ഹൈസ്കൂളിലെ പ്രണയം, 69 വർഷത്തെ ദാമ്പത്യം, മരണത്തിലും ജീവിതത്തിലും ഇരുവരും ഒരുമിച്ച്...
വിർജീനിയ കൂടി എത്തിയതോടെ ഇരുവരും എപ്പോഴും പരസ്പരം കരങ്ങൾ കോർത്തുപിടിച്ചായിരുന്നു കഴിഞ്ഞത്. ഒമ്പത് ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിൽ ഇരുവരും മരണത്തിലും ഒന്നുചേർന്നു.
'ഒരിക്കലും നീയെന്നെ പിരിയരുത്, ജീവിതത്തിലും മരണത്തിലും നമുക്ക് ഒരുമിച്ചായിരിക്കണം' എന്ന് നാം നമ്മുടെ പ്രിയപ്പെട്ടവരോട് പറയാറുണ്ട്. പക്ഷേ, ജീവിതവും മരണവുമൊന്നും നമ്മുടെ കയ്യിലല്ലാത്തത് കൊണ്ട് തന്നെ അത് സംഭവിക്കുമോ എന്നൊന്നും നമുക്കറിയില്ല. എന്നാൽ, വിർജീനിയ, ടോമി സ്റ്റീവൻസ് ദമ്പതികൾ തങ്ങളുടെ ജീവിതത്തിലും മരണത്തിലും ഒരുമിച്ച് യാത്ര ചെയ്തവരായിരുന്നു. ടെന്നസിയിൽ നിന്നുള്ള ഇവരുടെ ജീവിതം ആരുടേയും മിഴികൾ നിറക്കുന്നതാണ്.
69 വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ അടുത്തിടെയാണ് ഇരുവരും മരണപ്പെട്ടത്. രണ്ടുപേരും ഹൈസ്കൂളിൽ പഠിക്കുമ്പോൾ തന്നെ പ്രണയത്തിലായിരുന്നു. പിന്നീട് രണ്ടുപേരും വിവാഹിതരായി. ജീവിതത്തിന്റെ മുക്കാൽഭാഗവും ഇരുവരും ഒരുമിച്ച് ജീവിച്ചു. അവസാന കാലത്ത് ആശുപത്രിക്കിടക്കയിൽ ഇരുവരും തങ്ങളുടെ കരങ്ങൾ കോർത്ത് പിടിച്ച് കിടക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നത് ആരുടേയും കണ്ണുകളെ തെല്ലൊന്ന് ഈറനാക്കുന്നതാണ്.
ടോമി സ്റ്റീവൻസിന് 91 വയസ്സായിരുന്നു. അവരുടെ 69 -ാം വിവാഹ വാർഷികം ആഘോഷിക്കുന്നതിന് ഒരു ദിവസം മുമ്പാണ് അദ്ദേഹം അന്തരിച്ചത്. സെപ്റ്റംബർ 8 -നായിരുന്നു ഇത്. ഒമ്പത് ദിവസങ്ങൾക്ക് ശേഷം 91 വയസ്സുകാരി വിർജീനിയയും തന്റെ പ്രിയപ്പെട്ട ഭർത്താവിനൊപ്പം യാത്രയായി. അവരുടെ അവസാന നിമിഷങ്ങൾ അവർ ചിലവഴിച്ചത് വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിന്റെ ചുവരുകൾക്കുള്ളിലായിരുന്നു. പക്ഷേ, അവർക്ക് ചുറ്റും എപ്പോഴും അവരുടെ കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു. ആരും കൊതിച്ച് പോകുന്ന അവസാന ദിവസങ്ങളായിരുന്നു ഇരുവർക്കും എന്ന് പറയാം.
ആദ്യം ആശുപത്രിയിൽ എത്തിച്ചത് ടോമിയെയാണ്. പിന്നീട് വിർജീനിയയെയും. 'അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരുന്നുവെങ്കിലും തന്റെ പ്രിയപ്പെട്ടവൾ എത്തിയത് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു' എന്നാണ് ദമ്പതികളുടെ മകൾ കരേൻ ക്രീഗർ പറയുന്നത്. വിർജീനിയ കൂടി എത്തിയതോടെ ഇരുവരും എപ്പോഴും പരസ്പരം കരങ്ങൾ കോർത്തുപിടിച്ചായിരുന്നു കഴിഞ്ഞത്. ഒമ്പത് ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിൽ ഇരുവരും മരണത്തിലും ഒന്നുചേർന്നു.
ഒരുപക്ഷേ, ഈ ലോകം വിട്ട് യാത്രയാകുമ്പോഴും ടോമിക്ക് അറിയാമായിരുന്നിരിക്കണം തന്റെ പ്രിയപ്പെട്ടവൾ മരണത്തിൽ പോലും തന്നെ തനിച്ചാക്കുകയില്ല എന്ന്.