Asianet News MalayalamAsianet News Malayalam

ഉരുക്കിയ സ്വർണം വായിലൊഴിച്ചു കൊടുത്ത് കൊലപ്പെടുത്തിയ റോമൻ ചക്രവർത്തി

വലേറിയൻ മരിക്കുമ്പോൾ ആദ്യകാല ക്രിസ്ത്യൻ എഴുത്തുകാരനായ ലാക്റ്റാൻഷ്യസിന് 20 വയസ്സായിരുന്നു. പേർഷ്യക്കാരുടെ കൈയിൽ വലേറിയൻ ഒരു അടിമയായിരുന്നുവെന്ന് ലാക്റ്റാൻഷ്യസ് എഴുതി. 

Death in captivity Valerian
Author
Thiruvananthapuram, First Published Mar 9, 2021, 10:27 AM IST

വലിയ വലിയ യുദ്ധങ്ങളുടെയും, അതിൽ വിജയിച്ച രാജാക്കന്മാരുടെയും കഥകൾ ചരിത്രത്തിൽ നമ്മൾ കേട്ടിട്ടുണ്ടാകും. അതേസമയം പരാജയപ്പെട്ടവരുടെ കഥകൾ പലപ്പോഴും ചരിത്രത്തിന്റെ താളുകളിൽ നിന്ന് അപ്രത്യക്ഷമാകാറുണ്ട്. അവർക്ക് പിന്നീട് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക? ചിലർ വധിക്കപ്പെടും, മറ്റ് ചിലർ ഇരുമ്പഴിക്കുളിൽ കാലം കഴിക്കും. അത്തരത്തിൽ ശത്രുവിന്റെ കൈകളിൽ കൊടും പീഡനങ്ങൾ സഹിച്ച ഒരാളാണ് റോമൻ ചക്രവർത്തിയായ വലേറിയൻ. റോമൻ രാജാക്കന്മാരുടെ മരണത്തിൽ ഏറ്റവും നാടകീയവും നിർഭാഗ്യകരവുമായി കണക്കാക്കുന്ന ഒന്നാണ് വലേറിയന്റെ മരണം. അതേസമയം തന്റെ ഭരണകാലത്ത് ക്രിസ്തുമതപീഡനത്തിന് പേര് കേട്ടയാളാണ് ഇതേ വലേറിയൻ ചക്രവർത്തി. അന്ന് ഒരുപാട് ആളുകൾ അവിടെനിന്നും പലായനം ചെയ്തിട്ടുണ്ട്. 

പിന്നീട്, യുദ്ധത്തിൽ പേർഷ്യയിലെ സസ്സാനിയൻ രാജാവായ ഷാപൂർ ഒന്നാമൻ ചക്രവർത്തി വലേറിയനെ പിടികൂടി കസ്റ്റഡിയിലെടുത്തു. ഷാപൂരിന്റെ തടവിൽ വലേറിയന് കൊടിയ അപമാനവും, പീഡനങ്ങളും അനുഭവിക്കേണ്ടി വന്നു. വലേറിയനെ അവിടെ ജീവനോടെ തൊലി ഉരിക്കുകയും, കാലു വയ്ക്കാനുള്ള പീഠമായി ഉപയോഗിക്കുകയും മറ്റും ഉണ്ടായതായി പറയപ്പെടുന്നു. ബൈസന്റൈൻ ചരിത്രകാരനായ സോസിമസ് പറയുന്നതനുസരിച്ച്, പേർഷ്യക്കാർക്കിടയിൽ ഒരു അടിമയെ പോലെ വലേറിയൻ തന്റെ അവസാന ദിവസങ്ങൾ ചിലവഴിച്ചു. അതിൽ ഏറ്റവും ദാരുണമായ കാര്യം വലേറിയനെ വധിച്ച മാർഗ്ഗമാണ്. ഉരുക്കിയ സ്വർണ്ണം വായിലൊഴിച്ചു കൊടുത്താണ് വധശിക്ഷ നടപ്പാക്കിയതത്രെ.  

253 -ൽ വലേറിയൻ ചക്രവർത്തിയായപ്പോൾ റോം മൂന്നാം നൂറ്റാണ്ടിലെ പ്രതിസന്ധിയുടെ മധ്യത്തിലായിരുന്നു. 50 വർഷത്തിനിടയിൽ, സാമ്രാജ്യം ആകെ 50 വ്യത്യസ്ത ചക്രവർത്തിമാർ ഭരിച്ചു. പല ചക്രവർത്തിമാരും ഏതാനും മാസങ്ങൾ മാത്രമേ രാജ്യം ഭരിക്കുകയുണ്ടായുള്ളൂ. അവർ എതിരാളികളാലോ സ്വന്തം സൈനികരാലോ വധിക്കപ്പെട്ടു. വലേറിയൻ ഏഴ് വർഷം രാജ്യം ഭരിച്ചു. എന്നാൽ റോമിന്റെ ഏറ്റവും വലിയ ശത്രുവായ പേർഷ്യക്കാർ വലേറിയനെ കീഴടക്കി. പേർഷ്യയിലെ ഷാപൂർ ഒന്നാമൻ ആയിരുന്നു വലേറിയന്റെ എതിരാളി. ഷാപൂർ ആദ്യം മിസിചെ യുദ്ധത്തിൽ റോമൻ ചക്രവർത്തിയായ ഗോർഡിയൻ മൂന്നാമനെ വധിക്കുകയും തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയെ പരാജയപ്പെടുത്തുകയും അന്ത്യോക്യ നഗരം പിടിച്ചെടുക്കുകയും ചെയ്തു. എന്നിരുന്നാലും, 260 -ൽ എഡെസ്സ യുദ്ധത്തിൽ വലേറിയൻ ചക്രവർത്തിയെ കീഴടക്കിയതായിരുന്നു ഷാപൂരിന്റെ ഏറ്റവും വലിയ വിജയം.

വലേറിയൻ മരിക്കുമ്പോൾ ആദ്യകാല ക്രിസ്ത്യൻ എഴുത്തുകാരനായ ലാക്റ്റാൻഷ്യസിന് 20 വയസ്സായിരുന്നു. പേർഷ്യക്കാരുടെ കൈയിൽ വലേറിയൻ ഒരു അടിമയായിരുന്നുവെന്ന് ലാക്റ്റാൻഷ്യസ് എഴുതി. ഷാപ്പൂർ രാജാവ് വലേറിയനെ ഒരു പാദ പീഠമായി ഉപയോഗിച്ചിരുന്നുവെന്നും ലാക്റ്റാൻഷ്യസ് എഴുതി. “പേർഷ്യക്കാരുടെ രാജാവ്, അദ്ദേഹത്തെ തടവുകാരനാക്കി. വലേറിയന്റെ പുറത്ത് ചവിട്ടിയാണ് ഷാപ്പൂർ രാജാവ് വണ്ടിയിലോ,  കുതിരപ്പുറത്തോ കയറിയിരുന്നത്" അദ്ദേഹം എഴുതി. ഷാപൂർ രാജാവിന് ഒടുവിൽ വലേറിയനെ അപമാനിച്ച് മടുത്തപ്പോൾ വലേറിയനെ വധിക്കാൻ തീരുമാനിച്ചു. അതിന് ഏറ്റവും വേദനാജനകമായ മാർഗ്ഗം തന്നെ ചക്രവർത്തി തെരഞ്ഞെടുത്തു. ഉരുക്കിയ സ്വർണം തൊണ്ടയിൽ നിന്ന് താഴേക്ക് ഒഴിച്ചു കൊടുത്തു. ഇത് വലേറിയന്റെ അവയവങ്ങൾ വെന്ത് ഉരുകാനും, ശ്വാസകോശം നശിക്കാനും, ശ്വാസം മുട്ടാനും കാരണമായി.  

ലാക്റ്റാൻ‌ഷ്യസ് പറഞ്ഞ മറ്റൊരു മരണ കാരണം, വലേറിയനെ ജീവനോടെ തൊലിയുരിച്ചതാണ്. തുടർന്ന് ആ തൊലിയിൽ വൈക്കോൽ നിറച്ച്, സ്റ്റഫ് ചെയ്ത് വയ്ക്കുകയും ചെയ്‌തു. സ്റ്റഫ് ചെയ്ത വലേറിയൻ രൂപം പേർഷ്യൻ വിജയത്തിന്റെ പ്രതീകമായും റോമാക്കാർക്ക് അവരുടെ ശക്തിയെക്കുറിച്ച് കൂടുതൽ ആത്മവിശ്വാസമുണ്ടാകാതിരിക്കാനുള്ള ഓർമ്മപ്പെടുത്തലായും നിലകൊണ്ടു. പേർഷ്യക്കാർക്ക് ഇത് വളരെയധികം ഇഷ്ടപ്പെട്ടു. വലേറിയനെതിരായ ഷാപൂർ രാജാവിന്റെ വിജയം ഇറാനിലെ ഫാർസിലെ നഖി-ഇ റുസ്താമിലെ പാറകളിൽ അവർ കൊത്തിവച്ചു. വലേറിയന്റെ മരണശേഷം, അദ്ദേഹത്തിന്റെ മകനെ സ്വന്തം സൈന്യം വധിച്ചു. മൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇതുപോലെ ഒരു ഡസനിലധികം റോമൻ ചക്രവർത്തിമാർ കൊല്ലപ്പെടുകയോ, യുദ്ധത്തിൽ മരണമടയുകയോ ചെയ്തു.

(ചിത്രം: വിക്കിപീഡിയ/ The Humiliation of Emperor Valerian by Shapur I, pen and ink, Hans Holbein the Younger, ca. 1521. Kunstmuseum Basel.)

Follow Us:
Download App:
  • android
  • ios