യുദ്ധത്തിന് ശേഷം മാത്രമാണ് തങ്ങള്‍ മോചിപ്പിച്ച ക്യാമ്പില്‍ നടന്ന ക്രൂരതയുടെ പൂര്‍ണ വിവരം അദ്ദേഹത്തിന് മനസിലാവുന്നത്.
ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ക്രൂരതകളാണ് ഓഷ്വിറ്റ്സിലെ മരണക്യാമ്പുകളിൽ നടന്നത്. ഗ്യാസ് ചേംബറുകളിൽ ജൂതന്മാരും നാസികൾക്ക് ശത്രുതയുള്ളവരും പിടഞ്ഞു തീർന്നു. ഇന്നും അതിന്റെ ഓർമ്മകളും വേദനയും പേറി ജീവിക്കുന്നവർ ലോകത്തുണ്ട്. അന്ന് ഓഷ്വിറ്റ്സ് വിമോചിപ്പിക്കാൻ ഇറങ്ങിയവരിൽ പ്രധാനിയും ഇപ്പോൾ ലോകത്ത് ജീവനോടെ ശേഷിച്ചിരുന്ന ഒരേയൊരാളും ആയിരുന്നു ഡേവിഡ് ദുഷ്മാൻ. അദ്ദേഹവും മരണത്തിന് കീഴടങ്ങിയിരിക്കുന്നു.
1945 -ൽ ഓഷ്വിറ്റ്സിലെ നാസി മരണക്യാമ്പിന്റെ വിമോചനത്തിൽ പങ്കെടുത്ത അവസാനത്തെ സൈനികനാണ് ഡേവിഡ് ദുഷ്മാൻ. അദ്ദേഹം 98 -ാം വയസ്സിൽ അന്തരിച്ചിരിക്കുന്നു. വെള്ളിയാഴ്ച രാത്രി മ്യൂണിച്ചിലെ ഒരു ക്ലിനിക്കിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. ഞായറാഴ്ച നഗരത്തിലെ ജൂത ഐകെജി സാംസ്കാരിക സമൂഹമാണ് മരണ വിവരം ലോകത്തെ അറിയിച്ചത്. അവര്‍ അദ്ദേഹത്തെ 'ഓഷ്വിറ്റ്‌സിലെ വിമോചന നായകൻ' എന്നാണ് വിശേഷിപ്പിച്ചത്.

ദുഷ്മാന്‍ ഒരു റെഡ് ആര്‍മി സൈനികനായിരുന്നു. തന്‍റെ ടി- 34 സോവിയറ്റ് ടാങ്ക് ഉപയോഗിച്ച് നാസി അധിനിവേശ പോളണ്ടിലെ വൈദ്യുതവേലി തകര്‍ക്കുകയും മരണക്ക്യാമ്പിലെ തടവുകാരെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തു അദ്ദേഹം. 1945 ജനുവരി 27 -നായിരുന്നു ഇത്. 'ഓഷ്വിറ്റ്സിനെക്കുറിച്ച് ആ സമയത്ത് ഞങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു' അദ്ദേഹം പറഞ്ഞു. 2015 -ൽ സ്വീഡ്യൂട്ട്ഷെ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാൽ, എല്ലായിടത്തും അസ്ഥികൂടങ്ങൾ കാണാമായിരുന്നു എന്നും അവിടെയുള്ള മനുഷ്യര്‍ മൃതദേഹങ്ങള്‍ക്കിടയിലാണ് കഴിഞ്ഞിരുന്നത് എന്നും അദ്ദേഹം പറയുകയുണ്ടായി. 'തങ്ങളുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണം അവര്‍ക്ക് നല്‍കി. പിന്നീട്, ഫാസിസ്റ്റുകള്‍ക്ക് നേരെയുള്ള യുദ്ധം ആരംഭിച്ചു' എന്നും അദ്ദേഹം പറഞ്ഞു.

യുദ്ധത്തിന് ശേഷം മാത്രമാണ് തങ്ങള്‍ മോചിപ്പിച്ച ക്യാമ്പില്‍ നടന്ന ക്രൂരതയുടെ പൂര്‍ണ വിവരം അദ്ദേഹത്തിന് മനസിലാവുന്നത്. അന്ന് ക്യാമ്പില്‍ ഒരു മില്ല്യണിലധികം ജൂതന്മാര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് പുറമെ സ്വവർഗാനുരാഗികള്‍, സോവിയറ്റ് യുദ്ധത്തടവുകാര്‍ തുടങ്ങിയവരും ഗ്യാസ് ചേംബറുകളില്‍ കൊല്ലപ്പെട്ടു. അന്നത്തെ പോരാട്ടത്തിൽ ശേഷിച്ച 69 സൈനികരില്‍ ഒരാളായിരുന്നു ദുഷ്മാന്‍. പക്ഷേ, അദ്ദേഹത്തിന് ഗുരതര പരിക്കുകള്‍ ഏല്‍ക്കുകയുണ്ടായി. പിന്നീട് അദ്ദേഹം സോവിയറ്റ് യൂണിയനിലെ ഏറ്റവും മികച്ച ഫെന്‍സറായി മാറി. ശേഷം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫെന്‍സിംഗ് കോച്ചുകളിൽ ഒരാളായും മാറി എന്ന് ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഒളിമ്പിക് കമ്മിറ്റി ചീഫ് തോമസ് ബാച്ച് ദുഷ്മാന്‍റെ മരണത്തില്‍ വേദനയറിയിച്ചു. 'ഞങ്ങൾ 1970 -ൽ കണ്ടുമുട്ടിയപ്പോൾ, ദുഷ്മാന്‍ രണ്ടാം ലോകമഹായുദ്ധവും ഓഷ്വിറ്റ്സും വ്യക്തിപരമായി അനുഭവിച്ച ആളായിരുന്നിട്ടും യഹൂദ വംശജനായ ഒരാളായിരുന്നിട്ടും അദ്ദേഹം എന്നോട് സൗഹൃദത്തിലായിരുന്നു എന്നും ജര്‍മ്മന്‍കാരനായ ബാച്ച് പറഞ്ഞു. 'അത് മനുഷ്യസ്നേഹത്തിന്‍റെ വലിയ ഭാവമായിരുന്നു എന്നും ദുഷ്മാനെ ഒരിക്കലും മറക്കാനാവില്ല' എന്ന് കൂടി അദ്ദേഹം പറയുന്നു. നാലുവർഷം മുമ്പ് വരെയും ദുഷ്മാൻ പാഠം പഠിപ്പിക്കുന്നതിനായി ദിവസവും തന്റെ ഫെൻസിംഗ് ക്ലബിലേക്ക് പോകുകയായിരുന്നു എന്നും ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പറഞ്ഞു.
