Asianet News MalayalamAsianet News Malayalam

സെക്സ് ടൂറിസത്തിന് പേരുകേട്ട ആ 'റെഡ്‍ലൈറ്റ് ജില്ല'യിൽ ഇനി ലൈം​ഗികത്തൊഴിലാളികളില്ല, പ്രതിഷേധം ശക്തം

സെക്സ് വർക്കേഴ്സ് യൂണിയൻ റെഡ് ലൈറ്റ് യുണൈറ്റഡ് നടത്തിയ 2019 -ലെ സർവേയിൽ 90 ശതമാനം ലൈംഗിക തൊഴിലാളികളും ഡി വാലനിൽ താമസിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കണ്ടെത്തുകയുണ്ടായി. 

De Wallen relocating sex workers
Author
Amsterdam, First Published Feb 17, 2021, 1:53 PM IST

വലിയ കനാലുകൾ, മനോഹരമായ വാസ്തുവിദ്യ, ദശലക്ഷക്കണക്കിന് സൈക്കിളുകൾ ഇതെല്ലാം ആംസ്റ്റർഡാമിന്റെ പ്രത്യേകതകളാണ്. എന്നാൽ അവിടെ പ്രശസ്തമായ മറ്റൊന്നും കൂടിയുണ്ട്, ഡി വാലൻ. ആംസ്റ്റർഡാമിലെ ഏറ്റവും വലുതും അറിയപ്പെടുന്നതുമായ വേശ്യാലയ ജില്ലയാണ് അത്. അവിടെ വേശ്യാലയ വിൻഡോകളും, കഞ്ചാവ് വിൽക്കുന്ന “കോഫി ഷോപ്പുകളും” ഉണ്ട്. വിനോദസഞ്ചാരികൾ ലൈംഗികത്തൊഴിലാളികളെ തേടി എത്തുന്നിടമാണ് അത്. എന്നാൽ, ആ പ്രശസ്തമായ സ്ഥലം ഇനി മുതൽ വെറുമൊരു ഓർമ്മയായി മാറാം. അവിടെയുളളവരെ മാറ്റിപ്പാർപ്പിക്കാനും, പകരം അവിടെ ഒരു സാംസ്കാരിക പ്രധാന്യമുള്ള സ്ഥലമെന്ന രീതിയിൽ സഞ്ചാരികളെ ആകർഷിക്കാനുമുള്ള നീക്കത്തിലാണ് അധികൃതർ.    

De Wallen relocating sex workers

ആംസ്റ്റർഡാം മേയർ ഫെംകെ ഹാൽസെമയാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. അവിടത്തെ ഇടുങ്ങിയ ഇടവഴികളുടെ ഇരുവശത്തുമായി നിന്നിരുന്ന വേശ്യാലയങ്ങൾ അടച്ചുപൂട്ടാനാണ് അധികൃതരുടെ നീക്കം. അവിടെയുള്ള ലൈംഗികത്തൊഴിലാളികളെ നഗര കേന്ദ്രത്തിന് പുറത്തുള്ള ഒരു വലിയ കെട്ടിടത്തിലേക്ക് മാറ്റാനാണ് മേയർ പദ്ധതിയിടുന്നത്. ഇത് നിർമ്മിക്കാൻ മൂന്ന് മുതൽ പത്ത് വർഷം വരെ സമയമെടുക്കുമെന്ന് ഹൽസെമ പറഞ്ഞു. എന്നാൽ, സിറ്റി കൗൺസിലിൽ ഭൂരിഭാഗവും പ്രമേയത്തെ പിന്തുണയ്ക്കുന്നതിനാൽ തൊഴിലാളികളെ അവിടെ നിന്ന് നീക്കാനുള്ള കാര്യങ്ങൾ ഉടൻ തന്നെ ആരംഭിക്കും. ലൈംഗികത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടിയെന്നാണ് ആംസ്റ്റർഡാമിലെ ആദ്യത്തെ വനിതാ മേയർ പറയുന്നത്. ഡി വാലനിൽ ലൈംഗികത്തൊഴിലാളികൾ ഒട്ടും സുരക്ഷിതരല്ല എന്നും അവർ പറഞ്ഞു. ലൈംഗിക തൊഴിലാളികൾ അവിടെ ആക്രമണകരികളായ വിനോദസഞ്ചാരികളുടെ പീഡനത്തിനും, നിർബന്ധിത നിയമവിരുദ്ധ ലൈംഗിക തൊഴിലുകൾക്കും, മനുഷ്യക്കടത്തിനും ഇരയാകുന്നു. അതേസമയം അവരെല്ലാം ഒരേ കെട്ടിടത്തിൽ ജോലി ചെയ്യുകയാണെങ്കിൽ അവരെ സംരക്ഷിക്കാൻ എളുപ്പമാണെന്നും ഹാൽസെമ പറഞ്ഞു. അവിടെയുള്ള കഞ്ചാവ് വിപണിയെ കൂടുതൽ നിയന്ത്രിക്കുക എന്ന ഉദ്ദേശം കൂടിയുണ്ട് ഇതിന്റെ പിന്നിൽ.  

De Wallen relocating sex workers

എന്നാൽ, ലൈംഗികത്തൊഴിലാളി അസോസിയേഷനുകൾ ഈ ആശയത്തെ പിന്തുണക്കുന്നില്ല. ഡി വാലന് പുറത്ത് ജോലി ചെയ്യുന്നത് സുരക്ഷിതമാണെന്ന് അവർ ചിന്തിക്കുന്നില്ല. ലൈംഗികത്തൊഴിലാളികൾ, അഭിഭാഷകർ, ഗവേഷകർ എന്നിവരുടെ ഒരു ശൃംഖലയായ സെക്സ്വർക് എക്സ്പെർട്ടൈസിന്റെ ചെയർപേഴ്‌സൺ Quirine Lengkeek -ന് ഈ മാതൃകയെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. “മുൻപ് ഒരു ചുവന്ന തെരുവായിരുന്ന യുട്രെക്റ്റിലെ ഹെറ്റ് ന്യൂവേ സാൻഡ്‌പാഡിന് സംഭവിച്ചത് ഇതാണ്. വർഷങ്ങൾക്കുമുമ്പ് അവർ വേശ്യാലയങ്ങൾ അടച്ചുപൂട്ടി, പക്ഷേ ലൈംഗികത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതികൾ ഒരിക്കലും ഫലവത്തായില്ല” അവർ പറഞ്ഞു. തൽഫലമായി, യുട്രെക്റ്റിന്റെ ലൈംഗികത്തൊഴിലാളികളിൽ പലരും സുരക്ഷിതമല്ലാത്ത പ്രദേശങ്ങളിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണ് ഇന്ന്.  

De Wallen relocating sex workers

കൗൺസിലിന്റെ പദ്ധതികൾ ലൈംഗികത്തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കാൻ വേണ്ടിയുള്ളതല്ല എന്നാണ് ലൈംഗികത്തൊഴിലാളിമാരിൽ ഒരാളായ യെവെറ്റ് ലുഹർസ് പറയുന്നത്. "വാടകയ്‌ക്ക് ഇടമില്ലാതെ, ആളുകൾക്ക് ലൈസൻസില്ലാതെ അവർക്ക് പ്രവർത്തിക്കേണ്ടിവരാം, അത് അവരെ അപകടത്തിലാക്കും. എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അവർക്ക് പൊലീസിനെ സമീപിക്കാനും കഴിയില്ല" ലുഹ്സ് പറഞ്ഞു.  2000 -ലാണ് നെതർലാൻഡ്‌സിൽ ലൈംഗിക ജോലികൾ നിയമവിധേയമാക്കിയത്. ഇപ്പോൾ അവർക്ക് ഡച്ച് ചേംബർ ഓഫ് കൊമേഴ്‌സിൽ രജിസ്റ്റർ ചെയ്താൽ നികുതി അടയ്‌ക്കാനും ലൈസൻസ് നേടാനും കഴിയും. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ഒരു വേശ്യാലയത്തിൽ ഒരു സ്ഥലം വാടകയ്ക്ക് എടുക്കാൻ അവർക്ക് അനുമതിയുണ്ട്. വേശ്യാലയങ്ങൾ നടത്താനും പ്രാദേശിക സിറ്റി കൗൺസിലുകളിൽ നിന്ന് ലൈസൻസ് നേടേണ്ടതുണ്ട്. ഇത് മൂലം നെതർലാൻഡിലുടനീളമുള്ള നഗരങ്ങൾക്ക് വേശ്യാലയത്തിന്റെ ഉടമകൾ  ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളിയാണെന്ന് സംശയിക്കുന്നുവെങ്കിൽ അത് അടച്ചുപൂട്ടാൻ അധികാരമുണ്ട്.  

സെക്സ് വർക്കേഴ്സ് യൂണിയൻ റെഡ് ലൈറ്റ് യുണൈറ്റഡ് നടത്തിയ 2019 -ലെ സർവേയിൽ 90 ശതമാനം ലൈംഗിക തൊഴിലാളികളും ഡി വാലനിൽ താമസിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കണ്ടെത്തുകയുണ്ടായി. അവർ അവിടെ നിന്ന് മാറിയാൽ സ്ഥിരം വരാറുള്ള ക്ലയന്റുകൾ നഷ്ടപ്പെടുമെന്ന് അവർ ഭയപ്പെടുന്നു, ഒപ്പം അവിടെ വരുന്ന വിദേശ ക്ലയന്റുകളെയും അവർക്ക് നഷ്ടമാകാം. വിൻഡോകളിലൂടെ അവരെ കാണുന്നത് വലിയ ഗുണമാണ് ഉണ്ടാക്കുന്നതെന്നും അവർ പറഞ്ഞു. അതിലെ കടന്ന് പോകുന്ന പൊലീസും സാമൂഹിക പ്രവർത്തകരും അവരെ കാണുമ്പോൾ വിശേഷങ്ങൾ ചോദിക്കുന്നു. ജനാലകളിൽ നിന്ന് ലൈംഗിക തൊഴിലാളികൾക്ക് പരസ്പരം അഭിവാദ്യം ചെയ്യാൻ കഴിയുന്നു. കൂടാതെ അവർക്ക് അവരുടെ ക്ലയന്റുകളെ കാണാനും, സഹപ്രവർത്തകർക്ക് പരസ്പരം ശ്രദ്ധിക്കാനും ഈ വിൻഡോകൾ സഹായിക്കുന്നു. എന്നാൽ, ഒരു പുതിയ പരിതസ്ഥിതിയിൽ ഈ സഹകരണവും, സുരക്ഷയും നഷ്‌ടപ്പെടുമെന്ന് അവർ ഭയപ്പെടുന്നു.

റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റിൽ ഇതിനകം തന്നെ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2020 മുതൽ പ്രദേശത്തിൽ ഗ്രൂപ്പ് ടൂറുകൾ നിരോധിച്ചിട്ടുണ്ട്. ഗൈഡുകൾ പുതിയ നിയന്ത്രണങ്ങളിൽ പാലിച്ചാൽ മാത്രമേ ടൂറുകൾ അനുവദിക്കൂ. പീക്ക് സീസണിൽ ഓരോ ദിവസവും നൂറിലധികം ആളുകളാണ് ഇവിടെ വരുന്നത് എന്നാണ് അനുമാനിക്കുന്നത്.  

Follow Us:
Download App:
  • android
  • ios