Asianet News MalayalamAsianet News Malayalam

അഭയം തേടി അന്യനാട്ടിലെത്തിയ യുവതിയും മകനും മരിച്ചത് വിശപ്പുസഹിക്കാഞ്ഞോ..?

പത്തുലക്ഷം പേർ അധിവസിക്കുന്ന സിയോൾ നഗരത്തിൽ ആ അമ്മയും മകനും  അദൃശ്യരായിരുന്നു. അവരുടെ പട്ടിണിയും അദൃശ്യമായിരുന്നു. അവരുടെ മരണം പോലും ആരും കണ്ടില്ല, അറിഞ്ഞില്ല. 

Did Han, the North Korean defector die starving in Seoul ?
Author
Seoul, First Published Aug 26, 2019, 10:46 AM IST

സിയോൾ : ഹാൻ സുങ് ഓക്. കണ്ടാൽ ഒരു നാല്പതു വയസ്സ് പ്രായം തോന്നും ഈ ഉത്തരകൊറിയക്കാരിക്ക്. സ്വന്തം നാട്ടിലെ പ്രശ്നങ്ങളിൽ മനം മടുത്ത് നാടുവിട്ടോടി ദക്ഷിണകൊറിയയിലെ ഏറ്റവും സുന്ദരമായ നഗരങ്ങളിൽ ഒന്നായ സിയോളിൽ വന്നുപാർക്കുകയായായിരുന്നു ഹാൻ. ദിവസവും പച്ചക്കറി മാർക്കറ്റിൽ വരും. ചെറിയ മാനസികാസ്വാസ്ഥ്യമുള്ള അവരുടെ മകൻ അവിടത്തെ മതിലിൽ കയറിയും ഇറങ്ങിയും കളിക്കുമ്പോൾ, അവർ സ്റ്റാളിൽ നിരത്തിവെച്ചിരിക്കുന്ന ക്യാരറ്റും, ചീരയും, കാബേജുമെല്ലാം എടുത്ത് തിരിച്ചും മറിച്ചും നോക്കും. എന്നിട്ട് മുഖം ചുളിച്ചുകൊണ്ട് മോന്റെ കയ്യും പിടിച്ചുകൊണ്ടിറങ്ങിപ്പോകും. 

പച്ചക്കറി വിൽക്കുന്ന ചേച്ചിക്ക് അവരെ കണ്ണെടുത്താൽ കണ്ടുകൂടായിരുന്നു. " ഇങ്ങനെ ഒരു പിശുക്കത്തി... "എന്ന് പറയും അവർ ഹാൻ പൊയ്ക്കഴിഞ്ഞാലുടൻ. " ഒന്നോ രണ്ടോ ദിവസത്തിലൊരിക്കലാണ് ഹാൻ എന്തെങ്കിലും വാങ്ങുന്നത്. അധികമൊന്നും വാങ്ങില്ല. അരക്കിലോ കാബേജ്. അല്ലെങ്കിൽ കാൽക്കിലോ ക്യാരറ്റ് : ഏറിവന്നാൽ ഒരു അമ്പതുരൂപയ്ക്കുള്ള പച്ചക്കറി കാണും. മിണ്ടാട്ടവും  കമ്മിയാണ്. വേണ്ട പച്ചക്കറി വാങ്ങിയാൽ ഒരു നിമിഷം പിന്നെ മാർക്കറ്റിൽ നിൽക്കില്ല അമ്മയും മോനും. എന്തൊരു മനുഷ്യരാണോ എന്തോ..? " എന്നാണ് ചേച്ചിക്ക് ഹാനിനെപ്പറ്റി പറയാനുണ്ടായിരുന്നത്. 

രണ്ടാഴ്ച കഴിഞ്ഞപ്പോൾ ആ അമ്മയും മകനും മരിച്ചുപോയി. 

സ്വന്തം നാടായ ഉത്തരകൊറിയയിൽ  പട്ടിണി കിടന്നു മടുത്തിട്ടാണ് അമ്മയും മോനും രക്ഷതേടി സമ്പൽ സമൃദ്ധമായ സിയോളിൽ എത്തുന്നത്. ആഡംബരം തുളുമ്പുന്ന സിയോൾ നഗരത്തിലെ ഒരു കുടുസ്സു മുറിയിൽ കിടന്ന് അവർ മരിച്ചു. പട്ടിണികിടന്നാണ് മരിച്ചതെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വരാനിരിക്കുന്നതേയുള്ളൂ. എത്രദിവസം പട്ടിണികിടന്നിട്ടാണ് ആ അമ്മയും മകനും മരിച്ചു പോയത് എന്ന് റിപ്പോർട്ട് വന്നാലേ കൃത്യമായി അറിയാനാകൂ..

സങ്കൽപ്പിക്കാനാകുന്നുണ്ടോ..? ഒന്നും തിന്നാൻ കിട്ടാതെ ഒരു അമ്മയും മകനും ഒടുവിൽ മരിച്ചു പോവുക. അപ്പോൾ നമുക്ക് തോന്നും എന്നാൽ പിന്നെ തെരുവിലിറങ്ങി  വല്ലവരോടും ഭക്ഷണത്തിന് ഇരന്നുകൂടായിരുന്നോ എന്ന്. ഇല്ല, ഉത്തരകൊറിയക്കാർ പലരും കടുത്ത അഭിമാനികളാണ്. പ്രാണൻ പോയാലും അവർ ആർക്കു മുന്നിലും കൈനീട്ടില്ല. ആ അമ്മയ്ക്ക് കിട്ടിയിരുന്ന അല്ലറ ചില്ലറ ജോലികൾ കൊണ്ട്, അവർ താമസിക്കുന്ന കുടുസ്സുമുറിയുടെ വാടക കൊടുക്കാൻ പോലും തികയുന്നുണ്ടായിരുന്നില്ല. മിക്കവാറും ദിവസങ്ങളിൽ അരപ്പട്ടിണിയായിരുന്നു. അത് മുഴുപ്പട്ടിണിയായി മാറി, അങ്ങനെ കുറെ ദിവസങ്ങൾ പിന്നിട്ടതാണ് ഒടുവിൽ അവർ ഇരുവരും മരിച്ചുപോകാൻ ഇടയാക്കിയത്. 

Did Han, the North Korean defector die starving in Seoul ?

അങ്ങനെ രണ്ടുപേർ ആ മുറിക്കുള്ളിൽ താമസമുണ്ട് എന്നുപോലും അയൽക്കാരിൽ പലർക്കും അറിയില്ലായിരുന്നു. ഒരു ശബ്ദം പോലും ആ മുറിക്കുള്ളിൽ നിന്നും അമ്മയും മകനും ഉണ്ടാക്കില്ല. അവരുടെ മരണത്തെപ്പറ്റിയും ആരും അത്ര എളുപ്പത്തിൽ അറിയില്ലായിരുന്നു. കെട്ടിടത്തിലെ വെള്ളത്തിന്റെ മീറ്റർ റീഡിങ് എടുക്കാൻ വന്ന ഉദ്യോഗസ്ഥനാണ് മുറിക്കുള്ളിൽ നിന്നും വമിക്കുന്ന ദുർഗന്ധം ശ്രദ്ധയിൽ പെട്ടപ്പോൾ പോലീസിനെ അറിയിച്ചത്. അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ വെറും നിലത്താണ് കിടന്നിരുന്നത്. ആ മുറിയിൽ ആകെയുണ്ടായിരുന്ന ഭക്ഷ്യവസ്തു, പഴുത്തു തുടങ്ങിയ ഒരു പാക്കറ്റ് പച്ചമുളക് മാത്രമായിരുന്നു. 

അവർ ഒന്ന് ചോദിച്ചിരുന്നെങ്കിൽ വല്ലതും കൊടുത്തേനെ...

ഈ അമ്മയെയും മകനെയും അവസാനമായി കണ്ടവരിൽ ഒരാൾ നേരത്തെ പറഞ്ഞ പച്ചക്കറി വിൽക്കുന്ന ചേച്ചിയാണ്. അന്നാണ് ഹാൻ തന്റെ ബാങ്ക് അക്കൗണ്ടിൽ അവശേഷിച്ചിരുന്ന അവസാനത്തെ പൈസയും പിൻവലിച്ചത്. 

" ഇപ്പോൾ അതേപ്പറ്റി ഓർക്കുമ്പോൾ എനിക്ക് കൈ വിറയ്ക്കുന്നു.. " മാർക്കറ്റിലെ ചേച്ചി ബിബിസിയോട് പറഞ്ഞു. " എനിക്കവരെ വെറുപ്പായിരുന്നു. ഒരാൾ എന്തിനാണ് തിന്നാനുള്ള സാധനങ്ങൾക്ക് ഇത്ര പിശുക്ക് കാണിക്കുന്നത് എന്നായിരുന്നു എന്റെ ചിന്ത. ഇപ്പോൾ ഓർക്കുമ്പോൾ എനിക്ക് സങ്കടം വരുന്നു.. അവർ എന്നോട് ഒന്ന് മയത്തിൽ ചോദിച്ചിരുന്നെങ്കിൽ ഞാനവർക്ക് ഇടക്ക് ഓരോ കാബേജോ ഇത്തിരി ക്യാരറ്റോ ഒക്കെ വെറുതെ കൊടുത്തേനെ.." ആ മാർക്കറ്റിലെ എല്ലാവരുടെയും പശ്ചാത്താപവാക്കുകൾ തുടങ്ങുന്നത് ഇങ്ങനെ  തന്നെയാണ്.

Did Han, the North Korean defector die starving in Seoul ?

അതേ... നമുക്കൊക്കെ മറ്റുള്ളവരുടെ സങ്കടം അവർ 'പറഞ്ഞെങ്കിൽ..' മാത്രമേ അറിയാനാവൂ. ആരും ഒന്നും അറിഞ്ഞില്ല. കണ്മുന്നിലൂടെ ഒഴിഞ്ഞ വയറുമായി രണ്ടു മനുഷ്യജീവികൾ, അതിലൊന്ന് ഒരു കുഞ്ഞുകുട്ടി, നടന്നു പോയിട്ട് ആരും അവരുടെ യാതനകൾ തിരിച്ചറിഞ്ഞില്ല. കാരണം, അവർ ഒന്നും പുറത്തുകാണിക്കുകയോ, തങ്ങളുടെ സങ്കടങ്ങൾ നിരത്തി അവരോട് യാചിക്കുകയോ ചെയ്തില്ല.. ന്യായമായും, ആരും ഒന്നും അറിഞ്ഞില്ല...! മാർക്കറ്റിലെ കച്ചവടക്കാർ മാത്രമല്ല, മുനിസിപ്പാലിറ്റിയും, സോഷ്യൽ വർക്കർമാരും, എൻജിഒകളും ഒന്നും ഈ അമ്മയുടെയും മകന്റെയും സങ്കടാവസ്ഥ അറിഞ്ഞില്ല. ആരുടേയും കണ്ണിൽപ്പെടാതെ അവരിരുവരും പട്ടിണികിടന്നു മരിച്ചു. 

എന്തായാലും ഈ അമ്മയും മകനും പട്ടിണികിടന്നു മരിച്ച വാർത്ത പുറത്തുവന്ന ശേഷം സിയോൾ നഗരത്തിൽ ഈ   ചർച്ചയായിരിക്കുകയാണ്.  നഗരത്തിൽ സഹജീവികൾ പട്ടിണി കിടന്നു മരിച്ചിട്ട് എന്താണ് ആരും ഒന്നും അറിയാത്ത എന്ന ചോദ്യമാണ് നഗരത്തിൽ എല്ലാവരും കോപത്തോടെ പരസ്പരം ചോദിക്കുന്നത്. കുറ്റബോധത്തോടെ അവനവനോട് തന്നെ ചോദിക്കുന്നത്. 

ഉത്തരകൊറിയയിൽ നിന്നും നാടുവിട്ടോടി സിയോൾ എന്ന സമ്പന്ന നഗരത്തിൽ അതിഥിയായി, അഭയാര്ഥിയായി എത്തുന്ന ഹാനിന് പറക്കമുറ്റാത്ത മകന്റെയൊപ്പം അവിടെ പുതിയ ഒരു ജീവിതം കരുപ്പിടിപ്പിക്കാൻ പറ്റേണ്ടതാണ്. സ്വാഭാവികമായും. എന്നാൽ അതുണ്ടായില്ല. പത്തുലക്ഷം പേർ അധിവസിക്കുന്ന ആ നഗരത്തിൽ അവരിരുവരും അദൃശ്യരായിരുന്നു. അവരുടെ പട്ടിണിയും അദൃശ്യമായിരുന്നു. അവരുടെ മരണം പോലും ആരും കണ്ടില്ല, അറിഞ്ഞില്ല. വളരെ കുറച്ചുപേർക്കുമാത്രമേ ഇങ്ങനെ രണ്ടുപേർ തങ്ങളുടെ അയൽപക്കത്ത് കഴിയുന്നുണ്ട് എന്ന അറിവുണ്ടായിരുന്നുള്ളൂ. അറിഞ്ഞവരാരും തന്നെ, ഈ രണ്ടാത്മാക്കൾ എങ്ങനെയാണ് വിശപ്പടക്കുന്നത് എന്നതിനെപ്പറ്റി ഓർക്കാൻ മിനക്കെട്ടില്ല. അവരെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. അഷ്ടിക്കുവകയില്ല എന്ന ഒരു ജാള്യത ഹാനിന് നന്നായുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവർ ആരുടേയും മുഖത്തുപോലും നോക്കുകയോ, ആരോടും സംസാരിക്കുകയോ ചെയ്യില്ലായിരുന്നു. 

എന്നാൽ ഇന്ന്, നഗരത്തിലെ ഓരോ കുഞ്ഞിനുപോലും ഹാനിനെ അറിയാം. കാരണം സിയോളിന്റെ നഗരമധ്യത്തിൽ, ഗ്വാൻഗ്വാമുനിൽ അവരുടെ ചിത്രം വെച്ചിട്ടുളള ഒരു താൽക്കാലിക സ്മാരകമുണ്ട്. അവിടെ മരണവിവരം കേട്ടറിഞ്ഞു സങ്കടപ്പെട്ടെത്തുന്നവർ പൂക്കൾ അർപ്പിക്കുന്നുണ്ട്. അവിടെ മൈക്കുവെച്ച് ആളുകൾ ഈ ദൗർഭാഗ്യകരമായ മരണത്തെപ്പറ്റി പ്രസംഗിക്കുന്നുണ്ട്. 

" വല്ലാത്ത സങ്കടം തോന്നുന്നു. ഇത് സിയോളിൽ നടന്നു എന്ന് പറയാൻ ലജ്ജ തോന്നുന്നു. അവർ മരിക്കും വരെ എന്തുകൊണ്ട് നമ്മളാരും ഇതൊന്നും അറിയുകപോലും ചെയ്തില്ല..?  നമ്മൾ പരിശോധിക്കേണ്ടതുണ്ട്.." ഇങ്ങനെ നീളുന്നു പ്രസംഗങ്ങൾ. 

ആരും അറിയാതിരുന്നത് ഹാനിന്റെ അഭിമാനബോധം ഒന്നുകൊണ്ടുകൂടിയാണ്. 

ഉത്തരകൊറിയയിൽ നിന്നുള്ള പലായനം

അത്ര എളുപ്പത്തിൽ ആർക്കും ഉപേക്ഷിച്ചു കടന്നുകളയാനാകുന്ന ഒരു മാതൃരാജ്യമല്ല ഉത്തരകൊറിയ. ഉത്തരകൊറിയ വിട്ടുപോകുന്നവരേക്കാൾ അധികം പേർ വർഷാവർഷം എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിൽ വിജയിക്കുന്നുണ്ട്. അതിർത്തിയിലെ പട്രോൾ സംഘത്തിന്റെ കണ്ണുവെട്ടിച്ച് ചൈനയുടെ മണ്ണിലേക്ക് കടന്നുകിട്ടിയാൽ തന്നെ, തായ്‌ലൻഡ്, കംബോഡിയ, വിയറ്റ്നാം ഇങ്ങനെ ഏതെങ്കിലും രാജ്യങ്ങളിലെ ദക്ഷിണ കൊറിയൻ എംബസിയിൽ എത്തിപ്പെട്ടാലേ രക്ഷയുള്ളൂ. 

Did Han, the North Korean defector die starving in Seoul ?
ഈ പ്രയാണത്തിനിടയിലെങ്ങാനും ചൈനയിലെ പൊലീസിന്റെ പിടിയിൽ അകപ്പെട്ടാൽ തീർന്നു. അവർ തിരിച്ച് ഉത്തരകൊറിയയിലേക്ക് തന്നെ നാടുകടത്തും. പിന്നെ അവിടത്തെ ജയിലുകളിൽ കഠിനതടവാണ്. കടുത്ത ജോലികളിലേർപ്പെട്ടുകൊണ്ട് ആയുസ്സുമുഴുവൻ ആ തുറുങ്കിനുള്ളിൽ പൊലിയും. രക്ഷപ്പെടുത്താം എന്ന് വാഗ്ദാനം  ചെയ്യുന്ന ബ്രോക്കർമാരുടെ വലയിൽ അകപ്പെടുന്ന സ്ത്രീകളിൽ പലരും ഇങ്ങനെ തുറുങ്കിലകപ്പെട്ടിട്ടുണ്ട്. രക്ഷപ്പെട്ട് കൊറിയയിൽ എത്തിപ്പെട്ടവരിൽ തന്നെ പലരും പിടിച്ചുനിൽക്കാനാവാതെ ലൈംഗിക തൊഴിലാളികളായി മാറിയിട്ടുമുണ്ട്. സൗന്ദര്യമുള്ള യുവതികളെ  ചൈനയിലെ തന്നെ സമ്പന്നർ ചിലർ, പണം കൊടുത്ത് തങ്ങളുടെ ഭാര്യമാരായി സ്വന്തമാക്കുകയും ചെയ്യാറുണ്ട്. 
അങ്ങനെ ചൈനയിലെത്തി അവിടത്തെ ഒരു പൗരന് വധുവായി വിൽക്കപ്പെട്ടതായിരുന്നു ഹാൻ. ഒരു കുട്ടിയുള്ളപ്പോഴാണ് ഭർത്താവ് സിയോളിൽ ബിസിനസ്സ് കെട്ടിപ്പടുത്തത്. അയാളുടെ കൂടെ വന്ന ഹാനിന് സിയോളിൽ വെച്ച് രണ്ടാമതൊരു കുഞ്ഞുകൂടി ജനിച്ചു. എന്നാൽ അവന് ചെറിയ മാനസികാസ്വാസ്ഥ്യങ്ങളുണ്ടായിരുന്നു. അതിന്റെ പേരിൽ അവർക്കിടയിൽ അസ്വാരസ്യങ്ങളുണ്ടായി. ഒടുവിൽ ഹാനുമായി തെറ്റിപ്പിരിഞ്ഞ് മൂത്തമകനെയും കൂട്ടി ഭർത്താവ് തിരികെ ചൈനയിലേക്ക് പോയി. ഹാനും ബുദ്ധിയുറക്കാത്ത രണ്ടാമത്തെ കുഞ്ഞും മാത്രം നഗരത്തിൽ തനിച്ചായി. നിലനിൽപ്പിനായി ഒരു കോഫീഷോപ്പിൽ കുറച്ചുകാലം തൊഴിലെടുക്കുകയുണ്ടായി ഹാൻ. എന്നാൽ, മാനസികാസ്വാസ്ഥ്യമുള്ള മകനെ ജോലിയെടുത്തുകൊണ്ട് തനിച്ച് പരിപാലിക്കുക ഏറെ ദുഷ്കരമായ ഒന്നായിരുന്നു. മൂത്തമകനെ അവർ വല്ലാതെ മിസ് ചെയ്തിരുന്നു. ദക്ഷിണകൊറിയൻ സർക്കാർ നല്കിപ്പോന്ന ശിശുപരിപാലന അലവൻസ് അവർക്കു കുറച്ചുകാലം തുണയായി. എന്നാൽ ഇടക്കെപ്പോഴോ, എല്ലാം താളം തെറ്റി. ആ കുടുംബം പട്ടിണിയിലേക്ക് വഴുതി വീണു. അതാരും അറിഞ്ഞില്ല, അഥവാ അവർ ആരെയും അതൊന്നും  
അറിയിച്ചില്ല. വിവാഹമോചിതരാവുന്നവർക്ക് കുഞ്ഞുങ്ങളെപ്പോറ്റാൻ ദക്ഷിണകൊറിയൻ ഗവണ്മെന്റ് ധനസഹായം നൽകാറുണ്ട്. എന്നാൽ, ഭർത്താവിൽ നിന്നും ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലായിരുന്നതിനാൽ അവർക്ക് അതും കിട്ടിയിരുന്നില്ല. 

മരണകാരണം ഒന്നുമാത്രം, അവഗണന

"ഉത്തരകൊറിയയിലെ ദുരിത ജീവിതത്തിൽ നിന്നും ഓടിരക്ഷപ്പെട്ട്, സമ്പൽ സമൃദ്ധമായ സിയോൾ നഗരത്തിൽ വന്നു പട്ടിണി കിടന്നു മരിക്കുക. എന്തൊരു വിരോധാഭാസമാണ്. "
"ഗവണ്മെന്റ് എന്ത് ചെയ്തു..? ഇത് അവരുടെ ഉപേക്ഷയുടെ മാത്രം ഫലമാണ്."
" അവരെ കൊന്നത് അവഗണനയാണ്.." 
"ഇവിടെ ഒരു സർക്കാരുണ്ടോ..? സാമൂഹ്യനീതി സംവിധാനങ്ങളുണ്ടോ..? പോലീസുണ്ടോ..? " 

ഹാനും മകനും മരിച്ച ശേഷം ഇങ്ങനെ പലതും പലരും ചോദിക്കുന്നുണ്ട്. ശരിക്കുള്ള ചോദ്യം അതല്ല. ഈ മരണത്തിൽ നിന്നും പഠിക്കേണ്ട പാഠമെന്താണ്...? ഹാൻ ഒരിക്കലും സഹായത്തിന് അഭ്യർത്ഥിച്ചിരുന്നില്ല എന്ന സാങ്കേതികതയിന്മേൽ വേണമെങ്കിൽ സർക്കാരിന് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിവാകാം. പക്ഷേ, അതൊരിക്കലും ആത്മാർത്ഥമായ ഒരു വഴിയാവില്ല. ഇനി ഒരു ഹാൻ ഉണ്ടാകാതിരിക്കാൻ വേണ്ടതാണ്സർക്കാരുകൾ ചെയ്യേണ്ടുന്നത്. 

ഉത്തരകൊറിയയിൽ മാനസികരോഗത്തിനുള്ള വൈദ്യസഹായം ഒരു പ്രഹസനം മാത്രമാണ്. അവിടെ മനസികരോഗികളായി മുദ്രകുത്തപ്പെടുന്നവരെ മലമുകളിലുള്ള നമ്പർ 49  എന്ന ചിത്തരോഗാശുപത്രിയിലേക്ക് പറഞ്ഞയക്കാറാണ് പതിവ്. അങ്ങനെ പോകുന്നവരിൽ മിക്കവാറും പിന്നീട് പുറംലോകം കാണാറോ, സ്വന്തം ജീവിതങ്ങളിലേക്ക് തിരിച്ചുവരാറോ പതിവില്ല.  അതുകൊണ്ടുതന്നെ ഉത്തര കൊറിയൻ പൗരന്മാർക്ക് മാനസികരോഗങ്ങൾക്കുള്ള ചികിത്‌സ എന്ന ആശയം തന്നെ വേണ്ടത്ര പരിചയമില്ലാത്ത ഒന്നാണ്. എന്നാൽ അതിനു വിരുദ്ധമായി, ഉത്തര കൊറിയയിൽ നിന്നും പലായനം ചെയ്യുന്നവർക്ക് ആവശ്യമായ മാനസിക ചികിത്സാസഹായം നൽകി അവരെ പരിചരിക്കാൻ വേണ്ട സംവിധാനങ്ങൾ ഇവിടത്തെ സർക്കാർ ചെയ്തുകൊടുക്കുന്നുണ്ട്. ഉപജീവനമാർഗ്ഗങ്ങൾ നൽകി അവരെ പുനരധിവസിപ്പിക്കാനും പദ്ധതികൾ വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ആ സംവിധാനങ്ങളുടെ ഇഴയടുപ്പക്കുറവുകൊണ്ട് ഹാനിനെപ്പോലുള്ള ചില അപവാദങ്ങളും ഇടക്ക് ഉണ്ടാകാറുണ്ടെന്നുമാത്രം. 

Did Han, the North Korean defector die starving in Seoul ?

ഉത്തരകൊറിയ വിട്ട് അയൽ രാജ്യത്തെത്തുന്ന അഭയാർത്ഥികൾ ഇവിടെ വിവേചനങ്ങൾ നേരിടുന്നുണ്ട്. മാനസികമായ സമ്മർദ്ദം അവർ അനുഭവിക്കുന്നുണ്ട്. പുതിയ ആവാസവുമായി ഇണങ്ങിച്ചേരാനുള്ള പോരാട്ടമാണ് അവർക്ക് ഓരോ ദിവസവും. ഇവിടെ ഇത്തരത്തിലുള്ള പട്ടിണി മരണങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടത് ചെയ്യുമെന്നുതന്നെയാണ് സർക്കാർ പറയുന്നത്. 

നമ്മുടെ നാട്ടിൽ നിന്ന് കിലോമീറ്ററുകൾ ദൂരെ, അങ്ങ് ദക്ഷിണ കൊറിയയിൽ നടന്ന ഈ സംഭവം നമുക്കും ചില പാഠങ്ങൾ തരുന്നുണ്ട്. നമ്മുടെ പൊതു ഇടങ്ങളിൽ, തെരുവുകളിൽ, ഇടനാഴികളിൽ, ഓഫീസ് വരാന്തകളിൽ ഒക്കെ നമ്മൾ നിത്യം കാണുന്ന ജന്മങ്ങളൊക്കെയും സന്തുഷ്ടരാണ് എന്ന മിഥ്യാധാരണ വച്ചുപുലർത്താതിരിക്കാൻ ഇത് നമ്മളെ പ്രേരിപ്പിക്കട്ടെ. വിശക്കുന്നവരെ കാണാനുള്ള ഉൾക്കണ്ണ് തുറന്നുകിട്ടട്ടെ. ആത്മാഹുതിക്ക് വെമ്പി നിൽക്കുന്ന ഒരു സഹജീവിയെ കൈപിടിച്ച് തടഞ്ഞുനിർത്താനുള്ള സഹജാവബോധം നമുക്കെല്ലാവർക്കുമുണ്ടാവട്ടെ. അക്ഷരാർത്ഥത്തിൽ മനുഷ്യരാവട്ടെ നമ്മളെല്ലാവരും..!

Follow Us:
Download App:
  • android
  • ios