വര്‍ഗീയ കലാപം നടക്കുന്ന ദില്ലിയിലെ മൗജ്പൂരില്‍ കണ്ട ഞെട്ടിക്കുന്ന കാഴ്ചകള്‍. ഫസ്റ്റ് പോസ്റ്റ് പോര്‍ട്ടലിലെ മാധ്യമപ്രവര്‍ത്തകയായ ഇസ്മത് അറ എഴുതിയ കുറിപ്പിന്റെ സ്വതന്ത്ര വിവര്‍ത്തനം. കടപ്പാട് ഫസ്റ്റ് പോസ്റ്റ്  

 

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയ വടക്കന്‍ ദില്ലിയിലെ പ്രദേശങ്ങളിലൊന്നായ മൗജ്പുരില്‍ എത്തുമ്പോള്‍ വിവിധ കൂട്ടങ്ങളായി ചിന്നിച്ചിതറിയ ജനങ്ങളെയാണ് കണ്ടത്. സ്ഥലത്തെ പീഡനങ്ങളെയും ചോദ്യം ചെയ്യലുകളെയും കുറിച്ച് മറ്റ് മാധ്യമപ്രവര്‍ത്തകര്‍ എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ ഞാന്‍ മൊബൈല്‍ ഫോണ്‍ പുറത്തെടുത്തില്ല, മുന്നോട്ടുനടന്നു.

എന്നാലും ഞാന്‍ ഒരാളെ തടഞ്ഞുനിര്‍ത്തി. 'അവിടെ ലഹള നടക്കുകയാണ്. അവിടെ എല്ലാം നടക്കുന്നുണ്ട്. നേരില്‍ കണ്ടറിഞ്ഞോ.'

സഹോദരാ...എന്താണ് സംഭവിക്കുന്നത് എന്ന എന്റെ ചോദ്യത്തിന് ഒരു പരിഹാസച്ചിരിയോടെ അയാള്‍ മറുപടി പറഞ്ഞു.

റോഡിന്റെ ഒരുവശത്ത് എറിയാനുള്ള കല്ല് അടുക്കിവെച്ചിരിക്കുന്നു.

ഞാന്‍ നടന്നുകൊണ്ടിരുന്നു. എന്തിന് ഇവിടെവന്നു എന്ന് ആരെങ്കിലും ചോദിച്ചാല്‍ പറയാനുള്ള ഹിന്ദു പേരുകളും കാരണവും ഞാനും എന്നെ അവിടെയെത്തിച്ച സുഹൃത്ത് താരീഖും കണ്ടുവെച്ചിരുന്നു. ഞാനിവിടെ അതിഥിയായി താമസിക്കുന്നു എന്നുപറയാനാണ് കരുതിയത്.

200 മീറ്റര്‍ പിന്നിട്ടതും കാവി വസ്ത്രമണിഞ്ഞ ഒരു പുരോഹിതനെ ശ്രവിക്കുന്ന ഒരു വലിയ കൂട്ടത്തെ ഞാന്‍ കണ്ടു. 'മുകളില്‍ നിന്നുള്ള ഉത്തരവാണ്, കാണുന്ന മുസ്ലീംകളെയെല്ലാം കൊന്നുകളയുക'. അയാള്‍ പറയുന്നത് ഞാന്‍ കൃത്യമായി കേട്ടു. ഞാന്‍ അമ്പരന്നു, ഭയന്നുവിറച്ചു. അയാള്‍ ആരാണെന്ന് കൂട്ടത്തിലെ ഒരാളാട് ചോദിച്ചു. അടുത്ത അമ്പലത്തിലെ പൂജാരിയാണ്. നിങ്ങളാരാണ്...?'

ഞാനിവിടെ അടുത്ത് താമസിക്കുന്നയാളാണ്, ഞാന്‍ മറുപടി നല്‍കി. നിങ്ങളെ അകത്തേക്ക് വിടാം എന്ന് അയാളും.

എന്റെ സുരക്ഷ ഞാന്‍ തന്നെ നോക്കിക്കോളാം എന്നുപറഞ്ഞ് ഞാനവിടെ നിന്ന് രക്ഷപെട്ടു. മൗജ്പുരിലെ ഒരു ഇടനാഴിയിലൂടെ ഞാന്‍ നീങ്ങി. ഞാന്‍ അകത്തേക്ക് നടക്കുമ്പോള്‍ എന്റെ ഫോണ്‍ റിങ് ചെയ്തു. അത് താരീഖായിരുന്നു, ആ ബഹളങ്ങള്‍ക്കിടയില്‍ അവന്‍ അപ്രത്യക്ഷനായിരുന്നു.

നിങ്ങളാരാണ് എന്നുമാത്രമാണ് അവിടെ കണ്ടവര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. പലപ്പോഴും കബളിപ്പിച്ച് കടന്നുകളയാന്‍ കഴിഞ്ഞെങ്കിലും അവരെന്നെ പിന്തുടരുന്നതായി തോന്നി. തിരിഞ്ഞുനോക്കുമ്പോള്‍ ആ കൂട്ടത്തിലെ നാല് പേര്‍ പിന്തുടരുന്നതായി കണ്ടു.

മൗജ്പുരിലെ ഇടവഴിയിലൂടെ ഒരു കിലോമീറ്ററെങ്കിലും നടന്നിട്ടുണ്ടാകും. തമ്പടിച്ച പുരുഷന്‍മാരെ അകറ്റാന്‍ ഞാന്‍ ചുറ്റുംകറങ്ങി. കുറച്ച് സ്ത്രീകള്‍ ഇരിക്കുന്ന ഒരു വീടിനരികെ ഞാന്‍ നടത്തം നിര്‍ത്തി. സ്ത്രീകളുമായി സംസാരിക്കുന്നത് കണ്ടപ്പോള്‍ അവര്‍ക്ക് മനസിലായിക്കാണും ഞാനവിടത്തുകാരിയല്ലെന്ന്, എന്നെ പിടികൂടി.

'നിങ്ങള്‍ മാധ്യമസ്ഥാപനത്തില്‍ നിന്ന് വന്നതാണോ, പറയൂ...എന്തിനാണ് നീ കള്ളം പറയുന്നത്, ഞങ്ങളുടെ പണ്ഡിറ്റ്ജീയെ കുറിച്ച് ചോദിച്ചത്'. അവര്‍ അലറിക്കൊണ്ട് ചോദിച്ചു... 'എന്തിന് പണ്ഡിറ്റ്ജീയെ കുറിച്ച് ചോദിച്ചു'. മാപ്പുപറഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു. ഇവിടെയുള്ള ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് വന്നതാണ്. പക്ഷേ, അവള്‍ എന്റെ ഫോണ്‍ എടുക്കുന്നില്ല. എന്നെ വിട്ടയക്കാന്‍ അവിടുണ്ടായിരുന്ന സ്ത്രീകള്‍ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം അവര്‍ പോയി. അവിടെനിന്ന് നടന്നകലുമ്പോഴും അവര്‍ ചോദിച്ചുകൊണ്ടിരുന്നു, 'എന്തിനാണ് ഞങ്ങളുടെ പണ്ഡിറ്റ്ജിയെ കുറിച്ച് ചോദിച്ചത്', നിങ്ങളാരാണ്'.

അവിടെനിന്ന് എത്രയുംവേഗം പോകാന്‍ ശ്രമിച്ചു. 100 മീറ്റര്‍ കൂടി കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ എന്റെയടുത്തെത്തി. അതേ സംഘത്തില്‍ നിന്നായിരുന്നു അയാളും. 'നിങ്ങള്‍ക്ക് താമസസ്ഥലത്തേക്കാണോ (പിജി) പോകേണ്ടത്. ഏത് സ്ഥാപനം, പേരെന്താ, നിങ്ങളുടെ സുഹൃത്തിന്റെ പേരും പറയൂ'.

ഞാന്‍ പറഞ്ഞു... അവളെന്റെ ഫോണ്‍ എടുക്കുന്നില്ല. ഞാന്‍ കുറച്ചുകഴിഞ്ഞ് വരാം. മെട്രോ സ്റ്റേഷനിലേക്കുള്ള വഴി പറഞ്ഞുതരൂ. വൈമനസ്യത്തോടെയും സംശയാസ്പദമെങ്കിലും അയാള്‍ വഴിപറഞ്ഞു തന്നു, കഴിയുന്നയത്ര വേഗത്തില്‍ ഞാനവിടെ നിന്ന് നടന്നു.

 

....................................................

ഞാനൊരു മാധ്യമപ്രവര്‍ത്തകയാണെന്ന് ആളുകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നെനിക്ക് ബോധ്യമായി.

....................................................

 

മൗജ്പുരിലെ ഇടങ്ങളില്‍ 30 മിനുറ്റോളം ചിലവഴിച്ച ശേഷം ഞാന്‍ പ്രധാന റോഡിലെത്തി. മൗജ്പുരിന്റെ ഇടവഴികളിലായിരുന്നപ്പോള്‍ ലാത്തിയുമായി കൂട്ടംകൂടിനില്‍ക്കുന്ന, എന്നെ സംശയത്തോടെ നിരീക്ഷിക്കുന്ന വിവിധ സംഘങ്ങളെ കണ്ടിരുന്നു. അപ്പോഴാണ് താരീഖ് എന്നെ വീണ്ടും വിളിച്ചത്.

'ജീവിതത്തിലെ ഏറ്റവും മോശം ദിനമാണ് ഞാന്‍ അനുഭവിച്ചത്. പെട്രോള്‍ പമ്പുകള്‍ കത്തിയമര്‍ന്നിരിക്കുന്നു. ടയറുകള്‍ കത്തിക്കുന്നു, അത് ആളുകള്‍ക്ക് നേരെ വലിച്ചെറിയുന്നു. വടിയും കമ്പികളുമായി ആളുകള്‍, പൊലീസ് ആരെയും നിയന്ത്രിക്കുന്നില്ല. കൊല്ലാനുള്ള മാരകായുധങ്ങളുമായാണ് ആളുകള്‍ സംഘടിച്ചിരിക്കുന്നത്. അവിടെനിന്ന് എത്രയും വേഗം പുറത്തുകടക്കണം. ഇത് അവരുടെ തട്ടകമാണ്. നിങ്ങള്‍ മുസ്‌ലിം ആണ് എന്ന് തിരിച്ചറിഞ്ഞാല്‍ വീട്ടിലേക്ക് വലിച്ചിഴയ്ക്കും. പിന്നെ എന്താണ് സംഭവിക്കുക എന്നറിയില്ല'. ബാഗില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഒളിപ്പിക്കണമെന്ന നിര്‍ദേശവും താരീഖ് തന്നു.

പ്രധാന റോഡില്‍ എത്തിയപ്പോള്‍ മറ്റ് രണ്ടുപേര്‍ എന്നെ കണ്ടു. അവര്‍ അടുത്തെത്തി ചോദിച്ചു. 'മാഡം, നിങ്ങളുടെ ക്യാമറ എവിടെയാണ്. എവിടെയെങ്കിലും ഒളിപ്പിച്ചിരിക്കുകയാണോ'. ഇടവഴികളേക്കാള്‍ കൂടുതല്‍ സുരക്ഷിതമാണ് പ്രധാന റോഡ് എന്ന് തോന്നിയില്ല. വലിയ ലാത്തികളുമായി അവിടെ ഏറെപ്പേര്‍ കൂടുനില്‍പ്പുണ്ടായിരുന്നു.

'സീ ന്യൂസില്‍ നിന്നാണോ...' മറ്റൊരു സംഘം ചോദിച്ചു. 'ജെഎന്‍യുവില്‍ നിന്നാണോ', മറ്റൊരാള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. 'ഏയ് അല്ല' എന്ന് മറുപടി നല്‍കി.

ഞാനൊരു മാധ്യമപ്രവര്‍ത്തകയാണെന്ന് ആളുകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നെനിക്ക് ബോധ്യമായി. ഇവിടെനിന്ന് പോകേണ്ട സമയമായെന്ന് മനസിലാക്കുകയും ഞാന്‍ ധൃതിയില്‍ നടന്നകലുകയും ചെയ്തു. എവിടേക്കാണ് പോകുന്നത് എന്ന ചോദ്യം ആ വഴിയിലും തേടിയെത്തി. പുതിയ സ്ഥലം കണ്ടെത്തുകയും നടന്നകലുകയും ചേയ്യേണ്ടിവന്നു. ആദ്യം സംഘത്തെ കണ്ട സ്ഥലം കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു. അവര്‍ വീണ്ടും എന്നെ കണ്ടാല്‍, ഞാനൊരു മാധ്യമപ്രവര്‍ത്തകയാണ് എന്ന് ഒളിച്ചുവെച്ചത് മാത്രമല്ല, ഞാനൊരു മുസ്‌ലിം ആണെന്നും കണ്ടെത്തിയേനേ.

പുറത്തുകടക്കാന്‍ വഴിതിരയുമ്പോള്‍ ഒരു സംഘം തടഞ്ഞുനിര്‍ത്തി ചോദിച്ചു. 'എവിടേക്കാണ് പോകേണ്ടത്'. ഗുഡ്ഗാവിലേക്ക് പോകണം... മുന്‍ നിശ്ചയിച്ചപ്രകാരം തിടുക്കത്തില്‍ എന്റെ മറുപടി. റോഡിന്റെ മറുവശത്തുള്ള മെട്രോയിലേക്ക് ഉള്‍വഴി ഉപയോഗിക്കാനും അവിടെനിന്ന് ഓട്ടോ കണ്ടെത്താനും ഒരാള്‍ പറഞ്ഞു.

നടക്കുമ്പോള്‍ മറ്റൊരാള്‍ എന്നെ തടഞ്ഞുനിര്‍ത്തി. 'വേണ്ട, പ്രധാന റോഡിലൂടെ പോകൂ. അതാണ് സുരക്ഷിതം'. പ്രധാന റോഡില്‍ വന്‍ കലാപം നടക്കുന്നതായി ഭയപ്പെടുന്നുവെന്നു ഞാന്‍ പറഞ്ഞു.

'മുസ്‌ലിംകള്‍ വസിക്കുന്നയിടങ്ങളിലാണ് വലിയ ആക്രമണങ്ങള്‍ നടക്കുന്നത്. അതൊരു മുസ്‌ലിം പ്രദേശമാണ്, എന്തും സംഭവിക്കാം'  

ഒരു ഹിന്ദുവാണ് എന്ന് മനസിലാക്കി അയാള്‍ തുടര്‍ന്നു. 'പ്രധാന റോഡില്‍ എന്തിന് ഭയക്കണം. മുസ്‌ലിംകള്‍ ഭയക്കണം. നമ്മുടെയാളുകളാണ് പ്രധാന റോഡിലുള്ളത്'- പ്രധാന റോഡിലെ ഹിന്ദുക്കൂട്ടത്തെ പരാമര്‍ശിച്ചാണ് അയാളുടെ വാക്കുകള്‍.  

അവിടെവെച്ച് കുറച്ച് മുസ്ലീംകളുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചിരുന്നു എനിക്ക്. അതിനാല്‍, പ്രധാന റോഡിലൂടെ പോകേണ്ടെന്ന് റോഡിലെ കൂട്ടത്തോട് പറഞ്ഞ് മുസ്‌ലി പ്രദേശത്തേക്ക് നടക്കാന്‍ തുടങ്ങി. തലയില്‍ തൊപ്പി ധരിച്ചയാളുകളെ അഞ്ച് മിനിറ്റ് നടത്തത്തിനൊടുവില്‍ കണ്ടുമുട്ടി.

അല്‍പം മുന്‍പ് നിസ്‌കരിച്ചിറങ്ങിയ ഫിറോസ് എന്ന യുവാവ് പറഞ്ഞു, 'ഞങ്ങള്‍ക്കുള്ള എല്ലാം തടഞ്ഞുവെച്ചിരിക്കുകയാണ്. പ്രധാന റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു. എവിടെ പോകും ഞങ്ങള്‍. വീട് മാത്രമാണ് സുരക്ഷിതം എന്നാണ് തോന്നുന്നത്. റോഡ് ഒട്ടും സുരക്ഷിതമല്ല. ജനിച്ചപ്പോള്‍ മുതല്‍ ഇവിടെ ജീവിക്കുന്ന ഞങ്ങള്‍ ഇതുപോലൊരു സംഭവം നേരിടുന്നത് ആദ്യമാണ്. വീടുകളിലെ സ്ത്രീകളെ ഓര്‍ക്കുമ്പോള്‍ ഭയം ഇരച്ചുകയറുന്നു'. എത്രയും വേഗം രക്ഷപെട്ടോളൂ' എന്നുപറഞ്ഞ് ഫിറോസ് എന്നെ യാത്രയാക്കി.

'പൊലീസ് നിഷ്‌ക്രിയരാണ്. അവര്‍ ഇവിടെയില്ല. പൊലീസ് ഇവിടെയുണ്ടായിരുന്നെങ്കില്‍ ആരും മുസ്‌ലിം കടകള്‍ക്ക് തീവെക്കില്ലായിരുന്ന'-ഫിറോസ് കൂട്ടിച്ചേര്‍ത്തു. അവിടെ നിന്ന് രക്ഷപെട്ട ഞാന്‍ യാത്രതുടങ്ങിയ അതേ റോഡിലെത്തി. നേരത്തെ എനിക്ക് നിര്‍ദേശങ്ങള്‍ തന്ന സംഘം ഭാഗ്യംകൊണ്ട് അവിടെയുണ്ടായിരുന്നില്ല.

റോഡിന്റെ മറുവശത്തായി മറ്റൊരു വലിയ കൂട്ടത്തെ രണ്ടു. എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ അവിടേക്ക് കുതിച്ചു. നസീര്‍ ഹോട്ടലിന് മുന്നില്‍ ലാത്തിയും പിടിച്ചുനില്‍ക്കുകയാണ് കുങ്കുമം വരച്ച മുപ്പതോളം സ്ത്രീകളെങ്കിലും. 'നിങ്ങളുടെ വീട്ടില്‍ മുസ്‌ലിംകള്‍ ആരുമില്ല?'...ടെറസുകളില്‍ നിന്ന് താഴേക്ക് നോക്കുന്നവരോട് അവര്‍ ആക്രോശിക്കുകയാണ്.

'മുസ്‌ലിംകളെ പുറത്തുവിടൂ. മുസ്‌ലിംകളെ താമസിപ്പിക്കുന്ന ആളുകളെയും വെറുതെവിടില്ല. അവരുടെ വീടുകള്‍ കത്തിക്കും. അതൊരു ഹിന്ദുവിന്റെ വീടാണോ എന്ന് ഞങ്ങള്‍ രണ്ടുവട്ടം ചിന്തിക്കില്ല'. ഇത്രയും പറഞ്ഞശേഷം അവര്‍ വീടുകള്‍ക്ക് കല്ലെറിയാന്‍ തുടങ്ങി.

അവിടെ ചെലവഴിച്ച മൂന്ന് മണിക്കൂറിനിടയില്‍ ഒരു പൊലീസുകാരനെ പോലും കണ്ടില്ല. പൊലീസ് കാര്‍ നിര്‍ത്തി ആള്‍ക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്യുന്നത് രണ്ടുതവണ കണ്ടു. എന്തിനാണ് എന്നറിയില്ല.

പ്രതീക്ഷകള്‍ നശിച്ച് ഒരു കടയുടെ പടിയില്‍ കുറച്ചുനേരമിരുന്നു. എന്റെയടുത്തിരുന്ന നാല് പേരുടെ കണ്ണുകള്‍ എന്നിലേക്കായി. ഒരു മിനുറ്റിനുള്ളില്‍ ഒരാള്‍ വരികയും എന്റെ പേര് ചോദിക്കുകയും ചെയ്തു. ഉത്തരം പറയാനാകില്ലെന്ന് മറുപടി നല്‍കി. 'എന്തിനാണ് ഇവിടെ ഇരിക്കുന്നത്, വേഗം പൊക്കോളൂ'- അയാള്‍ കോപത്തോടെ ആജ്ഞാപിച്ചു.

ഇനി ഇവിടെ നില്‍ക്കാനാവില്ല എന്നെനിക്ക് മനസിലായി. ആരെങ്കിലും എന്റെ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചാല്‍ കഥ അതോടെ തീരും. റിപ്പബ്ലിക് ടിവിയുടെ അതുവഴി വന്ന കാറില്‍ സഹായം തേടുകയും അടുത്ത മെട്രോയില്‍ അവരെന്നെ എത്തിക്കുകയും ചെയ്തു. ഇഞ്ചുകളുടെ വ്യത്യാസത്തിലുള്ള രക്ഷപെടല്‍.

ഖൈജൂരി ഖാസില്‍ താമസിക്കുന്ന ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം രാത്രി വിളിക്കുകയും അയാളുടെ പ്രദേശത്ത് മുഴങ്ങിക്കേള്‍ക്കുന്ന മുദ്രാവാക്യം കേള്‍ക്കാന്‍ പറയുകയും ചെയ്തു. 'ജയ് ശ്രീറാം' എന്നായിരുന്നു അത്.

അവിടെ താമസിക്കുന്നയാളുകളുടെ ഐഡിന്റ്റി ചോദിക്കുന്നതും കേട്ടു. ഒരു ഓട്ടോറിക്ഷ തകര്‍ക്കുന്ന ശബ്ദം കുറച്ചു സെക്കന്റുകള്‍ക്ക് ശേഷം കാതിലെത്തി. വാഹനയുടമ മുസ്‌ലി ആയിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചയുടനെ വാഹനം തല്ലിത്തകര്‍ക്കുകയും കത്തിക്കുകയുമായിരുന്നു എന്നാണ് സുഹൃത്ത് പറഞ്ഞത്.  

കല്ല്, ബാറ്റ്, ലാത്തി, വടി, ഇരുമ്പ്ദണ്ഡ്, കോടാലി എന്നിവയായിരുന്നു റോഡുകള്‍ തടഞ്ഞവരുടെ കൈയില്‍ കണ്ടത്. മൗജ്പൂരിലെ റോഡുകളില്‍ ആള്‍ക്കൂട്ടത്തെ പൊലീസോ സിആര്‍പിഎഫോ നേരിടുന്നത് കണ്ടേയില്ല. മാധ്യമപ്രവര്‍ത്തകയെന്നതിനാല്‍ എന്നെ പിടികൂടുകയും ഉപദ്രവിക്കുകയും പെണ്‍കുട്ടിയായതില്‍ അപമാനിക്കുകയും മുസ്ലീം ആണ് എന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ കൊന്നുകളയുകയും ചെയ്യുമെന്ന് ഞാന്‍ ഭയപ്പെട്ടു.

............................................

വിവര്‍ത്തനം: ജോമിറ്റ്

 

(കടപ്പാട് ഫസ്റ്റ് പോസ്റ്റ്  )