എത്രയോ കാലമായി ചെക്ക് റിപ്പബ്ലിക്കിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവർ ഒരു വലിയ പോരാട്ടത്തിലാണ്. കാരണം, വേറെയൊന്നുമല്ല, അനുവാദമില്ലാതെ സ്ത്രീകളുടെ ശരീരത്തിന് മേലുള്ള കടന്നുകയറ്റം ചെക്കിൽ ലൈം​ഗികാതിക്രമം ആയി കണക്കാക്കുന്നില്ല. ക്രൂരമായ ആക്രമണം സ്ത്രീകളുടെ ശരീരത്തിലുണ്ടായതിന് തെളിവുകളുണ്ടെങ്കിൽ മാത്രമേ കോടതി പ്രതിയെ ശിക്ഷിക്കൂ. 

'കോടതി വിധി കേട്ടപ്പോള്‍ ഞാനാകെ തകര്‍ന്നു പോയി...' ജാന നൊവാക് (പേര് സാങ്കൽപികം) എന്ന യുവതി തന്നെ പീഡിപ്പിച്ചയാളെ വെറുതെ വിട്ട കോടതി നടപടിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. പ്രാഗിൽ നിന്നുള്ള നൊവാക് 2019 -ൽ തന്നെ അക്രമിച്ചയാള്‍ക്കെതിരെ പരാതി നല്‍കിയതാണ്. 18 മാസം നീണ്ടുനിന്ന കേസ് അവളെ ആകെ വലച്ചു. 'എന്‍റെ കയ്യില്‍ എല്ലാ തെളിവുകളും ഉണ്ടായിരുന്നു. മോശം മെസേജുകള്‍, മെഡിക്കല്‍ നോട്ടുകള്‍ എല്ലാം. പക്ഷേ, കോടതിക്ക് അതൊന്നും മതിയായില്ല' ജാന പറയുന്നു. സമ്മതമില്ലാതെയുള്ള ലൈംഗികബന്ധം നടന്നു എന്ന് കോടതിക്ക് ബോധ്യപ്പെട്ടു. എന്നാല്‍, ലൈം​ഗികാതിക്രമം നടന്നതിന് തെളിവുകളില്ല എന്നും പറഞ്ഞാണ് ജാനയുടെ കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയത്. 

(ചിത്രം പ്രതീകാത്മകം)

ചെക്ക് നിയമപ്രകാരം ലൈം​ഗികാതിക്രമത്തിന്റെ നിയമപരമായ നിർവചനത്തില്‍ 'അക്രമം, അല്ലെങ്കിൽ അക്രമ ഭീഷണി, അതുമല്ലെങ്കിൽ ഇരയ്ക്ക് സ്വയം പ്രതിരോധിക്കാനുള്ള കഴിവില്ലായ്മ' എന്നിവ ആവശ്യമാണ്. ഈ നിർവചനം വളരെ ഇടുങ്ങിയതാണെന്നും അതിനാൽത്തന്നെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ലൈം​ഗികാതിക്രമങ്ങളുടെ എണ്ണം വളരെ കുറവാണെന്നും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ വാദിക്കുന്നു. 'ചെക്ക് റിപബ്ലിക്കില്‍ ഓരോ വര്‍ഷവും 12,000 ലൈം​ഗികാതിക്രമങ്ങളെങ്കിലും നടക്കുന്നുണ്ട്. എന്നാല്‍, 600 എണ്ണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതില്‍ തന്നെ 2019 -ല്‍ 78 കേസുകളിലാണ് സ്ത്രീകള്‍ക്ക് നീതി ലഭിച്ചിട്ടുള്ളത്' ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ 'കണ്‍സെന്‍റി'ന്‍റെ സ്ഥാപക ജൊഹാന നെജലോവ പറയുന്നു. 

കണ്‍സെന്‍റ്, ആംനെസ്റ്റി ഇന്‍റര്‍നാഷണലുമായും സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന 'ചെക്ക് വുമണ്‍സ് ലോബി'യുമായും ചേര്‍ന്ന് ബലാത്ക്കാരത്തിന്‍റെ നിര്‍വചനം കുറച്ചുകൂടി വിശാലമാക്കാന്‍ ആവശ്യപ്പെടുന്ന ബില്ലിനെ പിന്തുണക്കണമെന്ന് രാഷ്ട്രീയക്കാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 'ഞങ്ങൾ ലൈം​ഗികാതിക്രമത്തിന് ഒരു പുതിയ നിർവചനം ആവശ്യപ്പെടുന്നു. അതിൽ ആക്രമിക്കപ്പെട്ടാല്‍ മാത്രമേ ലൈം​ഗികാതിക്രമം ആവുകയുള്ളൂ എന്നതിന് പകരം അനുവാദമില്ലാത്ത ഏതുതരം കടന്നുകയറ്റങ്ങളും ലൈം​ഗികാതിക്രമമായി കണക്കാക്കണം എന്ന് ആവശ്യപ്പെടുന്നു' ജൊഹാന പറഞ്ഞു.

'നിലവിലെ നിയമത്തിന്‍റെ നിർവചനം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാത്തതാണ്' അഭിഭാഷകയും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ലൂസി ഹർഡോ പറഞ്ഞു. തന്റെ കക്ഷിയെ വീട്ടിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത ഒരു കേസ് അവർ വിവരിച്ചു. 'ക്ഷമിക്കണം, ഞാൻ നിങ്ങളെ ബലാത്സംഗം ചെയ്തു' എന്ന സന്ദേശമടക്കമുള്ള തെളിവുകൾ ഉണ്ടായിരുന്നിട്ടും, ആക്രമണകാരിയെ കോടതി കുറ്റവിമുക്തനാക്കി. കാരണമായി പറഞ്ഞത് അവൻ അവർക്കെതിരെ പരിക്കേൽക്കും വിധം ആക്രമണം നടത്തിയിട്ടില്ല എന്നതാണ്. 

'ചെക്കിലെ നിയമപ്രകാരം അനുവാദമില്ലാത്ത ലൈംഗികബന്ധം എല്ലായ്പ്പോഴും ലൈംഗികാതിക്രമം ആയി കണക്കാക്കുന്നില്ല. ചെക്കിലെ നാലിലൊന്ന് ആളുകളും കരുതുന്നത് പങ്കാളിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നതും അനുവാദമില്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നത് നിയമവിരുദ്ധമല്ല എന്നാണ്' - 2016 -ലെ യൂറോപ്യന്‍ യൂണിയന്‍റെ ജെന്‍ഡര്‍ പ്രകാരമുള്ള അതിക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജൊഹാന പറയുന്നത് ചെക്ക് റിപ്പബ്ലിക്കില്‍ നടക്കുന്ന 90 ശതമാനം ലൈംഗികാതിക്രമങ്ങളും ഒന്നുകില്‍ പങ്കാളി, അല്ലെങ്കില്‍ ബന്ധുക്കള്‍, അതുമല്ലെങ്കില്‍ പരിചയക്കാര്‍ എന്നിവരില്‍ നിന്നുമാണ് ഉണ്ടാകുന്നത്. തനിക്ക് ലൈംഗികബന്ധത്തിന് താല്‍പര്യമില്ല എന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പങ്കാളി മുന്നോട്ട് പോവുകയായിരുന്നു എന്ന വിവരണമാണ് മിക്ക കേസുകളിലും തങ്ങള്‍ കേള്‍ക്കാറുള്ളത് എന്ന് ജൊഹാന പറയുന്നു. മിക്ക സ്ത്രീകള്‍ക്കും അനുവാദമില്ലാത്ത ലൈംഗികബന്ധം ലൈം​ഗികാതിക്രമമാണ് എന്ന അറിവ് പോലും ഇല്ല എന്നും ജൊഹാന പറയുന്നു. ശിക്ഷിക്കപ്പെടാനുള്ള സാധ്യത കുറവാണ് എന്ന് അറിയാവുന്നത് കൊണ്ട് തന്നെ പലരും ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയാണ്. 

ചിത്രം പ്രതീകാത്മകം

ഈ വർഷം ഒക്ടോബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം പാർലമെന്റ് പുതിയ നിയമ നിർവചനം നല്‍കുന്നത് പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ജൊഹാന അടക്കമുള്ളവർ. ലൈം​ഗികാതിക്രമങ്ങളുടെ നിർവചനത്തിലെ മാറ്റം യുവ വോട്ടർമാരുടെ ഒരു പ്രധാന പരി​ഗണനയാണ്. 

ചെക്ക് റിപ്പബ്ലിക് ഒരു രാഷ്ട്രീയ #MeToo അഴിമതിയുടെ പിടിയിലാണ് എന്നതും ലൈംഗികാതിക്രമങ്ങളെയും ഉപദ്രവങ്ങളെയും കുറിച്ചുള്ള മനോഭാവത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് ആക്കം കൂട്ടുന്നു. ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ ആരോപണങ്ങളെ തുടർന്ന് യൂറോപ്യൻ യൂണിയൻ അനുകൂല രാഷ്ട്രീയ പാർട്ടിയായ ടോപ്പ് 09 -ലെ രാഷ്ട്രീയക്കാരനായ ഡൊമിനിക് ഫെറി മെയ് മാസത്തിൽ രാജിവച്ചിരുന്നു. ലൈംഗിക അതിക്രമവും ആക്രമണവും സംബന്ധിച്ച എല്ലാ ആരോപണങ്ങളും ശക്തമായി നിരസിച്ച ഫെറി പക്ഷേ, 'തന്റെ മുൻകാല പെരുമാറ്റം ചിലപ്പോൾ അനുചിതമായിരുന്നിരിക്കാം' എന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുകയുണ്ടായി.

ഡൊമിനിക് ഫെറി

രണ്ട് പ്രധാന പ്രതിപക്ഷ സഖ്യങ്ങളിൽ നിന്നുള്ള പാർട്ടി നേതാക്കൾ ബലാത്സംഗ നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനുള്ള പിന്തുണയെ സൂചിപ്പിക്കുകയുമുണ്ടായി. 'ചെക്ക് സ്ത്രീകളിൽ 10 പേരിൽ ഒരാൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു' ടോപ്പ് 09 -ന്റെ നേതാവ് മാർക്കറ്റ പെകരോവ് ആദാമോവ് പറഞ്ഞു. 'വിദ്യാഭ്യാസത്തിനും പ്രചാരണ പ്രവർത്തനങ്ങൾക്കും പുറമേ, ലൈം​ഗികാതിക്രമത്തിന് നിയമപരമായ ഒരു പുതിയ നിർവചനം ഞങ്ങൾ അവതരിപ്പിക്കും' എന്നാണ് ഈ മുന്നേറ്റത്തെ പിന്തുണച്ചുകൊണ്ട് ലിബറൽ രാഷ്ട്രീയ പാർട്ടിയുടെ നേതാവായ വാട്ട് രാകുസാൻ പറഞ്ഞത്. 'പുതിയ നിയമ നിർവചനം ശരിയായ വഴിയാണെന്ന് എനിക്ക് ഉറപ്പുണ്ട്' എന്നും അദ്ദേഹം പറഞ്ഞു.

നിയമത്തില്‍ മാറ്റമുണ്ടായാല്‍ അനുവാദമില്ലാത്ത ലൈംഗികബന്ധത്തെ ലൈം​ഗികാതിക്രമത്തിലുള്‍പ്പെടുത്തുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്കും ചേരും. യുകെ, അയര്‍ലന്‍ഡ്, ബെല്‍ജിയം, സൈപ്രസ്, ലക്സംബര്‍ഗ്, ഐസ്ലന്‍ഡ്, ജര്‍മ്മനി, സ്വീഡന്‍ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. 

ജെന്‍ഡര്‍ അടിസ്ഥാനമാക്കിയുള്ള അതിക്രമങ്ങളില്ലാതെയാക്കുന്ന ഇസ്താംബുള്‍ കണ്‍വെന്‍ഷനില്‍ നേരത്തെ ചെക്ക് റിപ്പബ്ലിക് ഒപ്പുവച്ചിരുന്നു. അത് പ്രകാരം അനുവാദമില്ലാത്ത എല്ലാത്തരം ലൈംഗികബന്ധങ്ങളും ലൈംഗികാതിക്രമത്തിന്‍റെ പരിധിയില്‍വരും. എങ്കിലും നിയമത്തിന്‍റെ അപര്യാപ്തത മൂലം അത് ചെക്കില്‍ നടപ്പിലാക്കിയിരുന്നില്ല. ആഭ്യന്തര നിയമത്തിലേക്ക് വിവർത്തനം ചെയ്തിട്ടില്ലാത്തതിനാല്‍ അതിന്റെ വ്യവസ്ഥകൾ രാജ്യത്ത് നിയമപരമായി ബാധകവുമായിരുന്നില്ല.

'അനുമതി കൂടി നിയമത്തിന്‍റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്ത്രീകളും പെണ്‍കുട്ടികളും തങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് തുറന്നുപറയാന്‍ വഴിയൊരുക്കുന്നുണ്ട്. വലിയ വിഭാഗം സ്ത്രീകള്‍ നിയമം തങ്ങളെ സഹായിക്കും എന്ന വിശ്വാസത്തില്‍ നിയമപരമായി മുന്നോട്ട് പോകാന്‍ തയ്യാറാവുകയും ചെയ്യുന്നു' എന്ന് കൗണ്‍സില്‍ ഓഫ് യൂറോപ്പിന്‍റെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ സംബന്ധിച്ച വകുപ്പിന്‍റെ മേധാവി ജോഹന്ന നെല്ലസ് പറയുന്നു. 'ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോള്‍, സമ്മതത്തെ അടിസ്ഥാനമാക്കി ആരോഗ്യകരമായ ലൈംഗിക ബന്ധം ഉറപ്പാക്കും വിധത്തിൽ മാനസികാവസ്ഥയും മനോഭാവവും മാറ്റാൻ ഇത് സഹായിക്കും' എന്നും നെല്ലസ് പറഞ്ഞു.