'നിങ്ങൾ ചെയ്യുന്നത് വലിയ തെറ്റാണ്, ഇത് ശരിയല്ല' എന്നാണ് ഡെലിവറി ഏജന്റ് യുവാവിനോട് പറഞ്ഞത്. താൻ ചെയ്തതിൽ എന്താണ് തെറ്റ് എന്ന് യുവാവിന് മനസിലായതുമില്ല.
താൻ ഓർഡർ ചെയ്ത ഭക്ഷണത്തിന്റെ പേരിൽ ഡെലിവറി ഏജന്റ് തന്നെ വഴക്കുപറഞ്ഞുവെന്ന് യുവാവ്. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. യുവാവ് ഓർഡർ ചെയ്തത് ചിക്കൻ ബിരിയാണിയാണ്. അതിന്റെ പേരിലാണ് തന്നോട് ഡെലിവറി ഏജന്റിന് ദേഷ്യം വന്നത് എന്നാണ് യുവാവ് ആരോപിക്കുന്നത്.
ഭക്ഷണവുമായി എത്തിയ ഡെലിവറി ഏജന്റ് അത് നൽകി. പിന്നാലെ ഒടിപി ചോദിച്ചു. ഒടിപിയും നൽകി. അതിനുശേഷമാണ് ഡെലിവറി ഏജന്റ് തന്നെ വിമർശിക്കാനും കുറ്റപ്പെടുത്താനും തുടങ്ങിയത് എന്നാണ് യുവാവ് പറയുന്നത്. 'നിങ്ങൾ ചെയ്യുന്നത് വലിയ തെറ്റാണ്, ഇത് ശരിയല്ല' എന്നാണ് ഡെലിവറി ഏജന്റ് യുവാവിനോട് പറഞ്ഞത്. താൻ ചെയ്തതിൽ എന്താണ് തെറ്റ് എന്ന് യുവാവിന് മനസിലായതുമില്ല. എന്ത് കാര്യത്തെ കുറിച്ചാണ് പറയുന്നത്, എന്താണ് തെറ്റ് എന്ന് യുവാവ് തിരിച്ച് ചോദിച്ചു.
അപ്പോൾ ഡെലിവറി ഏജന്റിന്റെ മറുപടി, 'ദീപാവലി കഴിയുന്നത് വരെ നിങ്ങൾ ചിക്കനോ മട്ടനോ കഴിക്കരുത് പകരം നല്ല എന്തെങ്കിലും ഭക്ഷണം കഴിക്കണം' എന്നായിരുന്നത്രെ. അത് കേട്ടതോടെ താൻ തരിച്ചു നിന്നുപോയി. എന്താണ് തിരിച്ചു പറയേണ്ടത് എന്നുപോലും തനിക്ക് മനസിലായില്ല എന്നും യുവാവ് പറയുന്നു. ഒപ്പം താനെന്ത് കഴിക്കുന്നു എന്നത് അയാളെന്തിനാണ് നോക്കുന്നത് എന്നും യുവാവ് ചോദിക്കുന്നുണ്ട്.
ഡെലിവറി ഏജന്റിന്റെ ദേഷ്യത്തോടെയുള്ള പെരുമാറ്റം കണ്ട് താൻ ഭയന്നുപോയി. താൻ പ്രതികരിച്ചാൽ അയാൾ എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ എന്നും താൻ ഭയക്കുന്നുണ്ട് എന്നും യുവാവ് പറയുന്നു. അയാൾക്ക് തന്റെ പേരും വീടും എല്ലാം അറിയാമെന്നതാണ് യുവാവിനെ ഭയപ്പെടുത്തുന്നത്.
നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. അയാൾക്കെതിരെ പരാതി നൽകണം, ഇനി ഒരിക്കലും അയാൾ നിങ്ങൾക്ക് ഭക്ഷണവുമായി എത്തുന്ന അവസ്ഥയുണ്ടാകരുത് എന്ന് കമന്റ് നൽകിയവരാണ് അധികവും.
