സംഭവം നടന്ന് ഇത്തിരി വൈകിയാണെങ്കിലും, ഇതാ PETA - 'പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ് മെന്റ് ഓഫ് അനിമൽസ് ' എന്ന മൃഗക്ഷേമ സംഘടന ഡെറിക്കിന്റെ നന്മയ്ക്കുള്ള അംഗീകാരമായി " Compassionate Kid " പുരസ്കാരവുമായി ഡെറിക്കിനെ തേടിയെത്തിയിരിക്കുകയാണ്.
ഒരൊറ്റ ദിവസം കൊണ്ടാണ് ഡെറിക്ക് എന്ന മിസോറം ബാലൻ ലോകം മുഴുവൻ പ്രസിദ്ധനായത്. ഡെറിക്ക് സൈക്കിളില്‍ കറങ്ങാൻ പോയി വരും വഴി ഉണ്ടായ ഒരു ചെറിയ ആക്സിഡന്റായിരുന്നു വിഷയം. അയൽ പക്കത്തു താമസിക്കുന്നയാളിന്റെ കോഴിക്കുഞ്ഞ് ഡെറിക്കിന്റെ സൈക്കിളിനടിയിൽ പെട്ടു.
ആദ്യം ആകെ പരിഭ്രമിച്ചു പോയെങ്കിലും അടുത്ത നിമിഷം മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് അവൻ വീട്ടിനുള്ളിലേക്കോടി. അവിടെ സൂക്ഷിച്ചിരുന്ന തന്റെ പോക്കറ്റ് മണിയിൽ ഉണ്ടായിരുന്ന ഒരു പത്തുരൂപാ നോട്ടും മറുകയ്യിൽ കയ്യിൽ ഇറുക്കിപ്പിടിച്ച് അവൻ നേരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് ഓടി.
നേരെ കാഷ്വാലിറ്റിയിൽ ചെന്ന് നിന്ന് എങ്ങനെയോ അവൻ പറഞ്ഞൊപ്പിച്ചു, " എന്റെ വണ്ടി ഒരു കോഴിക്കുഞ്ഞിനെ തട്ടി. അറിയാതെ തട്ടിയതാണ്. നോക്കണം. ഇതാ കാശ്.."
പാവത്തിന്റെ ഉദ്വേഗം കണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി ഡോക്ടർ എന്തായാലും, കോഴിക്കുഞ്ഞിനെ പരിചരിക്കും മുമ്പ് ആ ദൃശ്യം തന്റെ മൊബൈൽ കാമറയിൽ ഒന്ന് പകർത്തി. അതിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

എന്നാൽ ആ സംഭവം, ഡെറിക്കോ കാഷ്വാലിറ്റിയിൽ ഡോക്ടറോ ഒക്കെ പ്രതീക്ഷിച്ചതിലും വലിയ നിലയിലേക്കാണ് വളർന്നത്. ഇത് ഒരു പാവം കുട്ടി ഓടിച്ച ഒരു കൊച്ചു സൈക്കിൾ. അതിനടിയിൽ പെട്ടത് ഒരു കോഴിക്കുഞ്ഞും. ഇവിടെ സൽമാൻ ഖാനും, ഹേമാ മാലിനിയും അടക്കമുള്ള പലരും പാവപ്പെട്ടവരുടെ നെഞ്ചത്തുകൂടെ തങ്ങളുടെ വിലയേറിയ ലക്ഷ്വറി കാറുകൾ കയറ്റിയിറക്കിയ ശേഷം അവരെ അവിടെ പിടഞ്ഞു മരിക്കാൻ വിട്ടിട്ട് സ്വന്തം കാര്യം നോക്കി രക്ഷപ്പെടുന്ന കാലത്ത്, കേവലം ഒരു കോഴിക്കുഞ്ഞിനായി സ്വന്തം പോക്കറ്റ് മണി പോലും ചെലവിട്ട് ആശുപത്രിയിലെത്തിച്ച് അതിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന ഡെറിക്ക് എന്ന ബാലൻ നാട്ടിൽ എല്ലാവർക്കും മാതൃകയാണെന്ന് ഈ ചിത്രം കണ്ട പലരും അതിനു ചുവട്ടിൽ കുറിച്ചു. താമസിയാതെ സ്‌കൂൾ അധികൃതരും തങ്ങളുടെ സ്‌കൂളിലെ ഈ കുരുന്നു ബാലന്റെ നന്മയ്ക്ക് അംഗീകാരമായി സർട്ടിഫിക്കറ്റ് സമ്മാനിസിച്ചിരുന്നു.
സംഭവം നടന്ന് ഇത്തിരി വൈകിയാണെങ്കിലും, ഇതാ PETA - 'പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ് മെന്റ് ഓഫ് അനിമൽസ് ' എന്ന മൃഗക്ഷേമ സംഘടന ഡെറിക്കിന്റെ നന്മയ്ക്കുള്ള അംഗീകാരമായി " Compassionate Kid " പുരസ്കാരവുമായി ഡെറിക്കിനെ തേടിയെത്തിയിരിക്കുകയാണ്. മൃഗങ്ങളോട് അനുതാപം ഉള്ളിലുണ്ടാവുക എന്നത് എല്ലാവരോടും അനുതാപമുണ്ടാവുന്നതിന്റെ ആദ്യപടിയാണെന്നും ഇത് എല്ലാവരും കണ്ടുപഠിക്കണമെന്നും PETA ഇന്ത്യ അധികൃതർ പറഞ്ഞു.
