തായ്‌ലൻഡിൽ മരിച്ച 59-കാരന്റെ ശവസംസ്കാര ചടങ്ങിൽ അല്പവസ്ത്രധാരികളായ കോയോട്ടെ നർത്തകരെത്തി നൃത്തം ചെയ്തതാണ് ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്. മരിച്ചയാളുടെ ആഗ്രഹപ്രകാരമാണ് ചടങ്ങ് നടത്തിയതെന്നാണ് ബന്ധുക്കളുടെ വിശദീകരണം.
ശവസംസ്കാര ചടങ്ങിനിടെ അല്പവസ്ത്രധാരികളായ നർത്തകരെ (കോയോട്ടെ നർത്തകർ) നൃത്തം ചെയ്യാൻ ഏർപ്പെടുത്തിയ ഒരു തായ് കുടുംബമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടുന്നത്. തെക്കൻ തായ്‌ലൻഡിലെ നഖോൺ സി തമ്മാരത് പ്രവിശ്യയിലുള്ള ഒരു ബുദ്ധക്ഷേത്രത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ സംഭവം നടന്നത്. മരിച്ച 59 -കാരന്റെ ശവദാഹത്തിന് മുന്നോടിയായിട്ടാണ് മൂന്ന് യുവതികൾ ഡാൻസ് ചെയ്തത്. മരിച്ചയാളുടെ ബന്ധുക്കൾ തന്നെയാണ് ഈ മൂന്ന് യുവതികളെ ഡാൻസ് ചെയ്യുന്നതിനായി ഏർപ്പാടാക്കിയത്. മരിച്ച വ്യക്തിയുടെ അവസാനത്തെ ആഗ്രഹപ്രകാരമാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. തന്റെ മരണത്തിൽ ആരും ദുഃഖിക്കരുതെന്നും, മറിച്ച് ആഘോഷപൂർവ്വം സന്തോഷത്തോടെ തന്നെ യാത്രയാക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നുവെന്ന് 'ബാങ്കോക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു.
ക്ഷേത്രത്തിലെ സന്യാസിമാർ പ്രാർത്ഥനകൾ പൂർത്തിയാക്കി മടങ്ങിയതിന് പിന്നാലെയാണ് ഡാൻസ് ചെയ്യാനായി ഏർപ്പെടുത്തിയ യുവതികൾ ശവപ്പെട്ടിക്ക് മുന്നിൽ നൃത്തം ആരംഭിച്ചത്. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ ബന്ധുക്കൾ നോക്കിനിൽക്കുന്നുമുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ലൈവ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ വൈറലായി മാറിയതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്.
'ഇരുന്നു കരയുന്നതിനേക്കാൾ നല്ലതാണ് ഇത്തരം ആഘോഷങ്ങൾ. ഇത് ദുഃഖം കുറയ്ക്കാൻ സഹായിക്കും' എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. എന്നാൽ, മരിച്ചയാളുടെ ആഗ്രഹമാണെങ്കിൽ പോലും കുട്ടികൾ പങ്കെടുക്കുന്ന ഒരു ചടങ്ങിൽ ഇത്തരം നൃത്തങ്ങൾ ഉൾപ്പെടുത്തിയത് ഒട്ടും ഉചിതമായില്ല എന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം. അതേസമയം, എപ്പോഴും സന്തോഷത്തോടെയിരിക്കുകയും, അങ്ങനെയിരിക്കാൻ ആഗ്രഹിക്കുകയും ചെയ്ത ആളായിരുന്നു മരിച്ച 59 -കാരൻ. മരണം ജീവിതത്തിന്റെ അനിവാര്യമായ ഭാഗമാണെന്നായിരുന്നു ബന്ധുക്കൾക്ക് നൽകിയ അവസാന സന്ദേശത്തിൽ അദ്ദേഹം കുറിച്ചിരുന്നത്.
