എന്നാൽ, ചില പെൺകുട്ടികൾ അവരുടെ അനുഭവങ്ങൾ എഴുതാൻ ഈ പുസ്തകങ്ങൾ ഉപയോഗിച്ചു. രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ ഡയറികൾ തീവ്രവാദികൾ കണ്ടെത്തിയാൽ കത്തിച്ചു കളയുമായിരുന്നു.
2014 ഏപ്രിലിൽ വടക്കുകിഴക്കൻ നൈജീരിയയിലെ ബോകോ ഹറം തീവ്രവാദികൾ 200 -ലധികം ക്രിസ്ത്യൻ വിദ്യാർത്ഥികളെ സാംബിസ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോവുകയുണ്ടായി. അന്ന് ആ സംഭവം വലിയ ആഗോള ശ്രദ്ധ നേടിയിരുന്നു. തട്ടിക്കൊണ്ടുപോയ പെൺകുട്ടികളുടെ കൂട്ടത്തിൽ 24 -കാരിയായ നവോമി ആദമുവും ഉണ്ടായിരുന്നു. മൂന്ന് വർഷം അവർ അവിടെ കൊടും യാതനകൾ അനുഭവിച്ചു. അവരുടെ ചെറുത്ത് നിൽപ്പ് ആരംഭിക്കുന്നത് അവിടെ നിന്നാണ്. അവിടെ നടന്ന ഓരോ സംഭവത്തെക്കുറിച്ചും അവർ ഡയറികളിൽ കുറിച്ചിട്ടു. ഇന്ന് നവോമിയുടെ ആ ഡയറിക്കുറിപ്പുകൾ ഒരു പുസ്തകമായി പുറത്തു വരികയാണ്.
അടുത്ത മാസം ആദ്യം പ്രസിദ്ധീകരിക്കാനിരിക്കുന്ന ഈ പുസ്തകം, ചിബോക്കിലെ ആ 200 -ലധികം സ്ത്രീകളുടെ യാഥാർത്ഥ ജീവിതത്തെ വെളിപ്പെടുത്തുന്നതാണ്. “ഈ സ്ത്രീകൾ എങ്ങനെ അതിജീവിച്ചു എന്നതിന്റെ കഥ പറയാൻ ഞങ്ങൾ ആഗ്രഹിച്ചു. മാത്രമല്ല സോഷ്യൽ മീഡിയ പ്രചാരണത്തിനിടയിലും അവരെ മോചിപ്പിക്കാൻ ഇത്രയധികം സമയമെടുത്തതിന്റെ കഥയും പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” സഹ-രചയിതാവ് ജോ പാർക്കിൻസൺ പറഞ്ഞു. ഒരുപക്ഷേ, അവരുടെ പോരാട്ടത്തെ കുറിച്ച് പുറം ലോകത്തിന് കാര്യമായി ഒന്നും അറിയാൻ കഴിഞ്ഞില്ലെങ്കിലും, അവരെ തട്ടിക്കൊണ്ടു പോയ സംഭവം എല്ലായിടവും ചർച്ച ചെയ്യപ്പെട്ടു. മിഷേൽ ഒബാമ, കിം കർദാഷിയാൻ, മാർപ്പാപ്പ തുടങ്ങിയവർ #BringBackOurGirls എന്ന ഹാഷ്‌ടാഗ് ട്വീറ്റ് ചെയ്യുകയുണ്ടായി.

തടവിലായിരിക്കുമ്പോൾ, പെൺകുട്ടികൾക്ക് ഖുറാൻ ക്ലാസുകളിൽ പങ്കെടുക്കാനായി നോട്ട് പുസ്തകങ്ങൾ കൊടുത്തിരുന്നു. എന്നാൽ, ചില പെൺകുട്ടികൾ അവരുടെ അനുഭവങ്ങൾ എഴുതാൻ ഈ പുസ്തകങ്ങൾ ഉപയോഗിച്ചു. രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ ഡയറികൾ തീവ്രവാദികൾ കണ്ടെത്തിയാൽ കത്തിച്ചു കളയുമായിരുന്നു. നവോമിയും, അവളുടെ അടുത്ത സുഹൃത്തായ സാറാ സാമുവലും, മറ്റ് മൂന്ന് പെൺകുട്ടികളും അവരുടെ ചില അനുഭവങ്ങൾ വിവരിക്കാൻ പുസ്തകങ്ങൾ ഉപയോഗിച്ചു. പെൺകുട്ടികൾ ആ ഡയറികൾ മണ്ണിൽ കുഴിച്ചിടുകയോ, അടിവസ്ത്രത്തിൽ സൂക്ഷിക്കുകയോ ചെയ്തു. തട്ടിക്കൊണ്ടുപോയ പെൺകുട്ടികൾക്ക് നേരെ തീവ്രവാദികൾ നിരവധി ക്രൂരമായ തന്ത്രങ്ങൾ പ്രയോഗിച്ചു. മാതാപിതാക്കളെ തടവിലാക്കിയതായി കള്ളം പറഞ്ഞ് പെൺകുട്ടികളെ ഭയപ്പെടുത്തി മതം മാറ്റാൻ അവർ ശ്രമിച്ചിരുന്നു. ഒരു അവസരത്തിൽ, അവർ ക്രിസ്ത്യൻ പെൺകുട്ടികളെ മുസ്ലിംകളിൽ നിന്ന് വേർപെടുത്തി, ഇസ്ലാം മതം സ്വീകരിക്കാത്തവരെ പെട്രോൾ ഒഴിച്ചു കത്തിമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ, അത് പെട്രോൾ അല്ല, വെറും വെള്ളമായിരുന്നുവെന്നും, തങ്ങളെ ഭീഷണിപ്പെടുത്താനായിട്ടാണ് അത്തരമൊരു നാടകം അവർ നടത്തിയതെന്നും പെൺകുട്ടികൾ പറഞ്ഞു.
സ്‌കൂൾ യൂണിഫോം മാറ്റിയിട്ട് കറുത്ത, ഒഴുകുന്ന, ഒരു വസ്ത്രം ധരിക്കാൻ അവരോട് ആവശ്യപ്പെട്ടു. മതപരിവർത്തനം നടത്തുകയും, ഒരു അവരുടെ കൂട്ടത്തിലെ ഒരാളെ വിവാഹം കഴിക്കുകയും, അതിൽ മക്കളെ പ്രസവിക്കുകയും ചെയ്യേണ്ടി വരുമെന്ന് അവർ പറഞ്ഞപ്പോൾ നവോമി വിസമ്മതിക്കുകയും അതിന്റെ പേരിൽ തല്ലു കൊള്ളുകയും ചെയ്തു. മർദ്ദനവും, പീഡനവും നേരിടേണ്ടി വന്നെങ്കിലും, ആ പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് വിധേയരായില്ല. പകരം അവരെ അടിമകളെ പോലെ പണിയെടുപ്പിച്ചു. 2015 പകുതിയോടെ, അവളും അവളുടെ അടുത്ത സുഹൃത്തുക്കളും കൂടുതൽ ശക്തിയാർജ്ജിച്ചു. തീവ്രവാദികളോടുള്ള ഭയം അവർക്ക് ഇല്ലാതാക്കാൻ തുടങ്ങി. അവൾ പെൺകുട്ടികളുടെ നേതാവായി. ബോക്കോ ഹറാം അവളോട് മതപരിവർത്തനം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കാരണം അവൾ മാറിയാൽ മറ്റുള്ളവരും മതം മാറുമെന്ന് അവർക്ക് മനസ്സിലായി. അവർ അവളെ അടിക്കുകയും ഭീഷണിപ്പെടുത്തുകയും, കൊല്ലുമെന്ന് ഭയപ്പെടുത്തുകയും ചെയ്തു. അവളെ പിന്തുടർന്ന് ചിലർ പരസ്യമായി ബന്ദികളെ ധിക്കരിക്കുകയും, ഉത്തരവുകൾ നിരസിക്കുകയും ആവർത്തിച്ച് അടി കൊള്ളുകയും ചെയ്തു.

പെൺകുട്ടികളെ അനുസരിപ്പിക്കാൻ ഒടുവിൽ അവരെ പട്ടിണിക്കിടാൻ നേതാക്കൾ തീരുമാനിച്ചു. എന്നാൽ ആ തന്ത്രം ഫലിച്ചു. കൂടുതൽ വിദ്യാർത്ഥികൾ അവരുടെ വിശ്വാസം ഉപേക്ഷിക്കാൻ തയ്യാറായി. എന്നാൽ വനത്തിനപ്പുറം വിദ്യാർത്ഥികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയായിരുന്നു. സ്ത്രീകളെ തേടി അയച്ച ബ്രിട്ടീഷ് ചാര വിമാനം രാജ്യത്തേക്കുള്ള യാത്രാമധ്യേ തകർന്നു. നൈജീരിയയുമായുള്ള പരസ്പര അവിശ്വാസവും മോശം ബന്ധവും യുഎസ് വിന്യസിച്ച 38 ശക്തമായ “ഇന്റർ ഡിസിപ്ലിനറി അസിസ്റ്റന്റ് ടീമിന്റെ” പ്രവർത്തനത്തെ തടസ്സപ്പെടുത്തിയെന്നും ആരോപണമുണ്ടായി. ബോക്കോ ഹറാമിന്റെ ആസ്ഥാനത്ത് നടന്ന വ്യോമാക്രമണത്തിൽ 10 പെൺകുട്ടികൾ കൊല്ലപ്പെടുകയും, 30 അല്ലെങ്കിൽ അതിൽ കൂടുതൽ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം നവോമി അവളുടെ സമരം തുടർന്നു. അവൾക്കൊപ്പമുള്ള 30 പെൺകുട്ടികൾ ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ചു. സമയം കടന്നു പോയി. വിദ്യാർത്ഥികൾക്ക് നൽകുന്ന റേഷൻ വീണ്ടും വീണ്ടും അവർ വെട്ടിക്കുറച്ചു. എന്നിരുന്നാലും പ്രതീക്ഷയുണ്ടായിരുന്നു. നൈജീരിയൻ സന്നദ്ധപ്രവർത്തകരുടെ ഒരു ചെറിയ സംഘം സ്വിറ്റ്‌സർലൻഡിന്റെ വിദേശകാര്യ മന്ത്രാലയത്തിലെ നയതന്ത്രജ്ഞന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ മോചിപ്പിക്കുന്നതിനുള്ള ഒരു കരാറിൽ ഏർപ്പെട്ടു. ഒരുകൂട്ടം മുതിർന്ന ബോക്കോ ഹറാം തീവ്രവാദികളെ വിട്ടുകൊടുത്തപ്പോൾ പകരമായി 2016 ഒക്ടോബറിൽ 21 വിദ്യാർത്ഥികളെ അവർ മോചിപ്പിച്ചു. പിന്നീട്, ഏഴുമാസത്തിനുശേഷം, 82 പേരെ വിട്ടയച്ചു. എന്നാൽ കുറഞ്ഞത് 40 പേരെങ്കിലും ആ കാട്ടിൽ മരിച്ചിട്ടുണ്ട്. ഡസനോളം ഇപ്പോഴും അവിടെയുണ്ട്.

രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ നവോമിയും ഉണ്ടായിരുന്നു. സ്വന്തം കുടുംബം പുലർത്താനും ഏതെങ്കിലും തരത്തിലുള്ള ബിസിനസ്സ് ആരംഭിക്കാനുമുള്ള ആഗ്രഹവുമായി അവർ വടക്കൻ നൈജീരിയയിൽ തുടരുന്നു. എന്നാൽ അവൾ ഇപ്പോഴും സുരക്ഷിതയല്ല. അതിനുശേഷം ബോക്കോ ഹറാം പതിനായിരത്തിലധികം ആൺകുട്ടികളെ തട്ടിക്കൊണ്ടുപോയി. അതുപോലെ തന്നെ പെൺകുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി. കുടുംബങ്ങളോട് മോചനദ്രവ്യം ആവശ്യപ്പെടുന്നതിനോ വിവാഹം ചെയ്യുന്നതിനോ തട്ടിക്കൊകൊണ്ടുപോയവരെ അവർ ഉപയോഗിക്കുന്നു. “ഞങ്ങളുടെ പ്രധാന പ്രശ്നം ചിബോക്ക് ഇപ്പോഴും അപകടത്തിലാണ് എന്നതാണ്. കാര്യങ്ങൾ മാറ്റമില്ലാതെ ഇങ്ങനെ തുടർന്നാൽ, ഞങ്ങളിൽ ഒരാളെ എപ്പോൾ വേണമെങ്കിലും അവർ വീണ്ടും തട്ടിക്കൊണ്ടുപോകാം” അവൾ പറഞ്ഞു.
