Asianet News MalayalamAsianet News Malayalam

കളിത്തോക്കുമായി ചേച്ചിയുടെ വീട് കൊള്ളയടിക്കാന്‍ ശ്രമം; യുവതിയും കൂട്ടാളികളും അറസ്റ്റില്‍

പബ്ജി കളിക്കിടെ പരിചയപ്പെട്ട യുവാവിനെയും സുഹൃത്തിനെയും ഉപയോഗിച്ച് സ്വന്തം സഹോദരിയുടെ വീട് കൊള്ളയടിക്കാനായിരുന്നു 21-കാരിയായ യുവതിയുടെ ശ്രമം.

delhi woman arrested for planning robbery at elder sisters home
Author
Delhi, First Published Jun 28, 2021, 7:39 PM IST

ലോക്ക്ഡൗണിനെ തുടര്‍ന്ന്, തൊഴില്‍ രഹിതയായ യുവതി നിത്യച്ചെലവിന് പണം കണ്ടെത്താന്‍ നടത്തിയത് കൈവിട്ട കളി.പബ്ജി കളിക്കിടെ പരിചയപ്പെട്ട യുവാവിനെയും സുഹൃത്തിനെയും ഉപയോഗിച്ച് സ്വന്തം സഹോദരിയുടെ വീട് കൊള്ളയടിക്കാനായിരുന്നു 21-കാരിയായ യുവതിയുടെ ശ്രമം.  ശ്രമം പൊളിയുകയും യുവാക്കളിലൊരാള്‍ പിടിയിലാവുകയും ചെയ്തതോടെയാണ് യുവതിയുടെ പങ്ക് പുറത്തായത്. 

പശ്ചിമ ദില്ലിയിലെ മീരാകുഞ്ജിലാണ് സംഭവം ജ്യോതി എന്ന യുവതിയും കൂട്ടാളിയായ സണ്ണിയുമാണ് അറസ്റ്റിലായതെന്ന് ഡിസിപി പര്‍വീന്ദര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. 

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍ക്കുന്ന ഒരു കടയില്‍ ജോലി ചെയ്തിരുന്ന ജ്യോതി ലോക്ക്ഡൗണ്‍ ആയതോടെയാണ് തൊഴില്‍രഹിതയായത്. അമ്മയും രണ്ട് ഇളയ സഹോദരിമാരും രണ്ട് മൂത്ത സഹോദരിമാരും ഉള്‍പ്പെടുന്നതാണ് ജ്യോതിയുടെ കുടുംബം. ഇതിലൊരു സഹോദരിയുടെ വീട്ടിലാണ് കൊള്ള നടത്താന്‍ ഇവര്‍ പദ്ധതിയിട്ടത്. ജോലി പോയ ശേഷം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു ജ്യോതിയെന്ന് പൊലീസ് പറഞ്ഞു. 

പബ്ജി കളിക്കിടെ പരിചയപ്പെട്ട സണ്ണി എന്ന യുവാവുമായി ചേര്‍ന്ന് കൊള്ളനടത്താനായിരുന്നു യുവതിയുടെ പദ്ധതി. ഒരു പ്രസില്‍ ജോലി ചെയ്യുകയായിരുന്ന സണ്ണിക്ക് ലോക്ക്ഡൗണിനെ തുടര്‍ന്ന് പണി നഷ്ടപ്പെട്ടു. തുടര്‍ന്ന് ഇയാള്‍, ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു. അതിനിടെയാണ്, ജ്യോതിയുമായി പരിചയമായത്. സഹോദരിയുടെ ഭര്‍ത്താവിന്റെ കൈയില്‍ 60,000 രൂപ ഉണ്ടെന്നും അത് വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ജ്യോതി സണ്ണിയെ അറിയിക്കുകയും വീട്ടില്‍ കയറി ആ പണം കൊള്ളയടിക്കാന്‍ ഇവര്‍ പദ്ധതിയിടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

മീരാ കുഞ്ജിലെ നിലോതി എക്‌സ്റ്റന്‍ഷനിലാണ് ജ്യോതിയുടെ സഹോദരിയുടെ വീട്. ഇവിടെയാണ്, കഴിഞ്ഞ ദിവസം സണ്ണിയും കൂട്ടകാരനും ഇവരുടെ ഭര്‍ത്താവിനെ തിരക്കി എത്തിയത്. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ആണെന്ന ധാരണയില്‍ വാതില്‍ തുറന്ന് ഇവരെ വീട്ടിലേക്ക് പ്രവേശിപ്പിച്ചു. പെട്ടെന്ന്, അവരിലൊരാള്‍ കൈത്തോക്ക് ചൂണ്ടുകയും മറ്റേയാള്‍ ഇവരുടെ വായ തുണി കൊണ്ട് മൂടിക്കെട്ടുകയും ചെയ്തു. തുടര്‍ന്ന്, വീടു മുഴുവന്‍ പരിശോധിച്ചു. അതിനിടെ, മുഖത്തെ കെട്ടഴിച്ച, ജ്യോതിയുടെ സഹോദരി ബഹളമുണ്ടാക്കുകയും കൊള്ളനടത്താനെത്തിയവര്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. ഇതിനു ശേഷം, ഇവര്‍ പൊലീസിനെ വിളിച്ച് വിവരമറിയിച്ചു. 

സി സി ടി വി പരിശോധിച്ചപ്പോള്‍, വീടിന്റെ കുറച്ചകലെ സ്‌കൂട്ടര്‍ നിര്‍ത്തിയാണ് ഇവര്‍ അകത്തേക്ക് ചെന്നതെന്ന് വ്യക്തമായി. പരിഭ്രമിച്ച് ഓടുന്നതിനിടെ, സ്‌കൂട്ടര്‍ എടുക്കാതെയാണ് ഇവര്‍ ഓടിരക്ഷപ്പെട്ടത്. പൊലീസ് നടത്തിയ പരിശോധനയില്‍, അമര്‍ എന്നൊരാള്‍ മൂന്ന് വര്‍ഷം മുമ്പ് വിറ്റ വണ്ടിയാണ് ഇതെന്ന് കണ്ടെത്തി. വണ്ടി കൊണ്ടുപോവാന്‍ സംഘം വരുമെന്ന ധാരണയില്‍ ഒരു പൊലീസുകാരനെ സ്‌കൂട്ടറിനടുത്ത് രഹസ്യമായി നിയോഗിച്ചു. 

മണിക്കൂറുകള്‍ക്കു ശേഷം, സ്‌കൂട്ടര്‍ എടുക്കാന്‍ സണ്ണി എത്തിയപ്പോള്‍ പൊലീസ് പിടികൂടി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ജ്യോതിയുടെ പങ്ക് വെളിച്ചത്തായത്. അതിനെ തുടര്‍ന്ന്, ജ്യോതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍, ജ്യോതി നടന്നതെല്ലാം തുറന്നുസമ്മതിച്ചതായി പൊലീസ് പറയുന്നു. 

പെയിന്റ് ബിസിനസ് ചെയ്യുന്ന സഹോദരീ ഭര്‍ത്താവായ ബ്രിജേഷ് എപ്പോഴും വീട്ടില്‍ പണം സൂക്ഷിക്കാറുണ്ടെന്ന് ജ്യോതി പൊലീസിനോട് പറഞ്ഞു. ഇദ്ദേഹം അറുപതിനായിരം രൂപ വീട്ടില്‍ കൊണ്ടുവെച്ചതായി അറിഞ്ഞ ജ്യോതി പിറ്റേന്ന് ബ്രിജേഷ് ജോലിക്കുപോയ ഉടന്‍ തന്നെ സണ്ണിയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒരു കളിത്തോക്കുമായി വീട്ടിലേക്ക് ചെന്നു. എന്നാല്‍, വീട്ടില്‍ സൂക്ഷിച്ച പണം തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നതിനായി ബ്രിജേഷ് കൊണ്ടുപോയതിനാല്‍, ഇവര്‍ക്ക് അത് കണ്ടെത്താനായില്ല. അതിനിടെയാണ്, ജ്യോതിയുടെ സഹോദരി ബഹളം വെച്ചതും ഇവര്‍ രക്ഷപ്പെട്ടതും. ഇവര്‍ ഉപയോഗിച്ച കളിത്തോക്ക് കണ്ടെത്തിയതായും സംഘത്തിലെ മറ്റേയാള്‍ക്കു വേണ്ടി അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios