ദക്ഷിണ കൊറിയൻ തലസ്ഥാന നഗരിയായ സോളിന്റെ മേയർ പാർക്ക് വോൺ സൂണിന്റെ ആത്മഹത്യ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ടോടെ സൂണിനെ കാണാനില്ലെന്ന്  മകൾ പോലീസിൽ പരാതിപ്പെട്ടിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കയാണ് അദ്ദേഹത്തിന്റെ മൃതദേഹം വസതിക്ക് പിൻവശത്തുള്ള മലഞ്ചെരുവിൽ നിന്ന് കണ്ടെടുത്തത്. എന്താണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല എങ്കിലും, വസതിയിൽ നിന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് മേയർ ജീവനൊടുക്കുകയായിരുന്നു എന്ന നിഗമനത്തിലേക്ക് സോൾ പൊലീസ് എത്തിച്ചേർന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് മേയറുടെ മുൻ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് അദ്ദേഹത്തിനെതിരെ ഒരു ലൈംഗിക പീഡന പരാതി ഉയർന്നുവന്നത്. ആ പരാതിക്കു ശേഷം മേയർക്കെതിരെ ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യപ്പെടുകയുണ്ടായി. അതിന്മേൽ അന്വേഷണം പുരോഗമിക്കെ ആയിരുന്നു മേയറുടെ ആത്മാഹുതി. 

"എല്ലാവരും എന്നോട് പൊറുക്കണം" എന്ന് തുടങ്ങുന്ന ആ ആത്മഹത്യാക്കുറിപ്പ്. "എന്റെ ജീവിതത്തിൽ ഇന്നോളം കൂടെ നിന്ന എല്ലാവർക്കും നന്ദി. എന്റെ കുടുംബത്തെയോർത്ത് എനിക്ക് സങ്കടമുണ്ട്, കാരണം എന്റെ മരണം അവരെ വല്ലാതെ വേദനിപ്പിച്ചേക്കും, എനിക്കറിയാം" എന്നാണ് നിർത്തുന്നത്. 

 

 

മരിക്കും മുമ്പുവരെ വളരെ ഊർജസ്വലമായ ഒരു ജനനേതാവായിട്ടായിരുന്നു പാർക്ക് വോൺ സൂൺ അറിയപ്പെട്ടിരുന്നത്. 1986 -ൽ കൊറിയൻ പട്ടണമായ ബുക്കിയോണിൽ പൊലീസിനാൽ ബലാത്സംഗം ചെയ്യപ്പെട്ട ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയ്ക്ക് നീതി നേടിക്കൊടുക്കാൻ വേണ്ടി ഒരുമിച്ച അഭിഭാഷകരുടെ സംഘത്തെ നയിച്ചുകൊണ്ടാണ് ആക്ടിവിസത്തിന്റെ പാതയിലേക്ക് പാർക്ക് എത്തുന്നത്. ബലാത്സംഗം ചെയ്ത പൊലീസുകാരനെ ഇരുമ്പഴികൾക്കുള്ളിലാക്കാൻ അന്ന് അവർക്ക് സാധിച്ചു. ദക്ഷിണ കൊറിയയിൽ അധികാരികൾക്കെതിരെ ഒരു ലൈംഗിക പീഡനാരോപണം ഉന്നയിച്ച് അത് കോടതിയിൽ വിജയകരമായി വാദിച്ച്, പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്ന ആദ്യത്തെ കേസ് എന്ന നിലയ്ക്ക് ചരിത്രപ്രധാനമായിരുന്നു പാർക്കിന്റെ ആ ഇടപെടൽ. 

ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് നിയമത്തിലും, യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ നിന്ന് പൊളിറ്റിക്കൽ സയൻസിലും ബിരുദങ്ങൾ കരസ്ഥമാക്കിയ പാർക്ക് വോൺ സൂൺ ഹാർവാർഡ് സർവകലാശാലയുടെ ഹ്യൂമൻ റൈറ്റ്സ് പ്രോഗ്രാമിലെ വിസിറ്റിങ് റിസർച്ച് ഫെലോയും ആയിരുന്നു. ആക്ടിവിസത്തിന്റെ പാതയിലൂടെ സഞ്ചരിച്ച് അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളിൽ എത്തിയ ആളാണ് പാർക്ക്. ചെറുപ്പത്തിൽ അന്നത്തെ പ്രസിഡന്റായിരുന്ന പാർക്ക് ചുങ് ഹീ എന്ന സൈനിക സ്വേച്ഛാധിപതിക്കെതിരെ സമരം ചെയ്തതിന്റെ പേരിൽ ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം. 

പീപ്പിൾസ് സോളിഡാരിറ്റി ഫോർ പാർട്ടിസിപ്പേറ്ററി ഡെമോക്രസി പോലുള്ള കൊറിയൻ ജനാധിപത്യ മനുഷ്യാവകാശ സംഘടനകളുടെ ഭാഗമായിരുന്ന പാർക്ക്  2011 -ലാണ് കനത്ത ഭൂരിപക്ഷത്തോടെ സോളിന്റെ മേയറായി തെരഞ്ഞെടുക്കപ്പെടുന്നത്. അന്ന് അതൊരു വിപ്ലവമായിരുന്നു. കാരണം, രാഷ്ട്രീയത്തിൽ യാതൊരു മുൻപരിചയവുമില്ലാതിരുന്ന പാർക്ക് വോൺ സൂണിനെ ഭരണപക്ഷം തന്നെ അധികാരത്തിലേക്ക് കൈപിടിച്ചു കയറ്റിയത് പലർക്കും ഒട്ടും രുചിച്ച ഒന്നായിരുന്നില്ല. അത് പരമ്പരാഗതമായ രാഷ്ട്രീയത്തിൽ നിന്നുള്ള ഒരു വ്യതിയാനമായിരുന്നു. മേയർ സ്ഥാനത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പാർക്ക് നിരവധി വികസന പ്രോജക്റ്റുകൾ നടപ്പിലാക്കി. 2014 -ലും 2018 -ലും പാർക്കിനെ വീണ്ടും മേയറാക്കി ജനം അദ്ദേഹത്തിന്റെ ഭരണത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു. അങ്ങനെ മൂന്നുവട്ടം തുടർച്ചയായി മേയർ ആയി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ കൊറിയൻ പൗരനായി പാർക്ക് മാറിയിരുന്നു.

 

 

ഇപ്പോഴത്തെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നിന്റെ കാലാവധി 2022 -ൽ അവസാനിക്കുമ്പോൾ അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരനായിപ്പോലും പാർക്ക് വോൺ സൂൺ കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ, സ്വന്തം സെക്രട്ടറിയുടെ ഭാഗത്തു നിന്ന് കഴിഞ്ഞ ദിവസമുണ്ടായ ലൈംഗികാതിക്രമ പരാതി അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ ക്ളീൻ ഇമേജിന് കളങ്കംചാർത്തുന്ന ഒന്നായിരുന്നു. അതുകൊണ്ടുതന്നെ, മേയർ ജീവനൊടുക്കിയപ്പോൾ ഉയർന്നുവന്നതും സമ്മിശ്രപ്രതികരണങ്ങളായിരുന്നു. ഒരുവശത്ത്,  പരിണിതപ്രജ്ഞനായ ഒരു ഭരണാധികാരിയുടെ അകാലത്തിലുള്ള വിയോഗത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് നിരവധി അനുയായികൾ അദ്ദേഹത്തിന്റെ വസതിയിൽ എത്തിച്ചേർന്നപ്പോൾ, മറുവശത്ത്, മേയർക്കെതിരായ ലൈംഗിക പീഡനാരോപണങ്ങളുടെ വസ്തുത ഇനി ഒരിക്കലും വിചാരണയ്ക്ക് വിധേയമാകില്ല എന്ന സങ്കടം പരാതി നൽകിയ പെൺകുട്ടിയും ബന്ധുക്കളും പ്രകടിപ്പിച്ചു. ദക്ഷിണ കൊറിയൻ നിയമം അനുസരിച്ച് കുറ്റാരോപിതർ മരണപ്പെട്ടാൽ അവർക്കെതിരെ പിന്നെ വിചാരണയുമായി മുന്നോട്ട് നീങ്ങാൻ  നീതിപീഠത്തിന് സാധിക്കില്ല. 

OECD  ഡാറ്റ പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണ കൊറിയ. അതുപോലെ നിരവധി ലൈംഗിക പീഡന ആരോപണങ്ങളും രാജ്യത്തെ എന്റർടെയ്ൻമെന്റ്, സ്പോർട്സ്, കോടതി രംഗങ്ങളിൽ നിന്ന് ഉയർന്നു വന്നിട്ടുമുണ്ട്. പ്രസിദ്ധരായ നിരവധി രാഷ്ട്രീയ നേതാക്കളും  കഴിഞ്ഞ വർഷങ്ങളിൽ ലൈംഗിക ചൂഷണ പരാതികളുടെ പേരിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. 

 

 

കളങ്കിതനായ മേയർക്ക് ബഹുമതികളോട് കൂടിയ, ഔദ്യോഗിക ചടങ്ങുകളുടെ അകമ്പടിയോടുകൂടി സിറ്റി ഫ്യൂണറൽ നൽകാൻ പാടില്ല എന്നാവശ്യപ്പെട്ടുകൊണ്ട് മൂന്നര ലക്ഷത്തോളം പേർ ഒപ്പുവെച്ച പരാതി ഓൺലൈൻ ആയി ഉയർന്നു വന്നിട്ടുണ്ട്. അങ്ങനെ ചെയ്യുന്നത് വളരെ മോശം സന്ദേശമാണ് സമൂഹത്തിന് നൽകുക എന്ന് കുറ്റം ആരോപിക്കുന്നവർ പറയുന്നു. എന്നാൽ, തങ്ങളുടെ പ്രിയപ്പെട്ട പാർക്ക് വോൺ സൂൺ നിരപരാധിയായിരുന്നു എന്നും, ദുരാരോപണങ്ങൾ ഉയർത്തി മനസ്സു വിഷമിപ്പിച്ച് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവർ ഇനിയും ദുഷ്പ്രചാരണങ്ങളുമായി ഇറങ്ങിയാൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും മേയറുടെ മകൾ അടക്കമുള്ള ബന്ധുക്കൾ പറഞ്ഞു.