Asianet News MalayalamAsianet News Malayalam

മകനായാലും ഭര്‍ത്താവായാലും അവനവന്‍റെ കാര്യങ്ങളെല്ലാം അവനവന്‍ ചെയ്യട്ടേ...

ഭാര്യയിൽ നിന്ന് അമ്മയുടെ പ്രതിരൂപം പ്രതീക്ഷിച്ച് 10% പോലും കിട്ടാതെ വീണ്ടും അമ്മയെ ആശ്രയിച്ചു തുടങ്ങും. (അമ്മയ്ക്കും അതാവും വേണ്ടത് ) ബുദ്ധിയുള്ള പെമ്പിള്ളേർ ആണെങ്കിൽ പ്രാക്ടിക്കൽ ആയി ചിന്തിച്ച് അത്രയും പണി ലാഭം എന്ന് ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഹാപ്പിയായി കഴിച്ചുകൂട്ടും.

depending nature of men and women
Author
Thiruvananthapuram, First Published Mar 31, 2019, 1:24 PM IST

ചില അമ്മമാരുണ്ട്,
മക്കളെ ഒരിക്കലും വലുതാവാൻ അനുവദിക്കാത്തവർ.. രണ്ടു വയസ്സോ അതിൽ താഴെയോ ഉള്ള കുഞ്ഞിനെ പരിചരിക്കുന്ന പോലെ 25 വയസ്സായ മകനെ (പെൺമക്കളെ അത്രയ്ക്കില്ല) പരിചരിക്കുന്നവർ. രാവിലെ ബദാം പൗഡർ കലക്കിയ പാൽ മുതൽ പ്രത്യേകം തയാറാക്കിയ പ്രഭാത ഭക്ഷണം, കറികൾ എന്നിങ്ങനെ അവർക്ക് സവിശേഷമായ മെനു ആണ്. രാവിലെ വീട്ടിൽ എല്ലാവർക്കുമായി പുട്ടും കടലയും ആയിരിക്കും, മകന് അതിനോട് തെല്ലൊരു ഇഷ്ടക്കുറവ് കണ്ടേക്കാം. എന്നുവച്ച് അയാൾ അത് കഴിക്കാതിരിക്കുകയൊന്നുമില്ല. പക്ഷെ, അമ്മ അവനു വേണ്ടി ഏത്തപ്പഴം നെയ്യിൽ പൊരിച്ചതും ബുൾസ് ഐ -യും ഉണ്ടാക്കിക്കൊടുത്തിരിക്കും ചിലപ്പോൾ അവൻ അതൊന്നു തിരിഞ്ഞു നോക്കുക പോലുമില്ലാതെ ചടപടാന്ന് ഇറങ്ങിപ്പോയെന്നുമിരിക്കും.

എനിക്കിവിടെ നൂറുകൂട്ടം പണി കിടക്കുന്നു. വേണങ്കി തന്നെ ചുട്ടു തിന്നോ മാവവിടെ ഇരിപ്പുണ്ട്

അവന്റെ അടിവസ്ത്രങ്ങൾ മുതൽ അലക്കി ഇസ്തിരിയിട്ട് മടക്കി അവന്റെ അലമാരയിൽ അടുക്കി വയ്ക്കുക, അവന്റെ മുറി അടിച്ചുവാരി തുടച്ചിടുക, കിടക്കവിരിപ്പുകൾ കുടഞ്ഞു വിരിക്കുക, അവൻ ഊരിയിട്ടു പോയ ബർമുഡയും ഇന്നറും അതേ ഷേപ്പിൽ മുറിയുടെ നടുക്ക് കിടക്കുന്നത് ആനന്ദത്തോടെ അലക്കാൻ എടുക്കുക, അവന്റെ പേഴ്സണൽ ബാത്ത് റൂമും ക്ലോസറ്റും കഴുകി മിനുക്കി വയ്ക്കുക, കട്ടിലിനടിയിലേക്ക് അവൻ ചുരുട്ടിയെറിഞ്ഞ നാറുന്ന സോക്സ് വയ്യാത്ത നടു കുനിച്ച് തോണ്ടിയെടുക്കുക, അവന് മാത്രം സ്പെഷൽ ഭക്ഷണം ഉണ്ടാക്കി വയ്ക്കുക, പിന്നെ ആ ക്ലീഷേ കാര്യവും. കുളി, തല, തുവർത്തൽ, രാസ്നാദി, ഇത്യാദികൾ..

ഈ സേവന സന്നദ്ധരായ അമ്മമാർ പക്ഷെ അവരുടെ ഭർത്താവിന് ഒരു സേവനവും ചെയ്തു കൊടുക്കാൻ ചിലപ്പോഴെങ്കിലും തല്പരരാകില്ല. ഇഡ്ഡലിയുണ്ടാക്കുന്ന ദിവസം അയാൾ രണ്ടുദോശ ചോദിച്ചാൽ, "ഇപ്പം ഇഡ്ഡലി കഴിച്ചാൽ മതി. എനിക്കിവിടെ നൂറുകൂട്ടം പണി കിടക്കുന്നു. വേണങ്കി തന്നെ ചുട്ടു തിന്നോ മാവവിടെ ഇരിപ്പുണ്ട്" എന്നോ മറ്റോ ആവും മറുപടി' (അതാണ് ശരിക്കും വേണ്ടതും അയാൾക്കെന്താ രണ്ട് ദോശ ചുട്ടു തിന്നാൽ ?!! )

depending nature of men and women

കാര്യത്തിലേക്കു വരാം. 
ഇത്തരത്തിൽ അമ്മമാർ വളർത്തികേടാക്കിയ ചെക്കന്മാർ കല്യാണം കഴിയുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ ഏതാണ്ടിപ്രകാരമായിരിക്കും.
1. ഭാര്യയിൽ നിന്ന് അമ്മയുടെ പ്രതിരൂപം പ്രതീക്ഷിച്ച് 10% പോലും കിട്ടാതെ വീണ്ടും അമ്മയെ ആശ്രയിച്ചു തുടങ്ങും. (അമ്മയ്ക്കും അതാവും വേണ്ടത് ) ബുദ്ധിയുള്ള പെമ്പിള്ളേർ ആണെങ്കിൽ പ്രാക്ടിക്കൽ ആയി ചിന്തിച്ച് അത്രയും പണി ലാഭം എന്ന് ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഹാപ്പിയായി കഴിച്ചുകൂട്ടും.

2. 'ഇനി എന്റെ കാര്യങ്ങൾ നോക്കാൻ അവളുണ്ട് അമ്മ കൂടുതൽ ഇടപെടണ്ട' എന്ന് അമ്മയെ വിഷമിപ്പിക്കും. (അത്തരം അമ്മമാർക്ക് അങ്ങനെ വേണം എന്നു തന്നെയാണനിക്കും) എന്നിട്ട് ആ അവൾ അവനെ ഒന്നു തിരിഞ്ഞു നോക്കുക പോലും ഇല്ലെന്നു മാത്രമല്ല പലപ്പോഴും അവനെക്കൊണ്ട് തന്റെ വസ്ത്രം ഇസ്തിരിയിടുവിക്കുക വീടിന്റെ മാറാല തട്ടുക പാത്രങ്ങൾ കഴുകിക്കുക, തേങ്ങ ചിരവിക്കുക മുതലായ 'ക്രൂരകൃത്യങ്ങൾ'കൂടി ചെയ്യിക്കും. അമ്മയുടെ ഇടനെഞ്ചും, ഹാർട്ടും, കിഡ്നിയും ഒക്കെ ഒരുമിച്ചു കലങ്ങിയിട്ടുണ്ടാവും അപ്പോൾ. (അങ്ങനെ തന്നെ വേണം അമ്മയ്ക്കും അവനും) ചില അമ്മമാർ അവനെ സഹായിക്കാൻ അപ്പോഴും ചെല്ലും. അവർക്ക് അവളുടെ വക നല്ല ഡോസ് കിട്ടുകയും ചെയ്യും. ഈ രണ്ടു കേസുകളിലും കാര്യങ്ങൾ ചെറിയ മുഖം വീർപ്പിക്കലും മനപ്രയാസവുമൊക്കെയായ തട്ടീം മുട്ടീം അങ്ങ് പൊയ്ക്കോളും

വൃത്തിയും മെനയും അടുക്കും ചിട്ടയുമൊക്കെയുള്ള മിടുക്കൻ ചെറുപ്പക്കാരൻ

3. വിവാഹം കഴിഞ്ഞു വരുന്ന മരുമകൾക്ക് അമ്മ വക ഒരാഴ്ച സ്പെഷൽ കോച്ചിംഗ് "അവന് അതിഷ്ടമില്ല, അവന് മറ്റത് ഇഷ്ടമാണ്. കുളിക്കാൻ ചൂടുവെള്ളം, തലയിൽ തിരുമ്മാൻ വേറെ പൊടി, അത് ഞാൻ തന്നെ തേച്ചാലേ അവന് പിടിക്കൂ" എന്നിങ്ങനെ പോകും നിർദ്ദേശങ്ങൾ. അവൾക്ക് ഇതൊന്നും അത്ര ബോധിക്കണം എന്നില്ല. ചിലപ്പോൾ, അവളുടെ അമ്മയും ഇത്തരക്കാരി ആയിരുന്നിരിക്കാം. അല്ലെങ്കിൽ സ്വന്തം കാര്യം സ്വയം ചെയ്യുന്ന മക്കളുള്ള വീട്ടിലെയാവാം അവൾ. അവനെ ചെറുവിരലിൽ തൂക്കി നടക്കുകയില്ലെന്നും അമ്മയെ കൊണ്ട് ഇനിമേൽ മകനെ അത്ര പുന്നാരിപ്പിക്കുകയില്ലെന്നും അവളങ്ങ് തീരുമാനിക്കും. പിന്നെ വഴക്ക്, വക്കാണം, കുടുംബം, കോടതി, പിന്നെ അനിവാര്യമായ ദുരന്തം. (വിവാഹമോചനമല്ല, അവളെങ്ങാൻ ഗർഭിണിയായിപ്പോയാൽ ജീവിതകാലം മുഴുവൻ 'ഭർത്താവുകുഞ്ഞി'നെ വളർത്തേണ്ട ഗതികേട് ആണ് ഉദ്ദേശിച്ചത്.. നല്ല ധൈര്യമുള്ളവർക്ക് ഗർഭമൊന്നും പ്രശ്നമല്ല. അവർ ചുമക്കാൻ വയ്യാത്ത ഭാരങ്ങളെ വയറ്റിലുള്ളതിനെയും കഴുത്തിൽ തൂങ്ങിയതിനെയും അങ്ങൊഴിവാക്കും. 

ദേഹത്തു വെള്ളം വീണാൽ ചില പട്ടികൾ ഒക്കെ ചെയ്യുന്ന പോലെ ഒറ്റക്കൊടച്ചിലാണ്. ഇനി വയറ്റിൽ ഉള്ളത് പോയില്ലെങ്കിൽത്തന്നെ അതിനെ അതിന്റെ അച്ഛനെപ്പോലെ വളർത്തിക്കേടാക്കാതെ മര്യാദക്കാരനോ/കാരിയോ ആക്കി വളർത്താമല്ലൊ.

അമ്മമാർ മാത്രമല്ല ചില ഭാര്യമാരുമുണ്ട് ഇത്തരത്തിൽ,
നല്ല കാര്യശേഷിയുള്ള അച്ഛനമ്മമാരുടെ മകനായി, അന്തസ്സായി നല്ല നിലയ്ക്ക് സ്വന്തം കാര്യവും, അത്യാവശ്യത്തിന് വീട്ടിലെ മറ്റുള്ളവരുടെ കാര്യവും നോക്കി ജീവിച്ചിരുന്നവനാണ്. പഠിക്കുന്ന കാലത്ത് വീട്ടിലും, ജോലി കിട്ടിയതിനു ശേഷം തനിച്ചും താമസിച്ചിരുന്നപ്പോൾ പാചകവും, അടിച്ചുവാരലും, തുണി നനയ്ക്കലും ഒക്കെയായി പരാശ്രയമില്ലാതെ ജീവിച്ചിരുന്നവനുമാണ്. വൃത്തിയും മെനയും അടുക്കും ചിട്ടയുമൊക്കെയുള്ള മിടുക്കൻ ചെറുപ്പക്കാരൻ. അങ്ങനെയിരുന്നപ്പോളാണ് വീട്ടുകാർ അവനെ പെണ്ണുകെട്ടിക്കുന്നത്. അല്ലെങ്കിൽ ഒരു ശാലീന സുന്ദരിയെ അവൻ വിവാഹം ചെയ്യുന്നത്. ഇനി താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒക്കെ സംഭവിക്കും.

സിറ്റുവേഷൻ
1. അവനും അവളും ജോലികൾ ചെയ്ത് മാന്യമായി ജീവിക്കുന്നു .

2. അവന് മാത്രമേ ജോലിയുളളൂ അവൾക്ക് മാസവേതനമുള്ള ജോലിയില്ല. അതിനാൽ കൂടുതൽ വീട്ടുപണികൾ അവൾ ചെയ്യുന്നു. പാചകത്തിൽ നിന്നും മറ്റും, പ്രവൃത്തി ദിവസങ്ങളിൽ അവന് ഒഴിവു കിട്ടുന്നു.

3. ഇതാണ് നമ്മുടെ വിഷയം.

വിവാഹം കഴിഞ്ഞ് ഒരു രണ്ടു മൂന്നുമാസം കഴിയുമ്പോഴേക്കും അവൻ പൂർണ്ണമായും ഒരു പരാശ്രയ ജീവിയായി മാറിയിട്ടുണ്ടാവും. ഒരു ഗ്ലാസ് പച്ചവെള്ളം തനിയെ എടുത്തു കുടിക്കാൻ അവന് അറിയില്ല ഇപ്പോൾ. അവൾ ഇട്ടു കൊടുത്തില്ലെങ്കിൽ അവന്റെ ഷർട്ടിന്റെ ബട്ടൻസ് സ്ഥാനം തെറ്റിയിരിക്കും. അവൾ ഓർമ്മിപ്പിച്ചില്ലെങ്കിൽ പാന്‍റ്സിന്‍റെ സിബ്ബ് ഇടുകില്ല. അവൾ പുറം തേച്ചു കൊടുത്തില്ലെങ്കിൽ, കിടക്ക വിരിച്ചില്ലെങ്കിൽ, വാട്ടർ ബോട്ടിൽ കയ്യിൽ കൊടുത്തില്ലെങ്കിൽ, അവൻ കുളിക്കില്ല, കിടക്കില്ല, വെള്ളം കുടിക്കില്ല.

അലമാരിയിൽ അലക്കി മടക്കിയിരിക്കുന്ന ഉടുപ്പുകളുടെ മുന്നിൽ നിന്ന് അവൻ അവളെ വിളിക്കും. സ്വന്തമായി ഒന്ന് തെരഞ്ഞെടുക്കാൻ അവന് അറിയില്ല. അവൻ ഇട്ടിരിക്കുന്ന ഉടുപ്പ് മുഷിഞ്ഞോ എന്ന് അവൾ വേണം തീരുമാനിക്കാൻ. ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിക്കാൻ വയ്യാതെ അവൻ മീൻ വെട്ടുന്ന അവളെ വിളിക്കും. ചുരുക്കിപ്പറഞ്ഞാൽ ഒന്നിനും കൊള്ളാത്ത ഒരു 'മക്കു' ആയി മാറിക്കഴിഞ്ഞിരിക്കും അവൻ. അമ്മയോട് മിണ്ടാൻ അവന് പേടി. പെങ്ങൾക്ക് ഒരു സാരി വാങ്ങിക്കൊടുക്കാൻ പേടി.. കൂട്ടുകാർ കടം ചോദിച്ചാൽ കൊടുക്കാൻ അവന്റെ കയ്യിൽ ഇല്ല. ആക്കിത്തീർക്കുന്നതാണ്.  ചില പെണ്ണുങ്ങൾക്ക് അത്രയ്ക്കുണ്ട് സാമർഥ്യം. അടിപ്പാവാടയുടെ ചരടിൽ കെട്ടിയവനെ കെട്ടി വലിച്ചോണ്ടു നടക്കൽ.

എല്ലാത്തരം ആശ്രിതത്വങ്ങളും അടിമത്തം തന്നെയാണ്

സ്നേഹം കൊണ്ടാണെന്ന് ധരിച്ചാണ് ശുദ്ധന്മാർ പലരും ഇത്തരം കെണികളിൽ വീണുപോകുന്നത്. സ്വാർഥതയും ദുഃസാമർഥ്യവും ആണെന്ന് തിരിച്ചറിയുമ്പോഴേക്കും അവൻ ഒന്നിനും കൊള്ളാത്തവൻ ആയിട്ടുണ്ടാവും. കയറിപ്പോന്നിട്ടും കാര്യമുണ്ടാവില്ല. പിന്നെ അതിൽ തന്നെ കിടന്ന് കാലം കഴിക്കാം എന്നു വയ്ക്കും. ഇതും ഒരു തരം ഹണി ട്രാപ്പ് തന്നെയല്ലേ?

മക്കളെയായാലും ഭർത്താവിനെയായാലും പരാശ്രയി ആക്കലാണോ അമ്മമാരും ഭാര്യമാരും ചെയ്യേണ്ടത്? അതോ ആരുമില്ലെങ്കിലും ഒറ്റയ്ക്കു ജീവിക്കാൻ പ്രാപ്തരാക്കുകയാണോ? എല്ലാത്തരം ആശ്രിതത്വങ്ങളും അടിമത്തം തന്നെയാണ്. കാണാവുന്ന  ചങ്ങലയിട്ടു തളയ്ക്കുന്നില്ല എന്നേയുള്ളൂ ഇവിടെ. പൊട്ടിക്കാൻ ശ്രമിക്കണ്ട, ചെറുതായൊന്നു കുതറി നോക്കൂ അപ്പോഴറിയാം അതിന്റെ കരുത്ത്!
 

Follow Us:
Download App:
  • android
  • ios