കര്‍ണാടക സ്വദേശിയായ കെ ഡി കെമ്പമ്മ എങ്ങനെയാണ് ആരും ഭയക്കുന്ന സയനൈഡ് മല്ലികയായത്? 

കൂടത്തായി കൊലക്കേസ് വലിയ ചര്‍ച്ചയായ സമയത്താണ്, സയനൈഡ് മല്ലികയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇവിടെ നിറഞ്ഞത്. രാജ്യത്ത് ആദ്യമായി ശിക്ഷിക്കപ്പെട്ട വനിതാ സീരിയല്‍ കില്ലറായിരുന്ന സയനൈഡ് മല്ലികയുമായി കൂടത്തായിയിലെ ജോളിക്കുള്ള സമാനതകളാണ് അന്ന് ചര്‍ച്ചയായത്. 

ജോളി പതിനാല് വര്‍ഷം കൊണ്ട് ആറ് പേരെ കൊലപ്പെടുത്തിയെന്നാണ് നിഗമനം. മല്ലിക എട്ട് വര്‍ഷം കൊണ്ട് നടത്തിയതും ആറ് കൊലപാതകങ്ങളാണ്. രണ്ടിടത്തും ഇരകളുടെ വിശ്വാസം ആര്‍ജ്ജിച്ച ശേഷം തന്ത്രപരമായി വിഷം നല്‍കി കൊലപ്പെടുത്തുക എന്ന രീതിയാണ് കൊലയാളി സ്വീകരിച്ചത്. ആരോരുമറിയാതെ വര്‍ഷങ്ങളോളം സ്വതന്ത്രമായി സഞ്ചരിക്കുകയും ചെയ്തു ഇവര്‍. വര്‍ഷങ്ങളുടെ ഇടവേളയില്‍ വീണ്ടും കൊലപാതകങ്ങള്‍ ആവര്‍ത്തിച്ച്, ഒടുവില്‍ പിടിക്കപ്പെടുകയായിരുന്നു. പിന്നീടും പല വട്ടം മല്ലിക വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. 

കര്‍ണാടക സ്വദേശിയായ കെ ഡി കെമ്പമ്മ എങ്ങനെയാണ് ആരും ഭയക്കുന്ന സയനൈഡ് മല്ലികയായത്?


സമ്പത്തിനായുള്ള ആര്‍ത്തി

1970 -ല്‍ ജനിച്ച കെമ്പമ്മ ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലാണ് താമസിച്ചിരുന്നത്. അത്യാവശ്യം ജീവിച്ചു പോകാനുള്ള വരുമാനം ആ കുടുംബത്തിനുണ്ടായിരുന്നു. എന്നാലും, കെമ്പമ്മയ്ക്ക് എപ്പോഴും പണത്തിനോട് ആര്‍ത്തിയായിരുന്നു. കൗമാരപ്രായത്തില്‍ ഒരു തയ്യല്‍ക്കാരനെ വിവാഹം കഴിച്ച കെമ്പമ്മ താമസിയാതെ അമ്മയായി. അതിനുശേഷം അവള്‍ക്ക് രണ്ട് കുട്ടികള്‍ കൂടി ജനിച്ചു. വെറുമൊരു തയ്യല്‍ക്കാരന്റെ ഭാര്യയായി ജീവിക്കാന്‍ കെമ്പമ്മ താല്പര്യപ്പെട്ടില്ല. കര്‍ണാടകയിലെ കഗ്ലിപുരയില്‍ ജനിച്ച അവള്‍ അവിടെയുള്ള വീടുകളില്‍ വീട്ടുജോലിക്കായി പോയി. പതിയെ അവള്‍ ജോലി ചെയ്തിരുന്ന വീടുകളില്‍ നിന്ന് മോഷ്ടിക്കാന്‍ തുടങ്ങി.

ഇങ്ങനെ മോഷ്ടിച്ച തുക ഉപയോഗിച്ച് അവള്‍ ഒരു ചിട്ടി കമ്പനി തുടങ്ങി. എന്നാല്‍ വിചാരിച്ച പോലെ ലാഭം കൊയ്യാന്‍ അവള്‍ക്കായില്ല. കമ്പനി വലിയ നഷ്ടത്തിലായി. കെമ്പമ്മയുടെ അഞ്ചംഗ കുടുംബം കടത്തില്‍ മുങ്ങി. കോപാകുലനായ ഭര്‍ത്താവ് കെമ്പമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി. 1998 -ല്‍ ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചു. ബിസിനസ്സ് തകര്‍ന്നതോടെ, പണം സമ്പാദിക്കാനുള്ള പുതിയ വഴികള്‍ അവള്‍ തേടി. കഷ്ടതയനുഭവിക്കുന്ന സ്ത്രീകളെ കബളിപ്പിക്കുന്നതാണ് ഏറ്റവും എളുപ്പമെന്ന് അവള്‍ക്ക് തോന്നി. വിഷമം അനുഭവിക്കുന്ന വലിയ വീട്ടിലെ സ്ത്രീകളെ അവള്‍ ലക്ഷ്യമിട്ടു.

സയനൈഡ് എന്ന ആയുധം

അങ്ങനെയിരിക്കുമ്പോഴാണ് ഒരു സ്വര്‍ണ്ണപ്പണിക്കാരന്റെ കൂടെ കൂടുന്നത്. അവിടെ വച്ച് അവള്‍ സയനൈഡിനെക്കുറിച്ച് പഠിച്ചു. സയനൈഡ് ഉപയോഗിച്ച് ആളുകളെ കൊല്ലാന്‍ അവള്‍ പദ്ധതിയിട്ടു. ഇതിനായി അവള്‍ കണ്ടെത്തിയ സ്ഥലം അമ്പലമായിരുന്നു. കെമ്പമ്മ എല്ലാ ദിവസവും ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകളെ നിരീക്ഷിക്കുമായിരുന്നു. ദുഃഖം അനുഭവിക്കുന്ന പതിവുകാരെ അവള്‍ പ്രത്യേകം ശ്രദ്ധിക്കും.

സമയമാകുമ്പോള്‍ കെമ്പമ്മ ഒരു വിശുദ്ധ സ്ത്രീയായി അവരുടെ മുന്നില്‍ അവതരിക്കും. അവരുടെ പ്രശ്‌നങ്ങള്‍ക്ക് ചെവി കൊടുക്കുകയും, അവരുടെ ദുഃഖങ്ങള്‍ക്കുള്ള മരുന്ന് തന്റെ പക്കലുണ്ടെന്ന് ഉറപ്പ് നല്‍കുകയും ചെയ്യുമായിരുന്നു. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഒരു പൂജ നടത്തണമെന്ന് അവള്‍ അവരോട് പറയും. ചടങ്ങിനായി വരുമ്പോള്‍ ഏറ്റവും വിലയേറിയ വസ്ത്രവും, എല്ലാ ആഭരണങ്ങളും ധരിച്ച് വേണം വരാനെന്നും അവള്‍ അവരോട് പറയും. വിജനമായ ഒരു ക്ഷേത്രത്തിലേക്ക് കെമ്പമ്മ പലപ്പോഴും അവരെ ക്ഷണിക്കും. അവിടെ എത്തുന്ന അവരോട് കണ്ണുകള്‍ അടച്ച് പ്രാര്‍ത്ഥിക്കാന്‍ അവള്‍ ആവശ്യപ്പെടും. എന്നാല്‍ അത് അവരുടെ അവസാനത്തെ പ്രാര്‍ത്ഥനയാണെന്ന് അവര്‍ അറിയാറില്ല. തുടര്‍ന്ന്, അവള്‍ അവര്‍ക്ക് സയനൈഡ് അടങ്ങിയ വെള്ളം തീര്‍ത്ഥമെന്ന പേരില്‍ കുടിക്കാനായി നല്‍കും.


ആദ്യത്തെ കൊലപാതകം

1998 ലാണ് അവള്‍ ആദ്യ കൊല നടത്തുന്നത്. ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള മുപ്പതുകാരിയായ ഒരു സമ്പന്ന സ്ത്രീയായിരുന്നു ആദ്യ ഇര. അവളുടെ ഇരകള്‍ എല്ലാവരും പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളായിരുന്നു. അതിലൊരാള്‍ ആസ്തമയുള്ള സ്ത്രീയായിരുന്നു, പിന്നൊരാള്‍ കാണാതായ മകനെ കണ്ടെത്താന്‍ ആഗ്രഹിച്ച 59 വയസ്സുള്ള ഒരു സ്ത്രീയായിരുന്നു. 2000 -ല്‍, ഒരു വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതിന് പൊലീസ് അവളെ അറസ്റ്റ് ചെയ്യുകയുണ്ടായി. അവിടെ ഒരു പൂജ നടത്താനാണ് കെമ്പമ്മ പോയതെങ്കിലും, അവിടെയുള്ള യുവതി നിലവിളിക്കുകയും ബന്ധുക്കള്‍ എത്തുകയും ചെയ്തു. എന്നാല്‍, ആ കുറ്റത്തിന് അവള്‍ക്ക് ആറുമാസം തടവ് മാത്രമേ ലഭിച്ചുള്ളൂ.

ആദ്യ കൊലപാതകം കഴിഞ്ഞ് 7 വര്‍ഷം കഴിഞ്ഞാണ് കെമ്പമ്മ രണ്ടാമതൊന്നിന് ശ്രമിക്കുന്നത്. ഈ കാലയളവില്‍ അവള്‍ നിരവധി ആളുകളെ കൊന്നതായി അവകാശവാദങ്ങളുണ്ട്, പക്ഷേ അതൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. പിന്നീട് 2007-ല്‍ മൂന്ന് മാസക്കാലത്തിനുള്ളില്‍ അഞ്ച് പേരെകെമ്പമ്മ കൊലപ്പെടുത്തി. 2006 -ല്‍ കെമ്പമ്മ ബെംഗളൂരു നിവാസിയായ രേണുകയെ കൊലപ്പെടുത്തി. മൃതദേഹം പൊലീസ് ഗസ്റ്റ് ഹൗസില്‍ നിന്ന് കണ്ടെടുത്തു. പോലീസ് അന്വേഷണത്തില്‍ കൊലയാളിയെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചു. ജയമ്മ എന്നാണ് കൊലപാതകിയുടെ പേരെന്ന് പൊലീസ് കണ്ടെത്തി. അത് യഥാര്‍ത്ഥത്തില്‍ കെമ്പമ്മയായിരുന്നു. 

പിടിയിലായ വിധം

പോലീസുകാര്‍ ജയമ്മയെ തിരയുന്നതിനിടയില്‍, കുട്ടികളില്ലാത്ത നാഗവേണിയെ തന്റെ അടുത്ത ഇരയായി കെമ്പമ്മ തിരഞ്ഞെടുത്തു. പൂജക്കായി നാഗവേണിയെ ഒരു ക്ഷേത്രത്തിലേക്ക് അവള്‍ വിളിപ്പിക്കുകയും, വഴിപാടായി സയനൈഡ് നല്‍കുകയും ചെയ്തു. എന്നാല്‍ നാഗവേണിയുടെ ആഭരണങ്ങളുമായി ഒളിച്ചോടിയ സയനൈഡ് മല്ലികയെ പോലീസ് പിടികൂടി. മല്ലിക എന്ന പേരിലാണ് അവള്‍ നാഗവേണിയെ സമീപിച്ചത് എന്നതാണ് അവള്‍ക്ക് 'സയനൈഡ് മല്ലിക' എന്ന് പേരു വീഴാന്‍ കാരണം. 

2012 -ല്‍ സയനൈഡ് മല്ലികയെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും, വധശിക്ഷ വിധിക്കുകയും ചെയ്തു. 2017 -ല്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹായിയായിരുന്ന ശശികലയുടെ അടുത്ത സെല്ലില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന സമയത്താണ് അവള്‍ വീണ്ടും മാധ്യമങ്ങളില്‍ ഇടം നേടിയത്. ശശികലയുമായി നല്ല ബന്ധമുണ്ടാക്കിയെങ്കിലും അവരുടെ ജീവന് ഭീഷണിയാണെന്ന് പറഞ്ഞ് പൊലീസ് പിന്നീട് മല്ലികയെ മറ്റൊരു ജയിലിലേക്ക് മാറ്റി. അതിനിടെ, അവളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കുകയും ചെയ്തു.