രണ്ടുപേര്‍ മരിച്ചപ്പോഴും കിന്നരിയില്‍ യാതൊരു തരത്തിലുള്ള സങ്കടവും കാണാത്തതാണ് സംശയം അവളിലേക്ക് നീങ്ങാനുള്ള കാരണമായത്. വീട്ടുകാരെല്ലാം ചേര്‍ന്ന് കിന്നരിയെ ചോദ്യം ചെയ്തു. സംഭവിച്ചതെല്ലാം കിന്നരി തന്നെ വീട്ടുകാരോട് തുറന്ന് പറയുകയും ചെയ്തു. അങ്ങനെയാണ് അച്ഛന്‍ പൊലീസിനെ സമീപിക്കുന്നത്. 

ഒറ്റപ്പെടല്‍ സഹിക്കാനാവാത്തതാണ്. അത് അവഗണനയില്‍ നിന്നുണ്ടാകുന്നതാണെങ്കില്‍ ഒട്ടും സഹിക്കാനാവാത്തതും. കാര്യങ്ങള്‍ മനസിലാക്കാനുള്ള പക്വതയില്ലെങ്കില്‍ ഇതെവിടെ ചെന്ന് നില്‍ക്കുമെന്ന് പറയാനാകില്ല. ഇങ്ങനെ അവഗണന താങ്ങാനാവാതെ ഗുജറാത്തിലെ ഒരു ദന്ത ഡോക്ടര്‍ ചെയ്തത് സഹോദരനെയും മകളേയും വിഷം കൊടുത്ത് കൊലപ്പെടുത്തുകയാണ്. 

അഹമ്മദാബാദില്‍ നിന്നുള്ള 28 വയസ്സുകാരിയായ കിന്നരി പട്ടേലാണ് സഹോദരനേയും 14 മാസം മാത്രം പ്രായമുള്ള കുഞ്ഞിനേയും കൊന്നു കളഞ്ഞത്. 25 ദിവസത്തോളം അല്‍പാല്‍പമായി വിഷം നല്‍കിയാണ് ഇവരെ കൊന്നത്. കിന്നരിയുടെ അച്ഛനാണ് മകള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കിന്നരി അറസ്റ്റ് ചെയ്യപ്പെട്ടു. കിന്നരിയുടെ സഹോദരന്‍ ജിഗാര്‍ പട്ടേല്‍ മേയ് അഞ്ചിനും മകള്‍ മഹി മേയ് 30 -നുമാണ് മരിക്കുന്നത്. 

അഹമ്മാദാബാദിലാണ് ഇവര്‍ താമസിക്കുന്നത്. മേയ് മാസത്തില്‍ പാടന്‍ സന്ദര്‍ശിക്കുന്നതിനിടെ ജിഗാര്‍ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അദ്ദേഹം മരിച്ചു. മേയ് 30 -ന് ജിഗാറിന്‍റെ മകള്‍ക്കും വയ്യായ്ക അനുഭവപ്പെടുകയായിരുന്നു. ഇതേ സമയം കിന്നരിയും കുഞ്ഞിനടുത്തുണ്ടായിരുന്നു. കുഞ്ഞിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. 

രണ്ടുപേര്‍ മരിച്ചപ്പോഴും കിന്നരിയില്‍ യാതൊരു തരത്തിലുള്ള സങ്കടവും കാണാത്തതാണ് സംശയം അവളിലേക്ക് നീങ്ങാനുള്ള കാരണമായത്. വീട്ടുകാരെല്ലാം ചേര്‍ന്ന് കിന്നരിയെ ചോദ്യം ചെയ്തു. സംഭവിച്ചതെല്ലാം കിന്നരി തന്നെ വീട്ടുകാരോട് തുറന്ന് പറയുകയും ചെയ്തു. അങ്ങനെയാണ് അച്ഛന്‍ പൊലീസിനെ സമീപിക്കുന്നത്.

'താനെപ്പോഴും അവഗണിക്കപ്പെട്ടിരുന്നു. തനിക്ക് വീട്ടുകാര്‍ യാതൊരു പ്രാധാന്യവും തന്നിരുന്നില്ല. അത് തന്നെ വലിയ അപകര്‍ഷതാ ബോധത്തിലേക്ക് നയിച്ചു. അതുകാരണമാണ് സഹോദരനേയും മകളേയും കൊല്ലാന്‍ തീരുമാനിച്ചതെ'ന്ന് കിന്നരി പൊലീസിനോട് പറഞ്ഞു. സ്ലോ പോയിസണിങ്ങിലൂടെയാണ് കിന്നരി ഇവരെ കൊലപ്പെടുത്തിയത്. കുടിക്കുന്ന വെള്ളത്തില്‍ വിഷം ചേര്‍ക്കുകയായിരുന്നു എന്നും പൊലീസ് ഇന്‍സ്പെക്ടര്‍ ചൗധരി പറയുന്നു. 

മേയ് അഞ്ചിന് ജിഗാര്‍ തളര്‍ന്ന് വീണ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കിന്നരി ജിഗാറിന്‍റെ വായില്‍ സയനൈഡ് ഇടുകയും ചെയ്തിരുന്നു. മേയ് 30 -ന് മഹിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും കിന്നരി ഇത് ആവര്‍ത്തിച്ചു. 

അപകര്‍ഷതാ ബോധമുണ്ടാക്കുന്ന അപകടങ്ങള്‍ ചില്ലറയല്ല. കുഞ്ഞുങ്ങളില്‍ ഇത് വളരെ സാധാരണമാവുകയാണ്. പക്ഷെ, വളരുമ്പോള്‍ ഇതൊക്കെ തന്‍റെ തോന്നല്‍ മാത്രമാണെന്നും പക്വതക്കുറവാണെന്നും മനസിലാവുകയാണ് പതിവ്. 

പക്ഷെ, ഇതിനെ തുടര്‍ന്നുണ്ടാകുന്ന അസൂയ ചിലപ്പോള്‍ കിന്നരിയുടെ കാര്യത്തിലേത് പോലെ അപകടകരമായി മാറാനും സാധ്യതയുണ്ട്.