Asianet News MalayalamAsianet News Malayalam

'തന്റെ അച്ഛൻ ഒരു സീരിയൽ കില്ലർ, 50 -ലധികം സ്ത്രീകളെ കൊന്നു', സ്ത്രീയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പൊലീസ്

താനെന്താണ് ചെയ്യുന്നത് എന്ന് തന്റെ മക്കൾ അറിഞ്ഞിരിക്കണം എന്ന് തന്നെയാണ് അച്ഛൻ കരുതിയിരുന്നത്. തന്റെ മറ്റ് ഏതെങ്കിലും സഹോദരങ്ങൾ ഇക്കാര്യങ്ങളെല്ലാം അധികാരികളെ അറിയിച്ചിരുന്നോ എന്ന് തനിക്കറിയില്ല. നേരത്തെ തന്നെ അച്ഛനെ കുറിച്ചുള്ള വിവരങ്ങൾ താൻ അധ്യാപകരോടും വികാരിയോടും ചില അധികാരികളോടും എല്ലാം പറഞ്ഞിരുന്നു. എന്നാൽ, അവരാരും തന്റെ വാക്കുകളെ ​ഗൗരവത്തിലെടുത്തിരുന്നില്ല.

daughter said her late father was a serial killer
Author
First Published Oct 26, 2022, 1:02 PM IST

ഐയവയിൽ ഒരു പുതിയ കേസ് അന്വേഷണം നടക്കുകയാണ്. എന്താണ് എന്നല്ലേ? ഒരു സ്ത്രീ പൊലീസിനോട് തന്റെ മരിച്ചുപോയ അച്ഛൻ ഒരു സീരിയൽ കില്ലർ ആണ് എന്നും അയാൾ അനേകം സ്ത്രീകളെ കൊന്നിട്ടുണ്ട് എന്നും പറഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 10 വർഷങ്ങൾക്ക് മുമ്പാണ് ഇയാൾ മരിച്ചത്. 

ലൂസി സ്റ്റഡി എന്ന സ്ത്രീയാണ് തന്റെ അച്ഛനായ ഡൊണാൾഡ് ഡീൻ സ്റ്റഡി 30 വർഷത്തിനുള്ളിൽ 50 മുതൽ 70 വരെ സ്ത്രീകളെ കൊന്നിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയത്. ഒപ്പം തങ്ങളുടെ അന്നത്തെ പുരയിടത്തിൽ കിണറിനരികിലായി പലരുടേയും മൃതദേഹം കുഴിച്ചിട്ടു എന്നും അതിന് അച്ഛൻ തന്റെയും സഹോദരന്റെയും സഹായം തേടിയിരുന്നു എന്നും ലൂസി പറഞ്ഞു. 

'എവിടെയാണ് ആ മൃതദേഹങ്ങൾ കുഴിച്ചിട്ടിരിക്കുന്നത് എന്ന് തനിക്കറിയാം. അച്ഛൻ തങ്ങളോട് കിണറിനപ്പുറത്തേക്ക് പോകാനോ കുന്നിന് മുകളിലേക്ക് പോകാനോ പറയും. അതിന്റെ അർത്ഥം എന്താണ് എന്ന് ഞങ്ങൾക്കറിയാം. തിരികെ വരാൻ എനിക്ക് പേടിയായിരുന്നു. കാരണം, എൻ‌റെ വായ അടങ്ങിയിരിക്കില്ല. അത് അച്ഛനറിയാം. അതുകൊണ്ട് അച്ഛൻ എന്നേയും കൊല്ലുമോ എന്ന് എനിക്ക് പേടി ആയിരുന്നു' എന്ന് ലൂസി ന്യൂസ്‍വീക്കിനോട് പറഞ്ഞു. 

ഫ്രീമോണ്ട് കൗണ്ടി ഷെരീഫ് കെവിൻ ഐസ്‌ട്രോപ്പ്, ഡെസ് മോയിൻസ് രജിസ്റ്ററിനോട് പറഞ്ഞത്, രണ്ട് കഡാവർ നായ്ക്കൾ സൈറ്റിന് ചുറ്റും മണംപിടിച്ചിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് ഇവിടെ മൃതദേഹങ്ങൾ കുഴിച്ചിട്ടുണ്ടാവാം എന്ന് തന്നെയാണ് എന്നാണ്. എന്നാൽ, ലൂസി പറഞ്ഞ കഥ ​ഗൗരവതരമാണ് എങ്കിലും അതിലേക്ക് നയിക്കുന്ന മറ്റൊരു തെളിവുകളും കിട്ടിയിട്ടില്ല. മാത്രമല്ല, ലൂസി പറയുന്ന പുരയിടവും കിണറും ഒക്കെ പരിശോധിക്കണം. അതിന് അതിന്റെ ഇപ്പോഴത്തെ ഉടമയുടെ അനുമതി വേണം. ഇത്തരം നടപടികളെല്ലാം നടക്കുകയാണ് എന്നും പൊലീസ് പറയുന്നു. 

ഡൊണാൾഡ് കൊന്നവരിൽ മിക്ക സ്ത്രീകളും ലൈം​ഗിക തൊഴിലാളികളായിരുന്നു. അവരെ കൊല്ലുന്നതിന് മുമ്പ് തന്റെ അഞ്ച് ഏക്കർ വരുന്ന കൃഷിഭൂമിയിലേക്ക് കൊണ്ടുവന്നിരുന്നു. പിന്നീടാണ് അയാൾ സ്ത്രീകളെ കൊന്നത് എന്ന് ന്യൂസ്‍വീക്ക് പറയുന്നു. 'അച്ഛൻ എന്നും കുടിക്കുമായിരുന്നു. ദേഷ്യക്കാരനായിരുന്നു. ഇരകളെ തങ്ങൾ താമസിച്ചിരുന്ന ട്രെയിലറിനകത്ത് വച്ച് തലയ്ക്ക് അടിക്കുമായിരുന്നു. 2013 -ൽ 75 -ാമത്തെ വയസിലാണ് അച്ഛൻ മരിക്കുന്നത്' എന്നും ലൂസി പറഞ്ഞു. 

'താനെന്താണ് ചെയ്യുന്നത് എന്ന് തന്റെ മക്കൾ അറിഞ്ഞിരിക്കണം എന്ന് തന്നെയാണ് അച്ഛൻ കരുതിയിരുന്നത്. തന്റെ മറ്റ് ഏതെങ്കിലും സഹോദരങ്ങൾ ഇക്കാര്യങ്ങളെല്ലാം അധികാരികളെ അറിയിച്ചിരുന്നോ എന്ന് തനിക്കറിയില്ല. നേരത്തെ തന്നെ അച്ഛനെ കുറിച്ചുള്ള വിവരങ്ങൾ താൻ അധ്യാപകരോടും വികാരിയോടും ചില അധികാരികളോടും എല്ലാം പറഞ്ഞിരുന്നു. എന്നാൽ, അവരാരും തന്റെ വാക്കുകളെ ​ഗൗരവത്തിലെടുത്തിരുന്നില്ല' എന്നും ലൂസി പറയുന്നു. ലൂസിയുടെ ഒരു സഹോദരൻ 39 -ാമത്തെ വയസിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. 

മയക്കുമരുന്നും തോക്കുമായി ബന്ധപ്പെട്ട് ക്രിമിനൽ പശ്ചാത്തലം തന്റെ അച്ഛനുണ്ട് എന്നും ലൂസി പറഞ്ഞു. ഏതായാലും മകളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ കൊലപാതകത്തെ കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios