നിലവിൽ 1,000 -ത്തോളം പേർ ഈ സേവനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. 1,000 പേരും മുഴുവൻ തുകയും നൽകുകയാണെങ്കിൽ, ഈ ജ്യോതിഷിയുടെ വാർഷിക വരുമാനം 2.5 കോടി രൂപ വരും.
ഡെൽഹിയിലെ ഒരു ജ്യോതിഷിയുടെ വാർഷിക ഫീസിനെ കുറിച്ചും ബിസിനസിനെ കുറിച്ചും എക്സിൽ പങ്കുവെച്ചിരിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. നീതു ഖണ്ഡേൽവാൾ എന്ന യൂസറാണ് പോസ്റ്റ് ഷെയർ ചെയ്തത്. ഒരു ബന്ധുവിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും നീതു പറയുന്നുണ്ട്. വർഷത്തിൽ 30 മിനിറ്റ് വീതം മൂന്ന് തവണ കാണുന്നതിന് 25,000 രൂപയാണ് ഇദ്ദേഹം ഈടാക്കുന്നത്.
നിലവിൽ 1,000 -ത്തോളം പേർ ഈ സേവനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. 1,000 പേരും മുഴുവൻ തുകയും നൽകുകയാണെങ്കിൽ, ഈ ജ്യോതിഷിയുടെ വാർഷിക വരുമാനം 2.5 കോടി രൂപ വരും. 'ആളുകളുടെ പ്രശ്നങ്ങൾ കേൾക്കാനും വിജയം നേടാനായി എന്തെങ്കിലും കാര്യങ്ങൾ നിർദ്ദേശിക്കാനുമായി ഈ ജ്യോതിഷി വർഷത്തിൽ 2.5 കോടി രൂപ സമ്പാദിക്കുന്നു. എനിക്ക് ഈ ബിസിനസ് ഇഷ്ടപ്പെട്ടു. നിങ്ങൾ ജ്യോതിഷത്തിൽ വിശ്വസിക്കുന്നുണ്ടോ?' എന്നാണ് നീതു ഖണ്ഡേൽവാൾ കുറിച്ചത്.
ഈ പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ജ്യോതിഷ സേവനങ്ങൾ നൽകുന്നത് വഴി എത്രത്തോളം വരുമാനം ഉണ്ടാക്കാം എന്നാണ് ചിലർ ചൂണ്ടിക്കാണിച്ചത്. ജ്യോതിഷ മേഖലയെ സംബന്ധിച്ച് ഈ ഫീസ് വലിയ തുകയല്ലെന്നായിരുന്നു മറ്റ് പലരുടേയും അഭിപ്രായം. 'ജ്യോതിഷം ഒരു ശാസ്ത്രമാണ്. ഞാൻ ജ്യോതിഷത്തിൽ വിശ്വസിക്കുന്നുണ്ട്, പക്ഷേ ഭൂരിഭാഗം ജ്യോതിഷികളേയും വിശ്വാസമില്ല. കയ്യിൽ ഉള്ളത് എന്തായാലും നമ്മെ തേടിവരും' എന്നായിരുന്നു ഒരാൾ അഭിപ്രായപ്പെട്ടത്.
'വിജയത്തിനും പരാജയത്തിനും എപ്പോഴും 50 ശതമാനം സാധ്യതയുണ്ട്. ജ്യോതിഷിയെ കാണാൻ പോകുന്നവരിൽ 50 പേർക്കും എങ്ങനെയെങ്കിലും വിജയം ലഭിക്കും! ഇവരെല്ലാം തന്നെ ജ്യോതിഷിയെ പ്രശസ്തനാക്കാൻ ധാരാളമാണ്' എന്ന് മറ്റൊരാൾ കുറിച്ചു. 'വലിയ തുക സമ്പാദിക്കാൻ ഭാഗ്യം സിദ്ധിച്ച അപൂർവ്വം ചിലരിൽ ഒരാളാണ് അദ്ദേഹം' എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.
