടിയായലും തനിക്ക് സന്തോഷമേയുള്ളൂവെന്ന് പ്രസാദ് പറയുന്നു. വിവാഹശേഷം മധുവിധുവിനായി അവരെ തായ്‌ലൻഡിലേക്ക് അയച്ചതും തങ്ങളാണെന്ന് അവർ പറയുന്നു. എന്നാൽ, പേരക്കുട്ടിയെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം അവർ തങ്ങളെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ ആരോപണം.
തന്റെ മകന്റെ വിവാഹം കഴിഞ്ഞിട്ട് ആറ് വർഷമായെന്നും എന്നിട്ടും ഒരു പേരക്കുഞ്ഞിനെ തരാൻ അവർ മനസ്സ് കാണിക്കുന്നില്ലെന്നും പ്രസാദ് പറഞ്ഞു. അതേസമയം, ശ്രേയ് സാഗർ തങ്ങളുടെ ഏക മകനാണെന്നും കുട്ടിക്കാലം മുതൽ അവന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റിയിട്ടുണ്ടെന്നും അമ്മ സാധന പ്രസാദ് കൂട്ടിച്ചേർത്തു. "ഞാൻ എന്റെ മകന് എന്റെ സമ്പാദ്യം മുഴുവൻ നൽകി. അവനെ അമേരിക്കയിൽ വിട്ട് പരിശീലിപ്പിച്ചു. ഇപ്പോൾ എന്റെ കൈയിൽ ഒന്നുമില്ല. വീട് പണിയാൻ ഞങ്ങൾ ബാങ്കിൽ നിന്ന് വായ്പയെടുക്കുകയായിരുന്നു. ഞങ്ങൾ സാമ്പത്തികമായും മാനസികമായും തകർന്നിരിക്കയാണ്" പ്രസാദ് ആരോപിക്കുന്നു.
തന്റെ ഹർജിയിൽ മകനിൽ നിന്നും മരുമകളിൽ നിന്നും 2.5 കോടി രൂപ വീതം താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസാദ് പറയുന്നു. ഒന്നുകിൽ തനിക്ക് ഒരു പേരക്കുട്ടിയെ തരിക, ഇല്ലെങ്കിൽ മകനെ ഈ നിലയിൽ എത്തിക്കാൻ ചെലവാക്കിയ പണത്തിന് പകരമായി അഞ്ചുകോടി രൂപ നഷ്ടപരിഹാരമായി നൽകുക എന്നതാണ് ഇവരുടെ ആവശ്യം. 'ഇന്നത്തെ സമൂഹത്തിന്റെ യഥാർത്ഥ ചിത്രമാണ് ഈ കേസിലൂടെ പുറത്ത് വരുന്നതെ'ന്നാണ് മകനെതിരെ ഹർജി നൽകിയ പ്രസാദിന്റെ അഭിഭാഷകൻ എ.കെ ശ്രീവാസ്തവയുടെ വാദം.
'നമ്മൾ നമ്മുടെ സമ്പാദ്യമെല്ലാം കുട്ടികളിൽ നിക്ഷേപിക്കുന്നു. കൂടാതെ, അവരെ വലിയ വലിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ, സമ്പാദ്യമെല്ലാം തീർന്ന് കൈയിൽ പണമില്ലാതെ കഷ്ടപ്പെടുന്ന മാതാപിതാക്കളുടെ സംരക്ഷണം മക്കൾ ഏറ്റെടുക്കണം. ഈ മാതാപിതാക്കൾക്ക് ഒരു വർഷത്തിനുള്ളിൽ ഒരു പേരക്കുട്ടിയെ നൽകണം ഇല്ലെങ്കിൽ അഞ്ചുകോടി രൂപ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് ആവശ്യപ്പെട്ടിരിക്കയാണ്' എന്നും അഭിഭാഷകൻ പറഞ്ഞു.
