ലോകത്തിലെ സാധാരണക്കാരായ ജോലിക്കാരില്‍ പകുതിപ്പേര്‍ക്കും ലോക്ക് ഡൗണില്‍ ജോലിയില്ലാതായിരിക്കുകയാണെന്ന് ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പറയുന്നു. അതായത് 1.6 ബില്ല്യണ്‍ ജനങ്ങള്‍ക്ക്. വിവിധ രാജ്യങ്ങളിലെ സാധാരണത്തൊഴിലാളികളെ ഈ മഹാമാരിയും ലോക്ക് ഡൗണും എങ്ങനെയാണ് ബാധിച്ചിരിക്കുന്നത്? ബാങ്ക് ബാലൻസോ, സ്ഥിരവരുമാനമോ ഇല്ലാത്ത മനുഷ്യർ എങ്ങനെയാണ് ഇതിനെ മറികടക്കുക?

ഈ മഹാമാരി എല്ലാവരെയും ഒരുപോലെയല്ല ബാധിക്കുന്നത്. മാസം ശമ്പളം കൃത്യമായി ലഭിക്കുന്നവര്‍, ബാങ്ക് ബാലന്‍സ് ഉള്ളവര്‍, വീട്ടിലിരുന്ന് ജോലി ചെയ്യുകയും അതിന്‍റെ തുക കൃത്യമായി അക്കൌണ്ടിലേക്ക് എത്തുകയും ചെയ്യുമെന്ന് ഉറപ്പുള്ളവര്‍. ഇവരെയൊന്നും ബാധിക്കുന്നതുപോലെയായിരിക്കില്ല അന്നന്നത്തേക്കുള്ളത് അന്നന്ന് ജോലി ചെയ്തുണ്ടാക്കുന്നവരെ ബാധിക്കുന്നത്. മഹാമാരിയെ തുടര്‍ന്ന് ജോലിയില്ലാതാവുക എന്നാല്‍ ഇവരെ സംബന്ധിച്ച് ജീവിക്കാനുള്ള വഴിയടയുക എന്നുതന്നെയാണ്. 

മെക്സിക്കോയില്‍ നിന്നുള്ള റോസ വീട്ടുസഹായി ആയി ജോലി നോക്കുകയാണ്. റോസ മാത്രമല്ല, റോസയുടെ മകളും അതെ. അവരുടെ വീട്ടുടമകള്‍ അവര്‍ക്ക് പണമൊന്നും തന്നെ നല്‍കിയിരുന്നില്ല. പകരം കുറച്ച് ദിവസങ്ങള്‍ കഴിയാനുള്ള സാധനങ്ങളാണ് നല്‍കിയത്. 'ഞങ്ങളാണ് ഈ സമൂഹത്തിലേറ്റവും താഴെക്കിടയിലുള്ളവര്‍. ജീവിക്കാനുള്ളത് ഉണ്ടാക്കേണ്ടത് എങ്ങനെയാണെന്ന് നമുക്കറിയാം. ഞങ്ങൾ തൊഴിലെടുത്ത് ജീവിക്കുന്നവരാണ്. പക്ഷേ, ഇങ്ങനെയൊരു സാഹചര്യത്തില്‍ ഞങ്ങളെന്ത് ചെയ്യും?' എന്നാണ് റോസ ചോദിക്കുന്നത്. ലോകത്തെമ്പാടും സര്‍ക്കാരുകള്‍ ഇങ്ങനെയുള്ള സാധാരക്കാരെ സഹായിക്കുന്നതിനുള്ള പദ്ധതികളുണ്ടാക്കിയിട്ടുണ്ട്. ചിലയിടങ്ങളിലൊന്നും സഹായം നേരത്തിന് കിട്ടില്ല, ഒരുപാട് കാത്തിരുന്നാല്‍ മാത്രമാണ് കഴിഞ്ഞുകൂടാനുള്ളത് എന്തെങ്കിലും കിട്ടുന്നത്. 

ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുള്ള ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സാഹില്‍ ചോദിക്കുന്നു, 'എത്രനാള്‍ ഞാനൊന്നും ചെയ്യാതെ ഇരിക്കും? എന്‍റെ വീട്ടിലെ ഒരേയൊരു വരുമാനമാര്‍ഗ്ഗം ഞാന്‍ മാത്രമാണ്. എനിക്ക് സേവിങ്സോ, നീക്കിയിരിപ്പോ ഒന്നുമില്ല. അതുകൊണ്ടുതന്നെ കൂടുതലായി അധ്വാനിച്ചാല്‍ മാത്രമേ ഈ സമയം എനിക്ക് ജീവിച്ചുപോകാനാവൂ. ലോക്ക് ഡൌണ്‍ അംഗീകരിക്കണോ അതോ ജീവന്‍ നിലനിര്‍ത്താന്‍ ജോലി ചെയ്യണോ എന്നതില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്തേ മതിയാവൂ നമ്മെ പോലുള്ളവര്‍ക്ക്.'

ഗാര്‍മെന്‍റ് ഫാക്ടറി ജോലിക്കാരിയായിരുന്ന അഞ്ജു പറയുന്നത് ഇങ്ങനെയാണ്, 'മീനോ മാംസമോ ഒന്നും വാങ്ങുന്നതിനെ കുറിച്ച് നമ്മെപ്പോലുള്ളവര്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ല. പണക്കാരെപ്പോലെ സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാനും നമുക്കാവില്ല. ഈ സാഹചര്യം ഇതുപോലെ തുടരുകയാണെങ്കില്‍ നമ്മളെല്ലാം പട്ടിണി കിടന്ന് മരിക്കേണ്ടി വരും. ഞങ്ങള്‍ക്ക് പേടിയുണ്ട്.' (ബിബിസി വീണ്ടും അഞ്ജുവിനെ കണ്ട് സംസാരിക്കാനായി എത്തുമ്പോഴേക്കും അവര്‍ ഗ്രാമത്തിലെ അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് പോയിരുന്നു.) എന്തെങ്കിലും കഴിക്കാനുള്ളത് നട്ടുവളര്‍ത്തുകയെങ്കിലും ചെയ്യാം എന്ന് കരുതിയാവണം അഞ്ജുവും കുടുംബവും നാട്ടിലേക്ക് പോയിട്ടുണ്ടാവുക. 

നൈജീരിയയിലെ ലാഗോസില്‍ നിന്നുള്ള ഊബര്‍ ഡ്രൈവറായ ഫെമിയുടെ അനുഭവവും വ്യത്യസ്തമല്ല. 'നിങ്ങള്‍ കാണുന്നില്ലേ? അടുക്കള കാലിയാണ്, എല്ലാ പാത്രങ്ങളും കാലിയാണ്. ഒരു സാധനവും വാങ്ങി വച്ചിട്ടില്ല. അതിനുള്ള പണമില്ല. നോക്കൂ ഓരോ പാത്രവും കാലിയാണ്. കഴിക്കാനൊന്നുമില്ല, വീട്ടുകാരെല്ലാം പട്ടിണിയിലാണ്.' കൂട്ടുകാര്‍ ചില സഹായങ്ങളെല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ അവരുടെ അവസ്ഥയും മോശമാണ്. പെട്ടെന്നുള്ള എന്തെങ്കിലും സഹായങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായാല്‍ മാത്രമേ ഫെമിയെ പോലെയുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയൂ. 

വികസിത രാജ്യങ്ങളെപ്പോലും പിടിച്ചുകുലുക്കിക്കഴിഞ്ഞു കൊവിഡ് 19 എന്ന ഈ മഹാമാരി. സാമ്പത്തികമായി അതുണ്ടാക്കുന്ന തിരിച്ചടികൾ ഒരുപക്ഷേ ഇനിയും നാം തിരിച്ചറിയാൻ പോവുന്നതേ ഉള്ളൂ. ഏതായാലും, സാധാരണക്കാരായ മനുഷ്യരെ ചേർത്തുപിടിക്കാൻ അതതു രാജ്യത്തെ സർക്കാർ വേണ്ടതു ചെയ്തില്ലെങ്കിൽ ഒരുപക്ഷെ, പട്ടിണി കിടന്ന് മനുഷ്യർ മരിക്കുന്നതിന് കൂടി ലോകം സാക്ഷിയാകേണ്ടി വരും. 

(വിവരങ്ങൾക്ക് കടപ്പാട്: ബിബിസി)