'ചൈനയുടെ വാറൻ ബഫറ്റ്' എന്നറിയപ്പെടുന്ന ഷാവോ ബിങ്‌സിയാനും ഭാര്യ ലു ജുവാനും തമ്മിലുള്ള 15 വർഷം നീണ്ട വിവാഹമോചന കേസ് ഒടുവിൽ അവസാനിച്ചു. ഗാർഹിക പീഡന ആരോപണങ്ങളും നിയമപോരാട്ടങ്ങളും നിറഞ്ഞ കേസിനൊടുവിൽ, 664.7 കോടി രൂപ ലുവിന് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു.

ചൈനയിൽ 15 വർഷം നീണ്ടുനിന്ന വിവാഹമോചന കേസ് ഒടുവിൽ അവസാനിച്ചു, 'ചൈനയുടെ വാറൻ ബഫറ്റ്' ( Warren Buffett) എന്ന് വിളിപ്പേരുള്ള 63 -കാരനായ ഷാവോ ബിങ്‌സിയാനും അദ്ദേഹത്തിന്‍റെ മുൻ ഭാര്യ ലു ജുവാനും തമ്മിലായിരുന്നു കേസ്. നിയമ പോരാട്ടത്തിനൊടുവില്‍ അദ്ദേഹത്തിന്‍റെ വ്യാവസായ കമ്പനികളിലെ ഓഹരികളിൽ 536 ദശലക്ഷം യുവാൻ (ഏകദേശം 664.7 കോടി രൂപ) ചൈനീസ് കോടതി നഷ്ടപരിഹാരമായി നല്‍കാന്‍ ആവശ്യപ്പെട്ടത്. സാമ്പത്തിക നിക്ഷേപങ്ങളിലെ വൻവിജയങ്ങൾ നേടിയതോടെയാണ് ഷാവോ ബിങ്‌സിന് ചൈനയുടെ വാറൻ ബഫറ്റ് എന്ന വിശേഷണം ലഭിച്ചതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ചൈനയുടെ ബഫെറ്റ്

1980-കളിൽ ഷാങ്ഹായ് ജിയാവോ ടോങ് സർവകലാശാലയിൽ നിന്ന് ധനകാര്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഷാവോ ബിങ്സി, 1986-ൽ പീപ്പിൾസ് ലിബറേഷൻ ആർമിയിൽ സേവനമനുഷ്ഠിക്കുമ്പോഴാണ് ലുവിനെ കണ്ടുമുട്ടിയത്. രണ്ട് വർഷത്തിന് ശേഷം ഇരുവരും വിവാഹിതരായി. ഷാങ്ഹായ് കുടുംബത്തിൽ നിന്നുള്ള ലു, നിക്ഷേപ രംഗത്ത് സജീവമായിരുന്നു. 1949-ൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമാകുന്നതിന് മുമ്പുതന്നെ അവളുടെ മുത്തച്ഛൻ ഓഹരി വ്യാപാരം നടത്തിയിരുന്നു.

അദ്ദേഹത്തിന്‍റെ ഉപദേശപ്രകാരം ഇരുവരും 1990-കളുടെ തുടക്കത്തിൽ ഓഹരി വ്യാപാരം ആരംഭിച്ചു. ഇത് ലാഭം നേടി. പിന്നീട്, ഇരുവരും സോങ്‌ഷെങ് വാൻറോങ് സ്ഥാപിച്ചു, അവിടെ ലു, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ഷാവോ നിക്ഷേപ സമാഹരണം നടത്തുകയും ചെയ്തു. 1997-ൽ, ഷാവോ തന്‍റെ അനുഭവങ്ങളില്‍ നിന്നും മൂലധന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. പുസ്തകം ആ വർഷം ചൈനയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പത്ത് പുസ്തകങ്ങളിൽ ഒന്നായി. ഇതിന് പിന്നാലെയാണ് "ചൈനയുടെ ബഫെറ്റ്" എന്ന് വിശേഷണം ഷാവോയ്ക്ക് ലഭിക്കുന്നത്.

15 വർഷത്തെ തർക്കം

2010-ൽ ലു, വിവാഹമോചനത്തിന് അപേക്ഷ നൽകി, ഷാവോയ്‌ക്കെതിരെ ഗാർഹിക പീഡന ആരോപണവും ഉണ്ടായിരുന്നു. സ്വത്തുക്കൾ ന്യായമായി വിഭജിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഷാവോ നടപടിക്രമങ്ങൾ പലതവണ വൈകിപ്പിച്ചു, ഇതിനിടെ പുറത്താക്കിയതിന് പിന്നാലെ ലു കമ്പനിയിൽ മോഷണം നടത്തിയെന്ന കേസ് നല്‍കി. ഈ കേസില്‍ ലു, 37 ദിവസം തടവിൽ കിടന്നു. പിന്നീട് തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കപ്പെട്ടു.

പിന്നെയും വർഷങ്ങളോളം കേസ് വൈകിപ്പിക്കാൻ ഷാവോയ്ക്ക് കഴിഞ്ഞു. ഒടുവിൽ, ബീജിംഗ് നമ്പർ 3 ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതി 2023 -ൽ കേസ് വീണ്ടും കേൾക്കുകയും 2025 -ൽ ലുവിന് നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയുമായിരുന്നു. ഇരുവരുടെയും സംയുക്തമായി ഉടമസ്ഥതയിലുള്ള ഓഹരികളുടെ നിലവിലെ മൂല്യത്തെ അടിസ്ഥാനമാക്കി ഷാവോ, ലുവിന് പകുതി നൽകുമെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.