Asianet News MalayalamAsianet News Malayalam

ഉത്തർപ്രദേശിൽ നിത്യേന ബലാത്സംഗം ചെയ്യപ്പെടുന്നത് ആറു സ്ത്രീകൾ വീതം; യോഗിയുടെ നാട്ടില്‍ അക്രമങ്ങള്‍ പെരുകുന്നോ?

കൊടും ക്രിമിനലുകൾ നിയമത്തിനു പുല്ലുവില കൽപ്പിക്കാതെ അഴിഞ്ഞാടുന്ന നാടായി ഉത്തർപ്രദേശ് അധഃപതിച്ചു കഴിഞ്ഞു എന്നാണ് പ്രതിപക്ഷ കക്ഷികൾ പറയുന്നത്. 

Daily Six women get raped in UP, is Yogis state becoming crime capital?
Author
Uttar Pradesh, First Published Aug 27, 2020, 11:02 AM IST

ഉത്തർപ്രദേശിൽ നിന്ന് ഇന്നലെ വീണ്ടുമൊരു ബലാത്സംഗ വാർത്ത കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഉന്നതപഠനത്തിനുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ വേണ്ടി, ലാഖിം‌പൂര്‍ ഖേരി ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്ന് പട്ടണത്തിലേക്ക് പോയ ഒരു പതിനേഴുകാരിയാണ് ഓഗസ്റ്റ് 25 -ന് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കഴുത്തറുത്ത നിലയില്‍ വെള്ളമില്ലാത്ത കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ഗ്രാമത്തിന്റെ 200 മീറ്റര്‍ അകലെയായിരുന്നു മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ, സ്‌കോളർഷിപ്പിനുള്ള അപേക്ഷാ ഫോറം ഫിൽ ചെയ്യാൻ എന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി, നേരം ഏറെ വൈകിയിട്ടും തിരികെയെത്താതിരുന്നപ്പോൾ വീട്ടുകാർ പോലീസിൽ അറിയിച്ചു. പൊലീസ് പൊലീസ് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടുകിട്ടിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ മരണം കൊലപാതകമാണ് എന്നും, കഴുത്തു ഞെരിച്ച് കൊന്നുകളയും മുമ്പ് കുറ്റവാളികൾ ആ പെൺകുട്ടിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്തിട്ടുണ്ട് എന്നും തെളിഞ്ഞത്. ലാഖിം‌പൂര്‍ ഖേരിയിൽ ഓഗസ്റ്റ് 15 നും ഇതുപോലെ പതിമൂന്നുകാരിയായ മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കഴുത്തു ഞെരിച്ചുകൊന്ന് കരിമ്പിൻ തോട്ടത്തിൽ കൊണ്ടുചെന്നിട്ട സംഭാവമുണ്ടായിരുന്നു. ആ കേസിൽ രണ്ടു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. തുടർച്ചയായ ബലാത്സംഗങ്ങൾ ഈ ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

ഇത് ലാഖിം‌പൂര്‍ ഖേരിയുടെ മാത്രം കാര്യമല്ല. ഉത്തർ പ്രദേശിൽ നിരന്തരം സ്ത്രീകൾ ആക്രമിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ സംഘടിച്ച്, സംസ്ഥാനത്തെ വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന നിലയും, സ്ത്രീകൾക്കുള്ള അസുരക്ഷിതത്വവും, യുപി നിയമസഭയുടെ മൺസൂൺ സെഷനിൽ വലിയ ചർച്ചയാക്കാനുള്ള തയ്യാറെടുപ്പിലാണ്. കൊടും ക്രിമിനലുകൾ നിയമത്തിനു പുല്ലുവില കൽപ്പിക്കാതെ അഴിഞ്ഞാടുന്ന നാടായി ഉത്തർപ്രദേശ് അധഃപതിച്ചു കഴിഞ്ഞു എന്നാണ് പ്രതിപക്ഷ കക്ഷികൾ പറയുന്നത്. 

നിത്യേനയെന്നോണം സംഭവിച്ചു കൊണ്ടിരിക്കുന്ന ബലാത്സംഗങ്ങൾക്ക് പുറമെ ഓഗസ്റ്റ് 14 -ന് നടന്ന ആസംഗഢിലെ ബസ്ഗാവ് എന്ന ഗ്രാമത്തിലെ ഗ്രാമമുഖ്യന്റെ കൊലപാതകവും വലിയ കോലാഹലങ്ങൾക്ക് ഇടയായി. അത് വലിയ കലാപങ്ങൾക്കും ആൾക്കൂട്ട അതിക്രമത്തിനും കാരണമായി. ഈ അക്രമങ്ങൾക്കിടെ ഒരു കൊച്ചുകുഞ്ഞ് ചീറിപ്പാഞ്ഞ ഏതോ വാഹനത്തിനടിയിൽ പെട്ട് ചതഞ്ഞരഞ്ഞു മരിച്ചതും തുടർ കലാപങ്ങൾക്ക് കാരണമായി. ഈ മരണത്തെത്തുടർന്നുണ്ടായ അക്രമങ്ങളിൽ ആൾക്കൂട്ടം ഒരു പൊലീസ് പോസ്റ്റിനു തീവെച്ചു. നിരവധി വാഹനങ്ങളും ജനക്കൂട്ടം അഗ്നിക്കിരയാക്കി. ബസ്ഗാവ് മുഖ്യൻ സത്യദേവ് അക്രമികളുടെ വെടിയേറ്റാണ് കൊല്ലപ്പെടുന്നത്. 

അതുപോലെ, കഴിഞ്ഞ ഓഗസ്റ്റ് 20 -ന് ഭഡോഹിയിൽ ഒരു പതിനേഴുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊന്ന സംഭവവും ഏറെ കോലാഹലങ്ങൾക്ക് കാരണമായിരുന്നു. മൃതദേഹം കണ്ടെത്തുന്നതിന് രണ്ട് ദിവസം മുൻപ് പെൺകുട്ടിയെ കാണാതായിരുന്നു. മുഖവും ശരീര ഭാഗങ്ങളും ആസിഡ് ഒഴിച്ചു പൊള്ളിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം വരുണ നദിയിൽ നിന്നാണ് കണ്ടെത്തിയത് പ്രതികളെ പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാർ അന്ന് റോഡ് ഉപരോധിക്കുകയുണ്ടായി.

അതുപോലെ സംസ്ഥാനത്ത് മാധ്യമപ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങളും സ്ഥിരമായി നടക്കുന്നുണ്ട്. ഓഗസ്റ്റ് 25 -ന്വാ വാരാണസിക്ക് സമീപം ബല്ലിയ ജില്ലയിൽ ഒരു മാധ്യമപ്രവർത്തകൻ തോക്കിനിരയായി. സഹാറാ സമയ് ചാനലിലെ മാധ്യമപ്രവർത്തകനായ രത്തൻസിങിനെ യാണ് അക്രമിസംഘം  വെടിവെച്ചു കൊലപ്പെടുത്തിയത്. രാത്രി 9.45യോടെ വീടിനു മുന്നിൽ നിൽക്കുമ്പോളാണ് ആക്രമികൾ വെടിവച്ചത്. വെടിയേറ്റ രത്തൻ സിങ്ങ് തൽക്ഷണം മരിച്ചു. ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടെന്നാണ് പൊലീസ് പറഞ്ഞത്. ഭൂമാഫിയയാണ് രത്തൻ സിങിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ മാസം ഗാസിയാബാദിലും ഇതുപോലെ മറ്റൊരു മാധ്യമ പ്രവർത്തകനെ ഗുണ്ടകൾ വെടിവച്ചു കൊന്നിരുന്നു.

 

Daily Six women get raped in UP, is Yogis state becoming crime capital?

 

എന്നാൽ, പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങളെ NCRB പുറത്തുവിട്ട കുറ്റകൃത്യങ്ങളുടെ കണക്കുകൾ മുന്നോട്ട് വെച്ച് പ്രതിരോധിക്കാനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശ്രമം. ഈ വർഷം ജനുവരി മുതൽ ജൂലൈ 31 വരെയുള്ള കണക്കാണ് മുഖ്യമന്ത്രി ഓഗസ്റ്റ് 20 -ന് പുറത്തുവിട്ടത്. ഈ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നടന്നതിനേക്കാൾ കുറ്റകൃത്യങ്ങൾ താരതമ്യേന കുറവാണ് ഇക്കൊല്ലം എന്നാണ് യോഗി ആദിത്യനാഥ് അവകാശപ്പെടുന്നത്. 2019 -ലെ ആദ്യത്തെ ഏഴു മാസം കൊണ്ട് ഉത്തർപ്രദേശിൽ 1,692 ബലാത്സംഗങ്ങൾ നടന്നിട്ടുണ്ടായിരുന്നു എങ്കിൽ, ഇക്കൊല്ലം അത് 28 % കുറഞ്ഞ് 1216 ആയിട്ടുണ്ടെന്ന് യോഗി പറഞ്ഞു. 2019 -ൽ ഉത്തർപ്രദേശിൽ ആദ്യത്തെ എട്ടുമാസം കൊണ്ട് 68 തീവെട്ടിക്കൊള്ളകൾ നടന്നിട്ടുണ്ടായിരുന്നു എങ്കിൽ, ഇക്കൊല്ലം അത് 44 % കുറഞ്ഞ് 38 തീവെട്ടിക്കൊള്ളകൾ എന്നായിട്ടുണ്ടത്രെ. ഇതേകാലയളവിൽ നടന്ന കൊലപാതകങ്ങളുടെ എണ്ണവും 2,204 -ൽ നിന്ന് ഏഴു ശതമാനത്തോളം കുറഞ്ഞ് 2032 ആയിട്ടുണ്ട്. അതുപോലെ പിടിച്ചുപറിക്കേസുകളും കഴിഞ്ഞ കൊല്ലാതെ 1,379 -ൽ നിന്ന് കുറഞ്ഞ് 792 എന്നായിട്ടുണ്ട്. അതുപോലെ തട്ടിക്കൊണ്ടുപോവാളുകളും 23 -ൽ നിന്ന് 15 ആയി കുറഞ്ഞിട്ടുണ്ടെന്ന് പറയുന്നു.

അങ്ങനെ ആകെക്കൂടി തന്റെ കഴിഞ്ഞ ഒരു കൊല്ലത്തെ നിതാന്ത പരിശ്രമത്തിന്റെ ഫലമായി സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ തോത് കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട് എന്നും, വരും വർഷങ്ങളിൽ ഇതിലും മെച്ചപ്പെട്ട NCRB റിപ്പോർട്ട് വരാൻ വേണ്ടി  സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ ഇനിയും ശക്തിപ്പെടുത്തും എന്നും യോഗി പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങൾക്ക് മറുപടിയായി പറഞ്ഞു വെക്കുന്നു. 

 

Follow Us:
Download App:
  • android
  • ios