ചൈന കൊവിഡ് 19 -നെ കൈകാര്യം ചെയ്തതിൽ വന്ന പാളിച്ചകളുടെ അനന്തരഫലമാണ് ഇന്ന് തങ്ങൾ അനുഭവിക്കുന്നത് എന്നാണ് യൂറോപ്പിലെയും അമേരിക്കയിലെയും രാജ്യങ്ങൾ ഒരേസ്വരത്തിൽ പറയുന്നത്. കൊറോണാ വൈറസിന്റെ പ്രശ്നങ്ങളൊക്കെ ഒന്ന് തീരട്ടെ, ചൈനയ്‌ക്കെതിരെയുള്ള നടപടികളെപ്പറ്റി ആലോചിക്കുന്നുണ്ട് എന്ന് യുകെ പരസ്യമായിത്തന്നെ പറഞ്ഞുകഴിഞ്ഞു. യുകെ ഗവണ്മെന്റ് വിശ്വസിക്കുന്നത് ചൈന റിപ്പോർട്ട് ചെയ്തതിന്റെ 15 മുതൽ 40 ഇരട്ടിവരെ കൊറോണാവൈറസ് സംക്രമണങ്ങൾ രാജ്യത്ത് നടന്നിട്ടുണ്ടാകും എന്നാണ്. മരണങ്ങളുടെ എണ്ണത്തിലും ഏതാണ്ട് അത്രയൊക്കെത്തന്നെ കുറച്ചു പറഞ്ഞിട്ടുണ്ട് ചൈനീസ് ഗവൺമെന്റ് എന്നാണ് യുകെ കരുതുന്നത്. ചൈന ഇന്നോളം സമ്മതിച്ചിട്ടുള്ളതുവെച്ച് അവിടെയുണ്ടായിട്ടുള്ളത് ആകെ 81,953 കൊവിഡ് ബാധകളും 3,339 മരണങ്ങളും മാത്രമാണ്. യുകെ സംശയിക്കുന്നതുവെച്ച് ചൈനയിൽ ചുരുങ്ങിയത് പന്ത്രണ്ടു ലക്ഷം പേരെങ്കിലും മരിച്ചിട്ടുണ്ടാവണം.

കണക്കുകൾ പൊലിപ്പിച്ചു കാണിക്കുന്ന ചരിത്രം 

ചൈനയിൽ സത്യത്തിൽ എത്രപേർക്ക് അസുഖം പിടിപെട്ടു, എത്രപേർ മരിച്ചു, എത്ര പേർ സുഖം പ്രാപിച്ചു എന്നൊന്നും അറിയുക സാധ്യമല്ല എന്നാണ് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവുപോലും കരുതുന്നത്. പ്രസിഡന്റ് ട്രംപും അങ്ങനെ തന്നെ സൂചിപ്പിച്ചുകൊണ്ടാണ്,"ചൈന മുന്നോട്ടുവെക്കുന്ന കണക്കുകൾ വളരെ കുറവാണ് " എന്ന് പറഞ്ഞത്. കണക്കുകളിൽ ചൈന വെള്ളം ചേർക്കുന്നുണ്ട് എന്നാണ് സിഐഎയുടെ റിപ്പോർട്ടും സൂചിപ്പിക്കുന്നത്.

 

 

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതിൽ പിന്നെ ചൈനയെ ബാധിച്ചിട്ടുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ഈ കോവിഡ് കാലമെന്നു പലരും കരുതുന്നു. എന്നാൽ, അവരിൽ പലരും സൗകര്യപൂർവം വിസ്മരിക്കുന്ന ഒരു വലിയ ദുരന്തകാലം കൂടി, രണ്ടാം ലോകമഹായുദ്ധത്തിനും കൊറോണക്കാലത്തിനുമിടയിൽ ഉണ്ട്. അത് 'ദ ഗ്രേറ്റ് ലീപ്പ് ഫോർവേർഡ് ' എന്ന പേരിൽ ചെയർമാൻ മാവോ സെ ഡുങ് കൊണ്ടുവരാൻ ശ്രമിച്ച പരിഷ്കാരങ്ങളും അവയുടെ ഫലമായുണ്ടായ 'ദ ഗ്രേറ്റ് ഫാമിൻ' എന്നറിയപ്പെട്ട കടുത്ത ക്ഷാമവുമാണ്. രാഷ്ട്രം രൂപീകൃതമായ ആദ്യവർഷങ്ങളിൽ എല്ലാ അർത്ഥത്തിലും സോവിയറ്റ് യൂണിയനായിരുന്നു ചൈനയ്ക്ക് മാതൃക. സോവിയറ്റ് യൂണിയൻ ദേശീയ, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിൽ കാൾ മാർക്സിന്റേയും വ്ലാദിമിർ ലെനിന്റേയും 'സോഷ്യലിസ്റ്റ്'  പാതപിന്തുടർന്ന് മാവോ സെ തുങ് ചൈനയിൽ വിപ്ലവാത്മകമായ പല മാറ്റങ്ങളും കൊണ്ടുവന്നു. സമത്വസുന്ദരമായ ലോകത്ത് സമൃദ്ധിയുടെ പങ്ക് എല്ലാ പൗരന്മാരും തുല്യമായി ഭാഗിച്ചെടുക്കുന്ന ഒരു ഉദാത്തലോകമാണ് അദ്ദേഹം വിഭാവനം ചെയ്തത്. അതിലേക്കായി അദ്ദേഹം കൃഷിയിടങ്ങളും, ഫാക്ടറികളും, മറ്റുള്ള ബിസിനസുകളും ഒക്കെ സർക്കാർ ഉടമസ്ഥതയിലാക്കി. പ്രക്രിയകളെല്ലാം തന്നെ കേന്ദ്രീകൃത സ്വഭാവത്തിലുള്ളതാക്കി, ആരോഗ്യരംഗത്ത് വൻ വികസനം കൊണ്ടുവന്നു. 

അദ്ദേഹത്തിന്റെ 'ഗ്രേറ്റ് ലീപ്പ് ഫോർവേഡ്' എന്ന ഗ്രാമവികസന പദ്ധതി പക്ഷേ, പ്രതീക്ഷിച്ചത്ര വിജയമായില്ല. 1959 -നും 61 -നുമിടയിലുള്ള കാലത്ത് ചൈനയിൽ കടുത്ത ക്ഷാമമുണ്ടായി. ലക്ഷക്കണക്കിന് ചൈനീസ് പൗരന്മാരും മൃഗങ്ങളും വിശന്നുമരിച്ചു. പൊടുന്നനെ രാജ്യത്തെ സമസ്തസ്വത്തുക്കളും ദേശസാൽക്കരിച്ചത് സമ്പദ്‌വ്യവസ്ഥയെ തകർത്തുകളഞ്ഞു. അതിന്റെ പരിണിത ഫലമായുണ്ടായ കൊടിയ ക്ഷാമം 1958 - 1962 മുതൽ ഒരർത്ഥത്തിൽ 'കൊന്നു'തന്നെ കളഞ്ഞത് നാലരക്കോടി ചൈനീസ് പൗരന്മാരെയാണ്. എന്നാൽ, ഇന്നോളവും മാറിമാറി വന്ന ചൈനീസ് സർക്കാരുകൾ ഒന്നുപോലും തങ്ങളുടെ പൗരന്മാരെ ഇങ്ങനെ ക്ഷാമത്തിലേക്ക് തള്ളിവിട്ടു തങ്ങൾ നടത്തിയ അതിക്രമത്തിന്റെ ഉത്തരവാദിത്തം ഒരു പ്രസ്താവന കൊണ്ടുപോലും ഏറ്റെടുത്തിട്ടില്ല. ഏറെക്കുറെ ന്യൂട്രൽ എന്നുതന്നെ പറയാവുന്ന സ്ഥാപനങ്ങൾ നടത്തിയ ഡെമോഗ്രാഫിക് പഠനങ്ങളിൽ ചുരുങ്ങിയത് രണ്ടു കോടി പേരെങ്കിലും അന്നത്തെ ക്ഷാമത്തിൽ മരിച്ചിട്ടുണ്ടാകും എന്നുതന്നെയാണ് പറയുന്നത്. ആയിരക്കണക്കായ പീപ്പിൾസ് കമ്യൂണുകൾ ഉണ്ടാക്കി കൃഷി ചെയ്യാനുള്ള മാവോയുടെ സ്വപ്ന പദ്ധതി പാളിയതാണ് ക്ഷാമത്തിന് പ്രധാന കാരണം. 

 

 

അന്ന് ഗ്രേറ്റ് ലീപ്പ് ഫോർവേർഡ് പരാജയപ്പെടാനുണ്ടായ ഒരു കാരണം, വസ്തുതകളിലെ സുതാര്യതക്കുറവാണ്. അതിനു കാരണമോ, സുപ്രീം ലീഡർ മാവോയെപ്പറ്റി പ്രാദേശിക നേതാക്കളുടെ മനസ്സിൽ ഉണ്ടായിരുന്ന അപാരമായ ഭയവും. പീപ്പിൾസ് കമ്യൂണുകൾ ബമ്പർ വിളകളുണ്ടാക്കി എന്ന ധാരണാപ്പുറത്ത്, നാട്ടിലെ ആവശ്യം കഴിഞ്ഞും 'ബാക്കി വന്ന' ധാന്യങ്ങൾ അമ്പതുകളുടെ അവസാനത്തോടെ ലോകരാഷ്ട്രങ്ങളിലേക്ക് കയറ്റുമതി ചെയ്തുകൊണ്ടാണ് ചൈന തങ്ങളുടെ അഭിവൃദ്ധി ലോകത്തെ ബോധ്യപ്പെടുത്താൻ തുനിഞ്ഞത്. എന്നാൽ, ബമ്പർ വിളകൾ ഉണ്ടാകുന്നതിനു പകരം, പീപ്പിൾസ് കമ്യൂണുകളിലെ കെടുകാര്യസ്ഥത കാരണം രാജ്യത്ത് ധാന്യങ്ങളുടെ വിളവ് വർഷാവർഷം കുറഞ്ഞുവരികയാണുണ്ടായത് സത്യത്തിൽ. 1960 -ൽ 2.5 കോടി ടൺ ധാന്യങ്ങളുടെ വിളവെടുത്തു എന്നായിരുന്നു ചൈനീസ് സർക്കാരിന്റെ അവകാശവാദം എങ്കിലും, യഥാർത്ഥത്തിൽ 60 ലക്ഷം ടൺ മാത്രമാണ് ചൈനീസ് സർക്കാരിന്റെ പത്തായങ്ങളിൽ ഉണ്ടായിരുന്നത്. ബാക്കിയൊക്കെ ചെയർമാനെ പേടിച്ച് കൃഷി ഓഫീസർമാർ പറഞ്ഞ നുണകളുടെ ഫലമായുണ്ടായ തെറ്റിദ്ധാരണ മാത്രമാണ്. പാർട്ടി പ്രീമിയറിന്റെയും മറ്റും സന്ദർശനമുണ്ടാകുമ്പോൾ പലപ്പോഴും തൊട്ടടുത്തുള്ള കളപ്പുരകളിൽ നിന്ന് കടംവാങ്ങി ധാന്യം നിറച്ച് കള്ളക്കണക്കുണ്ടാക്കുക പ്രാദേശിക കാർഷികഓഫീസർമാരുടെ പതിവായിരുന്നു. പാർട്ടി പറഞ്ഞ വിളവെടുപ്പ് ലക്ഷ്യങ്ങൾ നേടിയില്ലെങ്കിലും ഉണ്ടായേക്കാവുന്ന കടുത്ത നടപടികൾ ഭയന്നായിരുന്നു ഈ കള്ളം പറച്ചിലും, പെരുപ്പിച്ചു കാണിക്കലും. അറുപതുകളിൽ ചൈനീസ് സർക്കാരിന്റെ പ്രൊപ്പഗാണ്ട പോസ്റ്ററുകളിൽ ഒന്നിൽ പറഞ്ഞത് ചുരുങ്ങിയത് പത്തുകൊല്ലത്തേക്കുള്ള ധാന്യം സർക്കാരിന്റെ പക്കലുണ്ട് എന്നായിരുന്നു. ആ പറഞ്ഞതിന്റെ തൊട്ടുപിന്നാലെയാണ് പട്ടിണി മരണങ്ങൾ ഉണ്ടാവാൻ തുടങ്ങിയതും.

അന്നത്തെ അതേ സുതാര്യതക്കുറവ് ലോകരാഷ്ട്രങ്ങളോട് ഇന്നും ചൈനയ്ക്കുണ്ട് എന്നതാണ് അന്താരാഷ്ട്ര തലത്തിൽ ചൈനയ്‌ക്കെതിരെ ഉയരുന്ന വിമർശനം. ജിഡിപി നിരക്കുകൾ തൊട്ട് പ്രതിരോധ ബജറ്റിനുള്ള വകയിരുത്താൻ വരെ അന്താരാഷ്ട്ര മാധ്യമങ്ങളോട് ചൈനീസ് അധികാരികൾ പറയുന്ന ഒരു കണക്കിലും സത്യമില്ല എന്ന് പലരും ആക്ഷേപിക്കുന്നുണ്ട്. ഡിസംബറിൽ കൊറോണാ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു ശേഷം മാർച്ച് 10 -ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ആദ്യമായി വുഹാൻ സന്ദർശിച്ചതിന് തൊട്ടുപിന്നാലെ സ്വിച്ചിട്ടപോലെ അവിടത്തെ മരണനിരക്കും സംക്രമണ നിരക്കും ഒക്കെ നിന്നതിലും പലരും ഒരത്ഭുതവും കാണുന്നില്ല. കൊറോണ നൽകിയ കയ്പ്പേറിയ അനുഭവങ്ങളിൽ നിന്ന് വിലപ്പെട്ട പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ചൈന ഭാവിയിലെങ്കിലും കണക്കുകളിൽ സുതാര്യതയും, നിലപാടുകളിൽ സത്യസന്ധതയും പുലർത്തുമോ എന്നുമാത്രമാണ് കാണാനുള്ളത്.