ബാങ്കോക്ക്: തായ്ലന്‍ഡിലെ ദേശീയ ഉദ്യാനത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കാട്ടുമാനിന്റെ ശരീരത്തില്‍നിന്നും ലഭിച്ചത് ഏഴ് കിലോ പ്ലാസ്റ്റിക്. തലസ്ഥാനമായ ബാങ്കോക്കിന് 630 കിലോമീറ്റര്‍ (390 മൈല്‍) വടക്ക് നാന്‍ പ്രവിശ്യയിലെ ഖുന്‍ സതാന്‍ ദേശീയ ഉദ്യാനത്തിലാണ് 10 വയസുള്ള ഈ മാനിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോഴാണ് അകത്തുള്ള പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയത്. മാനിന്റെ വയറ്റില്‍ നിരവധി പ്ലാസ്റ്റിക് ബാഗുകള്‍ കണ്ടെത്തി. ഈ പ്ലാസ്റ്റിക്  ബാഗുകളില്‍ കാപ്പി കുരുക്കള്‍, ഇന്‍സ്റ്റന്റ് നൂഡില്‍ പാക്കുകള്‍, മാലിന്യ സഞ്ചികള്‍, തൂവാലകള്‍, അടിവസ്ത്രങ്ങള്‍ എന്നിവ ഉള്ളതായും കണ്ടെത്തി.  പ്ലാസ്റ്റിക് കഴിച്ചതാണ് മരണ കാരണമായതെന്ന് ദേശീയ പാര്‍ക്ക് സംരക്ഷിത മേഖല ഡയറക്ടര്‍ ക്രിയാങ്സക് താനോംപുന്‍ പറഞ്ഞു. 

ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് ഉപഭോക്താക്കളിലൊന്നാണ് തായ്ലന്‍ഡ്. ഒരു തായ് പൗരന്‍ ശരാശരി 3,000 സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ബാഗുകളാണ പ്രതിവര്‍ഷം ഉപയോഗിക്കുന്നതെന്നാണ് കണക്ക്. കടലാമകള്‍, കടല്‍പ്പശുക്കള്‍ തുടങ്ങിയവ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാരണം മരിക്കുന്നത് ഇവിടെ പതിവാണ്. 

കുറച്ചു മാസങ്ങള്‍ക്കു മുന്‍പാണ് മറിയം എന്ന് ഓമനപ്പേരുള്ള കുഞ്ഞുകടല്‍പ്പശു പ്ലാസ്റ്റിക് അകത്തുചെന്ന് മരിച്ചത്. പ്ലാസ്റ്റിക് കഷണങ്ങള്‍  നിറഞ്ഞ് വയറ്റില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഇതൊരു വലിയ വാര്‍ത്തയായിരുന്നു. അതിനു പിന്നാലെയാണ് കാട്ടുമാനിന്റെ ദുരന്തം.