ഹർദോയി : ഇത് സീറ്റുവിഭജന ചർച്ചകളുടെ കാലമാണ്. ഉത്തർ പ്രദേശിലും സീറ്റുവിഭജനവുമായി ബന്ധപ്പെട്ട തിരക്കിട്ട ചർച്ചകൾ നടന്നു. ബിജെപിയ്ക്ക് കിട്ടിയത് അറുപതു സീറ്റുകളായിരുന്നു. ആ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിർണ്ണയിക്കാൻ ചർച്ചകൾ പലതും നടന്നു. ഒടുവിൽ അന്തിമ ലിസ്റ്റ് പുറത്തുവന്നപ്പോൾ  16 സിറ്റിങ്ങ് എംപിമാർക്ക് സീറ്റ് നിഷേധിക്കപ്പെട്ടു.

ആ പതിനാറു പേരിൽ ഒരാളായിരുന്നു ഹർദോയി മണ്ഡലത്തിലെ സിറ്റിംഗ് എംപി അൻശുൽ വർമ്മയും. ഏറെ നേരത്തെ മുറുമുറുപ്പിനും ആലോചനയ്ക്കും ശേഷം അദ്ദേഹം രാജിവെക്കാൻ തീരുമാനിച്ചു. പക്ഷേ, ആ രാജിവെപ്പിലും ഒരു 'ക്രിയേറ്റിവിറ്റി' ഒക്കെയുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ ബിജെപി ഓഫീസിൽ ചെന്ന് സ്വന്തം കൈപ്പടയിൽ എഴുതി, ഒപ്പിട്ട്, വെള്ളക്കടലാസിലടക്കം ചെയ്ത  തന്റെ രാജിക്കത്ത് അദ്ദേഹം കൈമാറി. ആർക്കെന്നോ..? പാർട്ടി പ്രസിഡന്റിനല്ല, പാർട്ടി ഓഫീസിലെ ചൗക്കിദാറിന്. 'താൻ ചൗക്കിദാറാണ്' എന്ന മോദിയുടെ പ്രസ്താവന പ്രചാരണത്തിനായി ബിജെപി തന്നെ ഉപയോഗിക്കുന്ന സമയത്താണ് ഈ സംഭവം അരങ്ങേറുന്നത്. 

രണ്ടു ദിവസം മുമ്പ് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ അദ്ദേഹം ദേഷ്യത്തിലായിരുന്നു. പക്ഷേ, അപ്പോൾ ദേഷ്യം രാജിവെക്കാനും മാത്രം വർധിച്ചിരുന്നില്ല. " ഞാനൊരു കീഴ്‌ജാതിക്കാരനായതുകൊണ്ടു മാത്രമാണ് എനിക്ക് സീറ്റു തരാഞ്ഞത്. സീറ്റ് നിഷേധിക്കപ്പെട്ടവരിൽ അധികവും ദളിതരാണ്.." എന്ന് പരിഭവിക്കുകമാത്രമാണ് ചെയ്തത്. 

എന്നാൽ രണ്ടു ദിവസത്തെ ആലോചനയ്ക്ക് ശേഷം പാർട്ടിയിൽ നിന്ന് തന്നെ രാജിവെക്കാൻ അദ്ദേഹം തീരുമാനിച്ചു,  അതും 'ചൗക്കിദാറിന് ' തന്നെ തന്റെ രാജിക്കത്ത് സമർപ്പിച്ചുകൊണ്ട്..!