Asianet News MalayalamAsianet News Malayalam

അന്ന് ഭഗത് സിങ് എന്ന യുവവിപ്ലവകാരിയെ കഴുമരത്തിന് വിട്ടുകൊടുക്കാതിരിക്കാൻ ഗാന്ധിജി ശ്രമിച്ചിരുന്നോ?

കറാച്ചി സമ്മേളനത്തിനെത്തിയ ഗാന്ധിജിയെപ്പറ്റി പ്രവർത്തകർ  "എവിടെ ആ കൊലയാളി.. " എന്നാണ് അന്വേഷിച്ചത്. അവരെ സത്യാവസ്ഥ പറഞ്ഞുമനസ്സിലാക്കാൻ നെഹ്‌റു പരമാവധി പരിശ്രമിച്ചെങ്കിലും അവരുടെ രോഷം തണുത്തില്ല... 

Did Gandhiji try to save Bhagat Singh the young revolutionary?
Author
Delhi, First Published Mar 23, 2020, 9:27 AM IST

ഇന്ന് ഭഗത് സിങിന്റെ രക്തസാക്ഷിത്വത്തിന്റെ 89 -ാം വാർഷികമാണ്. 1931 മാർച്ച് 23 -ന് ലാഹോർ ജയിലിൽ വെച്ച് തൂക്കിലേറ്റപ്പെടുമ്പോൾ ഭഗത് സിങിന് വെറും 23 വയസ്സ് മാത്രമായിരുന്നു പ്രായം. രാജ്‌ഗുരു, സുഖ്‌ദേവ് എന്നീ സഹവിപ്ലവകാരികൾക്കൊപ്പമാണ് ഭഗത് സിങിനെ ബ്രിട്ടീഷുകാർ കഴുമരത്തിലേറ്റിയത്. പഞ്ചാബിലും ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും എന്തെങ്കിലുമൊക്കെ ആഘോഷ പരിപാടികൾ എല്ലാക്കൊല്ലവും ഇന്നേ ദിവസം ഉണ്ടാകാറുണ്ട്. എന്നാൽ ഇക്കൊല്ലത്തെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. രാജ്യം മുഴുവൻ കൊവിഡ് 19 ഭീതിയിലാണ്. സംഘം ചേരുന്നതിലും ആഘോഷങ്ങൾ നടത്തുന്നതിലും ശക്തമായ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ചരിത്രത്തിൽ ആദ്യമായി, യാതൊരു വിധ ആഘോഷങ്ങളുമില്ലാതെ ഒരു ഭഗത് സിംഗ് ചരമവാർഷികം കടന്നുപോകും.  

ഭഗത് സിങിന്റെ രക്തസാക്ഷിത്വം എന്നും വിവാദങ്ങൾക്കു കൂടി അവസരമൊരുക്കുന്ന ഒരു വിഷയമാണ്. വിശേഷിച്ച് അഹിംസാ വാദിയായ ഗാന്ധിജിയും, സായുധ സമരത്തിന് ഊർജ്ജം പകർന്ന അതിവിപ്ലവകാരിയായ ഭഗത് സിങ്ങും തമ്മിലുള്ള അഭിപ്രായ ഭിന്നതയുടെ പേരിൽ. ഭഗത് സിങിന്റെ മാർഗത്തിൽ വലിയതോതിൽ സായുധസമരങ്ങൾ ഏകോപിപ്പിക്കപ്പെട്ടിരുന്നു, ഗാന്ധിജി നേടിത്തന്നതിനേക്കാൾ എത്രയായ പതിറ്റാണ്ടുകൾ മുമ്പേ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിരുന്നേനെ എന്ന് കരുതുന്നവർ ധാരാളമാണ്. എന്നാൽ, അങ്ങനെ നേടിത്തരുന്ന സ്വാതന്ത്ര്യം സ്ഥിരതയുള്ളതാവില്ല എന്ന് കരുതുന്ന മറ്റൊരു പക്ഷവുമുണ്ട്. അതിന്റെയൊപ്പം പലപ്പോഴും കേൾക്കുന്നതാണ്, ഭഗത് സിങിനെ തൂക്കിലേറ്റുന്നത് തടയാൻ ഗാന്ധിജി ശ്രമിച്ചിരുന്നോ എന്ന ചോദ്യം. 

സാൻഡേഴ്‌സിനെ വെടിവെച്ചുകൊന്ന കേസിൽ ഭഗത് സിംഗിനെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിക്കൊല്ലാൻ വിധിച്ചന്നുതൊട്ട് തൂക്കിക്കൊല്ലുന്ന നാൾ വരെയും, സമയം ഏറെയുണ്ടായിരുന്നിട്ടും,  അദ്ദേഹത്തെ  രക്ഷിച്ചെടുക്കാൻ വേണ്ടത്ര സമ്മർദ്ദം ചെലുത്താൻ ഗാന്ധിജി മനസ്സുകാണിക്കുകയുണ്ടായില്ല  എന്ന വാദം വലത്-ഇടതു കക്ഷികൾ കാലാകാലങ്ങളിൽ ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. 

എല്ലാം തുടങ്ങുന്നത്, 1928 -ൽ സൈമൺ കമ്മീഷനെതിരായി നടന്ന പ്രക്ഷോഭത്തോടെയാണ്. "സൈമൺ ഗോ ബാക്ക്" വിളികളുടെ അകമ്പടിയോടെ നടന്ന സമരത്തിന്റെ മുൻ നിരയിൽ കോൺഗ്രസ്സ് നേതാവായ ലാലാ ലജ്പത് റായിയും ഉണ്ടായിരുന്നു. അന്ന് 21  വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഭഗത് സിംഗ് സ്വാതന്ത്ര്യം എങ്ങനെയും നേടിയെടുക്കണമെന്ന ഒരേയൊരു ചിന്താമാത്രം മനസ്സിലിട്ടുകൊണ്ട് നടക്കുന്ന കാലമാണ്. ഗാന്ധിജിയും ലാലാജിയും അടങ്ങുന്ന അഹിംസാവാദി ഗ്രൂപ്പിന്റെ നിസ്സഹകരണ-സത്യാഗ്രഹ സമരരീതികളോട് അദ്ദേഹത്തിന് ഒട്ടും പ്രിയമില്ലായിരുന്നു. ചന്ദ്രശേഖർ ആസാദിന്റെ 'അക്രമത്തെ അക്രമം കൊണ്ടുതന്നെ നേരിടു'ന്ന സാഹസിക ശൈലിയായിരുന്നു ഭഗത് സിംഗിന്റെ യുവരക്തത്തിലും. 

 Did Gandhiji try to save Bhagat Singh the young revolutionary?

'സൈമൺ കമ്മീഷനെതിരായ ഒരു പ്രകടനം '

അങ്ങനെയിരിക്കെയാണ് സൈമൺ കമ്മീഷനെതിരായ സമരത്തിനെതിരെ ബ്രിട്ടീഷ് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തുന്നതും, ഗുരുതരമായ പരിക്കുകളേറ്റ ലാലാ ലജ്പത് റായി മരണപ്പെടുന്നതും. ആ ലാത്തിച്ചാർജ്ജിനുള്ള കല്പന നൽകിയ ബ്രിട്ടീഷ് പൊലീസ് ഓഫീസർ സ്കോട്ടിനെ എങ്ങനെയും വധിക്കാൻ ഭഗത് സിംഗും കൂട്ടാളികളും പദ്ധതിയിട്ടു. എന്നാൽ, ആ ദിവസം പ്ലാനിങ്ങിൽ വന്ന ചെറിയൊരു പിഴവുകാരണം സ്‌കോട്ട് രക്ഷപ്പെട്ടു. പകരം ഭഗത് സിംഗിന്റെയും രാജ്‌ഗുരുവിന്റെയും വെടിയുണ്ടകൾക്കിരയായത് ഇരുപത്തൊന്നുകാരനായ മറ്റൊരു പൊലീസ് ഓഫീസർ സാൻഡേഴ്‌സ് ആയിരുന്നു. ഈ കൃത്യം നടത്തിയശേഷം  അവർ രക്ഷപ്പെട്ടു. പോലീസിന് അപ്പോൾ  അവരെ  പിടികൂടാനൊത്തില്ല. പക്ഷേ, കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ അസംബ്ലിയിൽ ബോംബെറിഞ്ഞു ഭഗത് സിംഗ്. ആളപായമുണ്ടാക്കലല്ലായിരുന്നു ഭഗത് സിംഗിന്റെ ലക്ഷ്യം. ബ്രിട്ടീഷുകാരുടെ ബധിരകർണ്ണങ്ങളിൽ ഇന്ത്യാ മഹാരാജ്യത്തിലെ ജനങ്ങളുടെ ശബ്ദം എത്തിക്കുക എന്നതു മാത്രമായിരുന്നു ആ ബോംബിന്റെ നിയോഗം. 

 

Did Gandhiji try to save Bhagat Singh the young revolutionary?

'അസംബ്ലി ബോംബിങ്ങിന്റെ പത്രവാർത്ത' 

ബോംബെറിഞ്ഞ ശേഷമുണ്ടായ ബഹളത്തിനിടെ വേണമെങ്കിൽ ഭഗത് സിംഗിനും  കൂട്ടാളിയായ ബടുകേശ്വർ ദത്തിനും അവിടെ നിന്നും കടന്നു കളയാമായിരുന്നു. അവരതിനു മിനക്കെടാതെ പൊലീസിന് കീഴടങ്ങുകയാണുണ്ടായത്. പിടിക്കപ്പെടുമ്പോൾ ഭഗത് സിംഗിന്റെ കയ്യിൽ അദ്ദേഹത്തിന്റെ കൈത്തോക്കുമുണ്ടായിരുന്നു. ദിവസങ്ങൾക്കുമുമ്പ് സാൻഡേഴ്‌സിനെ വെടിവെച്ചുകൊല്ലാനുപയോഗിച്ച അതേ കൈത്തോക്ക്. അത് അസംബ്ലി ബോംബിങ്ങിൽ അറസ്റ്റിലായ ഭഗത് സിംഗിനെ സാൻഡേഴ്‌സ് വധത്തിലെയും പ്രതിയാക്കി. 
 
1930 -ൽ നടന്ന ദണ്ഡിയാത്രയ്ക്കും ഉപ്പുകുറുക്കൽ സമരത്തിനും ശേഷം ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സകലബന്ധങ്ങളും ആടിയുലഞ്ഞിരിക്കുകയായിരുന്നു. വട്ടമേശസമ്മേളനങ്ങൾക്കായി ഇന്ത്യയിലെ നേതാക്കളെ ബ്രിട്ടൻ ലണ്ടനിലേക്ക് ക്ഷണിച്ചു. ഒന്നാം വട്ടമേശ സമ്മേളനം ഗാന്ധിജി ബഹിഷ്കരിച്ചു. 1931 ഫെബ്രുവരി ആയപ്പോഴേക്കും ബ്രിട്ടൻ ഒന്നുകൂടി അയഞ്ഞു. ഇർവിൻ പ്രഭുവിനെ ചർച്ചകൾക്ക് നിയോഗിച്ചു. ഗാന്ധിജിയും ഇർവിനും കൂടി ഫെബ്രുവരി 17  മുതൽ മാർച്ച് 5  വരെ ചർച്ചകൾ നടത്തി. ഈ ചർച്ചയ്ക്കിടെ അഹിംസാമാർഗ്ഗത്തിൽ സ്വാതന്ത്ര്യസമരം നയിച്ചതിന്റെപേരിൽ ബ്രിട്ടീഷ് ജയിലുകളിൽ നിറഞ്ഞിരുന്ന സകല സേനാനികളെയും വിട്ടയക്കാൻ ധാരണയായി. എന്നാൽ, കൊലപാതകക്കുറ്റത്തിന്, അതും ഒരു ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട്  ജയിലിൽ കിടന്നിരുന്ന ഭഗത് സിംഗിന്റെയും കൂട്ടരുടെയും ശിക്ഷമാത്രം അവർ ഇളവുചെയ്തില്ല. 

ഗാന്ധി-ഇർവിൻ സന്ധി എന്ന് പിൽക്കാലത്തറിയപ്പെട്ട ആ പാക്റ്റിന്റെ ഏകദേശരൂപം തയ്യാറായിക്കൊണ്ടിരുന്നു. അപ്പോഴും ജനങ്ങൾക്കിടയിൽ ഒരു മുറുമുറുപ്പ് നിലനിൽക്കുന്നുണ്ടായിരുന്നു. ഭഗത് സിംഗിനെ തൂക്കിക്കൊല്ലാൻ പോവുന്ന ബ്രിട്ടീഷ് സർക്കാരുമായി എങ്ങനെ ഒരു സന്ധിയിലേർപ്പെടും..? 1931  മാർച്ച് 24-നായിരുന്നു ഭഗത് സിംഗിനെയും കൂട്ടാളികളെയും തൂക്കിക്കൊല്ലേണ്ടിയിരുന്ന നാൾ. നാടൊട്ടുക്ക് അലയടിച്ചുകൊണ്ടിരുന്ന പ്രതിഷേധ സമരങ്ങൾ അന്നേദിവസത്തേക്ക് പ്രതികൂലസാഹചര്യമുണ്ടാക്കും എന്നുകണ്ട് ബ്രിട്ടീഷ് അധികാരികൾ ഒരു ദിവസം നേരത്തെ അവരുടെ ശിക്ഷ നടപ്പിലാക്കി. 

 

Did Gandhiji try to save Bhagat Singh the young revolutionary?
 


1931  മാർച്ച് 26 ന് കറാച്ചിയിൽ കോൺഗ്രസ്സിന്റെ സമ്മേളനം നടത്താനിരിക്കുകയായിരുന്നു. അതിൽ പങ്കെടുക്കാൻ മാർച്ച് 25  -ന് ഗാന്ധിജി കറാച്ചിയിൽ എത്തിയപ്പോൾ അവിടെ അദ്ദേഹത്തെ ജനങ്ങൾ സ്വീകരിച്ചത് കറുത്ത തുണികൊണ്ടുണ്ടാക്കിയ റോസാപ്പൂക്കൾ കൊണ്ടും, "ഗാന്ധി ഗോ ബാക്ക്.. ഗാന്ധി മൂർദ്ദാബാദ്.. " മുദ്രാവാക്യങ്ങൾ കൊണ്ടുമായിരുന്നു. അടുത്തദിവസം അദ്ദേഹം താമസിച്ചിരുന്നിടത്ത് തേടിച്ചെന്ന ഭഗത് സിംഗിന്റെ അനുയായികൾ "എവിടെ ആ കൊലയാളി.. " എന്നാണ് ഗാന്ധിജിയെപ്പറ്റി അന്വേഷിച്ചത്. അവരെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ നെഹ്‌റു പരമാവധി പരിശ്രമിച്ചെങ്കിലും അവരുടെ രോഷം തണുത്തില്ല. അവർ വൈകുന്നേരം വീണ്ടും മുദ്രാവാക്യങ്ങൾ മുഴക്കി. 

കോൺഗ്രസ്സ് കമ്മിറ്റിയിൽ സുഭാഷ് ചന്ദ്രബോസ് ഗാന്ധി ഇർവിൻ സന്ധിയ്ക്ക് തീർത്തും എതിരായിരുന്നു. ഭഗത് സിംഗിന്റെ വധശിക്ഷ ഇളവുചെയ്തിലെങ്കിൽ സന്ധിയിൽ ഒപ്പുവെക്കരുത് എന്നദ്ദേഹം ശഠിച്ചു. പക്ഷേ, കമ്മിറ്റിയിൽ ഗാന്ധിജിയ്ക്ക് അതിലംഘിക്കാനാവാത്ത ഭൂരിപക്ഷമുണ്ടായിരുന്നു. ഗാന്ധിജി സ്വയം വധശിക്ഷ എന്ന സങ്കല്പത്തിന് എതിരായിട്ടും, ആ വധശിക്ഷ നടപ്പിലാക്കുന്നത് തടയാൻ അദ്ദേഹത്തിന് സാധിച്ചില്ല. ആ ശിക്ഷ റദ്ദാക്കിക്കിട്ടാൻ അന്നത്തെ വൈസ്രോയിക്ക് ഗാന്ധിജി കത്തെഴുതി അപേക്ഷിച്ചിരുന്നു. എന്നാൽ ആ അപേക്ഷ വൈസ്രോയി ചെവിക്കൊണ്ടില്ല.

Did Gandhiji try to save Bhagat Singh the young revolutionary?
 

ഗാന്ധിജി  ഭഗത് സിംഗിനെ രക്ഷിക്കാൻ ഒന്നും ചെയ്തില്ല എന്ന വാദം വലത്-ഇടതു കക്ഷികൾ കാലാകാലങ്ങളിൽ ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. ഗാന്ധിജിയുടെ അഹിംസയിലൂന്നിയ സ്വാതന്ത്ര്യ സമര രീതികളോട് വിയോജിപ്പുള്ള ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിനെപ്പോലുള്ളവരും ഗാന്ധിജിയെ ഇക്കാര്യത്തിൽ വളരെ നിശിതമായി വിമർശിച്ചിട്ടുണ്ട്. തോക്കിൻ കുഴലിലൂടെയല്ലാതെ സ്വാതന്ത്ര്യസമരം നയിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്ത്യയിൽ നടക്കുന്ന സമരങ്ങളെല്ലാം തന്നെ ചുറ്റിപ്പറ്റി ആയിരിക്കണം എന്നുള്ള സ്വാർത്ഥത ഗാന്ധിജിയ്ക്കുണ്ടായിരുന്നു എന്നും, ഭഗത് സിംഗിനും കൂട്ടർക്കും കിട്ടിക്കൊണ്ടിരുന്ന ജനപ്രീതി ഈ വധശിക്ഷയുടെ അവസാനിക്കുന്നതിന് ഗാന്ധിജി മനസാ സമാധാനിച്ചിരുന്നു എന്നും അദ്ദേഹം ആരോപിക്കുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഗാന്ധിജിയുടെ  സത്യാഗ്രഹനാടകങ്ങളിലൂടെയല്ല, രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിയുടെ ആക്രമണത്തിൽ ശക്തി ക്ഷയിച്ചുപോയ ബ്രിട്ടൺ, സ്വമേധയാ സ്ഥലംവിടുകയായിരുന്നു എന്നും കട്ജു തന്റെ ബ്ലോഗിൽ കുറിച്ചിരുന്നു. 

മാർച്ച് 19 -ണ് ഗാന്ധിജി ലോർഡ് ഇർവിനെ നേരിട്ട് കണ്ട് ഭഗത് സിംഗിന്റെ ശിക്ഷ ഇളവുചെയ്യുന്നതിനായി അദ്ദേഹത്തോട് അപേക്ഷിച്ചിരുന്നു എന്നതാണ് സത്യം. " മഹാമനസ്കനായ ഒരു ക്രിസ്തുമതവിശ്വാസി എന്ന നിലയിൽ പിച്ചവെക്കാനൊരുങ്ങുന്ന ഇന്ത്യയുടെ യുവതയോട് ക്ഷമിക്കാൻ സന്മനസ്സുണ്ടാവണം.. " എന്നാണ് അദ്ദേഹം അദ്ദേഹത്തോട് ആ സംഭാഷണത്തിൽ ആവശ്യപ്പെട്ടത്. 

ആ ഒരു സന്ധിസംഭാഷണത്തെപ്പറ്റി ഇർവിൻ , 1931 മാർച്ച് 26 -ന് നടത്തിയ  വിടവാങ്ങൽ പ്രസംഗത്തിൽ പരാമർശിച്ചിട്ടുമുണ്ട്. അന്നദ്ദേഹം ഇങ്ങനെ പറഞ്ഞു, " Mr. ഗാന്ധി എന്നോട് ശിക്ഷ ഇളവു ചെയ്യാൻ അഭ്യർത്ഥിച്ചിരുന്നു. ഞാൻ അതിനെ രണ്ടു കാര്യങ്ങൾ കൊണ്ട് നിരസിക്കുകയായിരുന്നു. ഒന്ന്, അഹിംസാവാദത്തിന്റെ അപ്പോസ്തലനായ ഒരാൾക്ക് എങ്ങനെ അതിന്റെ കടകവിരുദ്ധമായ ഒരു തത്വശാസ്ത്രത്തിനായി വാദിക്കാൻ കഴിയും?. രണ്ട്, ഞാൻ എന്റെ പ്രജ്ഞ രാഷ്ട്രീയപരമായ കാരണങ്ങൾകൊണ്ട് സ്വാധീനിക്കപ്പെടാൻ അനുവദിച്ചുകൂടാ എന്ന് വിശ്വസിക്കുന്ന ഒരാളാണ്. നിയമം അതിന്റെ വഴിക്ക് നടന്നു. അവർ ചെയ്ത കുറ്റത്തിന് നിയമം അനുശാസിക്കുന്ന ശിക്ഷയാണ് അവർക്ക് കിട്ടിയത്.." 

ഭഗത് സിംഗ് സ്വയം ആ ശിക്ഷയിൽ നിന്നും ഒഴിവാക്കപ്പെടാൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. അദ്ദേഹം നാട്ടിലെ ജനങ്ങൾക്കിടയിൽ ഒരു കൾട്ട് സ്റ്റാറ്റസിൽ എത്തിക്കഴിഞ്ഞിരുന്നു. ആ വധശിക്ഷയിൽ നിന്നും അദ്ദേഹത്തെ ഗാന്ധിജി രക്ഷിച്ചെടുത്തിരുന്നെങ്കിലും, സമാനമായ എന്തെങ്കിലും ഒരു പ്രവൃത്തി അദ്ദേഹത്തിന് വീണ്ടും ഒരു വധശിക്ഷ കൂടി തരപ്പെടുത്തിക്കൊടുത്തേനേ. തന്നെ വധശിക്ഷയിൽ നിന്നും രക്ഷിക്കാൻ ഗാന്ധിജി ശ്രമിക്കാതിരുന്നതിന് ഭഗത് സിംഗിന് ഗാന്ധിജിയോട് ഈർഷ്യയുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന യാതൊരു രേഖയും ചരിത്രത്തിലില്ല.

എന്തായാലും ഗാന്ധിജി കാരണമാണ് ഭഗത് സിംഗ് കഴുവേറ്റപ്പെട്ടത് എന്ന തിസീസ് പ്രചരിപ്പിക്കുന്നത് ,ആളുകൾക്ക് ഭഗത് സിംഗിനോടുള്ള ആളുകൾക്കുള്ള ആരാധനയും സ്നേഹവും കൊണ്ടാണോ അതോ ചിലർക്കെങ്കിലും ഗാന്ധിജിയുടെ സമരരീതികളോടുള്ള എതിർപ്പും ഈർഷ്യയും കൊണ്ടാണോ  എന്ന് കൃത്യമായി പറയുക ക്ലിഷ്ടമാവും. 

 

 

വിവരങ്ങൾക്ക്  കടപ്പാട് : ബിബിസി ഹിന്ദി 

Follow Us:
Download App:
  • android
  • ios