ഷോപ്പിങ്ങിനോ മറ്റെന്തെങ്കിലും വ്യക്തിപരമായ ആവശ്യങ്ങൾക്കോ കുറച്ചുസമയത്തേക്ക് തനിച്ചു പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഭർത്താക്കന്മാരെ തങ്ങളുടെ കോഫി ഹൗസിൽ ഇരുത്തിയതിനുശേഷം ധൈര്യമായി മടങ്ങാം എന്നായിരുന്നു കോഫി ഷോപ്പ് ഉടമകളുടെ പരസ്യം.

കുട്ടികൾക്കായുള്ള ഡേ കെയർ സെൻററുകളെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ, 'ഹസ്ബൻഡ് ഡേ കെയറി'നെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? വ്യവസായിയായ ആനന്ദ് മഹീന്ദ്ര കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് ഹസ്ബൻഡ് ഡേ കെയർ നെറ്റിസൺസിനിടയിൽ വൻ ചർച്ചയായത്. 

ഡെൻമാർക്കിലെ ഒരു കഫേയാണ് ഭാര്യമാർക്ക് മുമ്പിൽ ഇത്തരത്തിൽ ഒരു വ്യത്യസ്തമായ ആശയം അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങൾക്ക് സ്വന്തമായി അല്പസമയം വേണമെങ്കിൽ നിങ്ങളുടെ ഭർത്താക്കന്മാരെ ഞങ്ങളോടൊപ്പം വിടുക, ഞങ്ങൾ നിങ്ങൾക്കായി അവരെ പരിപാലിച്ചു കൊള്ളാമെന്നായിരുന്നു കഫേയ്ക്ക് മുൻപിൽ സ്ഥാപിച്ച ഒരു പരസ്യ ബോർഡിൽ എഴുതിയിരുന്നത്. പക്ഷേ, ഒരു കാര്യം ഭർത്താക്കന്മാർ കുടിക്കുന്ന കോഫിയുടെ പണം ഭാര്യമാർ നൽകണം. കോപ്പൻഹേഗനിലെ ഗ്രീൻ ടവേഴ്‌സിലെ ഒരു കഫേയാണ് ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ബിസിനസ് ആശയവുമായി മുന്നോട്ട് വന്നത്.

ഹസ്ബൻഡ് ഡേ കെയർ സെൻറർ എന്ന പേര് നൽകി കൊണ്ടാണ് കഫേയ്ക്ക് മുൻപിൽ ഈ പരസ്യം സ്ഥാപിച്ചിരുന്നത്. ഷോപ്പിങ്ങിനോ മറ്റെന്തെങ്കിലും വ്യക്തിപരമായ ആവശ്യങ്ങൾക്കോ കുറച്ചുസമയത്തേക്ക് തനിച്ചു പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഭർത്താക്കന്മാരെ തങ്ങളുടെ കോഫി ഹൗസിൽ ഇരുത്തിയതിനുശേഷം ധൈര്യമായി മടങ്ങാം എന്നായിരുന്നു കോഫി ഷോപ്പ് ഉടമകളുടെ പരസ്യം. അവർക്ക് ആവശ്യമായ ഭക്ഷണപാനീയങ്ങൾ കോഫി ഷോപ്പിൽ നിന്ന് നൽകും. പക്ഷേ, തിരിച്ച് ഭർത്താക്കന്മാരെ കൂട്ടാൻ വരുമ്പോൾ ആ പണം കോഫി ഷോപ്പിൽ നൽകണമെന്ന് മാത്രം.

ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് മാത്രമല്ല ബിസിനസ് എന്നും അത് എങ്ങനെ ആളുകളിലേക്ക് ബുദ്ധിപരമായി എത്തിക്കുന്നു എന്നതിലാണ് മിടുക്കെന്നുമാണ് ഈ പരസ്യ ബോർഡിൻറെ ചിത്രം പങ്കുവെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര കുറിച്ചത്. പരമ്പരാഗതമായ ബിസിനസ് ശൈലികളിൽ നിന്നും എങ്ങനെ പുറത്തു കടന്ന് പുതിയ രീതിയിൽ ആളുകളിലേക്ക് എത്താം എന്നതിന്റെ മികച്ച ഉദാഹരണമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Scroll to load tweet…

എന്നാൽ, ഈ പോസ്റ്റിന് സമ്മിശ്ര പ്രതികരണം ആയിരുന്നു സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്. മികച്ച ബിസിനസ് തന്ത്രം എന്ന് ചിലർ കുറിച്ചപ്പോൾ മറ്റു ചിലർ അഭിപ്രായപ്പെട്ടത് എന്തിനാണ് ഭർത്താക്കന്മാരുടെ ഉത്തരവാദിത്വം എപ്പോഴും സ്ത്രീകൾ ഏറ്റെടുക്കുന്നത് എന്നായിരുന്നു. സ്ത്രീകൾക്ക് തനിച്ചു പുറത്തു പോകണമെങ്കിൽ എന്തിനാണ് ഭർത്താക്കന്മാരുടെ സൗകര്യം നോക്കുന്നതെന്നും ചിലർ ചോദിച്ചു.