ബെംഗളൂരുവിലെ സർജാപൂർ റോഡിൽ വാടകയ്ക്ക് വീട് അന്വേഷിച്ച ഒരു യുവാവിന്‍റെ അനുഭവമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. വെറും കുടുസ്സുമുറികളുള്ള ഒരു വീടിന് ചോദിച്ച വാടക കേട്ടാണ് യുവാവ് ഞെട്ടിയത്. 50,000 രൂപ!

ബെം​ഗളൂരുവിലെ വീട്ടുവാടക കുതിച്ചുയരുകയാണ്. ഇതുമായി ബന്ധപ്പെട്ട അനേകം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. പോസ്റ്റിൽ പറയുന്നത്, വലിയ വാടകയ്ക്ക് നൽകുന്ന 3BHK ഫ്ലാറ്റിന്റെ അവസ്ഥ വളരെ പരിതാപകരമാണ് എന്നാണ്. ഒട്ടും സ്ഥലമില്ലാത്ത ഇത്തരം ഫ്ലാറ്റുകൾക്ക് എങ്ങനെയാണ് ഇങ്ങനെ കനത്ത വാടക നൽകുന്നത് എന്നാണ് യുവാവിന്റെ ആശ്ചര്യം. ഭീമമായ വാടക നൽകി ഇത്തരം വീടുകളിൽ താമസിക്കേണ്ടി വരുന്ന അവസ്ഥയാണ് പോസ്റ്റിൽ കാണുന്നത്. ഐടി മേഖലയിലെ ആളുകൾക്ക് കാര്യമായി എന്തോ കുഴപ്പമുണ്ട് എന്നാണ് യുവാവിന്റെ പോസ്റ്റിൽ പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

‘ഞാൻ ബാംഗ്ലൂരിൽ വാടകയ്ക്ക് ഒരു വീട് അന്വേഷിക്കുകയാണ്. അതിന്റെ ഭാഗമായി സർജാപൂർ റോഡിലെ ഗോദ്‌റെജ് പാർക്ക് റിട്രീറ്റ് സന്ദർശിച്ചു. ആളുകൾ എങ്ങനെയാണ് ഇങ്ങനെയുള്ള വീടുകൾ വാങ്ങുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ അവിടെ ഒരു 3BHK ഫ്ലാറ്റ് കണ്ടു, അതിലെ മുറികൾ പരമാവധി 10x10 സൈസ് മാത്രമാണുള്ളത്. അളന്നു നോക്കിയപ്പോൾ, ഒരു കട്ടിൽ ഇട്ടു കഴിഞ്ഞാൽ പിന്നെ അവിടെ നടക്കാനോ വാർഡ്രോബുകൾ ഉപയോഗിക്കാനോ പോലും സ്ഥലമില്ല. ഫ്ലാറ്റുകൾക്ക് ആകെയുള്ളത് ഒരു ബാൽക്കണിയാണ്. ഹാളിലാകട്ടെ സോഫയ്ക്കും ഡൈനിംഗ് ടേബിളിനും കൂടി ഇടമില്ല, ഇതിൽ ഏതെങ്കിലും ഒന്ന് മാത്രമേ അവിടെ വെക്കാൻ സാധിക്കൂ. എന്നിട്ടാണ് അവർ 50,000 രൂപയ്ക്ക് മുകളിൽ വാടക പ്രതീക്ഷിക്കുന്നത്! ’ എന്നാണ് യുവാവ് റെഡ്ഡിറ്റിൽ കുറിച്ചിരിക്കുന്നത്.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഈ ഭാ​ഗത്തെ പല വീടുകളും ഇങ്ങനെ തന്നെയാണ് എന്നാണ് ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നത്. അത് മാത്രമല്ല, പലരും തങ്ങൾക്കും വീട് കാണാൻ പോയപ്പോൾ സമാനമായ അനുഭവമാണ് ഉണ്ടായത് എന്നും പറഞ്ഞിട്ടുണ്ട്. അതേസമയം, ഇങ്ങനെ വീട്ടുവാടക കൂട്ടുന്നതിന് എന്തെങ്കിലും നിയന്ത്രണം വേണം എന്നും പലരും അഭിപ്രായപ്പെട്ടു.