Asianet News MalayalamAsianet News Malayalam

'കഴുകന്മാരുടെ എണ്ണം കുറയുന്നത് ഇന്ത്യയിൽ 1 ലക്ഷം മനുഷ്യമരണങ്ങൾക്ക് കാരണമായേക്കാം': പഠനം

ഗവേഷകരായ ഇയാൽ ഫ്രാങ്ക്, അനന്ത് സുദർശൻ എന്നിവരുടെ പുതിയ പഠനമനുസരിച്ച്, കഴുകന്മാരുടെ എണ്ണം ഇങ്ങനെ കുറയുന്നത് പരോക്ഷമായി നിരവധിക്കണക്കിന് മനുഷ്യ മരണങ്ങൾക്ക് കാരണമായിട്ടുണ്ട് എന്നാണ് പറയുന്നത്.

decline of vultures may causes one lakh additional human deaths in india study
Author
First Published Aug 11, 2024, 1:42 PM IST | Last Updated Aug 11, 2024, 1:42 PM IST

ഒരുകാലത്ത് ഇന്ത്യയിലുടനീളം കഴുകന്മാർ സാധാരണമായിരുന്നു, കന്നുകാലികളുടെ ശവശരീരങ്ങൾ തുരന്ന് പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിൽ അവ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അവയുടെ എണ്ണത്തിലുണ്ടായ  ഇടിവ് വന്യജീവികളിലും മനുഷ്യൻ്റെ ആരോഗ്യത്തിലും പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് ജീവശാസ്ത്ര പഠനങ്ങൾ പറയുന്നത്.

ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച്, 1990 -കളുടെ മധ്യത്തിൽ ഇന്ത്യയിൽ 50 ദശലക്ഷം ഉണ്ടായിരുന്ന കഴുകമാരുടെ എണ്ണത്തിൽ കുത്തനെയുള്ള ഇടിവാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. രോഗബാധിതരായ കന്നുകാലികളെ ചികിത്സിക്കുന്നതിനായി ഡിക്ലോഫെനാക് എന്ന നോൺ-സ്റ്റിറോയ്ഡൽ ആൻറി-ഇൻഫ്ലമേറ്ററി മെഡിസിൻ (NSAID) ൻ്റെ വിപുലമായ ഉപയോഗമാണ് കഴുകന്മാരുടെ വംശനാശത്തിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഈ മരുന്ന് കുത്തിവെച്ച് ചികിത്സിച്ച മൃഗങ്ങളുടെ ജഡം കഴിച്ച കഴുകന്മാർ അവയുടെ വൃക്ക തകരാറിൽ ആയതിനെ തുടർന്ന് വ്യാപകമായി ചത്തൊടുങ്ങി എന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്.

ഡിക്ലോഫെനാക്( Diclofenac) വ്യാപകമായി ലഭ്യമാകുന്നതും വിലകുറഞ്ഞതും 15 മിനിറ്റിനുള്ളിൽ ഫലം കണ്ടു തുടങ്ങുന്നത് ആയിരുന്നു. അതുകൊണ്ടുതന്നെ 1994 മുതൽ വെറ്ററിനറി മെഡിസിനിൽ ഡിക്ലോഫെനാക് വ്യാപകമായി ഉപയോഗിക്കപ്പെട്ടു. മൃഗങ്ങളിൽ ഉണ്ടാകുന്ന മുറിവുകൾ, വീക്കം, പനി എന്നിവയ്ക്ക്  ഏറെ ഫലപ്രദമായിരുന്ന ഡിക്ലോഫെനാക് വളരെ വേഗത്തിലാണ് കർഷകർക്കിടയിൽ ഏറെ സ്വീകാര്യതയുള്ള മരുന്നായി മാറിയത്.

എന്നാൽ അപ്രതീക്ഷിതമായ മറ്റൊരു കാര്യത്തിന് ഈ മരുന്ന് വഴി തുറക്കുമെന്ന് ആരും കരുതിയിരുന്നില്ല. മരുന്ന് ഉപയോഗിച്ച് മൃഗങ്ങളുടെ മൃതദേഹങ്ങൾ കഴിച്ച ഇന്ത്യൻ കഴുകന്മാർ കൂട്ടത്തോടെ ചത്തുതുടങ്ങി. ഇന്ത്യയിലെ കഴുകന്മാരുടെ എണ്ണം ഏതാണ്ട് തുടച്ചുനീക്കപ്പെട്ടു.  2000 -ൻ്റെ തുടക്കത്തിൽ കഴുകന്മാർ വിരളമായി. 

ഗവേഷകരായ ഇയാൽ ഫ്രാങ്ക്, അനന്ത് സുദർശൻ എന്നിവരുടെ പുതിയ പഠനമനുസരിച്ച്, കഴുകന്മാരുടെ എണ്ണം ഇങ്ങനെ കുറയുന്നത് പരോക്ഷമായി നിരവധിക്കണക്കിന് മനുഷ്യ മരണങ്ങൾക്ക് കാരണമായിട്ടുണ്ട് എന്നാണ് പറയുന്നത്. ‘ദി സോഷ്യൽ കോസ്റ്റ് ഓഫ് കീസ്റ്റോൺ സ്പീഷീസ് കൊളാപ്സ്: എവിഡൻസ് ഫ്രം ദ ഡിക്ലൈൻ ഓഫ് വൾച്ചേഴ്സ് ഇൻ ഇന്ത്യ’ എന്ന് ഇവരുടെ പഠനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.

2000 നും 2005 നും ഇടയിൽ, കഴുകന്മാരുടെ കുറവ് പ്രതിവർഷം 100,000 അധിക മനുഷ്യ മരണങ്ങൾക്ക് കാരണമായതായാണ് ഫ്രാങ്കും സുദർശനും തങ്ങളുടെ പഠനത്തിൽ പറയുന്നത്. ഫ്രാങ്കിൻ്റെയും സുദർശൻ്റെയും അഭിപ്രായത്തിൽ, കഴുകന്മാരുടെ ഒരു കൂട്ടത്തിന് 385 കിലോഗ്രാം ഭാരമുള്ള  ഒരു ജഡം 40 മിനിറ്റിനുള്ളിൽ എല്ലുകളാക്കാൻ കഴിയും. കഴുകന്മാരുടെ അത്രയും വേഗത്തിൽ ഇത് ചെയ്യാൻ കഴിയില്ലെങ്കിലും ഇന്ന് ജഡങ്ങൾ തേടിയെത്തുന്നത് നായ്ക്കളും എലികളും ആണ്. 

മൃഗങ്ങളുടെ മൃതദേഹങ്ങൾ ദഹിപ്പിക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്നത് ഭാരിച്ച ചെലവേറിയ പണി ആയതുകൊണ്ട് തന്നെ പലരും അതിന് മുതിരാറുമില്ല. സാധാരണയായി ആളൊഴിഞ്ഞ ഇടങ്ങളിൽ ഉപേക്ഷിക്കുകയാണ് പതിവ്. അവിടെക്കിടന്ന് ചീഞ്ഞളിയുന്ന ഇത്തരം ജഡങ്ങളിൽ നിന്ന് വിവിധതരത്തിലുള്ള അണുക്കൾ മണ്ണിലും ജലാശയത്തിലും കലരുന്നതിനും കാരണമാകുന്നു. ക്രമേണ അണുക്കൾ മനുഷ്യരിലേക്കും എത്തുകയും പലവിധ രോഗങ്ങൾക്കും അകാലമരണങ്ങൾക്കും വഴിതുറക്കുകയും ചെയ്യുന്നു എന്നാണ് പഠനത്തിൽ പറയുന്നത്.

കഴുകന്മാരുടെ എണ്ണം കുറയുന്നതിന് മുമ്പും ശേഷവും മരണനിരക്കിനെക്കുറിച്ച് ഫ്രാങ്കും സുദർശനും സമഗ്രമായ ഗവേഷണം നടത്തി. കഴുകന്മാരുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങളിലും ഇല്ലാത്ത സ്ഥലങ്ങളിലും പ്രത്യേക പഠനങ്ങൾ നടത്തിയാണ് ഇത്തരം ഒരു നിഗമനത്തിലേക്ക് ഇവർ എത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios