ഇൻഡോർ: ഇൻഡോറിൽ നേരം പാതിരയോടടുക്കുന്നു. രണ്ടു സ്ത്രീകൾ, ഒരു എസ്‌യുവി കാറിൽ ആരെയോ കാത്തിരിക്കുകയാണ്. പെട്ടെന്ന്, അവർ പ്രതീക്ഷിക്കാത്ത ഒരു കാർ ആ വാഹനത്തിനു പിന്നിൽ വന്നു മുരണ്ടുനിന്നു. അവർ ആകെ പരിഭ്രമിച്ചു. ആരാവും ആ വണ്ടിയിൽ, അവിടെ, ആ അസമയത്ത്? വണ്ടിയിൽ നിന്ന് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഒരു സംഘം പുറത്തേക്കിറങ്ങി അവരുടെ വണ്ടിക്കുനേരെ പാഞ്ഞടുത്തു. വണ്ടിയുമായി കടന്നുകളയാനുള്ള അവരുടെ ശ്രമം വിഫലമായി.

തൊട്ടടുത്ത ദിവസം, ഇതുപോലെ റിവേറ ടൗൺ, മീനൽ റെസിഡെൻസി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭോപ്പാലിലെ  രണ്ടു 'പോഷ്' വില്ലകള്‍ക്ക് മുന്നിലും ഇതുപോലെ കാറുകളിൽ സംഘങ്ങൾ വന്നിറങ്ങി. രണ്ടിടങ്ങളിൽ നിന്നുമായി മൂന്നു സ്ത്രീകളെ പിടിച്ചിറക്കിക്കൊണ്ട് കാറിൽ കയറിപ്പോയി. ബഹളങ്ങൾ കേട്ട് അവരുടെ അയൽവാസികൾ ചിലരൊക്കെ വാതിൽ തുറന്നു നോക്കി. ചില വീടുകളിൽ ലൈറ്റുകൾ തെളിഞ്ഞു. കുറച്ചു നേരം കഴിഞ്ഞപ്പോൾ വാതിലുകൾ അടഞ്ഞു, ലൈറ്റുകൾ അണഞ്ഞു. ആരും ഇടപെട്ടില്ല, ഒരാൾ പോലും  ഒരക്ഷരം എതിർത്ത് പറഞ്ഞില്ല എവിടെയും. സത്യം പറഞ്ഞാൽ, നടക്കുന്നതെന്തെന്ന് ആർക്കും തന്നെ മനസ്സിലായില്ല എന്നതാണ് വാസ്തവം. നഗരത്തെ പിടിച്ചു കുലുക്കിയ വാർത്ത അറിയാൻ അടുത്ത പ്രഭാതം വരെയേ ആളുകൾക്ക് കാത്തിരിക്കേണ്ടി വന്നുള്ളൂ. 

അടുത്ത ദിവസം പുറത്തിറങ്ങിയ എല്ലാ പ്രമുഖ പത്രങ്ങളിലും ആ അറസ്റ്റുകളെപ്പറ്റിയുള്ള വാർത്തകളുണ്ടായിരുന്നു. ഭോപ്പാലിന്റെ തെരുവുകളിൽ പത്രം വിറ്റുനടക്കുന കൊച്ചുകുട്ടികളുടെ നാവിൽ ആ വാക്ക് നിറഞ്ഞുനിന്നു. അവരത് ഉറക്കെ വിളിച്ചുകൂവി. "ഹണി ട്രാപ്പ്.. ഹണിട്രാപ്പ്... " ചില പത്രങ്ങൾ ഒന്ന് മാറ്റിപ്പിടിച്ചു, "ഹണി ഹണ്ടർ..."  " ഹണി ഹണി..." എന്ന് മറ്റുചിലർ. പേരെന്തുതന്നെയായാലും മധ്യപ്രദേശിൽ വെളിച്ചത്തായത് രാജ്യത്ത് ഇന്നോളം പുറത്തുവന്നിട്ടുള്ള ഏറ്റവും വലിയ ബ്ലാക്ക് മെയിലിങ്ങ് കേസുകളിൽ ഒന്നായിരുന്നു. മുൻ മന്ത്രിമാർ, പ്രബലരായ രാഷ്ട്രീയനേതാക്കൾ, സിവിൽ സർവീസ് ഓഫീസർമാർ അങ്ങനെ പലരുടെയും ചൂടൻ കിടപ്പറ രംഗങ്ങൾ അവരറിയാതെ റെക്കോർഡ് ചെയ്യപ്പെട്ടു. ആ വീഡിയോകൾ വെച്ച് അവർ  ബ്ലാക്ക് മെയിൽ ചെയ്യപ്പെട്ടു. അവ പുറത്തുവിടപ്പെടാതിരിക്കാൻ വേണ്ടി അവർ ടെൻഡറുകൾ ചില പ്രത്യേക കമ്പനികൾക്ക് നൽകി, കോടികളുടെ കോൺട്രാക്ടുകൾ കൈമാറി. ഇതിനൊക്കെ പിന്നിൽ പ്രവർത്തിച്ചതോ ചില സ്ത്രീകളുടെ കുടിലബുദ്ധിയും. 

എന്തായാലും, സംഗതി വെളിപ്പെട്ടതോടെ സംസ്ഥാനത്തെ പല നേതാക്കളുടെയും മുഖത്ത്, 'ഇപ്പോൾ എന്നെക്കണ്ടാൽ കിണ്ണം കട്ട പോലുണ്ടോ ' എന്ന ഭാവമായിരുന്നു. പല കേന്ദ്ര ഏജൻസികളുടെയും തലവന്മാർ ഈ ട്രാപ്പുകളിൽ കുടുങ്ങിയിട്ടുണ്ട് എന്നും അപശ്രുതി ഉണ്ടായിരുന്നു. സംഗതി സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്നതല്ല, അഞ്ചുസംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വൻ എട്ടുകാലിക്കെണിയാണ് ആ റാക്കറ്റ് വിരിച്ചുവെച്ചിരുന്നത് എന്നും. 

ആരൊക്കെയാണ് പ്രതികൾ 

ഇപ്പോൾ കസ്റ്റഡിയിലുള്ളത് ആറുപേരാണ്. അഞ്ചു സ്ത്രീകളും ഒരു പുരുഷനും. ആ അധോലോക റാക്കറ്റിന്റെ റാണി, നാല്പത്തെട്ടുകാരിയായ ശ്വേത സ്വപ്നിൽ ജെയിനാണ്. സ്വന്തം ഫേസ്‌ബുക്ക് പേജിൽ വരെ അവർ അങ്ങനെ എഴുതിവെച്ചിട്ടുണ്ട്,  "Sometimes the King is a Woman" എന്ന്. ഒരു എൻജിഒയുടെ മറവിലാണ് അവർ ഈ ബ്ലാക്ക് മെയിൽ റാക്കറ്റ് നടത്തിയിരുന്നത്. ബിജെപി ബന്ധങ്ങളുള്ള അവർ ബിജെപി എംഎൽഎ ആയ ബ്രിജേന്ദ്ര പ്രതാപ് സിങ്ങിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. അവർ ഇടക്ക് തെരെഞ്ഞെടുപ്പിൽ വരെ മത്സരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അവസാനനിമിഷം ഒരു അശ്ലീല എംഎംഎസ് പുറത്തുവന്നതോടെ ടിക്കറ്റ് കിട്ടാതെ പോയതാണ്. 

രണ്ടാംപ്രതി, മറ്റൊരു ശ്വേതയാണ്. ശ്വേത വിജയ് ജെയിൻ. കാര്യമായ ബിജെപി ബന്ധങ്ങളുള്ള ഒരാളാണ് ഇവർ. കോൺഗ്രസ് നേതാവായ ദിഗ്‌വിജയ് സിങ്ങ് പറഞ്ഞത് ഇവർ ബിജെപിയുടെ യൂത്ത് വിങ്ങിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു എന്നാണ്. പാർട്ടിയുമായി  സ്നേഹയ്ക്കുള്ള മുൻബന്ധങ്ങൾ ബിജെപി നേതൃത്വവും നിഷേധിച്ചിട്ടില്ല. മറ്റൊരു പ്രതിയായ ആരതി ദയാലിനോടൊപ്പം ഒരു ഇലക്ട്രോണിക്സ് കമ്പനിയുടെ ഡയറക്ടറാണ് സ്നേഹ. അവർ ജനുവരിയിൽ  ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയും ആരംഭിച്ചിരുന്നു. അതിനെ പ്രൊമോട്ടുചെയ്യാൻ നിരവധി ഐഎഎസ് ഉദ്യോഗസ്ഥർ മുന്നോട്ടുവരികയുണ്ടായി. ഈയടുത്താണ് ഒരു ഇലക്ട്രോണിക്സ് ഫാക്ടറി സ്ഥാപിച്ച് അതിന്റെ പേരിൽ കോൺട്രാക്ടുകൾ സംഘടിപ്പിച്ചെടുക്കാൻ തുടങ്ങിയത്. ഇലക്ട്രിക് ആൻഡ് തെർമൽ ഇൻസുലേഷൻ പ്രൊഡക്ടുകൾ നിർമിക്കുന്ന ഈ ഫാക്ടറി ഭോപ്പാലിനടുത്താണ്. 

മൂന്നാം പ്രതിക്ക് ബന്ധങ്ങൾ മറുപക്ഷത്താണ്. ബർഖാ സോണി, മധ്യപ്രദേശ് കോൺഗ്രസിന്റെ ഐടി സെൽ മുൻ വൈസ് പ്രസിഡന്റ് അമിത് സോണിയുടെ ഭാര്യയാണ്. മേൽപ്പറഞ്ഞ എൻജിഒകൾ വഴി വരുന്ന പണം മറ്റൊരു എൻജിഒ സ്ഥാപിച്ച് അത് നോക്കിനടത്തുകയായിരുന്നു ബർഖ. പിന്നെയുള്ള രണ്ടു സ്ത്രീകളിൽ ഒരാളായ ആരതി ദയാൽ എന്ന   യുവതിയെ അങ്ങനെ ആർക്കും പരിചയമില്ല. അവരും ഈ റിങ്ങിന്റെ പ്രവർത്തനങ്ങളിൽ സജീവപങ്കാളിയാണ്. മോഹാലസ്യപ്പെടുന്ന കാര്യത്തിൽ വിദഗ്ദ്ധയാണ് ആരതി എന്ന് പോലീസ് പറയുന്നു. തെളിവെടുപ്പുമായി ബന്ധപ്പെട്ടു പുറത്ത് കൊണ്ടുപോകും വഴി  പലവട്ടം  ബോധക്ഷയമുണ്ടായിട്ടുള്ള ആരതിയെ  ആശുപത്രിയിൽ പ്രവേശിപ്പിച്ച് മടുത്തിരിക്കുകയാണ് പൊലീസിന്. 

അഞ്ചാമത്തെ യുവതി മോണിക്ക യാദവ്, രാജ് ഗഡിലെ ഒരു ദരിദ്രകുടുംബത്തിൽ നിന്നാണ്. പത്താംക്ലാസിൽ 95 ശതമാനത്തിനു മേൽ മാർക്കുണ്ട് മോണിക്കയ്ക്. ശ്വേതയും ആരതിയുമാണ്, ഒരു ജോലിയും തേടി നഗരത്തിലെത്തിയ തന്നെ സംഘത്തിന്റെ ഭാഗമാക്കിയത് എന്ന് മോണിക്ക പൊലീസിനോട് പറഞ്ഞു. സംഘത്തിലെ ആറാമനായ ഓംപ്രകാശ് അറസ്റ്റിലാകുന്നത് ഈ കേസിലെ പരാതിക്കാരനായ മുനിസിപ്പൽ എഞ്ചിനീയർ ഹർഭജൻ സിങ്ങിൽ നിന്ന് അമ്പതുലക്ഷം രൂപ ബ്ലാക്ക് മെയിൽ ചെയ്ത കൈപ്പറ്റുന്നതിനിടെയാണ്. 

"ഈ യുവതികൾക്ക് ഭരണസംവിധാനങ്ങളിൽ ഉണ്ടായിരുന്ന പിടിപാടും അവർ അതിനെ ദുരുപയോഗം ചെയ്തിരുന്ന രീതികളും മറ്റും അമ്പരപ്പിക്കുന്നതാണ്" എന്ന് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഇൻഡോർ എസ്എസ്‍പി രുചിവർധൻ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. വളരെ ലളിതമായിരുന്നു അവരുടെ സ്റ്റൈൽ. അതേസമയം ഏറെ ഫലപ്രദവും. ആദ്യം തന്നെ ഇരകളാക്കാൻ പോന്ന സമ്പന്നരായ നേതാക്കളെയോ ഓഫീസര്‍മാരെയോ ഒക്കെ കണ്ടെത്തുക. ആകർഷകമായ പ്രകൃതമുള്ള സുന്ദരികളെ വിട്ട് അവരെ പ്രലോഭിപ്പിക്കുക, അവരെ ഹോട്ടൽ മുറികളിലേക്ക് എത്തിക്കുക. നേരത്തെ തന്നെ വീഡിയോ റെക്കോർഡിങ് സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുള്ള ആ മുറികളിൽ നടക്കുന്ന അവരുടെ രതികേളികൾ കാമറയിൽ പകർത്തുക. ആ വീഡിയോ ക്ലിപ്പുകൾ കാണിച്ച് അവരെ ഭീഷണിപ്പെടുത്തുക. ബ്ലാക്ക് മെയിൽ ചെയ്യുക. ചിലർ സ്വന്തം അക്കൗണ്ടിൽ നിന്ന് പണം നൽകിയപ്പോൾ, ചിലർ കോടികളുടെ കോൺട്രാക്ടുകളുടെ രൂപത്തിലായിരുന്നു ആ ഭീഷണികളെ അതിജീവിച്ചിരുന്നത്. അങ്ങനെ ബ്ലാക്ക് മെയിലിങ്ങ് ചെയ്തു നേടിയെടുത്ത കോടികൾ പലതും എൻജിഒകളുടെ അക്കൗണ്ടിൽ ആയിരുന്നതുകൊണ്ട് 'ടാക്സ് ഫ്രീ' പോലും ആയിരുന്നു.  രണ്ടു ശ്വേതമാർക്കും ഇങ്ങനെ തട്ടിക്കൂട്ടു കോൺട്രാക്ടുകൾ വഴി പണം വസൂലാക്കാൻ വേണ്ടി വ്യാജകമ്പനികൾ വരെ ഉണ്ടായിരുന്നു. അത്തരത്തിലുള്ള ഡസൻ കണക്കിന് കോൺട്രാക്ടുകളുടെയും ടെണ്ടറുകളുടെയും മറ്റും വിശദാംശങ്ങൾ പരിശോധിച്ച് വരികയാണ് കേസ് അന്വേഷിക്കുന്ന സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം. 

എന്നാൽ ഈ ഘട്ടത്തിൽ SIT -യെ വല്ലാതെ വലയ്ക്കുന്ന ഒന്ന്, തെളിവുകളുടെ വ്യാപ്തിയാണ്. ഒന്നും രണ്ടുമല്ല, ഐഎഎസ് ഓഫീസർമാരുടെയും രാഷ്ട്രീയ നേതാക്കളുടേയുമൊക്കെയായി നിരവധി അശ്ലീല വീഡിയോ ക്ലിപ്പുകളാണ് പോലീസ് കണ്ടെടുത്തിരിക്കുന്നത്. പതിനായിരക്കണക്കിന് നഗ്നഫോട്ടോകളും, മണിക്കൂറുകൾ നീളുന്ന സെക്സ് ചാറ്റ് സന്ദേശങ്ങളും തെളിവുകളുടെ കൂട്ടത്തിലുണ്ട്. നാലായിരത്തിലധികം വരുന്ന ഈ അശ്ലീല വീഡിയോകൾ കണ്ട്, നഗ്നഫോട്ടോകളും സെക്സ്  ചാറ്റുകളും സൂക്ഷ്മമായി വിലയിരുത്തി അവയിൽ നിന്ന് തെളിവുകൾ ശേഖരിക്കാൻ വേണ്ടത്ര ഉദ്യോഗസ്ഥരെ സംഘടിപ്പിക്കാനാകാതെ വലയുകയാണ് പൊലീസ് സംഘം.  മാത്രവുമല്ല, ഈ തെളിവുകളിൽ ഒക്കെ പരാമർശിക്കപ്പെടുന്ന ഭാഷ വളരെയധികം പോർണോഗ്രഫിക് സ്വഭാവത്തോടു കൂടിയ ഒന്നാണ് എന്നതും അത് റെക്കോർഡ് ചെയ്യാൻ നേരം അവരെ ബുദ്ധിമുട്ടിലാക്കുന്നു. അശ്ലീല വീഡിയോകളിൽ സംഭാഷണങ്ങൾ തെളിവുകളുടെ ഭാഗമായി എഴുതിയെടുക്കേണ്ടി വരുന്ന ഉദ്യോഗസ്ഥർക്ക് ആകെ കഷ്ടപ്പാടിന്റെ ദിനങ്ങളാണ്. അവരുടെ മാനസികമായ ആരോഗ്യസ്ഥിതിയെവരെ നിരന്തരം ഈ സ്വഭാവത്തിലുള്ള ഡാറ്റയുമായുള്ള സമ്പർക്കം ബാധിക്കുന്നുണ്ട്. 

ഒരാളെയും വെറുതെ വിടില്ല എന്നാണ് മുഖ്യമന്ത്രി കമൽനാഥ് പ്രഖ്യാപിച്ചിരിക്കുന്നത്. കുറ്റാരോപിതരിൽ പലരും സീനിയർ ഓഫീസർമാരാണ് എന്നതും അന്വേഷണത്തിന്റെ ഫലസിദ്ധിയ്ക്കുനേരെ സംശയത്തിന്റെ വിരലുകൾ ചൂണ്ടുന്നു. 

ഹണിട്രാപ്പിന്റെ പ്രവർത്തനം 

ഏതാണ്ട് പത്തുവർഷത്തോളം നിർബാധം പ്രവർത്തിച്ചു പോരുകയായിരുന്നു ഈ റിങ്ങ്. ആരും പരാതിപ്പെട്ടില്ല ഇതുവരെ, അതുകൊണ്ടുതന്നെ ആരും അറിഞ്ഞുമില്ല. ഉന്നം വെക്കേണ്ട ആളെ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നത് റിങ്ങ് ലീഡർ ആയ ശ്വേതയാണ്. തങ്ങളുടെ എൻജിഒകൾ വഴി അവർ പ്രസ്തുത ഓഫീസർമാരെ സ്വാധീനിക്കും. ആദ്യം അങ്ങോട്ട് കടന്ന് പേഴ്‌സണലായി സംസാരിക്കും. അടുപ്പം കാണിക്കും. സംസാരം പതുക്കെ സെക്സ് ചാറ്റിലേക്ക് നീങ്ങും. അവിടെ നിന്ന് ഇരകളെ ഹോട്ടൽ മുറികളിൽ എത്തിക്കും. അവരെക്കൊണ്ടുതന്നെ മുറികൾ ബുക്ക് ചെയ്യിക്കും. അവരെക്കാൾ മുന്നേ മുറിയിലെത്തുന്ന സ്ത്രീകൾ തന്നെയാണ് കാമറ, ഇരകൾ കാണാതെ മുറിക്കുള്ളിൽ ഒളിപ്പിക്കുക.

വീഡിയോ എടുത്ത് കഴിഞ്ഞാൽ അത് വാട്ട്സാപ്പ് ചെയ്യും ഇരയ്ക്ക്. ചിലരോട് കോടികൾ, ചിലരോട് ലക്ഷങ്ങൾ. ഏറെക്കുറെ, എത്ര പണമുണ്ടോ അത്രയ്ക്കും കൂടുതലാകും ബ്ലാക്ക് മെയിൽ തുകയും. സർക്കാർ ഉദ്യോഗസ്ഥർ പണം തന്നെ നൽകണമെന്ന് നിര്‍ബന്ധമില്ല, കോൺട്രാക്ടുകൾ പാസ്സാക്കിക്കൊടുത്താൽ മതി. പണമായി നൽകുന്ന സംഖ്യകളും എൻജിഒകളുടെ പേരിന് കൊടുത്താൽ മതിയാകും. ബ്ലാക്ക് മെയിൽ വഴിയുള്ള സ്വാധീനം കൂടിയതോടെ അവർ ട്രാൻസ്ഫർ, പോസ്റ്റിങ്ങ്‌ കൊട്ടേഷനുകളും പിടിക്കാൻ തുടങ്ങി. ടാർജറ്റ് ചെയ്യപ്പെട്ടവരുടെ, വീണുപോയവരുടെ ഒക്കെ കൃത്യമായ രജിസ്റ്റർ സൂക്ഷിച്ചിരുന്നു ഈ സംഘം. 

അന്വേഷണത്തിൽ കാര്യമായ ഇടപെടലുകൾ 

അന്വേഷണം തുടങ്ങി ദിവസങ്ങൾക്കകം കേസ് ആദ്യം പുറത്തുകൊണ്ടുവന്ന പലേഷ്യ സ്റ്റേഷൻ  ഇൻസ്‌പെക്ടർ അജിത് സിങ്ങിനെ തൽസ്ഥാനത്തു നിന്ന് മാറ്റി. ഒരു പഴയ മയക്കുമരുന്നു കേസിൽ കാണിച്ച ജാഗ്രതക്കുറവാണ് കാരണമായി പറഞ്ഞത്. ആദ്യ 24  മണിക്കൂറിനുള്ളിൽ തന്നെ അജിത് സിങ്ങ്, ബാർ സിങ്ങ് ഖാദിയാ, ശശികാന്ത് ചൗരസ്യ എന്നിങ്ങനെ മൂന്ന് ഓഫീസർമാർ വന്നു അന്വേഷിക്കാൻ. കേസ് അന്വേഷിക്കാൻ രൂപീകരിച്ച സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ( SIT) ആദ്യം നയിച്ചത് IG-CID D ശ്രീനിവാസ് ആയിരുന്നെങ്കിലും, ഇരുപത്തിനാലുമണിക്കൂർ നേരത്തിനുള്ളിൽ അദ്ദേഹത്തെ മാറ്റി ATS തലവൻ സഞ്ജയ് സ്വാമി എന്ന കൗണ്ടർ ഇന്റലിജൻസ് ഓഫീസർ കടന്നുവന്നു. എന്തായാലും വരും ദിവസങ്ങളിൽ ഈ വിഷയത്തിലെ കൂടുതൽ ബന്ധങ്ങൾതെളിയുമെന്നു തന്നെയാണ് അന്വേഷണ ടീമംഗങ്ങൾ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചത്.