സുഹൃത്തിന്റെ വിവാഹത്തിന് മെലിയാനായി 'ഡെവിൾ പ്ലാൻ ഡയറ്റ്' എന്ന അശാസ്ത്രീയ രീതി പരീക്ഷിച്ചു, 26 -കാരിയെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഉറ്റ സുഹൃത്തിന്റെ വിവാഹത്തിന് 'ബ്രൈഡ്‌സ്‌മെയ്‌ഡ്' ആയി തിളങ്ങാൻ വേണ്ടി അശാസ്ത്രീയ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ച യുവതി ആശുപത്രിയിൽ. കഠിനമായി വ്യായാമവും അശാസ്ത്രീയമായ ഡയറ്റും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതിനെ തുടർന്നാണ് യുവതിയെ ആശുത്രിയിൽ പ്രവേശിപ്പിച്ചത്. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള ഹാങ്‌ഷൗ സ്വദേശിയായ 26 വയസ്സുകാരി സിയാവോയു ആണ് അതിതീവ്രമായ ഡയറ്റിംഗിനെത്തുടർന്ന് ആശുപത്രിയിലായത്.

വിവാഹ നിശ്ചയ സമയത്ത് ഏകദേശം 65 കിലോ ഭാരമുണ്ടായിരുന്ന സിയാവോയു, ചുരുങ്ങിയ കാലം കൊണ്ട് മെലിയാനായി സ്വയം തയ്യാറാക്കിയ പദ്ധതിയെ 'ഡെവിൾ വെയിറ്റ് ലോസ് പ്ലാൻ' എന്നാണ് വിശേഷിപ്പിച്ചത്. യുവതിയുടെ ദിനചര്യകൾ തീർത്തും അശാസ്ത്രീയമായിരുന്നു എന്നാണ് വിദ​ഗ്ദർ അഭിപ്രായപ്പെടുന്നത്. ദിവസവും 10 കിലോമീറ്ററോളം ഓട്ടവും നടത്തവും, അന്നജം ഭക്ഷണത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. പകരം വളരെ ചെറിയ അളവിൽ പച്ചക്കറികളും ചിക്കൻ ബ്രെസ്റ്റും മാത്രമാണ് കഴിച്ചിരുന്നത്. രണ്ട് മാസത്തിനുള്ളിൽ 15 കിലോ ഭാരം കുറച്ച് യുവതി 50 കിലോയിലെത്തി. എന്നാൽ, അതോടൊപ്പം തന്നെ കടുത്ത ക്ഷീണം, തലകറക്കം, വിശപ്പ്, ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ എന്നിവ യുവതിയെ തളർത്തി.

ഹാങ്‌ഷൗ ഹോസ്പിറ്റൽ ഓഫ് ട്രഡീഷണൽ ചൈനീസ് മെഡിസിനിൽ നടത്തിയ പരിശോധനയിൽ, അവളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം ഉയർന്നതായി കണ്ടെത്തി. തുടർന്ന് യുവതിക്ക് പ്രീ-ഡയബറ്റിസ് സ്ഥിരീകരിച്ചു. കാർബോഹൈഡ്രേറ്റ് പൂർണ്ണമായും ഒഴിവാക്കി കഠിനമായ വ്യായാമം ചെയ്തത് സിയാവോയുവിന്റെ ഇൻസുലിൻ ഉൽപാദനത്തെയും ഉപാപചയ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിച്ചു എന്നാണ് ഇവരെ പരിശോധിച്ച ഡോ. ചെങ് ബോണിംഗ് വ്യക്തമാക്കുന്നത്.

ഈ വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. 'സാധാരണ വിവാഹം കഴിക്കുന്ന പെൺകുട്ടികളാണ് ഇത്രയധികം കഠിനാധ്വാനം ചെയ്യാറുള്ളത്, ഇതിപ്പോൾ തോഴി അതിലും കടുപ്പമാണല്ലോ' എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരു ഉപയോക്താവ് കുറിച്ചത്, 'കല്ല്യാണപ്പെണ്ണ് പോലും ഇത്രയും തീവ്രമായ രീതികൾ പിന്തുടരാറില്ല' എന്നാണ്.

ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കഠിനമായ ഡയറ്റിംഗ് അവസാനിപ്പിക്കുകയും പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചു തുടങ്ങുകയും ചെയ്തതോടെ സിയാവോയുവിന്റെ ആരോഗ്യം മെച്ചപ്പെട്ടുതുടങ്ങിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോൾ 52.5 കിലോ ഭാരവുമായി യുവതി ആരോഗ്യവതിയായി ഇരിക്കുന്നതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.