കാസര്‍കോട് ചിത്താരി അഴിമുഖത്ത് നിന്നും പുതിയ ഞണ്ടിനെ കണ്ടെത്തി. 'ലെപ്റ്റാര്‍മ ബിജു' എന്നാണ് ഞണ്ടിന് പേര് നല്‍കിയിരിക്കുന്നത്. കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം, സിംഗപ്പൂര്‍ നാഷണല്‍ യുണിവേഴ്സിറ്റി, ലീ കോങ് ചിയാന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം എന്നിവ സംയുക്തമായി നടത്തിയ ഗവേഷണത്തെ തുടര്‍ന്നാണ് ഞണ്ടിനെ കണ്ടെത്തിയിരിക്കുന്നത്. 

ഞണ്ടിന് ലെപ്റ്റാര്‍മ ബിജു എന്ന് പേരുവരാനും കാരണമുണ്ട്. അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം വകുപ്പ് മേധാവിയും വെങ്ങാനൂര്‍ സ്വദേശിയമായ പ്രൊഫ. ബിജു കുമാര്‍ സമുദ്രജൈവ വൈവിധ്യ വഗേഷണത്തില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പേര്. അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം അധ്യാപിക ഡോ. സുവര്‍ണ ദേവി, ലീ കോങ് ചിയാന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം മേധാവി പ്രൊഫ. പീറ്റര്‍ ഉങ് എന്നിവരാണ് ഗവേഷണവിവരം വെളിപ്പെടുത്തിയത്. 

ലെപ്റ്റാര്‍മ ബിജുവിന്‍റെ പ്രത്യേകതകള്‍:

എളുപ്പത്തില്‍ കണ്ടല്‍മരത്തില്‍ കയറാന്‍ സഹായിക്കും വിധത്തിലുള്ള പിന്നിലെ നീണ്ട കാലുകള്‍, കാലുകളുടെ അഗ്രഭാഗത്തെ വളഞ്ഞ ഭാഗം.
ചതുരാകൃതിയില്‍ ഇളംമഞ്ഞ പുറംതോടില്‍ പിന്നിലും പാര്‍ശ്വഭാഗങ്ങളിലും കാലുകളിലും ഉള്ള വരകള്‍.
തോടിനും മുന്നിലേക്കായി കൂടുതല്‍ തള്ളിനില്‍ക്കുന്ന കണ്ണുകള്‍.
പുറംതോടിന് 14.2, 13.9 എന്നിങ്ങനെ നീളവും വീതിയും.