ഇന്നേക്ക് പതിനൊന്നു വർഷം മുമ്പ്, അതായത് 2009 നവംബർ 5 -ന്, സെൻട്രൽ ടെക്‌സാസിലെ ഫോർട്ട്ഹുഡ് എന്ന പ്രദേശത്തെ സൈനിക ബേസിൽ ഒരു വെടിവെപ്പ് നടന്നിരുന്നു. അതിൽ അന്ന് കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികരാണ്. ആക്രമണം നടത്തിയ ആളും അമേരിക്കൻ സൈന്യത്തിലെ ഒരു മേജർ റാങ്കുള്ള സൈനിക ഓഫീസർ തന്നെ ആയിരുന്നു. പേര്, മേജർ നിദാൽ മാലിക് ഹസൻ. അദ്ദേഹം ഒരു ആർമി സൈക്ക്യാട്രിസ്റ്റ് ആയിരുന്നു. അന്ന് നടന്നത് അമേരിക്കയിലെ ഏതെങ്കിലും ഒരു സൈനിക ആസ്ഥാനത്തുവെച്ച് നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു. പത്തുമിനിറ്റ് നീണ്ടു നിന്ന ആ അക്രമണത്തിനൊടുവിൽ ഹാസനും വെടിയേറ്റ് നിലംപതിച്ചു. 

ഉച്ചക്ക് ശേഷമായിരുന്നു ഹസന്റെ ആക്രമണം ഉണ്ടായത്. ഒരു റെസ്റ്റോറന്റും, പലചരക്കു കടയും നടത്തിയിരുന്ന പലസ്തീനിയൻ കുടിയേറ്റക്കാരുടെ മകനായി അമേരിക്കൻ മണ്ണിൽ പിറന്നുവീണ ഹസൻ, പഠിപ്പിൽ ഏറെ മിടുക്കനായിരുന്നു. വിർജീനിയ ടെക് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം, ഹസൻ മെരിലാന്റിലെ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ നിന്ന് സൈക്യാട്രിക് കൗൺസിലിംഗിലും യോഗ്യത നേടി. അതിനു ശേഷം കുറേക്കാലം വാഷിംഗ്ടണിലെ വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിൽ, യുദ്ധമേഖലകളിൽ നിന്ന് തിരിച്ചു വരുന്നവരിൽ പോസ്റ്റ് ട്രോമാറ്റിക് ഡിസോഡറും കൊണ്ട് മടങ്ങി വരുന്ന സൈനികരെ ചികിത്സിച്ചു. അവർക്ക് വേണ്ട കൗൺസിലിംഗ് നൽകി. 2009 -ൽ മേജർ റാങ്കിലേക്ക് ഉയർത്തപ്പെട്ട ശേഷമാണ് ഹസൻ ഫോർട്ട് ഹുഡിൽ എത്തുന്നത്. 

ഈ ആക്രമണത്തിന് ശേഷം പല വിധ പഠനങ്ങൾ നടന്നു. തന്റെ കരിയറിന്റെ പല ഘട്ടങ്ങളിലും, ഈ ഓഫീസറുടെ പെരുമാറ്റത്തെക്കുറിച്ച് പരാതി uundaayirunnittum അദ്ദേഹത്തിന് തുടർച്ചയായ സ്ഥാനക്കയറ്റങ്ങൾ കിട്ടിയിരുന്നതായി ആക്ഷേപമുയർന്നു. അമേരിക്ക അക്കാലത്ത് നടത്തിയിരുന്ന 'വാർ ഓൺ ടെറർ' അഥവാ ഭീകരവാദത്തിനെതിരായ ആക്രമണങ്ങളെ, ഇസ്ലാമിനെതിരായ യുദ്ധമായിട്ടാണ് ഹസൻ എന്നും കണക്കാക്കിയിരുന്നത്. പോലീസിന്റെ പ്രത്യാക്രമണത്തിൽ വെടിയേറ്റ് ദേഹം തളർന്നു വീൽ ചെയറിലേക്ക് ഒതുങ്ങേണ്ടി വന്നിട്ടും, ഹസൻ കേസ് സ്വയം വാദിച്ച ഹസൻ, 13 പേരെയും വെടിവെച്ചുകൊന്നത് താൻ തന്നെയാണ് എന്ന് കുറ്റസമ്മതം നടത്തി. അഫ്ഗാനിസ്ഥാനിലേക്ക് യുദ്ധത്തിന് പോകാനിരുന്ന സൈനികരെയാണ് താൻ വധിച്ചത് എന്നും, അവിടത്തെ താലിബാൻ മുസ്ലീങ്ങളെ ഇവർ ചെന്ന് കൊല്ലുന്നത് തടയാൻ വേണ്ടിയാണ്  അവരെ വെടിവെച്ചു കൊന്നുകളഞ്ഞത് എന്നും ഹസൻ പറഞ്ഞു. 2013 ഓഗസ്റ്റ് 23 -ന് ജൂറി ഹസനെ കുറ്റക്കാരനെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധിച്ചു.